ഫ്രൈഡേ - സിനിമാ റിവ്യൂ

ജനനവും മരണവും അതിനിടയിലെ ജീവിതവും, ഒരു നഗരത്തിന്റെ ഭിന്നമുഖങ്ങളിലൂടെ ഒരു ദിവസത്തിന്റെ ആയുസ്സിൽ നിന്നുകൊണ്ട് പറയുകയാണ് “ഫ്രൈഡേ” എന്ന ചിത്രത്തിലൂടെ നവാഗതനായ ലിജിൻ ജോസ് എന്ന സംവിധായകൻ.

കടലും കായലും ചേർന്നു കിടക്കുന്ന ആലപ്പുഴ നഗരം, കായലോരവാസികളുടെ ജീവിതങ്ങൾ, പണമില്ലാത്തതുകൊണ്ട് സൌകര്യങ്ങളും സൌഭാഗ്യങ്ങളും ലഭ്യമല്ലാത്തവർ, പണമുണ്ടായിട്ടും സൌഭാഗ്യങ്ങൾ നഷ്ടമായവർ, മതവും ജീവകാരുണ്യവും കച്ചവടത്തിന്റെ മറയാക്കുന്നവർ ഇങ്ങിനെ ഒരു നഗരത്തിന്റെ വിഭിന്നമുഖങ്ങളുടെ നിരവധി അടരുകൾ. ജനിച്ചു വീഴുന്നവർ, മരണത്തിലേക്ക് പോകുന്നവർ, ജീവിതം സ്വപ്നം കാണുന്നവർ, ജീവിതം തുടങ്ങാനൊരുങ്ങുന്നവർ, തനിക്ക് പിറന്ന കുഞ്ഞിനെ ഒരു നോക്കു കാണാനാവാതെ ഏതോ അപരിചതന്റെ മരണത്തിനു സാക്ഷ്യം വഹിക്കേണ്ടിവരുന്ന ഒരച്ഛൻ, ഇരുളിന്റെ മറവിൽ ഒരു കുഞ്ഞ് ജന്മമെടുക്കുമ്പോൾ അല്പമകലെ കായലിന്റെ നടുവിൽ മരണത്തിലേക്ക് അടുക്കുന്ന ബോട്ട് യാത്രക്കാർ. അങ്ങിനെ മനുഷ്യ ജീവിതത്തിന്റെ പലയവസ്ഥകളെ  ഇഴപിരിഞ്ഞും ഇഴചേർത്തും നിരവധി അപരിചിത ജീവിതങ്ങളുടെ ആകസ്മിക കൂടിച്ചേരലുകളിലൂടെ ലിജിൻ ജോസ് ആവിഷ്കരിക്കുന്നു.

ഫ്രൈഡേ-യുടെ കഥാസാരവും വിശദാംശങ്ങളും ഡാറ്റാബേസ് പേജിൽ നിന്നു വായിക്കാം

മലയാളത്തിൽ നാളിതുവരെ പിന്തുടരുന്ന ഫോർമുലാശൈലിയല്ല ഫ്രൈഡേയുടേത്, ‘ന്യൂ ജനറേഷൻ മൂവി’യെന്ന പേരിൽ വരുന്ന മെട്രോ നഗരത്തിന്റെ ആകുലതകളും അവിഹിതവുമല്ല.മറിച്ച് ഒരു നഗരത്തിന്റെ ദൈനംദിന ജീവിതത്തിൽ ഒരു സമൂഹത്തിലെ വ്യത്യസ്ത ലെയറുകളുടെ കഥ മൾട്ടി ലീനിയർ ശൈലിയിൽ അവതരിപ്പിക്കുകയാണ് ഈ സിനിമയിൽ. നായകനോ നായികയോ വില്ലനോ ഒന്നുമില്ല. നന്മ-തിന്മകളുടെ ആൾ രൂപങ്ങളില്ല.

മലയാളത്തിലെ ‘ഇടവേള‘(Intervel) യില്ലാത്ത ആദ്യചിത്രമാണ് ‘ഫ്രൈഡേ’. നൂറ് മിനുറ്റ് ദൈർഘ്യം മാത്രമുള്ള ഈ ചിത്രം ഇടവേളയില്ലാതെ കാണുമ്പോഴാണ് ഏറെ ആസ്വാദ്യകരവും.‘അപൂർവ്വരാഗം’ എന്ന സിബി മലയിൽ ചിത്രത്തിന്റെ തിരക്കഥാദ്വയത്തിലെ ‘നജീം കോയ’ യുടെ രണ്ടാമത്തെ തിരക്കഥയാണ് ഫ്രൈഡേ. ഫോർമുലകൾക്ക് പിറകെ പോകാതെ പരീക്ഷണങ്ങൾക്ക് തയ്യാറായ തിരക്കഥാകൃത്തിനെ അഭിനന്ദിക്കുന്നു. വ്യത്യസ്ഥജീവിതങ്ങളുടേ കൂട്ടിച്ചേർക്കലുകൾ മാത്രമല്ല തിരഞ്ഞെടുത്ത ജീവിതങ്ങൾ, സന്ദർഭങ്ങൾ, അവരുടേ സംഭാഷണങ്ങൾ എല്ലാം നന്നായിട്ടുണ്ടെന്ന് കാണാം. ജോമോൻ തോമസിന്റെ ക്യാമറ സിനിമയുടെ വിജയത്തിനു ഏറെ പങ്കുവഹിച്ച ഒന്നാണ്. ദൃശ്യഭംഗിക്കപ്പുറം കൃത്യമായൊരു ദൃശ്യഭാഷ ചമക്കുന്നുണ്ട് ജോമോൻ തോമസ്. വ്യത്യസ്ഥ അടരുകളുടെ കൂടിച്ചേരലുകളെ എഡിറ്റിങ്ങ് നിർവ്വഹിച്ച മനോജ് കൃത്യമായി സന്നിവേശിപ്പിച്ചിരിക്കുന്നു. റെക്സ് വിജയന്റെ പശ്ചാത്തല സംഗീതം, റോബി എബ്രഹാമിന്റെ സംഗീതം (പാട്ടുകളെ ഭാഗികമായി ഉപയോഗിച്ചിരിക്കുന്നു) അങ്ങിനെ സാങ്കേതിക ഘടകങ്ങളെല്ലാം ചിത്രത്തിനു അനുയോജ്യമായി ചേർന്നു നിൽക്കുന്നു.

ഫഹദ് ഫാസിൽ എന്നൊരു പോപ്പുലർ ഘടകം ഈ സിനിമയിലുണ്ടെന്നതൊഴിച്ചാൽ മുഖ്യധാരയിലെ പ്രമുഖരാരും ഈ സിനിമയിലെ പ്രധാന വേഷം കയ്യാളുന്നില്ല എന്ന് മാത്രമല്ല, മറ്റു സിനിമകളിൽ അപ്രധാന വേഷങ്ങളോ ജൂനിയർ ആർട്ടിസ്റ്റുകളോ ആയിരുന്ന പലരുടേയും അപാരമായ പ്രകടനവും ഈ ചിത്രത്തിൽ കാണാം. (ഉദാഹരണം : മണികണ്ഠൻ പട്ടാമ്പി) ഫഹദ് ഫാസിൽ ഈ ചിത്രത്തിന്റെ ഭാഗമായത് ഒരുപക്ഷെ സിനിമയുടെ സാമ്പത്തിക സുരക്ഷിതത്തിനു ഹേതുവായിട്ടുണ്ടാകാം പക്ഷെ, ഒരു നായകനോ നാ‍യകതുല്യമോ ആയ വേഷവുമല്ല, മറിച്ച് സിനിമയുടെ ഭാഗമായി, കഥാപാത്രമായിത്തന്നെ നിലകൊള്ളുന്നുമുണ്ട്. ചെറിയ വേഷമെങ്കിലും ഫഹദിന്റെ പ്രകടനവും ഏറെ നന്നായിട്ടുണ്ട്. നെടുമുടി വേണു എന്ന നടന്റെ പഴയ അഭിനയ പ്രതാപത്തിലേക്കുള്ള ഗംഭീര തിരിച്ചുവരവായും ഇതിലെ പുരുഷു അച്ഛനെ കാണാം, വിജയരാഘവൻ, മനു, ആൻ അഗസ്റ്റിൻ, മണികണ്ഠൻ പട്ടാമ്പി, ടിനി ടോം, തുടങ്ങി ചെറിയ വേഷങ്ങളിൽ വന്ന ദിനേശ് പെരുമ്പാവൂർ, സീമ ജി നായർ മുതൽ മറ്റു ജൂനിയർ ആർട്ടിസ്റ്റുമാർ വരെ സ്വാഭാവികമായിട്ടുണ്ട്. സിനിമാ ഫ്രെയിമുകളുടെ ഒരു മൂലയിൽ ഒതുക്കപ്പെട്ടിരുന്ന പല നല്ല അഭിനേതാക്കളെയും മുൻ നിരയിലേക്ക് കൊണ്ടുവരാനായി എന്നതും ശുഭോദാർഹമാണ്.

എടുത്തു പറയാവുന്ന കൌതുകമുണർത്തുന്ന കഥാപാത്രങ്ങളും സന്ദർഭങ്ങളും സീനുകളും ഏറെയുണ്ട് ചിത്രത്തിൽ. സിനിമയിലെ ഒട്ടുമിക്ക കഥാപാത്രങ്ങളേയും കണ്ടുമുട്ടുന്നൊരു യാചകി (അവർ ഗർഭിണിയാണ്) ഒരുദാഹരണം. അതുപോലെ  ചിത്രത്തിന്റെ തുടക്കത്തിലെ പല സന്ദർഭങ്ങളും ചിത്രാന്ത്യത്തിൽ പൂരിപ്പിക്കപ്പെടുന്നത്. (തുടക്കത്തിൽ ബാലുവിന്റെ വീടിന്റെ മേച്ചിൽ ഷീറ്റിൽ ചക്ക വീണ് ഷീറ്റ് തകർന്നപ്പോൾ പ്രാരാബ്ദക്കാരനായ ബാലു “കോണാത്തിലെ ചക്ക” എന്ന് സ്വയം പരിതപിക്കുന്നുണ്ട്. ചിത്രാന്ത്യത്തിൽ രാത്രി അത്താഴം കഴിക്കാനെത്തുന്ന ബാലുവിനെ മേശപ്പുറം സ്വീകരിക്കുന്നത് പഴുത്ത ചക്കച്ചുളകൾ നിറഞ്ഞ പാത്രത്തിനാലാണ്. ഒരു മാത്ര നിശ്ചലമായി കൺ നിറഞ്ഞ് അതേ ചക്കയുടെ മധുരം നുണയുന്ന ബാലുവിനെ കാണുമ്പോൾ പ്രേക്ഷകനും സന്തോഷിക്കാതെ വയ്യ!!)

ഫ്രൈഡേ‘ കൈകുറ്റപ്പാടുകൾ തീർന്ന ഉദാത്തമായൊരു സിനിമയെന്നു പറയാനാവില്ല; പറയുന്നുമില്ല. എങ്കിലും ഒരു സംവിധായകന്റെ സാന്നിദ്ധ്യമുള്ളൊരു സിനിമ തന്നെയാണ്. ഒരു നവാഗതന്റെ പതർച്ചയില്ലാതെ ലിജിൻ ജോസിനു തന്റെ സങ്കൽ‌പ്പങ്ങളെ പരമാവധി യാഥാർത്ഥ്യമാക്കാൻ കഴിഞ്ഞിട്ടുണ്ട്. ഉത്സവ നാളുകളിൽ  തിയ്യറ്ററിലിരുന്നു ആർത്തുവിളിച്ചും പോപ്പ് കോൺ കൊറിച്ചും മാത്രം കാണേണ്ട ഒന്നല്ല(ഒന്നുമാത്രമല്ല) സിനിമ എന്ന് അടിവരയിടുവാൻ ‘ഫ്രൈഡേ‘ക്കാവുന്നുവെങ്കിൽ അതുതന്നെയാണ് ഈ സിനിമയുടെ വിജയവും.

വാൽക്കഷണം : ഫിലിം ഇൻസ്റ്റിട്യൂട്ടിൽ പഠിച്ചിറങ്ങിയ ചില സിനിമാ സുഹൃത്തുക്കൾ പറഞ്ഞു കേട്ടിട്ടുള്ളൊരു കാര്യമുണ്ട്. സംവിധാന പഠന ക്ലാസ്സിൽ ആദ്യം പറയുന്നൊരു കാര്യം ‘ ഒരു സിനിമയുടെ ഏറ്റവും വലിയ സംവിധായകൻ തിയ്യറ്ററിലെ പ്രൊജക്റ്റർ ഓപ്പറേറ്ററാണ്” എന്നത്രേ! സിനിമയുടെ തുടക്കം, ഒടുക്കം, ദൈർഘ്യം അങ്ങിനെ എന്തും തന്റെ മനോധർമ്മമനുസരിച്ച് മാറ്റാൻ കഴിയുന്നൊരു ‘സംവിധായകനാണ്’ പ്രൊജക്റ്റർ ഓപ്പറേറ്റർ. മലയാളത്തിലെ ഇടവേളയില്ലാത്ത സിനിമ എന്ന് ചരിത്രത്തിലിടം നേടാൻ ശ്രമിച്ച ‘ഫ്രൈഡേ’യെ അങ്ങിനെയൊന്നും ചരിത്രത്തിലേക്ക് വിട്ടുകൊടുക്കാൻ തിയ്യറ്ററുകാർ സമ്മതിച്ചില്ല. പലയിടത്തും അവരായിട്ട് തന്നെ ഒരു ഇടവേള ഉണ്ടാക്കിയത്രേ! എന്റെ ഭാഗ്യം!! അങ്ങിനൊരു ‘സൂപ്പർ സംവിധായക‘നില്ലാത്ത തിയ്യറ്ററിൽ നിന്ന് ഇടവേളയില്ലാതെ ചിത്രം ആസ്വദിച്ച് കാണാൻ പറ്റി.

Relates to: 
Contributors: 

പിന്മൊഴികൾ

വ്യത്യസ്തത എന്നത് പലരും പറഞ്ഞ് പഴകി ക്ലീഷിച്ച വാക്കാണ്..കാരണം വ്യത്യസ്തത എന്ന് പറയുകയും മുഖ്യധാരയിലെ കച്ചവടതന്ത്രങ്ങളുമായി സമരസപ്പെട്ട് വിജയ സമവാക്യങ്ങൾക്ക് അനുസരിച്ച് സിനിമ എത്തിക്കുകയുമാണ് സിനിമാക്കാരുടെ പതിവ്..ഇതൊക്കെ സാകൂതം വീക്ഷിച്ചോണ്ട് നിൽക്കുന്ന ഒരു വിഭാഗത്തെ ഇവന്മാർ മറന്നു.."പ്രേക്ഷകർ"..വ്യത്യസ്തത എന്ന് പറയുകയും അത് പോലെ തന്നെ പ്രവർത്തിച്ച് കാണിക്കുകയും ചെയ്യുന്ന സിനിമാക്കാരെ പ്രേക്ഷകർ എന്നും നോട്ടമിടും..ലിജിൻ ജോസിനും ടീമിനും അത്തരം ഒരു ബഹുമതി കിട്ടുമെന്ന് ഈ ചിത്രം പറയുന്നുണ്ട്..

2004ൽ ഈ വെബ്ബിന്റെ അടിസ്ഥാനശിലയിടാൻ മുന്നിട്ടിറങ്ങി. തുടർന്ന് ഒരു പറ്റം നിസ്വാർത്ഥരായ സുഹൃത്തുക്കളുടെ പ്രകാശവലയത്തിലകപ്പെട്ടതോടെ ജീവിതം സംഭവബഹുലവും മനസ്സ് യൗവ്വനതീക്ഷ്ണവുമായി :)  

kiranz@m3db.com | https://facebook.com/kiranzz