ഒരനാർക്കിസ്റ്റിന്റെ ജീവിതം...

IvanMegharoopan.jpg

"ഇത് മഹാകവി പി-യുടെ ആത്മകഥയുടെ ആവിഷ്കാരമല്ല. പക്ഷെ ഇങ്ങനെ ഒരു കവി ഇല്ലായിരുന്നെങ്കിൽ ഈ സിനിമ ഉണ്ടാവില്ലായിരുന്നു" എന്ന ആമുഖത്തോടെയാണ് പി ബാലചന്ദ്രൻ സംവിധാനം ചെയ്ത ഇവൻ മേഘരൂപൻ എന്ന സിനിമ തുടങ്ങുന്നത്. മഹാകവി പി കുഞ്ഞിരാമൻ നായരുടെ ജീവിതാംശമുൾക്കൊണ്ട് സൃഷ്ടിച്ച കെ പി മാധവൻ നായർ എന്ന കഥാപാത്രത്തിന്റെ ജീവിതമാണ് ചിത്രം വരച്ചുകാണിക്കുന്നത്. 

ഇതിലെ കവി, പി കുഞ്ഞിരാമൻ നായരേപ്പോലെ തന്നെ ഒരു അനാർക്കിസ്റ്റ് ആണ്. പക്ഷെ കള്ളുകുടിച്ച് അലഞ്ഞു നടക്കുക എന്ന സ്ഥിരം സങ്കല്പത്തിലുള്ള അനാർക്കിസം അല്ല ഇവിടെ. സ്വന്തം വിവാഹം പോലും മറന്നു പോകുന്ന, ഇപ്പോൾ നിൽക്കുന്ന ഇടത്തെക്കുറിച്ചും സമയത്തെക്കുറിച്ചും മാത്രം ചിന്തിക്കുന്ന, ഭാവിയെക്കുറിച്ചോ ഭൂതത്തെക്കുറിച്ചോ ആവലാതികളില്ലാത്ത ഒരുതരം ഡോണ്ട് കെയർ ജീവിതം. പല ഘട്ടങ്ങളിലായി അദ്ദേഹം അടുത്തിടപഴകുന്ന സ്ത്രീകളിലൂടെയുള്ള അദ്ദേഹത്തിന്റെ ജീവിതരേഖയാണ് ഈ ചിത്രം. എല്ലാ ബന്ധങ്ങളിലും മേൽപ്പറഞ്ഞ അനാർക്കിസ്റ്റിനെ വ്യക്തമായി കാണാം. പക്ഷെ പിയുടെ ജീവിതത്തിന്റെ ഒരു തനതാവിഷ്കരണമല്ല ഈ സിനിമ.

കവിയുടെ ജീവിതം എന്ന് പറയുമ്പോൾ കവിതയുടെ അതിപ്രസരം, കവിതയോടുള്ള പ്രേമം എന്നിവയൊക്കെ പ്രതീക്ഷിക്കുമെങ്കിലും അതിൽ നിന്നൊക്കെ വ്യത്യസ്തമായി അദ്ദേഹത്തിന്റെ ജീവിതത്തിന്റെ നാൾവഴികൾ മാത്രമാണ് ചിത്രത്തിൽ പ്രതിപാദിക്കുന്നത്.  കവിത എന്നത് സ്വാഭാവികപ്രതിഭാസമെന്നോണം അയാളിൽ നിന്നും അയാൾ പോലും അറിയാതെ വരുന്ന ഒരു ഒഴുക്കാണ്. അനുരാഗിണീ... എന്ന ഗാനത്തിലൂടെ ചിത്രത്തിൽ ഇത് വ്യക്തമാക്കുന്നുമുണ്ട്.

കാസ്റ്റിങ്ങിലുള്ള മികവും അഭിനേതാക്കളുടെ പ്രകടനവും ചിത്രത്തിന് മികവ് നൽകുന്നു. കാലഘട്ടം വരച്ചിടുന്നതിൽ കലാസംവിധായകൻ പ്രകാശ് മൂർത്തി നിർവ്വഹിച്ച പങ്കും എടുത്തുപറയേണ്ടതാണ്. രാജീവ് രവിയുടെ ക്യാമറയും ശരത്തിന്റെ സംഗീതവും ഓ എൻ വിയുടെയും കാവാലത്തിന്റെയും വരികളും ചിത്രത്തിന്റെ ആത്മാവിനോട് അടുത്തു നിൽക്കുന്നു.

പി ബാലചന്ദ്രന്റെ തിരക്കഥ ചിത്രം സംവേദിക്കാനുദ്ദേശിക്കുന്ന ആശയത്തോട് നീതിപുലർത്തുന്നതാണ്. പക്ഷെ ആദ്യമായി സംവിധാനം നിർവ്വഹിക്കുന്ന അദ്ദേഹം ഒരു സംഘാടകൻ മാത്രമായി ചുരുങ്ങുമ്പോൾ ചില്ലറ കല്ലുകടികൾ അവിടിവിടെയായി അവശേഷിപ്പിക്കുന്നു. അങ്ങനെ ചിത്രത്തിന്റെ പൂർണ്ണത നഷ്ടപ്പെടുന്നുണ്ട്. എന്നിരുന്നാലും ന്യൂ ജെനറേഷന്റെ ഉപരിപ്ലവമായ പുത്തൻ കെട്ടുകാഴ്ചകളിൽ നിന്നും സമീപകാല ഗുണപാഠ പരിസരങ്ങളിൽ നിന്നും അകന്നു നിൽക്കുന്ന ഇവൻ മേഘരൂപന് ഒരു മൗലികസൃഷ്ടിയുടെ സുഖം നൽകാൻ കഴിയുന്നുണ്ട്.

Contributors: