തട്ടത്തിൻ മറയത്ത് അഥവാ നായര് പിടിച്ച പുലിവാല് !

തലക്കെട്ട് വായിച്ച് പെരുന്നയിലെ നായന്മാർ ഏതെങ്കിലും പുലിയെയോ അവറ്റയുടെ വാലോ പിടിച്ചതായി കരുതേണ്ട. 'തട്ടത്തിൻ മറയത്ത് ' എന്ന വിഖ്യാത-മലയാള-പ്രണയ- സിനിമ കണ്ടതിന്റെ ഹാങ് ഓവർ തീരാത്ത ഒരുവന്റെ ആത്മരോദനമായി കണ്ടാൽ മതി. (ജനകനിൽ സുരേഷ് ഗോപി പറയുന്പോലെ ഒരച്ഛന്റെ ആത്മരോദനം..രോദനം..രോദനം..!)

ആമുഖം ( പാവം ന്യൂ വേവ് )

മലയാളത്തിൽ സുനാമി പോലെ അലയടിച്ചുയർന്ന 'ന്യൂ വേവ് സിനിമ'കളുടെ പള്ളയ്ക്കിട്ട് കുത്തിയാണ് വിനീത് ശ്രീനിവാസൻ തട്ടത്തിൻ മറയിട്ട് മുന്നേറുന്നത്. ഉസ്താദ് ഹോട്ടലിൽ അൻവർ റഷീദും ഇപ്പണി നടത്തിയിരുന്നു. പലേ കുറവുകളും ഉണ്ടായിരുന്നെങ്കിലും മൊഹബ്ബത്ത് ചേർന്ന ഉസ്താദ് ഹോട്ടലിൽ കരീമിക്കായുടെ ബിരിയാണി  'ന്യൂ വേവി'നേക്കാൾ വെന്തതു തന്നെയായിരുന്നു. പക്ഷെ പള്ളയ്ക്കിട്ട് കുത്തിയതും പോരാഞ്ഞ് തട്ടത്തിൻ മറയിട്ട് വിനീത് മലയാള സിനിമയെ പത്തിരുപതു കൊല്ലം പിന്നിലേക്ക് കൊണ്ടിരുത്തി. ലോകം അവസാനിച്ചാലും പ്രണയമോ പ്രണയകഥകളോ അവസാനിക്കില്ലായിരിക്കാം. ലോക സിനിമയിലും മലയാള സിനിമയിലും മാസ്റ്റർ പീസ് സിനിമകളിൽ പലതും പ്രണയം പ്രമേയമാക്കിയാണ് എടുത്തിരിക്കുന്നതും (ആണോ?). മതമൈത്രി പ്രണയങ്ങളും ഇക്കൂട്ടത്തിൽ സുലഭം. ഉമ്മച്ചിക്കുട്ടിയെ പ്രേമിച്ച നായരു ചെക്കന്റെ കഥയാണ് ഈ ന്യൂവേവ് കാലത്ത് തട്ടത്തിൻ മറയത്തിലൂടെ വിനീത് പറയുന്നത്.

കഥ പറഞ്ഞേ അടങ്ങൂ

വിനോദിന്റെ ആത്മസുഹൃത്തിന്റെ വിവാഹ ദിനത്തിൽ യാദൃശ്ചികമായി കണ്ടു മുട്ടിയതാണ് ആയിഷയെ. വീട്ടിനകത്ത് കൂടെ ഓടിവന്ന ഇരുവരും തമ്മിൽ കൂട്ടിമുട്ടുന്നു. ആയിഷ കോണിപ്പടികൾക്കു മുകളിലുടെ മറിഞ്ഞു വീണു ആശുപത്രിയിലാകുന്നു.  ആശുപത്രിയിലെത്തിയ വിനോദ് ആയിഷയുടെ മുറിക്കരികെ കൊച്ചു പെൺകുട്ടിയെ കാണുന്നു. ആ കുട്ടി ഉപയോഗിക്കുന്ന കോഡ് ഭാഷയുടെ ( സ്റ്റെൻസിൽ ) സഹായത്താൽ ആയിഷക്ക്  “അയാം സോറി” എന്നെഴുതി ഏൽ‌പ്പിക്കുന്നു... നായകനായ വിനോദ് (നിവിൻ പോളി) അബൂബക്കർ (രാമു) എന്ന പ്രമാണിയുടെ വീട്ടുവളപ്പിൽ അതിക്രമിച്ചു കയറിയതിന് ലോക്കപ്പിലായിരിക്കുകയാണ്. അബൂബക്കറുടെ സഹോദരൻ അബ്ദു റഹ്മാന്റെ (ശ്രീ‍നിവാസൻ) മകൾ ആയിഷയുമായി (ഇഷ തൽവാർ) പ്രണയത്തിലാണ് വിനോദ്. തലശേരി ജനമൈത്രി സ്റ്റേഷനിലെ എസ്.ഐ പ്രേംകുമാർ (മനോജ് കെ ജയൻ) വിനോദിന്റെ പ്രണയത്തെക്കുറിച്ച് ചോദിച്ചറിയുകയാണ്... കോളേജ് കലോത്സവം നടക്കുന്നതിനിടയിൽ ആയിഷയെ കണ്ടെങ്കിലും വിനോദിനു സംസാരിക്കാനായില്ല. അന്ന് ആയിഷയുടെ പിറന്നാൾ ദിവസമാണെന്ന് അറിഞ്ഞ്  പിറന്നാൾ ആശംസകൾ അറിയിക്കുന്നു. അന്ന് തന്നെ ഇടിച്ചിട്ടതും ആശുപത്രിയിൽ വന്ന് സോറി എഴുതിക്കൊടുത്തതും വിനോദാണെന്നും താൻ അറിഞ്ഞെന്ന് ആയിഷ. തിരിച്ച് വീട്ടിലെത്തിയ വിനോദിനു ആയിഷയോടൂള്ള പ്രണയം വർദ്ധിക്കുന്നു.  വീടിന്റെ മതിൽ ചാടി ആയിഷയുടെ മുറിക്ക് സമീപം വന്ന് തന്റെ പ്രണയം  വിനോദ് വെളിപ്പെടുത്തുന്നു. അടുത്ത ദിവസം ആയിഷയുടെ കോളേജിലെത്തിയ വിനോദിനോട് അയിഷ തന്റെ ഇഷ്ടം ഒരു കത്തിലൂടെ അറിയിക്കുന്നു. ഇരുവരും പ്രണയിക്കുന്നു..! പക്ഷെ, നാട്ടിലെ പ്രമാണിയും യാഥാസ്ഥിതികനുമായ അബൂബക്കർ ആയിഷയെ പുറത്തേക്ക് പറഞ്ഞയക്കാതിരിക്കാൻ നിബന്ധനകൾ വെക്കുന്നു. സ്ഥലത്തെ പാർട്ടി പ്രവർത്തകർ സമരം ചെയ്ത് അബൂബക്കറിന്റെ കമ്പനി അടച്ചിട്ടിരിക്കുകയാണ്. വിനോദും കൂടി അംഗമായ കമ്മ്യൂണിസ്റ്റ് പാർട്ടി അബൂബക്കറുമായി ചർച്ചക്ക് തയ്യാറായി. നാട്ടിലെ ഈ രാഷ്ട്രീയ സ്ഥിതിയും ഇരുമതങ്ങളുമാണെന്നതും വിനോദിന്റേയും അയിഷയുടേയും പ്രണയത്തിനു വിലങ്ങു തടിയാകുന്നു..! നായകന്റെ  ഹെൽമറ്റ് ബിസിനസ് പൊലിപ്പിക്കാനായി പൊലീസിന്റെ ഹെൽമറ്റ് വേട്ട, നായരു ചെക്കന്റെ പർദ്ദ ഷോപ്പ് (സിനിമയിൽ നായകൻ പറയുന്നുണ്ട് ലോകത്തിൽ ആദ്യമായിട്ടാണ് ഒരു നായര് പർദ്ദ ഷോപ്പ് തുടങ്ങുന്നതെന്ന്), അങ്ങനെ പോകുന്നു... ഇതൊക്കെ വായിച്ചിട്ട് ടെൻഷൻ കേറ്റണ്ടാട്ടോ.  'ഈ ലൗവ് സ്റ്റോറി ഹാപ്പി എൻഡിംഗാ..!' (കഥയ്ക്ക് കടപ്പാട് m3db )

തട്ടത്തിൻ മറയില്ലാതെ

നല്ല കാര്യങ്ങൾ മറയില്ലാതെ ആദ്യം തന്നെ പറയാം. പഴകിപ്പുളിച്ച പ്രണയമെന്ന ആ പഴേ വീഞ്ഞ് വർണക്കുപ്പിയിൽ മനോഹരമായി വർണക്കടലാസ് പൊതിഞ്ഞ് വെള്ളിത്തിരയെന്ന മേശപ്പുറത്ത് കൊണ്ടു വച്ചിട്ടുണ്ട്. ഇന്നത്തെ യുവത്വത്തിന്റെ ലാഘവ ബുദ്ധിയോടെ, കുറച്ച് തമാശ കലർത്തിയുള്ള കഥ പറച്ചിൽ. സദാചാര പൊലീസിനെതിരെ 'ഇത് പാക്കിസ്ഥാനല്ല' എന്ന് തന്റേടത്തോടെ നായകന്റെ കൂട്ടുകാരനെ കൊണ്ട്  ഒരിടത്ത് പറയിക്കുന്നുമുണ്ട്. അത്തരം ഒന്നോ രണ്ടോ സീനൊഴികെ ബാക്കിയെല്ലാം പിന്തിരിപ്പനാണ്. 

ജോമോൻ ടി ജോണിന്റെ അഴകുള്ള ഛായാഗ്രഹണം, രഞ്ജൻ പ്രമോദിന്റെ ചിത്രസംയോജനം, ഹരി തിരുമലയുടെ  നിശ്ചല ഛായാഗ്രഹണം, ഷാൻ റഹ്മാന്റെ പശ്ചാത്തല\പാട്ടു സംഗീതം എന്നിവയും മികച്ചത്. എന്നു വച്ചാൽ ഈ സിനിമ നല്ലതാണ്, സാങ്കേതികമായി മാത്രം !

വിനീതിന്റെ തിരക്കഥയിലെ ഇഷ്ടപ്പെട്ട ഡയലോഗുകളിൽ ചിലതു കൂടി; "പയ്യന്നൂര് കോളേജിന്റെ വരാന്തയിലൂടെ , ഞാന് ആയിശയോടൊപ്പം നടന്നു.. വടക്കൻ കേരളത്തില് മാത്രം കണ്ടു വരുന്ന പ്രത്യേക തരം പാതിര കാറ്റുണ്ട് .. അത് അവളുടെ തട്ടതിലും മുടിയിലും തട്ടി തടഞ്ഞു പോകുന്നുണ്ടായിരുന്നു. ഇരുട്ടില് നിന്ന് വെളിച്ചത്തിലേയ്ക്കു ഓരോ തവണ വരുമ്പോള് , പെണ്ണിന്റെ മൊഞ്ച് കൂടി കൂടി വന്നു ... അന്ന് ആ വരാന്തയില് വെച്ച് ഞാന് മനസ്സില് ഉറപ്പിച്ചു , മറ്റൊരുത്തനും ഇവളെ വിട്ടുകൊടുക്കില്ല എന്ന് .. ഈ ഉമ്മച്ചി കുട്ടി .. ഇവള് എന്റേതാണെന്ന്...". തന്റെ ആദ്യ സിനിമയിലെ തന്നെ നടന്മാരെ വച്ച് രണ്ടാമതും സിനിമയെടുക്കാനുള്ള വിനീതിന്റെ ധൈര്യത്തിനും ശ്രമത്തിനും അഭിനന്ദനം. കാഴ്ചയിലും അഭിനയത്തിലും എല്ലാ നടീ നടന്മാരും ശരാശരി നിലവാരവും പുലർത്തി.

മൊത്തി കുടിച്ചാൽ മത്ത് കിട്ടുന്നവ‌ർ ഭാഗ്യവാന്മാർ, അവരെ ഉദ്ദേശിച്ചുള്ളതാണത്രെ ഈ സിനിമ. കുപ്പിയിലെയും പൊതിഞ്ഞ കടലാസിലെയും മാരകമായ അഴുക്കുകൾ കണ്ടിട്ടും കണ്ണടച്ച് കുടിക്കുന്ന, ഈ സിനിമ കേമമാണെന്ന് പറയുന്ന, വൃകോദരന്മാരേ, വയറിളകി ചാകാതെ നോക്കണം.

തട്ടത്തിൻ മറ നീക്കിയാൽ

ഈ ലൗവ് സ്റ്റോറി ഹാപ്പി എൻഡിംഗിലേക്ക് നീങ്ങുകയാണ്. അതിനുള്ള വഴി തെളിക്കുന്ന ശ്രീനിവാസന്റെ കഥാപാത്രം പറയുന്ന ഡയലോഗുണ്ട് അതിതാണ്; 'പെണ്ണ് കറുത്ത തുണി കൊണ്ട് മൂടിവെക്കേണ്ടത് അവളുടെ സ്വപ്നങ്ങളല്ല, വിശുദ്ധിയാണ്'.  കറുത്ത പർദ്ദയിട്ട് പെണ്ണ് മാത്രം സൂക്ഷിക്കേണ്ട ആ വിശുദ്ധിയെ പറ്റിയുള്ള ഡയലോഗിന് തിയ്യറ്ററിലിരുന്ന് ചെക്കന്മാർ കയ്യടിക്കുന്നത് തിരക്കഥയെഴുതുന്പഴേ വിനീത് അനുഭവിച്ചിരിക്കാം. ഇനി കറുത്ത തുണി കൊണ്ട് മൂടാതെയുള്ള അവളുടെ സ്വപ്നങ്ങളോ? അതാകട്ടെ, ആ നായരു ചെക്കനെ കെട്ടുന്പോൾ കിട്ടുന്ന ഭാര്യാ പദവിയും. നായരു കുട്ടിക്കും വിശേഷങ്ങൾ ഉണ്ട്ട്ടോ. ആയിഷാന്റെ മുഖത്തെ മൊഞ്ച് കണ്ട് മാത്രമാണ് നായര് ചെക്കൻ അവളെ പ്രേമിക്കണത്. ആ സുന്ദരിക്കോതയ്ക്ക് വല്ല വസൂരിയോ വെള്ളപ്പാണ്ടോ വന്നാൽ ദേ കെടക്കണു ഒലക്കേടെ മൂട്ടിലെ ഉമ്മച്ചി പ്രേമം. മൊഞ്ചുള്ള മുഖത്തിന്റെ വർണനയല്ലാതെ ജീവിതം, സ്വപ്നം.... അങ്ങനത്തെ യാതൊന്നും ലവളും ലവനും പങ്കുവക്കുന്നുമില്ല.

നായന്മാർക്കും സർവോപരി ഹിന്ദുക്കൾക്കും സന്തോഷിക്കാം. ലോകത്തിലെ ഏറ്റവും പുരോഗമനവാദികൾ അവരാണെന്നാണ് സിനിമ പറയുന്നത്. നായകൻ പണിയെന്നുമില്ലാതെ പ്രേമിച്ചു നടക്കുന്പോഴോ, അന്യമതത്തിൽ പെട്ട പെണ്ണിനെ പ്രേമിക്കുന്പോഴോ, മരുമകളാകുന്നതിന് മുന്പു തന്നെ മുസ്ളിം നായികയെ സ്നേഹിക്കുന്നതിനോ... ഒന്നും നായകന്റെ നായർ കുടുംബത്തിന് െരു പ്രശ്നവുമില്ല. അപ്പോഴും പ്രേമകഥയിലേയും നാട്ടിലെയും വില്ലൻ പരിവേഷവും യാഥാസ്ഥികത്വവും പിന്തിരിപ്പൻ മനസുമെല്ലാം നായിക ഉൾപ്പെടുന്ന മുസ്ളിം കുടുംബത്തിനുള്ളതാണ്.

അഖില ലോക മുസ്ളിങ്ങളെ നിങ്ങൾക്ക് പുരോഗതി വേണമെങ്കിൽ, കറുത്ത തുണി മാറ്റി സ്വപ്നങ്ങൾ കാണണമെങ്കിൽ, നായരെയോ ഹിന്ദുവിനെയോ പ്രേമിക്കുക. നിങ്ങളുടെ സ്വർഗം അന്യമതസ്ഥന്റെ കയ്യിലാണ്..!

സന്തോഷ് പണ്ഡിറ്റിന് സലാം

ഈ കുറിപ്പിൽ എന്തിനാണ് സന്തോഷ് പണ്ഡിറ്റ് എന്ന വയ്യാവേലി എന്നായിരിക്കും. ഒറ്റ സിനിമ, കൃഷ്ണനും രാധയും, കൊണ്ട് മലയാള സിനിമയുടെ ചന്തിക്കിട്ട് ചൂരൽ കഷായം നടത്തി 'ന്യൂ വേവ്' തരംഗത്തെ വേഗത്തിലാക്കിയതിന്റെ ക്രഡിറ്റ്  പണ്ഡിറ്റിന് തന്നെ. മതമൈത്രിയും കല്യാണവും അതിനെ തുടർന്നും തുടർന്നുമുള്ള സങ്കീർണതകളും പ്രയാസങ്ങളും തട്ടത്തിൻ മറയത്തിനേക്കാൾ 'ഭീകരതയോടെ' പണ്ഡിറ്റ് അവതരിപ്പിച്ചിട്ടുണ്ട്. മലയാള സിനിമയിൽ കസേരയിട്ടിരിക്കുന്ന മാന്യന്മാരെല്ലാം, വിനീതുൾപ്പടെ ഒരു നേരന്പോക്കിനായെങ്കിലും 'കൃഷ്ണനും രാധയും' കാണണമെന്ന് സ്നേഹത്തോടെ അഭ്യർത്ഥിക്കുന്നു. ഇല്ലെങ്കിൽ എത്ര എഡിറ്റ് \കട്ട് ചെയ്താലും മീൻ ചെതുന്പലിന്റെ മണം പോലെ മലയാള സിനിമ നാറിക്കൊണ്ടേയിരിക്കും.