|| പെണ്ണൊരുമ്പെട്ടാല്‍ || 22 ഫീമയില്‍ കോട്ടയം റിവ്യൂ ||

ഇതിനു മുന്‍പ് പെണ്ണുങ്ങള്‍ ഇങ്ങനെ ഒരുമ്പെട്ടു ഇറങ്ങിയിരുന്നോ? അറിയില്ല. മലയാള സിനിമയുടെ കിടപ്പുമുറിയില്‍ കേറി, പ്രതികാരത്തിന്റെ ഭാഗമായി ആണിന്റെ ലിംഗം (പെനിസ്) ചെത്തി കളയുന്ന ഒരു പെണ്ണ് !
ഒട്ടേറെ വളര്‍ന്ന് പെട്ടെന്നൊരു രാത്രിയില്‍ മലമുകളില്‍ നിന്നും മൂക്കും കുത്തി വീണ മലയാള സിനിമ ഉള്ളടക്കവും കയ്യടക്കവും കൊണ്ട് വീണ്ടും മലമണ്ടയിലേക്ക് മെല്ലെ കയറുകയാണ്. മറ്റു പല കാമ്പ് ചിത്രങ്ങള്‍ക്കൊപ്പം ആഷിക് അബുവിന്റെ  '22 ഫീമയില്‍ കോട്ടയം' എന്ന ചലച്ചിത്രവും ഈ മല കയറ്റത്തില്‍ പങ്കു കൊള്ളുന്നു.
കാത്ത് കാത്തിരുന്ന് കണ്ട പടം പക്ഷെ നിരാശപ്പെടുത്തിയില്ല. സ്ത്രീത്വത്തിന്റെ സ്വാതന്ത്ര്യവും ആഘോഷവും ഒക്കെ ആയി ഈ സിനിമ വിലയിരുത്തപെടുന്നു. സൗഹൃദം, ആണ്‍ - പെണ്‍ കൂട്ട്, പ്രേമം, പ്രണയം, രതി, ചതി, പ്രധികാരം, കരുണ, നന്മ... അങ്ങനെ എല്ലാം കൂട്ടുകളും ചേരുന്നു ഇതില്‍ .
സ്ഥിരം ഫോര്‍മുലയില്ല, പാട്ടും കൂത്തും നെടുങ്കന്‍ ഡയലോഗും ഇല്ല. നല്ലൊരു പ്രധികാര കഥ..!
നായിക ടെസ്സ കെ അബ്രഹാം നേഴ്‌സ് ആണ്. ബാംഗ്ലൂരിലെ ഒരു ആശുപത്രിയില്‍ ജോലി ചെയ്യുന്ന ടെസ്സയുടെ ആഗ്രഹം കാനഡയിലേക്ക് പോകണം എന്നാണ്.  ഇതിനിടയില്‍ ആണ്  അവള്‍ സിറിലിനെ കണ്ടു മുട്ടുന്നത്. ആ കണ്ടു മുട്ടല്‍ പിന്നീട് പരിചയത്തിലേക്കും പ്രണയത്തിലേക്കും രതിയിലേക്കും വളരുന്നു. ശേഷം സംഭവിക്കുന്ന ദുരന്തങ്ങളും അതിനെ എതിരിട്ട് ടെസ്സ നേടുന്ന വിജയങ്ങളുമാണ് സിനിമ. കേണപേക്ഷിച്ചിട്ടും തന്നെ ക്രൂരമായി പീഡിപ്പിച്ച കാമുകന്റെ കൂട്ടുകാരനെ പാമ്പിനെ കൊണ്ട് കൊത്തിച്ചും പല വിധം ചതിച്ച കാമുകനെ, അയാളുടെ ഗര്‍വ്വിനു കാരണമായ ആ ആറിഞ്ചു സാധനത്തെ അരിഞ്ഞു കളഞ്ഞുമാണ് അവള്‍ "കഥ" തീര്‍ക്കുന്നത്. ഇങ്ങനെ ഒക്കെ പെണ്‍കുട്ട്യോള് ചെയ്യോ എന്ന് ചോദിച്ചു തല ചൊറിയേണ്ട. ഇതല്ല ഇതിലപ്പുറവും ചെയ്യാന്‍ 'ആശയ സമ്പന്നത' ഉള്ള കൂട്ടര്‍ നമുക്ക് ചുറ്റും ഉണ്ട്.
അഭിനേതാക്കള്‍ , കാസ്റ്റിംഗ്, സംവിധാനം, തിരക്കഥ, ക്യാമറ, എഡിറ്റിംഗ് എന്നിവ നന്നായി. 
ഡയറക്ടര്‍_ ആഷിക് അബു, തിരക്കഥ_ അഭിലാഷ്  കുമാര്‍, ശ്യാം  പുഷ്ക്കരന്‍, നിര്‍മ്മാണം_ ഒ.ജി. സുനില്‍, അഭിനേതാക്കള്‍_  റിമ കല്ലിങ്ങല്‍, ഫഹദ്  ഫാസില്‍ ,  പ്രതാപ്  പോത്തന്‍, രശ്മി സതീഷ്‌ , ടി.ജി. രവി... സംഗീതം_ റെക്സ് വിജയന്‍ , ബിജിബാല്‍ , ക്യാമറ_ ഷൈജു  ഖാലിദ്‌ , എഡിറ്റിംഗ് _ വിവേക്  ഹര്‍ഷന്‍ .
സിനിമ കൊട്ടകയില്‍ കയ്യടി നേടിയതും തലയില്‍ കേറിയതുമായ ചില ഡയലോഗും മറ്റും..:
# വലിയ ചന്തി ഉള്ള ആണുങ്ങളെ പെണ്ണുങ്ങള്‍ക്ക്‌ ഇഷ്ടാണോ?
# നീ ഇത്ര കാലം ഇതുകൊണ്ട് സുകമേ അനുഭവിചിട്ടുല്ലു, വേദനയും അറിയണം.
# ബാലരമേല് എവിടേലും പറഞ്ഞിട്ടുണ്ടോ രാജും രാധേം സഹോദരര്‍ ആണെന്ന്/ അവര്‍ കപ്പിള്‍സ് ആണ്.
സിനിമയ്ക്കു പോകുമ്പോള്‍ പെണ്‍ കൂട്ടുകാരെ\ ബന്ധുക്കളെ കൂടെ കൂട്ടുന്നത്‌ നന്നായിരിക്കും.

by Sanil Kumar on Friday, April 20, 2012
___@ പി.സനില്‍കുമാര്‍ __

പിന്മൊഴികൾ