വെടിയും പുകയുമായി അമൽ നീരദ് വീണ്ടും

ബിഗ് ബിയിൽ സ്ലോ മോഷനിൽ തുടങ്ങി ഇപ്പോൾ അൾട്രാ സ്ലോമോഷനിൽ എത്തി എന്നതാണ് അമൽ നീരദ് നാല് സിനിമകളിലൂടെ നടത്തിയ പുരോഗതി. എസ് എൻ സ്വാമി എഴുതിക്കൊടുത്ത സാഗർ ഏലിയാസ് ജാക്കിയിൽ വിദേശചിത്രങ്ങളുടെ ഛായ ആരും ആരോപിച്ചു കണ്ടില്ല. അതുകൊണ്ടാവും കൂട്ടത്തിലേറ്റവും മോശമായി സാഗർ ഇന്നും നിലനിൽക്കുന്നത്.

BP

 

എന്താണ് അമൽ നീരദിന്റെ സിനിമ? മുന്നനുഭവങ്ങൾ നൽകുന്ന പാഠം ഇപ്രകാരമാണ്.

1) സ്ലോ മോഷനിലുള്ള രംഗങ്ങളുടെ ബാഹുല്യം. (ഇത് സ്വയം തിരിച്ചറിഞ്ഞതിനാലാവണം ലൗ സ്റ്റോറി നറേറ്റ് ചെയ്യുന്ന ടോണിയോട് ഗീവർഗ്ഗീസ് "നീ എന്താ അമൽ നീരദ് പടം പോലെ സ്ലോമോഷനിൽ പറയുന്നെ" എന്ന് ചോദിക്കുന്നത്)

2) ജമ്പ്കട്ട് (ക്യാമറായും കൂടെ ചാടട്ടേ! ഫ്രെയുമുകളുടെ ബ്യൂട്ടി തേടിപ്പോകുമ്പോൾ ആർക്ക് വേണം കണ്ടിന്യുയിറ്റി!! എന്നതാണ് അമൽ നീരദ് മതം)

3) ഒറ്റവരി ആഭാസങ്ങൾ ("കുടുംബ സിനിമകളിൽ" വരുന്ന ദ്വയ്യാർത്ഥ പ്രയോഗങ്ങളേക്കാൾ ഭേദം കുറിക്ക് കൊള്ളുന്ന ഈ ഒറ്റവരി ആഭാസം തന്നെ എന്നതിൽ സംശയമില്ല.)

4) മലയാള സിനിമ ആണല്ലോ! അപ്പൊ പിന്നെ പാട്ട് കൂടിയാവാം.

5) വെടി പുക. അൾട്രാ മോഡേൺ തോക്കുകൾ കൊണ്ട് ഒരു കലാശ വെടിക്കെട്ട്

ഹിറ്റ് ആയതോ ആവാത്തതോ ആയ ഏതെങ്കിലും ഒരു വിദേശ ആക്ഷൻ ത്രില്ലറിനെ മേൽപ്പറഞ്ഞ ചേരുവകൾ ചേർത്ത് നല്ലോണം അരച്ച് വൃത്തിയായി വിളമ്പുക എന്നതാണ് ഇക്കാലമൊക്കെയും അമൽ നീരദ് ചെയ്തിട്ടുള്ളതും ഇപ്പോൾ ചെയ്യുന്നതും.

ഇപ്പറഞ്ഞതൊക്കെ തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ബാച്ച്‌ലർ പാർട്ടിയിലും. സിൻ സിറ്റി എന്ന ഗ്രാഫിക് നോവൽ പ്രചോദിപ്പിച്ചു എന്നാണ് സംവിധായകൻ പറയുന്നതെങ്കിലും എക്സൈൽ എന്ന ചിത്രത്തോടാണ് സാമ്യമെന്ന് പറഞ്ഞുകേട്ടു. വേഷഭൂഷാദികൾ (അങ്ങനെ തന്നെ പറയണം എന്നാലെ അത് പൂർണ്ണമായും ശരിയാവൂ.) അണിഞ്ഞുവരുന്ന നായക-വില്ലന്മാരുടെ നിരയിൽ വരുന്ന വ്യത്യാസം മാത്രം. സംഭാഷണങ്ങൾ ആർ ഉണ്ണിയും സന്തോഷ് ഏച്ചിക്കാനവും ചേർന്നൊരുക്കിയതാണ്. അതൊക്കെ ബിഗ് ബി, അൻവർ എന്നീ ചിത്രങ്ങൾ പോലെ തന്നെ.

നല്ല കാര്യങ്ങൾ ചെയ്യുന്നവർ സ്വർഗത്തിലും തിന്മ ചെയ്യുന്നവർ നരകത്തിലും പോകും എന്ന ഗുണപാഠകഥ ഒരു മുത്തശ്ശി കുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്നിടത്താണ് സിനിമയുടെ തുടക്കം.

ടോണി(ആസിഫ് അലി), ബെന്നി(റഹ്മാൻ), അയ്യപ്പൻ(കലാഭവൻ മണി), ഗീവർഗ്ഗീസ്(ഇന്ദ്രജിത്ത്), ഫക്കീർ(വിനായകൻ) എന്നീ സുഹൃത്തുക്കളുടെ കഥയാണ് ബാച്ച്‌ലർ പാർട്ടി. പ്രകാശ് കമ്മത്തിന്റെ (ജോൺ വിജയ്) വളർത്തുമകൾ നീതുവിനെ(നിത്യ മേനോൻ) പ്രണയിച്ച് കല്ല്യാണം കഴിച്ച് ഹൈറേഞ്ചിൽ ഒളിച്ചു താമസിക്കുകയാണ് ടോണി. കമ്മത്തിന്റെ സംഘാംങ്ങളായ അയ്യപ്പനും ഫക്കീറും ടോണിയെ കമ്മത്തിനടുത്തേക്ക് കൂട്ടിക്കൊണ്ടു പോവാൻ വരുന്നു. ആ സമയം അവിടെ എത്തുന്ന ബെന്നിയും ഗീവർഗ്ഗീസും അതിനെ എതിർക്കുമ്പോൾ, എല്ലാവരും ഒന്നായി ചില പ്ലാനുകൾ നടപ്പിലാക്കാൻ തീരുമാനിക്കുന്നു. അതൊക്കെ പാളി കൊള്ളിയും കൊലയുമായി അഴിഞ്ഞാടിയ നായകന്മാരും വില്ലന്മാരും അവസാനം നരകത്തിലേക്ക് പോകുന്നിടത്ത് ഐറ്റം നമ്പറും തിരശീലയും.

ആദ്യം മുത്തശ്ശി പറയുന്ന ഗുണപാഠകഥ അക്ഷരംപ്രതി ശരിയായി എന്ന് സാരം.

കാഴ്ചക്കാരനുള്ള ഗുണപാഠം: സാരോപദേശം, മനുഷ്യ/കുടുംബബന്ധങ്ങളുടെ ആർദ്രത നിറഞ്ഞ കഥ, പൊട്ടിച്ചിരിപ്പിക്കുന്ന ഹാസ്യരംഗങ്ങൾ, സാമൂഹികപ്രതിബദ്ധത എന്നിവയിലേതെങ്കിലും പ്രതീക്ഷിച്ചാണ് സിനിമ കാണുന്നതെങ്കിൽ ഒന്നും പറയാനില്ല. നിങ്ങൾക്ക് വട്ടാണ്. ആരെങ്കിലും അമൽ നീരദിന്റെ പടത്തിൽ ഇതൊക്കെ പ്രതീക്ഷിക്കുമോ! മുകളിൽ അക്കമിട്ട് നിരത്തിയ കാര്യങ്ങൾ ക്രമത്തിൽ ചേർത്ത മറ്റൊരു അമൽ നീരദ് ചിത്രമാണ് ബാച്ച്‌ലർ പാർട്ടി.

 

പിന്മൊഴികൾ

അവസാനത്തെ നരകപ്പാട്ടിന്റെ വരിയിങ്ങിനെ:
"നല്ലോരെല്ലാം പാതാളത്തില്‍ സ്വര്‍ലോകത്തോ ബോറന്‍മാര്‍..." അപ്പോളെങ്ങിനെ "ആദ്യം മുത്തശ്ശി പറയുന്ന ഗുണപാഠകഥ അക്ഷരംപ്രതി ശരിയായി എന്ന് സാരം." ഇതു ശരിയാവും? :)

'എക്സൈല്‍ഡി'ന്റെ കോപ്പി തന്നെ - കണ്ടു തന്നെയറിഞ്ഞു. ആ ചിത്രത്തിന്റെ ആദ്യഭാഗത്ത് നാലു കൂട്ടുകാര്‍ അഞ്ചാമനെ തേടിയെത്തുന്നു, രണ്ടു പേര്‍ കൊല്ലാനും രണ്ടു പേര്‍ കാക്കാനും, തമ്മിലൊന്ന് കോര്‍ക്കുന്നു, പിന്നെ എല്ലാവരും തീന്മേശയില്‍ ഒരുമിക്കുന്നു. - ഇത്രയും സംഭവങ്ങള്‍ക്കിടയില്‍ ഒരു പ്രഷര്‍ കുക്കര്‍ ഉപയോഗിച്ചിട്ടുണ്ട്. ആദ്യം ഗ്യാസടുപ്പില്‍ ചെറുതായി പുക പുറത്തേക്ക് തള്ളി കാണുന്ന അതേ കുക്കര്‍ ഒടുവില്‍ തീന്മേശയിലെത്തുന്നു. ആ സീക്വന്‍സിലെ പ്രഷര്‍കുക്കറിന്റെ ഉപയോഗം കൌതുകകരമാണ്‌. ആദ്യത്തെ ഉദ്വേഗവും പിന്നെയുള്ള ടെന്‍ഷനും ഒടുവില്‍ എല്ലാവരും ചേര്‍ന്നുള്ള പൊട്ടിച്ചിരിയുമൊക്കെ പ്രഷര്‍ കുക്കറുമായി ബന്ധിപ്പിച്ചിരിക്കുന്നു. പക്ഷെ, 'ബാച്ച്‍ലര്‍ പാര്‍ട്ടി'യിലെത്തുമ്പോള്‍ നാലു പേരുമെത്തുന്നു, വാഗ്വാദം, തീന്‍മേശ - ഇടയ്‍ക്കുള്ള സാധനങ്ങളൊന്നുമില്ല. (ഒഴിവാക്കാം, പക്ഷെ ആ രംഗങ്ങള്‍ക്ക് ഡെപ്‍ത് നല്‍കുവാന്‍ തക്കവണ്ണം മറ്റെന്തെങ്കിലും ചേര്‍ക്കാമായിരുന്നു.) ഇങ്ങിനെയാണ്‌ മൊത്തത്തില്‍ പടം അമല്‍ നീരദ് റീമേക്കിയിരിക്കുന്നത്. ഷൂട്ടുചെയ്യുവാന്‍ എന്തെങ്കിലും വേണമല്ലോന്ന് കരുതി തിരക്കഥയെടുക്കുന്നു, പക്ഷെ യഥാര്‍ത്ഥത്തില്‍ അതിനെ സിനിമയാക്കുന്ന പലതും വിട്ടുപോവുകയും ചെയ്യുന്നു.

"നല്ലോരെല്ലാം പാതാളത്തില്‍ സ്വര്‍ലോകത്തോ ബോറന്‍മാര്‍..."
അത് അവർ കൊടുക്കുന്ന നിർവ്വചനം മാത്രം. നല്ലവരല്ല കെട്ടവരാണ് എന്ന് കാണുന്നവർക്ക് മനസ്സിലാവും. കഥ പറയുന്ന/കേൾക്കുന്ന ആളിന്റെ പോയിന്റ് ഓഫ് വ്യൂവിൽ നിന്ന് ചിന്തിക്കുമ്പോൾ അങ്ങനെയേ കരുതാനാവൂ. അതേ കവി ഉദ്ദേശിച്ചിട്ടൊള്ളു.

പാട്ടിലെ അല്‍പ്പവസ്ത്രധാരിയായ പെണ്‍കൊടി പാടുന്ന വരികളാണ് ഹരി പറഞ്ഞത്. ഓരോരുത്തര്‍ക്കും ഓരോ പരിഭവങ്ങള്‍. മുത്തശി പറഞ്ഞ കോണ്ടക്സ്റ്റ്മായി ബന്ധമൊന്നുമില്ല .

അങ്ങിനെ എഴുതി കാണിച്ചത് ശ്രദ്ധയില്‍ പെട്ടില്ല.
വിക്കിപീഡിയ പറയുന്നു:
1. The film's plot is lifted from Exiled, a 2006 Hong Kong action movie[7].
ഇവിടെ: http://en.wikipedia.org/wiki/Bachelor_Party_(2012_film)
2. Malayalam film Bachelor_Party_(2012_film) released on 15 June 2012 is an uncredited remake of the film Exiled.[4]
ഇവിടെ: http://en.wikipedia.org/wiki/Exiled#Remake

ഫിലിമില്‍ ക്രെഡിറ്റ് നല്‍കിയിട്ടുണ്ടെങ്കില്‍ ഈ പേജുകളിലെ വിവരങ്ങളും തിരുത്തേണ്ടതുണ്ട്. ഒരുപക്ഷെ, ആദ്യം റിലീസ് ചെയ്തപ്പോള്‍ ഉണ്ടായിരുന്നിരിക്കില്ല പിന്നീട് ചേര്‍ത്തതാവാം.

"ആദ്യം മുത്തശ്ശി പറയുന്ന ഗുണപാഠകഥ അക്ഷരംപ്രതി ശരിയായി എന്ന് സാരം." - മുത്തശ്ശി ഉദ്ദേശിക്കുന്ന നരകമേയല്ലല്ലോ ഒടുവില്‍ കാണുന്നത് അല്ലെങ്കില്‍ കെട്ടവര്‍ അനുഭവിക്കുന്നത്. അതിനാല്‍ തന്നെ ഗുണപാഠകഥ അക്ഷരം‍പ്രതി ശരിയായി എന്നൊരു ധാരണ നല്‍കുവാനായി ശ്രമിച്ചിട്ടുണ്ട് എന്നു കരുതുന്നില്ല. കുറഞ്ഞപക്ഷം, മുത്തശ്ശിക്കഥയിലെ നരകമല്ല ശരിക്കുള്ള നരകം എന്നെങ്കിലും കരുതേണ്ടിവരും. ചുരുക്കത്തില്‍, അക്ഷരം‍പ്രതി ശരിയാവല്‍ വരുന്നില്ലെന്നു സാരം. തുടക്കത്തിലെ മുത്തശ്ശിക്കഥയുടെ ശരിയാവലാണ്‌ ഒടുക്കത്തെ നരകപ്പാട്ടെങ്കില്‍, ആ കോണ്‍ടെക്സ്റ്റിനോട് പാട്ടിലെ ടെക്സ്റ്റും ചേര്‍ത്ത് കാണേണ്ടിവരും. മുത്തശ്ശി പറയുന്നത് കഥ, പെണ്‍കൊടി പാടുന്നത് പാട്ട് - അത്ര തന്നെ!
--