തിരുവമ്പാടി തമ്പാൻ - സിനിമാ റിവ്യൂ

“ശിക്കാറി”ന്റെ വിജയത്തിനു ശേഷം അതേ ടീം വീണ്ടുമൊന്നിക്കുന്നു എന്ന പരസ്യവാചകത്തോടെയാണ് “തിരുവമ്പാടി തമ്പാൻ” തിയ്യേറ്ററിലെത്തിയത്. സംവിധായകൻ എം പത്മകുമാർ, തിരക്കഥാകൃത്ത് എസ്. സുരേഷ് ബാബു, ഛായാഗ്രാഹകൻ മനോജ് പിള്ള എന്നിവരാണ് ആ ടീം. ഭേദപ്പെട്ട ഒരു സിനിമയല്ലാതിരുന്നിട്ടും മോഹൻലാലിന്റെ ഫാൻസിനെ തൃപ്തിപ്പെടുത്താനും 2010ൽ മോഹൻലാലിനു ഒരു സാമ്പത്തിക വിജയം ഉണ്ടാക്കികൊടുക്കുവാൻ കഴിഞ്ഞു എന്നതുകൊണ്ടും കൂടിയാകണം “ശിക്കാർ ടീം” എന്നൊരു പ്രയോഗം ഉപയോഗിച്ചിരിക്കുന്നത്. രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടനു ശേഷം തൃശ്ശൂർ പട്ടണത്തേയും അതിന്റെ ഭാഷയേയും ഒന്നു കൂടി ഉപയോഗപ്പെടൂത്തുകയും തമിഴ് സിനിമയിലെ എണ്ണം പറഞ്ഞ വില്ലൻ നടന്മാരെക്കൂടി ഉൾപ്പെടുത്തി എന്നതുമാണ് തിരുവമ്പാടി തമ്പാന്റെ ഗുണങ്ങൾ. തറവാട് കുടിപ്പക, ഉത്സവം നടത്തിപ്പ് , അച്ഛൻ-മകൻ സൌഹൃദം എന്നിവ വിഷയമായ ചില മുൻ ചിത്രങ്ങളുടെ പ്രധാന കഥാതന്തുവും ചില മുൻ തമിഴ് ചിത്രങ്ങളുടെ സന്ദർഭങ്ങളും ദൃശ്യങ്ങളും ഉൾപ്പെടുത്തി ഒരു മലയാള ചിത്രം എന്നേ തിരുവമ്പാടി തമ്പാനെപ്പറ്റി പറയാൻ പറ്റൂ. ദോഷം പറയരുത്, തമിഴിൽ നിന്നും വന്ന വില്ലൻ നടന്മാർ അവരുടെ പ്രകടനം കൊണ്ട് ചിത്രത്തിന്റെ സിനിമയുടെ മുൻ നിരയിൽ നിൽക്കുന്നു. അതൊഴിച്ചു നിർത്തിയാൽ സിനിമ ശൂന്യമാണ്.

ആനകളെ വെച്ച് ബിസിനസ്സ് നടത്തുന്ന തിരുവമ്പാടി മാത്തൻ തരകന്റേയും(ജഗതി ശ്രീകുമാർ) മകൻ തിരുവമ്പാടി തമ്പാന്റേയും(ജയറാം) സൌഹൃദതുല്യമായ ബന്ധത്തിന്റേയും, മധുരയിലെ ശക്തിവേൽ എന്ന പ്രമാണിയുമായുള്ള പ്രതികാരത്തിന്റെ കഥയും തൃശൂർ പട്ടണത്തിന്റേയും പൂരങ്ങളുടേയും പശ്ചാത്തലത്തിൽ പറയുന്നു.

കഥാസാരവും മറ്റു വിവരങ്ങളും വായിക്കുവാൻ എം3ഡിബിയുടേ ഡാറ്റാബേസ് പേജിലേക്ക് പോകുക.

രഞ്ജിത്, ഷാജി കൈലാസ്, ജോഷി തുടങ്ങിയ മുൻ നിര സംവിധായകരുടെ അസോസിയേറ്റ് ഡയറക്ടറായിരുന്ന എം പത്മകുമാർ 2003 ലെ അമ്മക്കിളിക്കൂട് എന്ന ചിത്രത്തോടെയാണ് സ്വതന്ത്ര സംവിധായകനാകുന്നത്. പിന്നീട്, വർഗ്ഗം, വാസ്തവം, പരുന്ത്, കേരളകഫേ(നൊസ്റ്റാൾജിയ), ശിക്കാർ എന്നീ ചിത്രങ്ങൾ കൂടി സംവിധാനം ചെയ്തിട്ടുണ്ട്. ശിക്കാറൊഴികെ മറ്റു ചിത്രങ്ങളൊന്നും വലിയ സാമ്പത്തിക വിജയം നേടിയിട്ടില്ലെങ്കിലും വാസ്തവം നല്ല അഭിപ്രായം ഉണ്ടാക്കിയ ചിത്രമായിരുന്നു. പരുന്ത് എന്ന ചിത്രമാകട്ടെ, പ്രേക്ഷക അഭിപ്രായത്തിലും സാമ്പത്തികവിജയത്തിലും അമ്പേ പരാജയപ്പെട്ടുപോയി. എം പത്മകുമാർ തിരുവമ്പാടി തമ്പാനിലെത്തുമ്പോൾ വലിയൊരു പ്രതിഭയൊന്നും പ്രദർശിപ്പിക്കുന്നില്ലെങ്കിലും പ്രേക്ഷകനെ പിടിച്ചിരുത്താനും രസിപ്പിക്കാനും സാധിക്കുന്നുണ്ട്, പ്രത്യേകിച്ച് രണ്ടാം പകുതിയിൽ. അച്ഛൻ- മകൻ സൌഹൃദം കാണിക്കുന്ന ആദ്യപകുതിയാകട്ടെ വിരസവും അയുക്തി നിറഞ്ഞതുമായിപ്പോയി. ജയറാമിന്റെ തൃശൂർ സ്ലാങ്ങിലുള്ള ചില സംഭാഷണങ്ങളാണ് ആദ്യപകുതിയിൽ പ്രേക്ഷകനെ രസിപ്പിക്കുന്നത്. നായകനും വില്ലനും നേർക്കു നേർ മത്സരിക്കുന്ന രണ്ടാം പകുതി അല്പം വേഗവും പിരിമുറുക്കവും ഉണ്ടാക്കുന്നുണ്ട്. വലിയ വിജയചിത്രങ്ങളൊന്നും പ്രൊഫൈലില്ലാത്ത എസ് സുരേഷ് ബാബു എന്ന തിരക്കഥാകൃത്ത് ഇതിലും പരാജയം നേരിടുന്നു. തൃശൂർ പട്ടണവും ആനയും പൂരവും മധുരയുമൊന്നുമല്ലാതെ പുതിയതായൊന്നു പറയുവാനോ പ്രേക്ഷകനെ വിശ്വസിപ്പിക്കാവുന്ന, ലോജിക്കുകൾ ചോർന്നു പോവാത്ത സന്ദർഭങ്ങൾ ഉണ്ടാക്കാനോ എസ് സുരേഷ് ബാബുവിനായിട്ടില്ല. എടുത്തെഴുതാൻ നിറയെ ഉദാഹരണങ്ങളുണ്ട്. സ്ഥലപരിമിതി കൊണ്ട് അതിനു തുനിയുന്നില്ല ( പോലീസ് വിഭാഗത്തിലെ സ്കെച്ച് എക്സ്പെർട്ട് ആർട്ടിസ്റ്റായി ഇടക്കൊരു സീനിൽ വന്നു പോകുന്നുണ്ട് തിരക്കഥാകൃത്ത്) മനോജ് പിള്ളയുടെ ക്യാമറ സിനിമയുടെ സൌന്ദര്യ ഘടകത്തിലൊന്നാണ്. സുന്ദരമെന്നു പറയാവുന്ന ദൃശ്യങ്ങളും ആക്ഷൻ സീനുകളിൽ ഒരുക്കിയ ചടുലമാർന്ന ദൃശ്യങ്ങളുമാണ് ചിത്രത്തെ പിടിച്ചിരുത്തുന്നത്. സംജിത് മുഹമ്മദിന്റെ എഡിറ്റിങ്ങും ചിത്രത്തിനു ചേരുന്നു. എങ്കിലും ആദ്യപകുതിയിലെ നല്ലൊരു ഭാഗം മുറിച്ചു മാറ്റുകയോ ചുരുക്കുകയോ ചെയ്തിരുന്നെങ്കിൽ ചിത്രം അല്പമെങ്കിലും ആസ്വാദ്യകരമാകുമായിരുന്നു.

അഭിനേതാക്കളുടെ പ്രകടനത്തിൽ ചിത്രത്തിലെ വില്ലന്മർ എന്ന വിഭാഗം കൈകാര്യം ചെയ്ത തമിഴ് നടന്മാർ തന്നെയാണ് മുന്നിട്ടൂ നിൽക്കുന്നത്. അവരുടെ പ്രകടത്തിലേക്ക് ചേർത്ത് വെക്കാൻ ഈ സിനിമയിലെ മലയാള നടീ-നടന്മാർ ആരുമില്ല എന്നതാണ് സത്യം. മുഖ്യകഥാപാത്രമായ തമ്പാനെ അവതരിപ്പിച്ച ജയറാം പതിവിൽ നിന്നു മാറിയിട്ടില്ല. ചിത്രത്തിൽ പലപ്പോഴും തൃശൂർ സ്ലാങ്ങ് ഭംഗിയായി പറയുന്നു എന്നു മാത്രമാണ് ഒരു ഗുണം. ചിത്രം വൈകാരിക തലത്തിലേക്കെത്തുമ്പോഴാകട്ടെ ജയറാമിന്റെ ഈ സ്ലാങ്ങ് കൈവിട്ടു പോകുന്നുമുണ്ട്. മാത്തൻ തരകനെ അവതരിപ്പിച്ച ജഗതി ശ്രീകുമാറിനു ഒരു കഥാപാത്ര സ്ഥിരത ഉള്ളതായി തോന്നിയില്ല. അത് അദ്ദേഹത്തിന്റെ കുഴപ്പമല്ല, ആ കഥാപാത്രത്തെ രൂപപ്പെടുത്തിയ തിരക്കഥാകൃത്തിന്റെ പരാജയമാണ്. ജഗതിക്ക് കൊടുത്തിരിക്കുന്ന ഡബ്ബിങ്ങിലുമുണ്ട് പോരായ്മകളേറെ. നെടുമുടിയുടേ കുഞ്ഞൂഞ്ഞും, ജയരാജ് വാര്യരുടെ കൂട്ടുകാരനുമൊക്കെ നല്ല പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. വെറുതെ വന്നു പോകുന്ന നിരവധി കഥാപാത്രങ്ങളുണ്ട് ചിത്രത്തിൽ, താരാ കല്ല്യാൺ അവതരിപ്പിക്കുന്ന കനകാംബാൾ അത്തരത്തിലൊന്നാണ്. നായികയായ ഹരിപ്രിയക്ക് നായകനൊപ്പം ഒരു പാട്ടുസീനും പിന്നെ സാരിയുടുത്ത് വന്നു പോകുന്ന സന്ദർഭങ്ങളേയുള്ളു. ഒരു സ്ത്രീ കഥാപാത്രത്തിനുപോലും ഈ ചിത്രത്തിൽ അല്പമെങ്കിലും പ്രാധാന്യമില്ല. (നായകനും നായികയും ആടിപ്പാടുന്ന ആ പാട്ടു സീനിന്റെ അവസാനം കല്യാൺ സിൽക്സിന്റെ ലോഗോ വെച്ചാൽ കല്യാൺ സിൽക്ക്സിനുള്ള നല്ലൊരു പരസ്യചിത്രമാകും!!)

ചിത്രത്തിലെ ഏറ്റവും മോശം ഘടകം ഡബ്ബിങ്ങാണ്. പരിചിതരായ നടീ നടന്മാർക്ക് പ്രേക്ഷകർക്ക് പരിചിതരായ മറ്റു നടി നടന്മാരുടേ ശബ്ദം ഡബ്ബ് ചെയ്തത് വല്ലാതെ മുഴച്ചു നിൽക്കുന്നു. ചാലി പാല എന്ന നടന് ശ്രീജിത് രവിയും, കണ്ണൂർ ശ്രീലതക്ക് വത്സലാ മേനോനുമൊക്കെ ശബ്ദം കൊടുത്തത് വിപരീത ഫലമേ ഉണ്ടാക്കുന്നുള്ളു.

മലയാള സിനിമയിൽ മാത്രം കണ്ടുവരുന്ന ചില സ്ഥിരം സന്ദർഭങ്ങൾ/ക്ലീഷേകൾ ഇതിലും ആവർത്തിക്കുന്നുണ്ട്. ഒരാളെ ഫോണിൽ വിളിക്കുകയും മറ്റൊരാൾ അത് അറ്റന്റ് ചെയ്യുകയും അറ്റന്റ് ചെയ്തത് ആരാണെന്ന്  പോലും തിരക്കാതെ പ്രധാന രഹസ്യങ്ങൾ വിളമ്പുന്ന സ്ഥിരം ചേരുവ ഈ ചിത്രത്തിലുണ്ട് ഒന്നല്ല രണ്ടു തവണ. നായകൻ-മുത്തശ്ശി സ്നേഹ വാത്സല്യവും സഹോദരരുടേ ശത്രുതയും, നിസ്സാര കാര്യത്തിനുള്ള നായികയുടെ തെറ്റിദ്ധാരണയുമൊക്കെ ഇതിലും ആവർത്തിക്കുന്നുണ്ട്. സിനിമയുടെ പ്രധാന കഥാഗതിയിലേക്കു നയിക്കുന്ന സംഭവത്തിനുമില്ല യാതൊരു യുക്തിയും. വർഷത്തിലൊരിക്കൽ തന്റെ രഹസ്യബന്ധത്തിനു മധുരയിലേക്ക് വരുന്ന മാത്തൻ തരകനു മധുര ഭരിക്കുന്ന പ്രമാണിയെ തിരിച്ചറിയില്ല എന്നതും, തന്റെ വാഹനത്തിന്റെ തൊട്ടുമുന്നിൽ നടക്കുന്ന സംഘട്ടനവും വെടിവെപ്പുമൊന്നും അറിഞ്ഞില്ല എന്നതുമൊക്കെ പ്രേക്ഷകനു ദഹിക്കാനാവാത്ത സംഭവങ്ങളാണ്. 

ആനപ്രേമിയും ആനയുടമയുമായ ജയറാമിനെ ആന പശ്ചാത്തലമാക്കുന്ന ചിത്രത്തിന്റെ പ്രധാന ചേരുവയാക്കുന്നത് കൌതുകത്തിനും അതുവഴി വില്പനക്കും സഹായിക്കും, പക്ഷെ ഒരു ജയറാമും കുറേ ആനകളുമുണ്ടായാൽ സിനിമയാവില്ല എന്ന തിരിച്ചറിവ് “വാസ്തവം” പോലൊരു ഭേദപ്പെട്ട ചിത്രം സംവിധാനം ചെയ്ത എം പത്മകുമാർ ഓർത്തിരിക്കേണ്ടതായിരുന്നു. ഇത്രയൊന്നും പോരാതെ, ചിത്രാന്ത്യം തിരുവമ്പാടി തമ്പാനും മട്ടന്നൂരും ചേർന്നുള്ള തായമ്പകയും കാണിക്കുന്നുണ്ട്.

Contributors: