അറിയപ്പെടാത്ത പാട്ടുകളിൽ പെട്ടു പോയ എം ബി ശ്രീനിവാസൻ

മലയാള സിനിമകളിലെ ഗാനചരിത്രത്തിൽ അടയാളപ്പെടുത്തിയ ചില നിരീക്ഷണങ്ങളാണ് സിനിക്കിന്റെ കുറിപ്പുകൾ.സിനിക്കിന്റെ കടുത്ത നിരീക്ഷണങ്ങളോടൊപ്പം തന്നെ തന്റെ കണ്ടെത്തലുകളും പങ്കുവയ്ക്കുകയാണ് ശ്രീമാൻ എതിരൻ കതിരവൻ.

106. മുറപ്പെണ്ണ്
മിനിക്കുട്ടിയെ ഉറക്കാൻ കൊച്ചമ്മിണിയും ഭാഗിയും കൂടി (ജാനകിയും ശാന്തയുമാണ് പാട്ടുകാർ) പാടിയ “കടവത്തുതോണിയടുത്തപ്പോൾ” എന്ന പാട്ടിന്റെ ചിത്രീകരണം സംവിധായകന്റെ ഭാവന ഭംഗിയെഴുന്നതാക്കി. (ഗാനരചനയും നന്ന്,പാടിയതും കൊള്ളാം. പരസ്പരമുള്ള കുസൃതിയും സ്നേഹവും കലർന്ന ആക്ഷേപം ‘മൈ തോ ജാൻ രി’ എന്ന പ്രശസ്തയുഗ്മഗാനത്തെ അനുസ്മരിപ്പിക്കുന്നില്ലേ?). കർക്കിടകത്തിൽ കരയുകയും കന്നിവെയിലിൽ ചിരിക്കുകയും ചെയ്യാറുള്ള ഭാരതപ്പുഴയുടെ തീരത്തു നിന്നു വിഷാദചിത്തനായ ബാലൻ “കരയുന്നോ പുഴ ചിരിക്കുന്നോ” എന്നറിയാതെ വിഷമിക്കവേ നൊന്തമനം ആലപിച്ച ആ ഗാനം യേശുദാസ് ഹൃദയസ്പർശിയാക്കിയിട്ടുണ്ട്. ശോകനിർഭരമായ ആ ഈരടികൾ ഉചിതസന്ദർഭം നോക്കി സംവിധായകൻ ഇടയ്ക്കിടെ എടുത്തു പെരുമാറിയതിൽ വിവേകിത നിഴലിച്ചു കാണാനുമുണ്ട്.
(ചിദംബരനാഥ്  തന്റെ തിരിച്ചു വരവ് ഉജ്ജ്വലമാക്കി.മുറപ്പെണ്ണിലൂടെയും തൊട്ടുമുൻപിറങ്ങിയ രാജമല്ലിയിലൂടെയും തന്റെ സാന്നിദ്ധ്യം വീണ്ടും ഉറപ്പിച്ചു. “കരയുന്നോ പുഴ ചിരിയ്ക്കുന്നോ“ എന്ന പാട്ടിലെ ഭാവ-ബിംബാത്മകതമൂല്യം  ആസ്വദനക്ഷമത  കേൾവിക്കാരിൽ ഉറപ്പിച്ചെടുത്തു.”ഒന്നാനാം മരുമലയ്ക്ക്…”“കടവത്ത് തോണിയടുത്തപ്പോൾ…’ -എസ്. ജാനകിയോടൊപ്പം- പാടിയതോടെ ശാന്ത പി നായർ രംഗം വിടുകയാണുണ്ടായത്. ചെമ്മീനിൽ സംഘഗാനത്തിൽ കൂടെപ്പാടാനും അവരെ കണ്ടു. പിന്നീട്, അത്രമാത്രം. പി. ജെ. ആന്റണി “തായവാഴി തമ്പുരാന്റെ…കിണ്ണാണ്ടം…..” പാടുന്നുണ്ടെന്നുള്ളതും ശ്രദ്ധേയമാണ്.. ചിദംബരനാഥ് ഇതോടൊപ്പവും “കണ്ണാരം പൊത്തി പൊത്തി“യിൽ  നാടൻ പാട്ടും പാടുന്നുണ്ട്).

107. തൊമ്മന്റെ മക്കൾ 
വയലാറിന്റെ ഗാനരചന (ആറാണു പാട്ടുകൾ) തരക്കേടില്ല. ബാബുരാജാണു സംഗീതസംവിധായകൻ. എസ്. ജാനകി, യേശുദാസ്, പി. ലീല, പി. ബി. ശ്രീനിവാസ്, ഉദയഭാനു എന്നിവരാണ് പ്ലേ ബാക്കുകൾ. “ഞാനുറങ്ങാൻ പോകും മുൻപായ് നിനക്കേകുന്നിതാ നന്ദി നന്നായ്” എന്ന ജാനകി പാടിയ പ്രാർത്ഥനാഗാനമാണ് ഏറ്റവും നന്നായത്.  ഉദയഭാനു, ശ്രീനിവാസ്, യേശുദാസ്, ലീല ജാനകി എന്നിവർ പങ്കെടുക്കുന്ന ഡബിൾ ഡ്യൂയെറ്റുകൾ രണ്ടുണ്ട്. രണ്ടും പൊറുപ്പിക്കാമെന്നേയുള്ളു. “ചെകുത്താൻ കയറിയ വീട്” എന്ന യേശുദാസിന്റെ അശരീരിഗാനം പോലും മികച്ചതായെന്നു പറയാവതല്ല. “കൊച്ചിക്കാരത്തി കൊച്ചുപെണ്ണേ” വലിയ മോശമില്ല. ആ രംഗത്തിന്റെ ചിത്രണം പാട്ടിന്റെ സ്വാദു കൂട്ടിയ മട്ടുതോന്നി.
(‘ഞാനുറങ്ങാൻ പോകും മുൻപായ്’ വറുഗീസ് മാളിയേക്കൽ എഴുതിയതാണ്, സംഗീതം കൊടുത്തത് ജോബും, ജോബിന്റെ മറ്റൊരു ഹിറ്റ് പാട്ട്.  ജോബ് നേരത്തെ ചിട്ടപ്പെടുത്തിയിരുന്ന പാട്ട് ഈ സിനിമയ്ക്കു വേണ്ടി ഉപയോഗിക്കുകയായിരുന്നു..,“അങ്ങനെ അങ്ങനെ…” –യേശുദാസ്, എസ്. ജാനകി-കമ്പോസിങ്ങിൽ മികച്ചതാണ്, “ഝനക് ഝനക് പായൽ ബാജേ” യിലെ “നൈൻ സൊ നൈന് നാഹി മിലാവോ…” യുടെ ഒരു നിഴൽ വീണിട്ടുണ്ടെന്നു മാത്രം. ‘ചെകുത്താൻ കയറിയ വീട്”… യേശുദാസ് ഗാനമേളകളിൽ പാടിപ്പൊലിപ്പിച്ചു).

108. മാണിക്യക്കൊട്ടാരം
അഞ്ചു പാട്ടുകളാണീ ചിത്രത്തിലുള്ളത്. നാടകത്തിനു പാട്ടെഴുതിയ കണിയാപുരം രാമചന്ദ്രൻ തന്നെയാണ് ഗാനരചയിതാവ്. “കള്ളന്റെ പേരു പറഞ്ഞാൽ” എന്ന ജാനകി പാടിയ പാട്ടും “പച്ചമരക്കാടുകളേ” എന്ന യേശുദാസ് പാടിയ പാട്ടും ശ്രദ്ധേയമാണെന്നു പറഞ്ഞുകൂടാ. “മനസ്സിന്റെ മലരണിക്കാവിൽ നീ തീർത്ത മാണിക്യക്കൊട്ടാരമെവിടെ” എന്ന യേശുദാസിന്റെ പാട്ടാണ് തമ്മിൽ ഭേദം. എന്നാൽ, വേണു പെട്ടെന്ന്  എ. ഐ. ആറിൽ ഒരു പ്രോഗ്രാം കൊടുക്കാൻ തീർച്ചയാക്കിയത് കാണിയ്ക്ക് അൽ‌പ്പം ആശ്ചര്യത്തിനു ഇടനൽകി. “നക്ഷത്രപ്പുണ്ണുകളായിരം’ എന്ന ഭിക്ഷക്കാരന്റെ ഗാനാലാപനം (പാടിയത് അബ്ദുൽഖാദർ) ഇടയിൽ തിരുകിച്ചേർത്തത് പോലെ തോന്നി. ആ ദൃശ്യം കൊണ്ട് കഥയ്ക്ക് വൈകാരികമായി എന്തു നേടാനൊത്തു എന്ന് അറിഞ്ഞില്ല. ബാബുരാജാണ് സംഗീതസംവിധായകൻ. മൊത്തത്തിൽ പറഞ്ഞാൽ സംഗീതവിഭാഗം ചിത്രത്തിനു പ്രസ്താവ്യമായ മേന്മയൊന്നുമണച്ചിട്ടില്ലെന്നതാണ് പരമാർത്ഥം.
(ഒൻപതുകൊല്ലത്തിനു ശേഷം അബ്ദുൾ ഖാദർ വീണ്ടും ഒരു പാട്ടുപാടാനെത്തി. “നക്ഷത്രപ്പുണ്ണുകളായിരം..” ഭാവബന്ധുരമാണ്, അദ്ദേഹത്തിന്റെ അവസാനത്തെ സിനിമാപ്പാട്ടാണ്. .  ‘ഓരോ പകലും എരിഞ്ഞടങ്ങി….കൂരിരുൾ പട്ടടക്കാട്ടിനുള്ളിൽ ആരേയോ തേടി നടന്നു” എന്ന് പാടി അപ്രത്യക്ഷനായി അബ്ദുൾ ഖാദർ. യേശുദാസിനോടൊപ്പം ബാബുരാജ് സൃഷ്ടിച്ചെടുക്കുന്ന മാന്ത്രികതയൊന്നും “മനസ്സിന്റെ മലരണിക്കാടുകളിൽ“ കാണാനില്ല. ബാബുരാജ് തന്റെ സംഗീതസപര്യയുടെ മൂർദ്ധന്യത്തിൽ നിൽക്കുന്ന കാലമാണ്, തള്ളിപ്പറയാൻ സിനിക്കിനു യാതൊരു ചാഞ്ചല്യവുമില്ല).

109. പുത്രി
ബാലമുരളിയുടെ ഗാനങ്ങൾ ഏറിയകൂറും ഭേദപ്പെട്ടവയായിട്ടുണ്ട്. എം. ബി. ശ്രീനിവാസന്റെ സംഗീതസംവിധാനവും മൊത്തത്തിൽ ഒരുവിധം കൊള്ളാമെന്നു പറയാം. പുരുഷോത്തമൻ പാടിയ ‘വാർമുകിലേ’ എന്ന ഗാനം ശ്രദ്ധേയമാണ്. ആ പാട്ടു ജാനകി പാടിയതാകട്ടെ അത്രതന്നെ മെച്ചപ്പെട്ടതായില്ല.’പാപത്തിൻപുഷ്പങ്ങൾ ഞെട്ടറ്റുവീണു’ എന്ന അന്ത്യഗാനവും ഏറെക്കുറെ ഉചിതഗാംഭീര്യം കലർന്നു വിലസുന്നുണ്ട്. ‘കാണാൻ കൊതിച്ചെന്നെ’, (എസ്. ജാനകി), കൺപീലി നനയാതെ’ (കമുകറ, ലീല) എന്നീപാ‍ട്ടുകളും തരക്കേടില്ല. യേശുദാസിന്റെ ‘കാട്ടുപൂവിൻ കല്യാണത്തിനു’ എന്നപാട്ടു സന്ദർഭത്തിനൊത്ത ലാളിത്യമെങ്കിലും ദീക്ഷിച്ചിട്ടുണ്ട്. പാട്ടുകൾ പലതും ഒരുവിധം ഭേദപെട്ടതായെങ്കിലും ഒന്നുംതന്നെ, കമുകറയുടെ വാർമുകിലേ എന്ന പാട്ടുപോലും, ഒന്നാന്തരത്തിലേയ്ക്കുയർന്നില്ലെന്നതു കഷ്ടമായി.
( “വാർമുകിലേ..” കമുകറയും എസ്. ജാനകിയും പാടുന്നു, രണ്ടും വളരെ വ്യത്യസ്തമായ കമ്പോസിങ്ങുകൾ.  എസ്. ജാനകി പാടിയത് സിനിക്കിനു ഇഷ്ടപ്പെടാതെ പോയത് അദ്ഭുതം തന്നെ. പ്രസിദ്ധ ഹിന്ദിപ്പാട്ടുകളോട് കിടപിടിയ്ക്കാൻ മാത്രം മെച്ചപ്പെട്ടതാണ് എസ്. ജാനകിയുടെ “വാർമുകിലേ”. ഈ പാട്ടിനു “വോ കോൻ ഥി’ യിലെ  “ലഗ് ജാ ഗലേ കെ ഫിർ യേ ഹസീ രാത്..” എന്ന അതിമധുരമായ പാട്ടുമായി ഒരു ബന്ധവും കാണാം. എം. ബി. ശ്രീനിവാസന്റെ കമ്പോസിങ് നിപുണത ഇങ്ങനെ അറിയപ്പെടാത്ത പാട്ടുകളിൽ ഒതുങ്ങിപ്പോയതിന്റെ ദൃഷ്ടാന്തം കൂടിയാണിത്.  “കാട്ടുപൂവിൻ കല്യാണത്തിനു…” യേശുദാസിനു വെല്ലുവിളിയൊന്നുമല്ലെങ്കിലും….വളരെ ശ്രദ്ധിയ്ക്കപ്പെട്ട പാട്ടാണ്).

110. കുസൃതിക്കുട്ടൻ
പി. ഭാസ്കരന്റെ അഞ്ചു പാട്ടുകളുണ്ടിതിൽ. വിജയഭാസ്കറാണു് സംഗീതസംവിധായകൻ. പി. ബി. ശ്രീനിവാസനും എസ്. ജാനകിയും കൂടി പാടിയ ആദ്യത്തെ പാട്ട് ഗുണം പോരാ. എസ്. ജാനകി പാടിയ “ഉണ്ണിരാരി രാരോ” എന്ന താരാട്ടു ശ്രുതിസുഖദമായി.എസ്. ജാനകിയും വസന്തയും കൂടി പാടിയ ‘അമ്മയെക്കളിപ്പിക്കാൻ’ എന്ന കരുണരസവും വാത്സല്യസുഖവും കലർന്ന പാട്ടും ഹൃദ്യത കലർന്നതത്രേ. എന്നാൽ ആ പാട്ടു നാലുതവണ ആവർത്തിച്ചപ്പൊഴെയ്ക്കും സഹിഷ്ണുക്കളായ ശ്രോതാക്കളുടെ പോലും ക്ഷമ നശിച്ചിരിക്കണം. ‘അമിതമായാൽ അമൃതും വിഷ’ മെന്നവർക്കോർമ്മയില്ലേ ആവോ? അമ്മ മകനെ  താഡിച്ചു  ശിക്ഷിയ്ക്കുന്നതിലും കോപാവിഷ്ടനായ് ഭർത്താവു ഭാര്യയെ തല്ല്ലുന്നതിലും,  നല്ലപാട്ട് ആവർത്തിക്കുന്നതിൽ പോലും സമുചിതമായ അതിരു പാലിക്കപ്പെടാതെ വയ്യെന്നുറക്കെപ്പറയട്ടെ.
(“അമ്മയെക്കളിപ്പിക്കാൻ…” പലതവണ, പല ഭാവങ്ങളിൽ ആവർത്തിച്ചത് തീർച്ചയായും വിരസത ഉളവാക്കും. എന്നാൽ സിനിക്കു പ്രസ്താവിച്ച വേർഷൻ ശരിക്കും ശ്രുതിസുഖദമാണ്. വിജയഭാസ്കർ അധികം ഗാനങ്ങൾ ചിട്ടപ്പെടുത്തിയിട്ടില്ല, ഇത് അദ്ദേഹത്തിന്റെ നല്ലപാട്ടുകളിൽ ഒന്നാണ്. കുസൃതിക്കുട്ടൻ റിലീസിനു ഒരുമാസത്തിനുള്ളിൽ ഇറങ്ങിയ “പകൽക്കിനാവ്’ ഇലെ “ഗുരുവായൂരുള്ളൊരു കണ്ണനന്നൊരു ദിനം…’ (ചിദംബരനാഥ്-എസ്. ജാനകി) എന്ന പാട്ടുമായി തെല്ലു സാമ്യം കാണാം ഈ പാട്ടിനു എന്നത് അദ്ഭുതകരം തന്നെ).

Contributors: