ഔട്ട്സൈഡർ-സിനിമാറിവ്യു

2010- ൽ ഏറെ നിരൂപക ശ്രദ്ധ നേടിയതും നല്ലതെന്ന് പ്രേക്ഷകർ വിലയിരുത്തിയതുമായ ‘ആത്മകഥ’ എന്ന സിനിമയിലൂടെയാണ് സംവിധായകൻ പ്രേം ലാൽ മലയാള സിനിമയിൽ ഉദയം ചെയ്യുന്നത്. ശ്രീനിവാസനും ശർബാനി മുഖർജിയും മുഖ്യവേഷത്തിൽ അഭിനയിച്ച “ആത്മകഥ”ക്കു ശേഷം 2012ൽ സ്ക്രിപ്റ്റും സംവിധാനവുമായി “ഔട്ട് സൈഡർ” എന്ന ചിത്രവുമായാണ് പ്രേം ലാൽ വരുന്നത്. മുഖ്യവേഷങ്ങളിൽ ശ്രീനിവാസൻ, ഇന്ദ്രജിത്, പശുപതി.

കുടുംബവുമായി ശാന്തജീവിതം നയിക്കുന്ന ഒരു സാധാരണക്കാരന്റെ ജീവിതത്തിലേക്ക് ആകസ്മികമായി ഒരു ക്രിമിനൽ കടന്നുവരികയും അയാളുടെ ജീവിതത്തെ അപകടകരമാംവിധം മാറ്റിമറിക്കുന്നതുമാണ് ഔട്ട്സൈഡറിന്റെ മുഖ്യപ്രമേയം.

സിനിമയുടെ വിശദാംശങ്ങളും കഥാസാരവും വായിക്കുവാൻ ഔട്ട്സൈഡറിന്റെ ഡാറ്റാബേസ് പേജിലേക്ക് ക്ലിക്ക് ചെയ്യുക  (   )

2010-ൽ ആത്മകഥയിലൂടെ ഏറെ പ്രതീക്ഷയുണർത്തിയെങ്കിലും ഔട്ട്സൈഡറിൽ പ്രേം ലാൽ എന്ന തിരക്കഥാകൃത്ത്/സംവിധായകൻ ആ പ്രതീക്ഷക്ക് മങ്ങലേൽ‌പ്പിക്കുന്നതാണ് കാണുന്നത്. വിരസമായി പറഞ്ഞു പോകുന്ന കഥാഗതിയും യാതൊരു പ്രത്യേകതകളുമില്ലാത്ത ആഖ്യാനവുമാണ് ഔട്ട്സൈഡറിന്റെ പ്രധാന ദോഷം. യുക്തിസഹമായി കൂട്ടിച്ചേർക്കാൻ പറ്റാതെപോയ സന്ദർഭങ്ങളും പ്രേക്ഷകനെ അനുഭവിപ്പിക്കാൻ പോരാത്ത സംവിധാനവും ഈ സിനിമയെ പ്രേക്ഷകനിൽ നിന്നും അകറ്റി. മുഖ്യകഥാപാത്രമായ ശിവൻ കുട്ടിയെ അവതരിപ്പിച്ച ശ്രീനിവാസന്റെ പ്രകടനവും ഒട്ടും നീതിപുലർത്തിയില്ല. അതുകൊണ്ടു തന്നെ പ്രേക്ഷകനിൽ ഒന്നും അവശേഷിപ്പിക്കാതെ ഔട്ട്സൈഡർ തീർത്തും നിരാശപ്പെടുത്തുന്നു.

സംവിധായകന്റെ തന്നെയാണ് സ്ക്രിപ്റ്റും. ഏറെ പറഞ്ഞുവെക്കണമെന്നാഗ്രഹിച്ചിരുന്നെങ്കിലും ഒന്നും പൂർത്തിയാക്കാൻ പറ്റാതെപോയതാണ് ഈ സിനിമയുടെ തിരക്കഥയെന്നു പറയാം. മുഖ്യകഥാപാത്രമായ ശിവൻ കുട്ടിയുടെ ഭൂതകാല ജീവിതം, അയൽ വാസിയായ മുകുന്ദന്റെ സാന്നിദ്ധ്യം, വില്ലൻ കഥാപാത്രമായ ലോറൻസിന്റെ കടന്നു വരവ് ഇവയൊക്കെ കൃത്യമായോ വിശദീകരണങ്ങളോടെയോ ചേർത്തുവെക്കാനോ പറഞ്ഞു ഫലിപ്പിക്കാനോ തിരക്കഥാകൃത്തുകൂടിയായ സംവിധായകനായില്ല. വില്ലനു ഒരു സൈക്കോ പേഷ്യന്റിന്റെ വിശേഷം ചാർത്തിക്കൊടൂത്തതും യുക്തിസഹമായി തോന്നിയില്ല. ഛായാഗ്രാഹകൻ സമീർ ഹക്ക് (മുൻപ് പേര് സമീർ അന്തിക്കാട്) തേക്കടിയുടേയും മറ്റും സുന്ദര പ്രകൃതി ദൃശ്യങ്ങൾ കാണിച്ചു തരുന്നെങ്കിലും സിനിമയുടെ ലാവണ്യരീതികളെ പിന്തുടർന്ന് സിനിമക്കൊരു ദൃശ്യതലം പകരുന്നതായി ഒട്ടും തോന്നിയില്ല. സംജിത് മുഹമ്മദിന്റെ എഡിറ്റിങ്ങും ശ്രീജിതിന്റെ ചമയവും സുരേഷ് ഫിറ്റ്വെൽ-ന്റെ വസ്ത്രാലങ്കാരവും സിനിമക്ക് ചേരുന്നു.

കഥാപാത്രങ്ങളിൽ പശുപതി അവതരിപ്പിച്ച കൊമ്പൻ ലോറൻസ് തന്നെയാണ് മുന്നിട്ടൂ നിൽക്കുന്നത്. ലോറൻസിന്റെ മാനറിസങ്ങളും പെരുമാറ്റങ്ങളും ഏറെ പരിചിതമാണെങ്കിലും പശുപതിയുടെ  കയ്യിൽ ആ കഥാപാത്രം ഭദ്രമായി. സിനിമയിൽ അല്പമെങ്കിലും പ്രേക്ഷകനെ ആകർഷിക്കുന്നത് പശുപതിയാണെന്നു പറയാം. ശ്രീനിവാസൻ അവതരിപ്പിച്ച മുഖ്യകഥാപാത്രമായ ശിവൻ കുട്ടി ഏറെ പരാജയമായി. ശിവൻ കുട്ടിയുടെ ഉള്ളിലേക്ക് കടന്നു ചെല്ലാനൊന്നും ശ്രീനിവാസനു കഴിഞ്ഞിട്ടില്ല. ഇന്ദ്രജിത്തിന്റെ മുകുന്ദനു വലിയ റോളില്ലെങ്കിലും തെറ്റില്ലാതെ ചെയ്യാൻ ഇന്ദ്രജിത്തിനായി.

“ആത്മകഥ“യിലൂടേ ഏറെ പ്രതീക്ഷയുണർത്തിയ സംവിധായകൻ പ്രേം ലാൽ ഏറെ പിന്നോട്ട് പോകുന്ന കാഴ്ചയാ‍ണ് “ഔട്ട്സൈഡർ” നൽകുന്നത്. നല്ല സിനിമാ സങ്കൽ‌പ്പങ്ങൾ സംവിധായകനുണ്ടാവാം പക്ഷേ അത് പ്രേക്ഷകനു രുചിക്കുന്ന / ആസ്വദിക്കാവുന്ന / കമ്മ്യൂണിക്കേറ്റ് ചെയ്യാവുന്ന രീതിയിൽ പറഞ്ഞു വെക്കാനും സാധിക്കണം. “ഔട്ട് സൈഡർ” അതുകൊണ്ട് തന്നെ പ്രേക്ഷക നിരാസം നേടുന്നു

Contributors: