ദി കിംഗ് & ദി കമ്മീഷണർ - സിനിമാറിവ്യു

ജന്മം മുതലേ ഒരു നട്ടെല്ല് കൂടുതലുള്ള‘ (അതെന്തു അസുഖമാണാവോ!) തേവള്ളിപ്പറമ്പൻ ജോസഫ് അലക്സും ‘തന്തക്ക് പിറന്ന’ ഭരത് ചന്ദ്രൻ ഐ പി എസും നീണ്ട പതിനേഴു വർഷത്തെ ഇടവേളക്ക് ശേഷം തിരിച്ചു വരികയാണ്. അതും തങ്ങളെ സൃഷ്ടിച്ച രഞ്ജിപ്പണിക്കരിലൂടേയും ഷാജി കൈലാസിലൂടെയും. ജോസഫ് അലക്സിനേയും ഭരത് ചന്ദ്രനേയും യഥാക്രമം അതവതരിപ്പിച്ച മമ്മൂട്ടിയേയും സുരേഷ് ഗോപിയേയും പ്രേക്ഷകർ ഓർക്കുന്നുണ്ട് അവരുടെ സജ്ജീവ സാന്നിദ്ധ്യം സിനിമാലോകത്തുണ്ട്. എന്നാൽ ഇവരെ പേനത്തുമ്പിനാലും ക്യാമറയാലും സൃഷ്ടിച്ചെടുത്ത രഞ്ജിപ്പണിക്കരേയും ഷാജി കൈലാസിനേയും കഴിഞ്ഞ കുറച്ചു വർഷങ്ങളായി ആരുമധികം ഓർത്തു കാണാൻ വഴിയില്ല. (ഷാജി കൈലാസിനെ ഒരു പേടിയോടേയേ ഇപ്പോൾ ഓർക്കാനാവൂ) അതുകൊണ്ട് തന്നെ തേവള്ളിപ്പറമ്പനും ഭരത് ചന്ദ്രനും വെള്ളിത്തിരയിലേക്ക് തിരിച്ചു വരേണ്ടത് ആരാധകരുടെ, പ്രേക്ഷകന്റെ ആവശ്യമായിരുന്നില്ല നഷ്ടപ്പെട്ട മാർക്കറ്റ് വാല്യൂ തിരിച്ചു പിടിക്കാനുള്ള തിരക്കഥാകൃത്തിന്റേയും സംവിധായകന്റേയും അവസാന ശ്രമങ്ങളായിരുന്നു. ഒപ്പം മാറിയ ആസ്വാദന കാലഘട്ടത്തിൽ കാൽക്കീഴിൽ നിന്ന് ഒലിച്ചു പോകുന്ന മണ്ണ് തിരിച്ചുപിടിക്കാനുമുള്ള സൂപ്പർ-മെഗാ താരങ്ങളുടേയും.

അടി, ഇടി, വെടി, പുക, സ്ഫോടനം, ഓക്സ്ഫോർഡ് ഇംഗ്ലീഷ് വാക്കുകൾ, തന്തക്ക് പിറക്കൽ, നട്ടെല്ല്, മുണ്ടു മടക്കിക്കുത്തൽ, ആയുഷ്മാൻ ഭവ, ഐ എസ് ഐ, തീവ്രവാദം, ചാരപ്പണി, ഇന്ത്യ, മാതൃരാജ്യം, ഭാരത് മാതാ കീ ജയ്. ഇതാണ് “കിങ്ങ് & കമ്മീഷണർ“  എന്ന സിനിമയെന്നോ സിനിമയുടേ ആകെത്തുകയെന്നോ പറയാം. നീണ്ട 17 വർഷം കഴിഞ്ഞിട്ടും ഇടം കൈകൊണ്ട് മുടിമാതിയൊതുക്കുന്ന ശീലം തേവള്ളിപ്പറമ്പൻ ജോസഫ് അലക്സ് മാറ്റിയിട്ടില്ല. ( ഇത്ര വർഷം കഴിഞ്ഞാലും ഒരു ഐ എ എസ് ഓഫീസർക്ക് ‘പക്വത‘ വരില്ലെന്നോ?!) കാണുന്നവരോടെല്ലാം ഞാൻ തന്തക്ക് പിറന്നതാണെന്ന് പറയുന്ന ശീലം ഭരത് ചന്ദ്രനും. ദൽഹിയും പരിസരപ്രദേശങ്ങളുമാണ് ഇത്തവണ കിങ്ങിന്റേയും കമ്മീഷണറുടേയും വിഹാര രംഗങ്ങൾ. നിലവിലെ പ്രധാനമന്ത്രിയെ വധിക്കാനും ഇന്ത്യയിൽ സ്ഫോടന പരമ്പരകൾ ഉണ്ടാക്കാനും പാക്ക് ചാര സംഘത്തലവനെ അടൂത്ത പ്രധാന മന്ത്രി പദം സ്വപ്നം കാണുന്ന മന്ത്രി പുംഗവനും പോലീസ് തലവന്മാരും മന്ത്രിസഭയിലും മന്ത്രി മന്ദിരങ്ങളിലും ഇടനിലക്കാരനാവുന്ന ആൾ ദൈവമായ ചന്ദ്രമൌലീശ്വരനെന്ന കപടസ്വാമിയും കൂടി ഇന്ത്യയിലേക്ക് ക്ഷണിക്കുന്നു. അവരുടെ നീക്കങ്ങളിൽ മരണപ്പെട്ടുപോകുന്ന വി ഐ പികളുടെ അന്വേഷണച്ചുമതലയാണ് പഴയ ഐ എ എസ് ജോസഫ് അലക്സിനും കമ്മീഷണർ ഭരത് ചന്ദ്രനും.

സിനിമയുടെ വിശദാംശങ്ങളും കഥാസാരവും വായിക്കുവാൻ സിനിമയുടെ ഡാറ്റാബേസ് പേജിലേക്ക് പോകുക.

ഒരു കാലഘട്ടത്തിൽ ഫാൻസിന്റേയും സാധാരണ സിനിമാ പ്രേക്ഷകരുടേയും കയ്യടി നേടിയ ‘ദി കിങ്ങും’ ‘കമ്മീഷണറും’ രണ്ടാംഭാഗമെന്ന നിലയിൽ പുനരവതരിപ്പിക്കപ്പെടുമ്പോൾ താരാരാധകരുടെ പ്രതീക്ഷ വർദ്ധിക്കും. രഞ്ജിപ്പണിക്കരെന്ന ‘ഇടിവെട്ട് ഡയലോഗ്’ സൃഷ്ടാവും ഷാജി കൈലാസെന്ന ടെക്നിക്കൽ ഡയറക്ടറും കൂടിയാകുമ്പോൾ ഈ സിനിമ ആഘോഷിക്കപ്പെടുമെന്ന് പൊതുവെ കണക്കു കൂട്ടും. ആ കണക്കുകൂട്ടലിൽ തന്നെയാണ് ഇരുവരും സിനിമയൊരുക്കിയിരിക്കുന്നത്. സിനിമയുടെ ചില ഘട്ടങ്ങളിൽ ഫാൻസിന്റെ കയ്യടികൾ കിട്ടാനൊരുക്കിയ രംഗങ്ങൾ വേണ്ടുവോളമുണ്ട്. താരാരാധനയുടെ അന്ധതയിൽ ഫാൻസ് മതിമറക്കുന്നുമുണ്ട്. പക്ഷെ, 17 വർഷത്തെ ഇടവേള പ്രേക്ഷകരിലും സിനിമയുടെ അവതരണത്തിലും ഏറെ മാറ്റങ്ങളും വ്യത്യസ്ഥതകളും ഉണ്ടാക്കിയിട്ടുണ്ടെന്ന് ഈ സിനിമയുടെ അണിയറപ്രവർത്തകർ മറന്നുപോയി. 90കളിൽ പുറത്തിറങ്ങിയിരുന്നെങ്കിൽ ഒരുപക്ഷെ അക്കാലത്തെ ഏറ്റവും വലിയ മെഗാ ഹിറ്റാ‍കുമായിരുന്നു ഈ സിനിമ. ‘പഴയ പ്രതാപകാലത്തെ ഓർമ്മകൾ അയവിറക്കുക” എന്ന ക്ലീഷേ അലങ്കാര ഭാഷ കടമെടുത്തു പറഞ്ഞാൽ മുൻ സിനിമകളിലെ ‘ഹിറ്റ് സീനു‘കൾക്ക് പുനരവതരണം നടത്താൻ മാത്രമേ ഈ സിനിമക്കായിട്ടുള്ളു. ജോസഫ് അലക്സിന്റെ മുണ്ട് മടക്കിക്കുത്തൽ, ഭരത് ചന്ദ്രന്റെ തന്തക്ക് പിറക്കൽ, കിങ്ങിൽ കുതിരവട്ടം പപ്പു അവതരിപ്പിച്ച സീൻ, ഏകലവ്യനിലെ അമൂർത്താനന്ദ, വിഭൂതി, ഇങ്ങിനെ പഴയ ചിത്രങ്ങളുടെ പശ്ചാത്തല സംഗീതമടക്കം (സംഗീതം രാജാമണി) അതേപടി പകർത്തിയ കിങ്ങും കമ്മീഷണറും പുതിയ കാലഘട്ടത്തിനു യോജിക്കുന്ന ആഖ്യാന ഭാഷയോ ദൃശ്യഭാഷയോ ഒന്നും തന്നെ പേറുന്നില്ല. അതുകൊണ്ട് തന്നെ മൂന്നുമണിക്കൂറ് പത്ത് മിനുട്ടിൽ പലപ്പോഴും വിരസമായ കാഴ്ചയാകുന്നു. ഇടക്കിടെയുള്ള വെടിപൊട്ടലും സ്ഫോടനവും ഡയലോഗലർച്ചയും പ്രേക്ഷകനെ ഉറങ്ങാൻ സമ്മതിക്കുന്നില്ല എന്നൊരു സംഗതിയുണ്ട്.

വില്ലനു പോലും അറിയാത്ത, തന്റെ അച്ഛന്റേയും അച്ഛന്റച്ഛന്റേയുമൊക്കെ പൂർവ്വകഥകളും പഠിച്ചെടുത്താണ് ഇരു നായകന്മാരും ഡെൽഹിക്ക് വണ്ടി കയറിയിരിക്കുന്നത്. ഇന്ദ്രപ്രസ്ഥത്തിന്റെ പുറകിലെ അവിശുദ്ധ കൂട്ടുകെട്ടുകളുടേയും രാഷ്ട്രീയ കൂട്ടിക്കൊടുപ്പുകളുടേയും കഥകൾ തന്നെയാണ് രഞ്ജിപ്പണിക്കർക്ക് ഇപ്പോഴും പഥ്യം. പശ്ചാത്തലം ഡെൽഹിയാണെങ്കിലും ഒട്ടുമിക്ക പദവികളിലും (കേന്ദ്ര മന്ത്രി മുതൽ സുപ്രീം കോർട്ട് ചീഫ് ജസ്റ്റീസ് വരെ, ഐ എസ് എഫ് സെക്യൂരിറ്റി മുതൽ പേർസണൽ സെക്രട്ടറി വരെ) മലയാളികളെ പ്രതിഷ്ഠിക്കാൻ ശ്രമിച്ചിട്ടുണ്ട് അല്ലാത്തവർക്കാകട്ടെ മലയാളം കേട്ടാൽ മനസ്സിലാകുകയും ചെയ്യും. പതിവുപോലെതന്നെ ഫാൻസുകാർ കേട്ടാൽ ഞെട്ടിത്തരിച്ചുപോകുന്ന കടുകട്ടി ഇംഗ്ലീഷ് വാക്കുകൾ പുട്ടിനു പീരയെന്നവണ്ണവും പ്രധാന മന്ത്രി മുതൽ ചീഫ് ജസ്റ്റീസ് വരെയുള്ളവരെ ഭീഷണിപ്പെടുത്തലുമൊക്കെത്തന്നെയാണ് ഈ തിരക്കഥയിലും. പച്ചബെൽറ്റും നിസ്കാരത്തൊപ്പിയും കണ്ട് തെറ്റിദ്ധരിച്ചു പോയാൽ തകരുന്നത് ഇന്ത്യയുടെ മാറിടമാണെന്നോ മറ്റോ ഒരു സീനിൽ പറയുന്നുണ്ട്/കാണിക്കുന്നുണ്ട് ( പച്ചബെൽറ്റും നിസ്കാരത്തൊപ്പിയും ഇത്രകാലം എന്തിന്റെ സൂചകങ്ങളായിട്ടാണ് മലയാള സിനിമ പറഞ്ഞിരുന്നത് /കാണിച്ചിരുന്നത് എന്ന് മലയാള സിനിമാക്കാർക്ക് ഓർമ്മയില്ലെങ്കിലും സൂക്ഷനിരീക്ഷണമുള്ള പ്രേക്ഷകനറിയാം) അത് പറയേണ്ടത് പ്രേക്ഷകന്റെ നേരെയല്ല, പൊതു സമൂഹത്തിൽ ഉറച്ചു പോയ, ഇപ്പോഴും മാറ്റാൻ തയ്യാറല്ലാത്ത ധാരണകളെ പേർത്തു പേർത്തും എഴുതി വിടുന്ന തിരക്കഥാകൃത്തുക്കളോടാണ്.

ശരവണൻ, ഷാജി കുമാർ, ഭരണി കെ ധരൻ എന്നിവരാണ് ഈ സിനിമയുടേ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ചടുലമായും കൃത്യമായും ദൃശ്യങ്ങൾ പകർത്തിയ ക്യാമറ അഭിനേതാക്കളുടെ മേക്കപ്പിന്റെയും സൂക്ഷ്മത പകർത്തിയിട്ടുണ്ട്. നായകന്മാരെ (പ്രത്യേകിച്ച് മമ്മൂട്ടി) ഷൂ മുതൽ മുകളിലേക്കും നടത്തവുമൊക്കെത്തന്നെയാണ് ആദ്യമായി അവതരിപ്പിക്കാൻ ഉപയോഗിക്കുന്നത്. സംജത് മുഹമ്മദിന്റെ എഡിറ്റിങ്ങും ചിത്രത്തിന്റെ വിജയത്തിനു സഹായകരമായിട്ടുണ്ട്. രാജാമണിയുടെ സംഗീതം മാറ്റമേതുമില്ലാതെ തുടരുന്നു. രഞ്ജിത് അമ്പാടിയുടെ ചമയം പ്രേക്ഷകരിൽ നിന്ന് ഒന്നും മറച്ചു വെക്കുന്നില്ല. ചന്ദ്രമൌലി (സായ്കുമാർ)യുടെ കവിളിൽ ഒട്ടിച്ചു വെച്ച താടി (താടിയുടെ അടിഭാഗത്തെ നെറ്റ്) കൃത്യമായി കാണിച്ചു തരുന്നുണ്ട്. മമ്മൂട്ടിയുടെ കണ്ണിന്റേയും കഴുത്തിലേയും ചുളിവുകൾ മറക്കാൻ ജോർജ്ജിന്റെ മേക്കപ്പിനുമായിട്ടില്ല. എല്ലാവരും എല്ലാ സമയവും വളരെ സുന്ദരക്കുട്ടപ്പന്മാരായി വരുന്നുണ്ട്. കുമാർ എടപ്പാളിന്റെ വസ്ത്രാലങ്കാരവും തഥൈവ. പ്രത്യേകമായി ശ്രദ്ധിച്ച കാര്യം, മമ്മൂട്ടിയുടേ ക്ലോസപ്പ് ഷോട്ടുകളിൽ കഴുത്തിന്റെ ഭാഗം ‘ബ്ലർ’ ചെയ്തിരിക്കുന്നതാണ്.കഴുത്തിലെ ചുളിവുകൾ മാറ്റാൻ മറ്റൊരു മാർഗ്ഗവും കാണാഞ്ഞിട്ടായിരിക്കുമെന്ന് കരുതാം.

ഒരു പക്ഷെ ഇരു ഫാൻസുകളെ അല്പം തൃപ്തിപ്പെടൂത്താൻ ഈ സിനിമക്ക് കഴിയുമെന്ന് തോന്നുന്നു. അതു തന്നെയാണ് അണിയറപ്രവർത്തകർ ഉദ്ദേശിച്ചിരിക്കുന്നുവെങ്കിലും പതിനേഴു വർഷങ്ങൾക്കിപ്പുറവും ഇവർക്ക് പറയാൻ പുതിയതൊന്നുമില്ലെന്നുള്ളത് പ്രേക്ഷകൻ തിരിച്ചറിയുന്നുണ്ട്. പ്രേക്ഷകന്റെ മാറിയ അഭിരുചിയും മാറിവരുന്ന സിനിമകളും പുതിയ പ്രമേയ-ആഖ്യാന രീതികളുമൊക്കെ മലയാളത്തിലും കടന്നു വരുന്ന ഈക്കാലത്ത് പണ്ട് ആനപ്പുറത്തിരുന്നതിന്റെ തയമ്പ് തടവി എത്രനാളിങ്ങനെ മുന്നോട്ടു പോകുമെന്ന് ഇതിനിടയിൽ ഒന്നാലോചിക്കുന്നത് നല്ലത്.

വാൽക്കഷണം :  എം3ഡിബി യുടെ സൈറ്റിലെ “മലയാള സിനിമയിലെ ആയിരത്തൊന്നു ക്ലീഷേകൾ” എന്ന ലേഖനത്തിലെ ഒട്ടുമിക്ക പോയന്റുകളും അന്വർത്ഥമാക്കിയ സിനിമയാണിത്.

Contributors: 

പിന്മൊഴികൾ

3 hr 20mins ദൈർഖ്യനുള്ള ഈ ചിത്രത്തിലൂടെ ഷാജി കൈലാസ് വീൺറ്റ്മ് തെളിയിച്ചിരിക്കുകയാണ് അയാൾ ഈ പണി നിർത്തേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്ന് .

Nalla review. Ithokke thanne pratheekshichu. Sibi malayilinu maathramalla, shajikkum kaalathinothu maaraan kazhinjittilla.... allenkil padikkaan sremichittilla...

ജി. നിശീകാന്ത്

onnu poppaa,, ee review vaayicha thanne ariyaam ithu padam irangunna annu thanne post cheyyan vechatharunu ennu,, according to me and friends,, its super film and what we got what expected from Renji Panicker film.. Degrading enna udesham maatti vechu pattumenkil poyi film kaanu ,,ennittu aa dialogues okke onnu sradichu kelkku....

@ Nandu Rajan, പടം ഇറങ്ങുന്ന അന്ന് പടം കാണാതെ ആണ് ഇതെഴുതിയത് എന്ന് എങ്ങിനെയാണ് മനസ്സിലാക്കിയത്? പടം കണ്ടിട്ടില്ല എങ്കിൽ ഡാറ്റാബേസ് പേജിൽ എങ്ങിനെയാണ് പ്ലോട്ടൂം സിനോപ്സിസും എഴുതിയത്? എങ്ങിനെയാണ് കഥയുടെ വിശദാംശങ്ങളും കഥാപാത്രങ്ങളുടെ പേരും എഴുതാൻ സാധിച്ചത്? ആ സൂത്രം ഒന്നു വിശദീകരിച്ചു തരാമോ?? :)
താങ്കൾക്കും സുഹൃത്തുക്കൾക്കും ഇഷ്ടമായെന്നു കരുതി ഈ സിനിമയെ ഇഷ്ടപ്പെടാനും നല്ലതെന്നു പറയാനും ഇത്തിരി ബുദ്ധിമുട്ടുണ്ട്. താങ്കളിഷ്ടപ്പെട്ടോളൂ. വിരോധമില്ല. അതുപോലെ ഞാൻ ഇഷ്ടപ്പെടുന്നില്ല. എന്റെ അഭിപ്രായവും പറയുന്നു. പിന്നെ താങ്കൾ പറയുന്നപോലെ, “ഒന്നുകൂടീ കാണാണും ഡയലോഗുകൾ ശ്രദ്ധിക്കാനും” ഹെന്റെ പൊന്നേ.. പ്ലീസ്.. ആത്മഹത്യ ഇതിനേക്കാൾ നല്ല മാർഗ്ഗമാണെന്നു ഞാൻ വിശ്വസിക്കുന്നു.
;) ;) :)

i lost my sense... sensibility and sensitivity after watchng king and commissioner....

i lost my sense... sensibility and sensitivity after watchng king and commissioner....

പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന നല്ല ചിത്രമാണ് കിംഗ്‌ ആന്‍ഡ്‌ കാമീഷ്ണര്‍. മമ്മൂടിയുടെയും സുരേഷ് ഗോപിയുടെയും അഭിനയത്തെ വിലയിരുത്തി കണ്ടില്ല..എന്തെ അവര്‍ അഭിനയികുനതായി തോനിയില്ലേ? ആരെന്തു പറഞ്ഞാലും ശരി മമ്മൂട്ടിയും സുരേഷ് ഗോപിയും തകര്‍ത്തു.