അഭിനയിക്കുന്നത് എംബി ശ്രീനിവാസൻ,യേശുദാസ്,പി ലീല,ദക്ഷിണാമൂർത്തി & പി ബി ശ്രീനിവാസ്

മലയാളസിനിമയുടെ ഗാനചരിത്രത്തിലെ ഏടുകളാണ് ഒരോ സിനിമയിലേയും ഗാനങ്ങളെയും ഗാനരംഗങ്ങളെയും ഒക്കെ ഇഴകീറിപ്പരിശോധിക്കുന്ന സിനിക്കിന്റെ കുറിപ്പുകൾ.സിനിക്കിന്റെ കടുത്ത നിരീക്ഷണങ്ങളോടൊപ്പം തന്നെ തന്റെ കണ്ടെത്തലുകളും പങ്കുവയ്ക്കുകയാണ് ശ്രീമാൻ എതിരൻ കതിരവൻ തന്റെ സിനിക്ക് പറഞ്ഞത് എന്ന പരമ്പരയിലൂടെ.

101. കൊച്ചുമോൻ(1965)
എട്ടു പാട്ടുകളുണ്ടിതിൽ. പാതി പി. ഭാസ്കരനും പാതി പി. ജെ. കെ. ഈഴക്കടവുമാണെഴുതിയിരിക്കുന്നത്. ഗാനരചന മൊത്തത്തിൽ വലിയ ദോഷമില്ല. എന്നാൽ പാട്ടുകളുടെ ചിത്രീകരണം ഏറിയകൂറും വേണ്ടവിധമായിട്ടില്ല. ചിലത് അലങ്കോലപ്പെടുകതന്നെ ചെയ്തു. ആലപ്പി ഉസ്മാന്റെ  സംഗീതസംവിധാനം ഇടത്തരത്തിൽ കവിഞ്ഞൊന്നുമായിട്ടില്ല.  കാതിനോ കരളിനോ സവിശേഷമായ ഇമ്പം നൽകുന്നതിൽ  അദ്ദേഹത്തിനു പ്രസ്താവ്യമായ വിജയമൊന്നും നേടാനൊത്തിട്ടില്ലെന്നു ചുരുക്കം. “മാനത്തെ യമുനതൻ” (സുശീല, യേശുദാസ്), “ഉറ്റവളേ നീ” (പി. ബി. ശ്രീനിവാസ്),  ‘മാലാഖമാരേ” (ജാനകിയും കൂട്ടരും)—പാട്ടുകളിൽ തമ്മിൽ ഭേദം ഇവയാണ്.
(‘മാലാഖമാരേ മറയൊല്ലെ വാനിൽ” ഒട്ടൊരു ശ്രദ്ധ നേടിയെടുത്ത പാട്ടാണ്. “പച്ചിലത്തോപ്പിലെ തത്തമ്മത്തമ്പ്രാട്ടി…’ എൽ ആർ ഈശ്വരിയെ  കൂടുതൽ പ്രിയങ്കരിയാക്കി.. ആലപ്പി ഉസ്മാൻ പിന്നീട് ഒരു സിനിമയ്ക്ക് മാത്രമേ സംഗീതം നൽകിയുള്ളു. 1968ൽ വൈക്കം ചന്ദ്രശേഖരൻ നായരുടെ “രാഗിണി’യ്ക്ക്.

102. ദാഹം (1965)
ആസ്പത്രിയിൽ വച്ച് കുട്ടിക്ക് അമ്മ “കിഴക്കു കിഴക്കു കിഴക്കൻ കാട്ടിലെ“ എന്ന പാട്ടു പറഞ്ഞുകൊടുക്കുന്നതും അതവൻ ‘അമ്മാമനെ’ പാടിക്കേൾപ്പിക്കുന്നതും (ഗായിക രേണുക) അസ്വാഭാവികമായി. കോയയും വിശേഷിച്ചു പ്രലോഭനമൊന്നും കൂടാതെ ‘പടച്ചവനുണ്ടെങ്കിൽ’ എന്ന ഒരു പാട്ട് (പാടിയത് ആന്റോ) ആസ്പത്രി വരാന്തയിൽ വച്ചു പാടിയതിനും സ്വാഭാവികത കുറവാണ്. പാട്ടു രണ്ടും രചനാഗുണമുള്ളതും ശ്രവണസുഖം തരുംപടി  പാടിയതുമാണെന്നിരിക്കെ  പാട്ടിനു വേണ്ടി മാത്രം  ഇടയിൽ തിരുകിയ മട്ടവയ്ക്കു വന്നുവെന്നതു കഷ്ടമായി. മറ്റേ രണ്ടു പാട്ടുകളിൽ  രോഗികളുടെ വേദനയെക്കുറിച്ചുള്ള  അശരീരി ഗാനമാണ് (പാടിയത് യേശുദാസ്) കൂടുതൽ ശ്രുതിമധുരം. ഈ മൂന്നു പാട്ടും ആസ്പത്രി വളപ്പിലെ റേഡിയോവിൽ നിന്നോ മറ്റോ ഉയർന്നു വരും പടി ചിത്രീകരിക്കയായിരുന്നു ഉചിതം. കാമുകന്റെ സ്വപ്നത്തിനു നിറം കൂട്ടാൻ എ. എം. രാജായും പി. സുശീലയും കൂടി പാടുന്ന  ‘ഏകാന്തകാമുകാ’ എന്ന പാട്ടും മോശമില്ല. വയലാറിന്റെ ഗാനങ്ങൾ ഇത്തവണ  സവിശേഷസൌഷ്ഠവം പുലർത്തിക്കണ്ടു.  ദേവരാജന്റെ സംഗീതസംവിധാനവും മെച്ചപ്പെട്ടതായിട്ടുണ്ട്. ഉചിതവികാരപരിപോഷണത്തിന് ഉതകിയ പശ്ചാത്തലസംഗീതപ്രയോഗം വിശേഷിച്ചും.
(“ദേവരാജന്റെ സംഗീതസംവിധാനം മെച്ചപ്പെട്ടതായിട്ടുണ്ട്’ എന്ന് സിനിക്ക് പറയണമെങ്കിൽ എന്തോ ശ്രദ്ധയിൽ‌പ്പെട്ടിട്ടുണ്ടാവണം. യേശുദാസിന്റെ “ വേദന വേദന..ഏകാന്തവേദനയിൽ മുങ്ങി…” ആയിരിക്കണം ഈ പ്രസ്താവനയ്ക്കു പിന്നിൽ. വേദനാഭരിതമോ ശോകവികാരതീവ്രമൊ ആയ പാട്ടുകളാണ് ദേവരാജൻ യേശുദാസിനു നൽകിപ്പോരുന്നത് ഇതു വരെ. ഈ സിനിമയിലും അനുരാഗഡ്യൂവെറ്റ് പി സുശീലയോടൊപ്പം എ എം രാജ തന്നെ പാടുന്നു. പാട്ടുകളിൽ ഘനഗാഭീര്യം നിറയ്ക്കാൻ എ എം രാജയ്ക് അത്രയ്ക്ക് ആവതില്ലെന്നതും ഒരു കാരണമായേക്കാം. വയലാറിന്റെ ഗാനങ്ങളിൽ സവിശേഷസൌഷ്ഠവം സിനിക്ക് നിരീക്ഷിയ്ക്കുന്നു. “ഏകാന്തകാമുകാ…”യിലെരണ്ടു ചരണങ്ങളിലുള്ള അക്ഷരസമാനതയും ആവർത്തനം സൃഷ്ടിയ്ക്കുന്ന അപാരചാരുചടുലതയും സിനിക്കിനു ബോദ്ധ്യപ്പെട്ടുകാണണം. “വേദന വേദന…’ എന്ന പാട്ടിലെ “നിർ വൃതി വർണ്ണവിതാനങ്ങൾ നീർത്തിടും നിത്യമനോഹരതീരം നിദ്രതൻ നിത്യമനോഹരതീരം’ എന്നതൊക്കെ ഗംഭീരമാണെന്നും  മരണവും രോഗവും കൊലപാതകവും  നിഷ്കളങ്കസ്നേഹവും പ്രമേയമായിട്ടുള്ള സിനിമയിൽ  നിത്യനിദ്രാതീരം സ്വപ്നം സങ്കൽ‌പ്പ തംബുരു മീട്ടുന്ന വിശ്വപ്രേമകുടീരമാണെന്നുള്ള ആശയം അവസരോചിതമാണെന്നും സിനിക്കിനു തോന്നിക്കാണണം.) .

103. കാവ്യമേള
അശരണനായിച്ചമഞ്ഞ അന്ധകവിയുടെ പ്രതിഭ അപമാനത്തിന്റെ  ആഘാതമേറ്റു സടകുടഞ്ഞെഴുന്നേറ്റതും ക്രമേണ അതു ഭക്തിയുടെ പ്രശാന്തമാർഗ്ഗത്തിലേക്കു നീങ്ങിയതും ഒട്ടൊക്കെ ഹൃദ്യമായി.  ഭക്തിസുരഭിലമായ ആ പ്രാർത്ഥനാഗീതങ്ങൾ ഹൃദ്യതയെഴുന്നവയാക്കിത്തീർക്കാൻ വയലാറിന്റെ തൂലികാവിലാസത്തിനെന്നപോലെ യേശുദാസന്റെ  സ്വരമാധുരിക്കും ദക്ഷിണാമൂർത്തിയുടെ  സംഗീതസംവിധാനത്തിനുമൊത്തിട്ടുണ്ട്. ഇടയിലങ്ങിങ്ങായി ആ മാധുര്യം ചിലപ്പോഴൊക്കെ നേർത്തുപോയതായി അനുഭവപ്പെടുന്നുണ്ടെങ്കിലും. “കാവ്യമേള” യിലെ ചില വരികൾ  അക്കാദമിയുടെ ആഭിമുഖ്യത്തിൽ പ്രശസ്തഗായകന്മാർ പലമട്ടിൽ പാടി രസിക്കാൻ പാകത്തിലാണൊരുക്കിയിട്ടുള്ളത്. പി. ബി. ശ്രീനിവാസന്റെ വരികൾ പ്രത്യേക മാധുര്യം  കലർന്നവയായിരുന്നു. തിരശ്ശീലയ്ക്കു പിന്നിലൊതുങ്ങിക്കഴിയുന്ന പ്രശസ്തപിന്നണി ഗായകരേയും സംഗീതസംവിധായകന്മാരേയും രംഗത്തവതരിപ്പിച്ച് അവരുടെ ആരാധകന്മാരുടെ അകമഴിഞ്ഞ നന്ദിയാർജ്ജിക്കാൻ ഉചിതമായൊരു സന്ദർഭമൊരുക്കിയ നിർമ്മാതാവിന്റെ കർമ്മകുശലത തികച്ചും അഭിനന്ദനമർഹിക്കുന്നു.
ഒരു ഗായകകവിയുടെ ജീവിതകഥ പകർത്തുമ്പോൾ ആസ്വാദകശ്രദ്ധ എളുപ്പം ക്ഷണിയ്ക്കാൻ പറ്റിയ പാട്ടിന്റെ വശ്യത നിറഞ്ഞു നിൽക്കുകയാണ്. പ്രകൃതകൃതി ആ പ്രകടസത്യം വഴിപോലെ മനസ്സിലാക്കി സംഗീതവിഭാഗത്തിൽനിന്നാവും വിധം മുതലെടുത്തു പരിപൂർണ്ണവിജയം നേടിയെന്ന് തീർത്തുപറയാനാവില്ലെങ്കിലും ഈ കലാസൃഷ്ടിയുടെ ആസ്വാദതയ്ക്ക് സാരമായ അടിത്തറ പാകുന്നതിൽ സംഗീതാംശത്തിനു സാരമായ പങ്കുണ്ടെന്നു തീർച്ച.  വയലാറിന്റെ തൂലിക പീലിവിരുത്തിയാടിയ സന്ദർഭങ്ങൾ പലതാണ്.കവിയുടെ വേദനകൾ നാമപ്രപഞ്ചത്തിലൂടെ, ഇമ്പമോടെ നെയ്തെടുത്ത്, ആസ്വാദകസമക്ഷം കാഴചവക്കുന്നതിൽ  മുഖ്യപങ്കു വഹിച്ച യേശുദാസനും കൃതകൃത്യതയ്ക്കവകാശമുണ്ട്. ശ്രോതാക്കളെ യഥാവിധി തൃപ്തിപ്പെടുത്തുന്നതിൽ ലീലയും ഉത്തമനും  ശ്രീനിവാസന്മാരും നമ്മുടെ മികച്ച സംഗീതസംവിധായകന്മാരിലൊരാളായ ദക്ഷിണാമൂർത്തിയും ഒട്ടും പിന്നിലല്ല.

(പുകഴ്ത്തലുകളിൽ അതിപിശുക്കനായ സിനിക്ക് അറിയാതെ തന്റെ മനസ്സിന്റെ മണിപ്പേഴ്സ് തുറന്ന് അനുമോദനങ്ങൾ വാരിയെറിയുകയാണ്. വയലാറും യേശുദാസും ശ്രീനിവാസമാരും പി ലീലയും ദക്ഷിണാമൂർത്തിയും ഒക്കെ ഈ അനുമോദനനാണ്യശോഭയിൽ പ്രകാശിയ്ക്കുന്നു. തികച്ചും “മ്യൂസിക്യൽ” എന്ന ജനുസ്സിൽ പെടുന്ന സിനിമ തന്നെ കാവ്യമേള. ഒരു പാട്ടിനു 3 പ്രകാരഭേദങ്ങൾ (“സ്വപ്നങ്ങൾ സ്വപ്നങ്ങൾ….”), മറ്റൊരു പാട്ടിനു രണ്ടു പതിപ്പുകൾ (“ദേവീ ശ്രീദേവീ….”), യേശുദാസ് പാടുന്നത്  ആറു പാട്ടുകൾ ഇങ്ങനെ ഒരു ആഘോഷിയ്ക്കലിനാണ് കാവ്യമേള അവസരമൊരുക്കിയത്..  ഈ സിനിമ സാധിച്ചെടുത്തത് പലതാണ്. ഒന്ന് യേശുദാസ് അപ്രതിരോദ്ധ്യനാണെന്ന് കൊണ്ടാടിയതാണ്. ഗായകനിലും ഗായികയിലും സന്തുലനം ചെയ്തിരുന്ന സിനമാപ്പാട്ടുകൾ യേശുദാസിലേക്ക് മാത്രം ചായുക എന്നതിന്റെ ദൃഷ്ടാന്തം.. രണ്ട് തികച്ചും ശാസ്ത്രീയസംഗീതത്തിന്റെ ചുവടുപിടിച്ചുണ്ടാക്കിയ മെലഡിയിൽ മലയാളി ബന്ധിയ്ക്കപ്പെടും എന്നതിന്റെ പൂർണ്ണ തെളിവ് (ജനനീ ജഗദ് ജനനീ, സ്വരരാഗരൂപിണീ സരസ്വതീ, സ്വപ്നങ്ങൾ സ്വപ്നങ്ങൾ, ദേവീ ശ്രീദേവീ ഇവയൊക്കെ. “സ്വപ്നങ്ങൾ സ്വപ്നങ്ങൾ…”  ബഹുദാരി രാഗത്തിലുള്ള പ്രസിദ്ധത്യാഗരാജകീർത്തനമായ “ വന്ദനമു രഘുനന്ദന..”യോട് നേർ കടപ്പാട് കാട്ടുന്നതാണ്).   പ്രേം നസീറിന്റെ പ്രതിരൂപത്തിലൂടെ യേശുദാസിന്റെ ശബ്ദത്തെ ദൃശ്യവൽക്കരിക്കുന്നതിലെ തൃപ്തി മലയാളി കൂടുതൽ അനുഭവിച്ചറിഞ്ഞു എന്നത് മറ്റൊന്ന്. സിനിമയിൽ പാട്ടിനു പ്രാധാന്യമുണ്ടെങ്കിൽ  അത് പാടി പരിപൂർണ്ണതയിൽ എത്തിയ്ക്കുന്നവരെ പിന്നണിയിൽ നിന്നും മുന്നണിയിലേക്ക് കൊണ്ട് വന്ന് അവരുടെ നിർണ്ണായക പങ്ക് അടയാളപ്പെടുത്തുകയും ദൃശ്യവൽക്കരിക്കുകയും ചെയ്തു  ‘സ്വപ്നങ്ങൾ…’ എന്ന പാട്ട് പല ഗായകർ പാടുന്നതാ‍യിട്ടുള്ള സീനിലൂടെ. (എം. ബി. ശ്രീനിവാസനും പാടുന്നുണ്ട് ഇക്കൂടെ).. അവർ ഒരേ പാട്ട് പല രാഗങ്ങളിൽ പാടി ഫലിപ്പിയ്ക്കുന്നത് നേരിട്ട് കാണാനിടവന്ന കാണികൾക്ക് സംഗീതസംവിധായകന്റെ സാംഗത്യവും അനുഭവഭേദ്യമായി. “ഈശ്വരനെത്തേടിത്തേടി “യും വയലാറിന്റെ കവിതയായ “നാദം ശൂന്യതയിങ്കലാദ്യമമൃതം” ഉം പാടി ഉത്തമൻ ശ്രദ്ധ നേടി.

ഒരു ഐറണിയുണ്ട് പി. ലീലയും യേശുദാസും പാടുന്ന “സ്വപ്നങ്ങൾ“ എന്ന പാട്ടിൽ. ഒരു ഭാഗത്ത് പി. ലീല പാടിയതിന്റെ തെറ്റ് തിരുത്തുണ്ട് യേശുദാസ്. “അങ്ങിനെയല്ല” എന്നു പറഞ്ഞുകൊണ്ട്. സിനിമാപ്പാട്ടുകൾ കടുകിടെ തെറ്റാതെ ശാസ്ത്രീയരീതിയിൽ പാടുന്ന പി. ലീലയുടെ അടുക്കലാണ് ഈ തെറ്റു തിരുത്തൽ പരിപാടി!)

104. പട്ടുതൂവാല 
പി. സുശീല പാടുന്ന ‘സപ്തസാഗരപുത്രികളേ” എന്ന ഗാനത്തോടെ (ദേവരാജനാണ് സംഗീതസംവിധായകൻ; ഗാനരചയിതാവു വയലാറും) കഥ തുടങ്ങിയതിന്റെ ഉദ്ദേശം വ്യക്തമല്ലെന്നിരിക്കിലും  ആ പാട്ട് ഒരുവിധം ശ്രുതിമധുരമായിട്ടുണ്ട്. നാടകത്തിൽ യാചകൻ പാടുന്ന “മാനത്തെ പിച്ചക്കാരനു മാണിക്യം വാരിത്തൂകിയ മാളോരേ” എന്ന പാട്ടും കൊള്ളാം. (പാടിയത് കമുകറ, അഞ്ജലി). ………….”കണ്ണിൽ നീലക്കായാമ്പൂ” (പാടിയത് ഈശ്വരി) എന്ന പാട്ടും അതിനൊത്തുള്ള കുഴഞ്ഞാട്ടവും ഒട്ടും കൌതുകപ്രദങ്ങളല്ല. ……….ആമിനയ്ക്കുവേണ്ടി ഈശ്വരി പാടിയ “പൂക്കൾ നല്ലപൂക്കൾ” തരക്കേടില്ല. പുരുഷോത്തമൻ പാടിയ –കൂടെ പാടിയതു ലീല തന്നെയോ?- ‘പൊട്ടിക്കരയിക്കാന്മാത്രം” എന്ന ഗാനം ശ്രവണസുഖം തരുന്നതെങ്കിലും  പാടിയതു തീരെ അസ്ഥാനത്തായി. സുശീലയും പുരുഷോത്തമനും കൂടി പാടുന്ന  “ആകാശപ്പൊയകയിൽ’“ എന്നപാട്ടും മോശമില്ല. ആമിന-ജോർജ്ജ്മാരെക്കൊണ്ട് അത്തരമൊരു ഡ്യൂവറ്റ് പാടിച്ചതിന്റെ ഉദ്ദെശ്യമാണ് മനസ്സിലാവാത്തത്.

(എൽ. ആർ. ഈശ്വരി ടൈപ് ചെയ്യപ്പെട്ടുവെങ്കിലും അവരുടെ ആലാപനസൌഭഗം പ്രകാശമാനമാകുന്ന പാട്ടുകളാണ് ‘ കണ്ണിൽ നീലക്കായാമ്പൂ“ വും “പൂക്കൾ നല്ല പൂക്കൾ’ എന്നിവ. ഈശ്വരിയുടെ അനുജത്തി അഞ്ജലിയും പാടുന്നുണ്ട് ഈ ചിത്രത്തിൽ. ‘ആകാശപ്പൊയ്കയിലുണ്ടൊരു പൊന്നിൻ തോണി…” ഡ്യൂവറ്റുകളിൽ പ്രാധാനയമർഹിയ്ക്കുന്ന ഒന്നാണ്).

105. ചേട്ടത്തി
വയലാറിന്റെ ഗാനരചനാകൌശലം പ്രകൃതകൃതിയെ ഉണർന്നു പ്രവർത്തിച്ചനുഗ്രഹിച്ചിരിക്കുന്നു. സംഗീതസംവിധായകനായ ബാബുരാജും തന്റെ ചുമതല ഭേദപ്പെട്ടവിധം നിർവ്വഹിച്ചിട്ടുണ്ട്.  ‘ആദിയിൽ വചനമുണ്ടായി” എന്നു തുടങ്ങുന്ന അർത്ഥസമ്പുഷ്ടമായ ഗാനം യേശുദാസൻ അതിമധുരമാക്കി. എന്നാൽ ആ പാട്ട് –അതിഥിതാരമായി പ്രത്യക്ഷപ്പെടുന്ന വയലാർ ആ പാട്ടു റേഡിയോക്കാർക്കുവേണ്ടി പാടുമ്പടിയാണു ചിത്രണം ചെയ്തിരിക്കുന്നത്- കഥയുടെ പോക്കിനൊത്തിണക്കിച്ചേർക്കാഞ്ഞത്  മോശമായി- നിർമ്മലയെ തെല്ലിട വല്ല പാർക്കിന്റെ ബെഞ്ചിലോ മറ്റോ പാട്ടുകേട്ടൊന്നു വിടാമായിരുന്നൌവല്ലോ?—ശ്രുതിസുഖദമായ ആ ഗാനം വീണ്ടുമൊരിടത്ത് ആലപിക്കപ്പെട്ടതിൽ ആസ്വാദകന്റെ കാതിനു പരാതിയുണ്ടാവാനിടയില്ലെങ്കിലും  അവന്റെ കലാബോധം അവിടെ തെല്ലൊന്നു നിറ്റി ചുളിയ്ക്കാതിരിക്കില്ല.  ആ കമ്പാർറ്റ്മെന്റിൽ ഒരു ട്രാൻസിസ്റ്ററോ മറ്റോ ചൂണ്ടിക്കാട്ടി ചുളുവിൽ തടിതപ്പാമായിരുന്നില്ലേ സംവിധായകന്? എസ്. ജാനകി പാടിയ “ഈ പ്രേമപഞ്ചവടിയിൽ” “ കണ്ണനാമുണ്ണിയുറങ്ങു” എന്നീ രണ്ടു പാട്ടുകളും കാതിന്നു സുഖമണയ്ക്കാൻ പോന്നതാണ്. പക്ഷേ കായാമ്പൂ വർണ്ണന്റെയും കാളിന്ദിയുടേയും സ്മരണയുയർത്തുന്ന ഗാനത്തിന്റെ ചിത്രീകരണം മാലാഖകളുടെ അകമ്പടിയോടെയാക്കിയതിന്റെ പൊരുൾ ദുരൂഹമാണ്. പി. ബി. ശ്രീനിവാസ്, പി. സുശീല എന്നീ ഇരുത്തം വന്നവർക്കു പുറമേ പ്രേമയെന്നൊരു കൊള്ളാവുന്ന പുതുശബ്ദം കൂടിയുണ്ട് പിന്നണിയിൽ.

(“പ്രേമയെന്നൊരു കൊള്ളാവുന്നപുതുശബ്ദം..” എന്നെഴുതിയത് ശ്രദ്ധിയ്ക്കുക. സിനിക്കിന്റെ സാക്ഷ്യപ്പെടുത്തലുകൾ അതീവഗൌരവത്തോടെയാണ് സിനിമാലോകം കണക്കിലെടുത്തിരുന്നത് എന്നതിനൊരു തെളിവാണ് ഈ പ്രസ്താവന്യ്ക്കു ശേഷം പ്രേമയെത്തേടി  സിനിമാപ്രവർത്തകർ മദ്രാസിൽ നിന്നും എത്തി എന്നത്. ആലാപനശൈലിയും ശബ്ദവും എസ്. ജാനകിയുടേതെന്ന് തെറ്റിദ്ധരിക്കപ്പെട്ടതിനാൽ പിന്നീട് ഇവർ തഴയപ്പെടുകയായിരുന്നു എന്നത് മറ്റൊരു ചരിത്രനിയോഗം.. ‘ആദിയിൽ വചനമുണ്ടായി…” യേശുദാസിന്റെ അപാരറേഞ്ച് പ്രകടിപ്പിയ്ക്കുന്ന പാട്ടാണ്. അഹിർഭൈരവ് രാഗത്തിന്റെ സാദ്ധ്യതകൾ സൂക്ഷ്മമായി പിടിച്ചെടുത്തിരിക്കുന്നു ബാബുരാജ്. വയലാർ തന്നെ പാടുന്നതായിട്ടാണ് സിനിമയിൽ.  ബൈബിൾ വചനങ്ങൾക്കനുസൃതമായിത്തുടങ്ങുന്ന ഗാനം പെട്ടെന്ന് വഴി തിരിഞ്ഞ് ചിപ്പികളിൽ ഉണ്ടായ കണ്ണീർ മുത്താണ് സ്ത്രീ എന്ന പ്രഘോഷിച്ച് പഴയനിയമത്തെ വെല്ലു വിളിച്ചു). 

Article Tags: 
Contributors: