കർമ്മയോഗി-സിനിമാറിവ്യു

കമേഴ്സ്യൽ സിനിമാ മേഖലയിൽ വ്യത്യസ്ഥ പ്രമേയങ്ങളാലും പുതിയ സാങ്കേതിക രീതികളാലും വിവിധ വ്യത്യസ്ഥ ചിത്രങ്ങൾ സംവിധാനം ചെയ്ത വി കെ പ്രകാശ്,  വില്യം ഷേക്സിപിയറിന്റെ വിശ്വപ്രസിദ്ധമായ “ഹാംലറ്റ്” എന്ന കൃതിയാണ് തന്റെ പുതിയ സിനിമക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. 2011ൽ തന്നെ ചിത്രീകരണം പൂർത്തിയാവുകയും അതേ വർഷം പല സിനിമാ ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കുകയും 2011ലെ മികച്ച ഡബ്ബിങ്ങ് ആർട്ടിസ്റ്റിനുള്ള പുരസ്കാരം നടൻ റിസബാവക്ക് നേടിക്കൊടുക്കുകയും ചെയ്ത “കർമ്മയോഗി” പക്ഷെ ഇപ്പോഴാണ് (2012 മാർച്ച് 16) റിലീസാകുന്നത്.

ഹാംലറ്റ് എന്ന ഷേക്സ്പിയർ കൃതിയെ തികച്ചും കേരളീയ പശ്ചാത്തലത്തിൽ വടക്കേ മലബാറിലെ യോഗി സമുദായക്കാരുടെ ആചാര അനുഷ്ഠാനങ്ങളോടെ പുനരവതരിപ്പിക്കുകയാണ് “കർമ്മയോഗി”യിൽ.  “ഹാംലറ്റ് “ എന്ന കഥാപാത്രത്തിന്റെ മാനസിക നില / ദ്വന്ദ മനസ്സിന്റെ പ്രശ്നങ്ങളും അവസ്ഥയുമാണ് ‘കർമ്മയോഗി’യുടേയും കേന്ദ്രബിന്ദു. കർമ്മയോഗിയിലെ നായകൻ രുദ്രൻ (ഇന്ദ്രജിത്) തന്റെ അച്ഛന്റെ കൊലപാതകിയോട് പ്രതികാരത്തിനു തുനിഞ്ഞിറങ്ങുകയും പക്ഷെ കൊലപാതകിയോട് പ്രതികാരം വീട്ടാനുള്ള സാഹചര്യങ്ങൾ കിട്ടിയിട്ടും നടപ്പാക്കാനാവാതെ പോവുകയും കാമുകിയോടുള്ള പ്രണയം പ്രകടിപ്പിക്കാനാവാതെയാ‍കുകയും ചെയ്യുന്ന മനസ്ഥൈര്യമില്ലാത്ത യുവാവാണ്. പകയുടെ ചതിയുടേ പ്രണയത്തിന്റെയൊക്കെ മലയാള രൂപാന്തരം.

ചിത്രത്തിന്റെ വിശദാംശങ്ങളും കഥാസാരവും വായിക്കുവാൻ കർമ്മയോഗിയുടെ  ഡാറ്റാബേസ് പേജിലേക്ക് പോകുക.

പക്ഷെ, ഹാംലറ്റ് എന്ന ഷേക്സ്പിയർ കൃതി / നാടകം ഒരു വായനക്കാരന് /പ്രേക്ഷകന് അനുവഭമായതിന്റെ നാലിലൊന്നു അനുഭവിപ്പിക്കാൻ ഈ മലയാള രൂപാന്തരത്തിനു കഴിയുന്നുണ്ടോ എന്നത് സംശയമാണ്. നൂറു വർഷം പഴക്കമുള്ള ഉത്തര കേരളത്തിന്റെ പശ്ച്ചാത്തലവും യോഗികളുടെ ജീവിതവുമൊക്കെ പ്രേക്ഷകനു കൃത്യമായി കമ്മ്യൂണിക്കേറ്റ് ചെയ്യുന്നതിലും നായകന്റെ മാനസിക ഭാ‍വങ്ങൾ പകരുന്നതിലും അത്യന്തമായ വീഴ്ചയുള്ളതായി. അതുകൊണ്ടു തന്നെ ഹാംലറ്റ് ഒരു വായനക്കാരനെ / പ്രേക്ഷകനെ ഉള്ളുപൊള്ളിക്കുന്ന അനുഭവമായിരുന്നെങ്കിൽ ‘കർമ്മയോഗി’ തൊലിപ്പുറമേ സ്പർശിക്കാത്ത സിനിമാക്കാഴ്ചയായി. ഹാംലറ്റ് എന്ന കൃതിയുമായി ചേർത്തുവെച്ചാലും ഇല്ലെങ്കിലും കർമ്മയോഗി കൃത്യമായൊരു തലം/ഭാവം/അനുഭവം പകരുന്നതിൽ പൂർണ്ണമായില്ല.

മറ്റൊരു ഷേക്സ്പിയർ കൃതിയെ “കളിയാട്ട”മായി (സംവിധാനം ജയരാജ്) രൂപാന്തരപ്പെടുത്തിയ തിരക്കഥാകൃത്താണ് ബലറാം മട്ടന്നൂർ. ആ മുൻ പരിചയമാവണം വീണ്ടും ഷേക്സ്പിയർ കൃതിയെ അണിയിച്ചൊരുക്കാൻ ബലറാമിനു തുണയായത്. ഗരിമയുള്ള സംഭാഷണങ്ങളൊരുക്കാൻ ചിത്രത്തിൽ ഇടക്കിടക്ക് സാധിക്കുന്നുണ്ടെന്നതൊഴിച്ചാൽ ബലറാമിന്റെ തിരക്കഥക്കുമില്ല പൂർണ്ണത. മുഴുവനാകാത്തതും പാതിവെന്തതുമായ ദൃശ്യഖണ്ഠങ്ങളാലും നിലവാരമില്ലാത്ത അഭിനയ പ്രകടനത്താലുമൊക്കെ ചിത്രം പലപ്പോഴും വിരസമാകുന്നുണ്ട്. നൂറു വർഷത്തെ കേരള ഭൂമിക അടയാളപ്പെടൂത്തുന്ന അധികം ദൃശ്യങ്ങളൊന്നുമില്ല, പഴമയെ തോന്നിപ്പിക്കുന്ന ഭൂപ്രദേശങ്ങളും മറ്റുമുണ്ടെങ്കിലും കഥയിൽ പറയുന്ന കാലഘട്ടത്തിലെ കെട്ടിട നിർമ്മിതിയും വസ്ത്രധാ‍രണവുമൊക്കെ പലപ്പോഴും മുഴച്ച് നിൽക്കുന്നുണ്ട്. ചിത്രത്തിൽ നായികയൊഴികെ മറ്റെല്ലാവരും പുരാതന കേരളീയ രീതി (എന്നു തോന്നിപ്പിക്കുന്ന) യിലുള്ള വസ്ത്രധാരണ രീതി പിന്തുടരുന്നുവെങ്കിലും നായികക്ക് പടിഞ്ഞാറൻ വസ്ത്രധാരണ രീതിയാണ് നൽകിയിരിക്കുന്നത്. പുരാവസ്തുക്കളോട് കമ്പമുള്ള നായികയാണ് എന്നതൊഴികെ നായികയുടെ ഈയൊരു വസ്ത്രശൈലിക്ക് (Costume Design) കാരണമെന്താണാവോ?! അത് പ്രകടമായി മുഴച്ച് നിൽക്കുന്നു. രാത്രി ദൃശ്യങ്ങൾ ചിത്രീകരിച്ചിരിക്കുന്നതും പോരായ്മയാണ്. ചിത്രം സാങ്കേതികമായും അത്ര നിലവാരത്തിലെത്തുന്നില്ലെന്ന് ചുരുക്കം.

ആർ ഡി രാജശേഖരന്റെ ഛായാഗ്രഹണം നന്നായിട്ടുണ്ടെന്നേ പറയാനാവു. നായികാനായകൻ പ്രണയ ദൃശ്യങ്ങൾ, ഗാനാവിഷ്കാരം എന്നിവയൊക്കെ സുന്ദരമാക്കിയിട്ടുണ്ട്. ബീനാപോളിന്റെ ചിത്രസന്നിവേശം ഔസേപ്പച്ചന്റെ സംഗീതം എന്നിവയൊക്കെ ചിത്രത്തെ വളരെ നന്നായി സഹായിച്ചിട്ടൂണ്ട്. (മലർ മഞ്ജരിയിൽ... എന്ന ഗാനം ഇമ്പമാർന്നതാണ്)  അഭിനയത്തിൽ തലൈവാസൽ വിജയ്` യുടെ ഭൈരവനും ഇന്ദ്രജിത്തിന്റെ രുദ്രനും ഭേദപ്പെട്ടതായി. തലൈവാസൽ അമിതാഭിനയത്തിൽ നിന്ന് ഏറെ മുക്തമായതായിതോന്നി. അശോകന്റെ ശങ്കുണ്ണിയും നിത്യയുടെ മൂന്നുമണിയും സൈജു കുറുപ്പിന്റെ കാന്തനുമൊക്കെ വലിയ കുഴപ്പമില്ലാതെ തങ്ങളുടെ റോളുകൾ കൈകാര്യം ചെയ്തു. ഗോപകുമാറിന്റെ കിടാത്തനും വിനയ് ഫോർട്ടിന്റെ കൂമനും മറ്റു സഹതാരങ്ങളുമൊക്കെ അരോചകവും ചില സമയങ്ങളിൽ അസഹനീയവുമാണ്.

വിശ്വപ്രസിദ്ധ കൃതി ഹാംലറ്റിന്റെ സ്വതന്ത്ര പരിഭാഷ, ബലറാം മട്ടന്നൂരിന്റെ തിരക്കഥ, വി കെ പ്രകാശിന്റെ സംവിധാനം, മികച്ച സാങ്കേതിക പ്രവർത്തകൾ എന്നതിനാലൊക്കെ ഏറെ പ്രതീക്ഷയുണർത്തിയ ചിത്രമായിരുന്നു ‘കർമ്മയോഗി”. നാടകത്തിന്റെ സിനിമാരൂപമെന്ന നിലയിൽ നാടകീയമായ ശൈലിതന്നെയാണ് പിന്തുടരുന്നതെങ്കിലും പലപ്പോഴും അതിനാടകീയ സന്ദർഭങ്ങളിലേക്കും  അമച്വർ നിലവാരത്തിലേക്കുമൊക്കെ ചിത്രം വഴുതിപ്പോകുന്നുണ്ട്. ഒരു പൂർണ്ണ ചലചിത്രം എന്ന നിലയിൽ അപൂർവ്വ ചലചിത്രാനുഭവം പകർന്നു തരുന്നില്ലെന്നു മാത്രമല്ല കഥയും പരിസരവും ഗതിവിഗതികളും കൃത്യമായി പ്രേക്ഷകരിലേക്ക് പകർന്നു തരാനാവാതെ വിരസമായിപ്പോകുന്നുമുണ്ട് പലപ്പോഴും. മലയാള സിനിമയിലെ നിലവിലെ രീതികളിൽ നിന്ന് ചുവടുമാറിയെന്നതും ഒരു വിശ്വപ്രസിദ്ധകൃതിയെ അടിസ്ഥാനമാക്കി സ്വതന്ത്ര കഥാ-സിനിമാ നിർമ്മിതി നടത്തിയെന്നതും മാത്രം വ്യത്യസ്ഥതയായി കണക്കാക്കാം.

Contributors: