വയലാർ ദേവരാജൻ ടീമിന്റെ ആദ്യഗാനമേത്?

 

കലയിലെ രാഷ്ട്രീയത്തെക്കുറിച്ച് ഏറെ ബോധവാനായിരുന്നു ദേവരാജൻ മാസ്റ്റർ. ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിനെതിരെ പോരാടി 27 വർഷം തടവിലായിരുന്ന നെൽസൺ മണ്ഡേലയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അനേകം ഗായകരെ അണി നിരത്തി ദേവരാജൻ മാസ്റ്റർ തിരുവനന്തപുരത്ത് ഒരു "മണ്ഡേല വിമോചന ഗാനസന്ധ്യ" ഒരുക്കുകയുണ്ടായി.

നാവിൻ ദോഷം, കണ്ണിൻ ദോഷം, വിളി ദോഷം എന്നിവ ഒഴിഞ്ഞു പോകാനായി "തോലുഴിഞ്ഞ് ഓതുക" പണ്ട് മധ്യകേരള കുടുംബങ്ങളിൽ പതിവായിരുന്നു. പരവൂരെ അദ്ദേഹത്തിന്റെ വീട്ടിൽ ഇങ്ങനെ 'പാഞ്ചിത്തോലു' മായി ഓതാൻ വരുന്ന വേലന്മാരുടെ പാട്ടും ഈണവും മനസ്സിൽ സൂക്ഷിച്ചിരുന്നു ഇദ്ദേഹം. പിൽക്കാലത്ത് ഗന്ധർവ്വക്ഷേത്രം എന്ന ചിത്രത്തിലെ "ഗന്ധമാദന വനത്തിൽ വാഴും" എന്ന പാട്ട് തന്റെ മുൻപിലെത്തിയപ്പോൾ മനസ്സിൽ തെളിഞ്ഞു വന്നത് ഈ പാട്ടുകളായിരുന്നുവെന്ന് മാസ്റ്റർ ഓർക്കുന്നു.  

അദ്ദേഹത്തിന്റെ വീടിന്റെ തെക്കുപടിഞ്ഞാറേ മൂലയ്ക്കൽ  താമസിച്ചിരുന്ന കുടുംബത്തിലെ അംഗമായിരുന്നു വേലുക്കുട്ടി. വേലുക്കുട്ടിയും കുടുംബവും എല്ലാ ശനിയാഴ്ചയും ശാസ്താംപാട്ട് ഉടുക്കു കൊട്ടി പാടും. അവരുടെ വീട്ടിൽ പാട്ട് തുടങ്ങുമ്പോൾ മാസ്റ്റർ വേലിയരുകിൽ പാട്ടു കേൾക്കാൻ എത്തിയിട്ടുണ്ടാകും. വേലുക്കുട്ടിയും ഉടുക്കുപാട്ടും മാസ്റ്ററുടെ ജീവിതത്തിൽ എന്തു മാത്രം സ്വാധീനം ചെലുത്തി എന്നതിനു തെളിവാണ് "ചെമ്പരത്തി" എന്ന ചിത്രത്തിലെ പ്രസിദ്ധമായ "ശരണമയ്യപ്പാ" എന്ന ഗാനം.  ഇന്ന് അയ്യപ്പഭക്തരുടെ ഇഷ്ടഗാനമായ "ശരണമയ്യപ്പാ"യുടെ ജനപ്രിയസ്വഭാവത്തിനു ഏറ്റവും നിദാനമായത് അതിൽ അലിഞ്ഞു ചേർന്നിരിക്കുന്ന ഉടുക്കിന്റെ താളമാണ്. ആ ഗാനത്തിനു വേണ്ടി ഉടുക്കു കൊട്ടിയതാകട്ടെ മറ്റാരുമല്ല, സാക്ഷാൽ വേലുക്കുട്ടി എന്ന കലാകാരൻ തന്നെയായിരുന്നു. 

മലയാള ചലച്ചിത്രത്തിന്റെ 50-ആം വാർഷികം ഗംഭീരമായി ആഘോഷിക്കപ്പെട്ടു. സിനിമയുടെ ഒട്ടുമിക്ക വിഭാഗങ്ങളിലുമുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് ലക്ഷങ്ങൾ ചെലവാക്കി നടത്തിയ ഈ പരിപാടിയിൽ തീരെ അവഗണിക്കപ്പെട്ട ഒരു സിനിമാ വിഭാഗമുണ്ടായിരുന്നു - സംഗീതം. ഇതിൽ നീരസം തോന്നിയ ദേവരാജൻ മാസ്റ്റർ തന്റെ വിഷമം തീർത്തത് സംഗീതലോകത്തെ പ്രഗൽഭരായ കലാകാരന്മാരേ ആദരിച്ചുകൊണ്ടുള്ള ഒരു "മറുനിശ" സംഘടിപ്പിച്ചുകൊണ്ടാണ്. ആദ്യകാലഗാനരചയിതാക്കളും ഗായകരും സംഗീതസംവിധായകരുമെല്ലാം ഈ നിശയിൽ പാരിതോഷികങ്ങളാൽ ആദരിക്കപ്പെട്ടു. ഈ പരിപാടിയിൽ ആദരിക്കപ്പെട്ട 123 കലാകാരന്മാർക്കു പാരിതോഷികമായി നൽകിയ മനോഹരമായ ലോഹശില്പത്തിന്റെ ചിലവു മുഴുവൻ വഹിച്ചത് പ്രശസ്ത സംഗീതജ്ഞനായ ഇളയരാജയായിരുന്നു. ഇതോടനുബന്ധിച്ചാണ് മലയാള ചലച്ചിത്രഗാനങ്ങളുടെ 50 കൊല്ലത്തെ ചരിത്രം പകർത്തുന്ന "ചലച്ചിത്രഗാനസ്മരണിക" ഇറക്കിയത്. 

1957. ശിപ്പായിലഹളയുടെ 100-ആം വാർഷികാഘോഷം നാടെങ്ങും ഗംഭീരമായി കൊണ്ടാടാനുള്ള തയ്യാറെടുപ്പുകൾ നടക്കുകയാണ്. തിരുവനന്തപുരത്ത് രക്തസാക്ഷിമണ്ഡപത്തിന്റെ ഉദ്ഘടനത്തോടനുബന്ധിച്ച് വി ജെ ടി ഹാളിൽ നടക്കുന്ന പൊതു ചടങ്ങിന്റെ ഉദ്ഘാടകൻ അന്നത്തെ രാഷ്ട്രപതി ഡോ: രാജേന്ദ്രപ്രസാദാണ്. ധീരരക്തസാക്ഷികളെ അനുസ്മരിച്ചുകൊണ്ട് ഒരു ഗാനം അവിടെ അവതരിപ്പിക്കണം. ഇതിനായാണ് ആദ്യമായി വയലാറും ദേവരാജനും ഒന്നിക്കുന്നത്. കോട്ടയം ബെസ്റ്റ് തിയറ്ററിൽ വെച്ച് ചിട്ടപ്പെടുത്തി റിഹേഴ്സൽ നടത്തിയ ഈ ഗാനം വേദിയിൽ ആലപിച്ച ഗായകസംഘത്തിൽ എൽ പി ആർ വർമ്മ, കെ എസ് ജോർജ്, സുലോചന, ആന്റോ  തുടങ്ങി അന്നത്തെ ഒട്ടുമിക്ക പ്രമുഖ ഗായകരും ഉണ്ടായിരുന്നു. അന്ന് സമ്മേളനത്തിനു വന്നവരെയാകെ ആവേശഭരിതരാക്കിയ ആ ഗാനം ഇന്നും വിപ്ലവ പ്രസ്ഥാനങ്ങൾക്ക് ആവേശം പകരുന്നു. ധീര രക്തസാക്ഷികളെ അനുസ്മരിച്ചുകൊണ്ട് സമ്മേളന വേദിയിൽ അന്ന് മുഴങ്ങിയ ആ ഗാനം ഇതായിരുന്നു - "ബലികുടീരങ്ങളേ...സ്മരണകളിരമ്പും രണസ്മാരകങ്ങളേ..."

 

അവലംബം : ജി ദേവരാജൻ : സംഗീതത്തിന്റെ രാജശില്പി ( പെരുമ്പുഴ ഗോപാലകൃഷ്ണൻ)

 

Article Tags: 
Contributors: