മുല്ലശ്ശേരി മാധവൻകുട്ടി നേമം പി ഒ-സിനിമാറിവ്യു

ആട്ടുകട്ടിലും, പൂമുഖവും, കിണ്ടിയുമുള്ളൊരു തറവാട്, സ്നേഹമയിയായ അമ്മ, ഇടക്ക് പരിഭവിക്കുമെങ്കിലും സർവ്വം സഹയായ ഭാര്യ, കുസൃതിക്കുടുക്കയായ മകൾ. നായകൻ നായരെന്നു മാത്രമല്ല നന്നായി പാട്ടുപാടും, വയലിൻ വായിക്കും കളിവീണ മീട്ടി മകളെ സന്തോഷിപ്പിക്കും. നായകൻ ആട്ടുകട്ടിലിരുന്നു വയലിൻ വായിക്കുമ്പോൾ ഭാര്യ ഭരതനാട്യമാടും, പ്രാരാബ്ദവും കഷ്ടപ്പാടുമൊക്കെയുണ്ടെങ്കിലും  ആദർശവാനായ അന്തരിച്ച അച്ഛനെക്കുറിച്ച് നായകൻ നെടുവീർപ്പിടും, പരോപകാരി, ദയാശീലൻ, നിഷ്കളങ്കൻ. ഇതൊക്കെയാണ് നേമത്തെ മുല്ലശ്ശേരി തറവാട്ടിലെ മാധവൻ കുട്ടി. പണ്ട് സ്ക്കൂളിൽ പഠിച്ചിരുന്നപ്പോൾ തല്ലുകൊള്ളിയായിരുന്ന ഒരു കൂട്ടുകാരനുണ്ടായിരുന്നു. അന്ന് ആ കൂട്ടുകാരനു മിഠായി കൊടുത്തില്ലെന്നോ, ഐസ് ഫ്രൂട്ട് കൊടുത്തില്ലെന്നോ, മഷിത്തണ്ട് കടം വാങ്ങിയിട്ട് തിരിച്ചു കൊടുത്തില്ലെന്നോ അങ്ങിനെയെന്തോ കാരണത്താൽ ആ കൂട്ടുകാരൻ പത്തിരുപത്തഞ്ചു വർഷങ്ങൾക്കു ശേഷവും ഈ മാധവൻ കുട്ടിയോട് ‘അടങ്ങാത്ത പക’യുമായി നടക്കുകയാണ്. മാധവൻ കുട്ടി ഏജീസ് ഓഫീസിലെ ക്ലർക്കായി. പക്ഷെ കളിക്കൂട്ടുകാരൻ സമ്പന്നനായി,സിനിമാ പിടുത്തം തുടങ്ങി. അതറിയാതെ മാധവൻ കുട്ടിയുടെ മറ്റൊരു സുഹൃത്തിന്റെ ക്ഷണപ്രകാരം ടിയാന്റെ സിനിമാസെറ്റിൽ നിന്നു ഒരു ചായ കുടിച്ചെന്ന കാരണത്താൽ ഈ കളിക്കൂട്ടുകാരൻ മാധവൻ കുട്ടിയെ അപമാനിച്ചു, അതും പോരാഞ്ഞ് മാധവൻ കുട്ടി സ്മാളടിക്കുന്ന ബാറിലും ചെന്ന് പഴയ മഷിത്തണ്ടിന്റെ പേരും പറഞ്ഞ് അപമാനിച്ചു. തറവാട്ടിൽ തറവാടിയായ മുല്ലശ്ശേരി തറവാട്ടിലെ മാധവൻ കുട്ടി നായർക്ക് സഹിക്കുമോ? ആ ബാറിൽ വെച്ചു തന്നെ മാധവൻ നായർ അങ്കം കുറിച്ചു. “ഇന്നേക്ക് ആറു മാസത്തിനുള്ളിൽ ഞാനൊരു സിനിമ നിർമ്മിച്ച് കാണിക്കും...ഗാവിലമ്മയാണേ..സത്യം..അ...സത്യം..” നിഷ്കളങ്കനും സൽഗ്ഗുണ സമ്പന്നനുമായ നായരുടെ സിനിമാപിടുത്തവും കഷ്ടപ്പാടും അലച്ചിലും, ഭാര്യയുടെ പിണക്കവും ഇറങ്ങിപ്പോക്കൂം ഒടുക്കം എല്ലാ തടസ്സങ്ങളും അതി ജീവിച്ച് സിനിമ റിലീസാകുന്നതും (ഏതു മലയാള സിനിമയിലുമെന്നപോലെ) മാധവൻ കുട്ടിയുടെ ഈ സിനിമയും സൂപ്പർ ഹിറ്റാവുകയാണ്. സൂപ്പർ ഹിറ്റായ ആ സിനിമയുടെ ലാഭ വിഹിതത്തിൽ നിന്ന് തനിക്കുണ്ടായ ലക്ഷങ്ങളുടെ കടങ്ങൾ വീട്ടുന്നു. പിണങ്ങിപ്പോയ ഭാര്യ തിരിച്ചു വരുന്നു എല്ലാവരും മംഗളം പാടി സിനിമ അവസാനിപ്പിക്കുന്നു.

കഥാസാരവും മറ്റ് പൂർണ്ണവിവരങ്ങളും മുല്ലശ്ശേരി മാധവൻകുട്ടിയുടെ ഡാറ്റാബേസ് പേജിൽ വായിക്കാം.

ചുരുങ്ങിയത് 25 വർഷമെങ്കിലും മുൻപ് റിലീസാകുമായിരുന്നെങ്കിൽ ഈ സിനിമ വലിയൊരു സൂപ്പർ ഹിറ്റാകുമായിരുന്നു എന്നതിൽ സംശയമില്ല. മേല്പറഞ്ഞ ഘടകങ്ങളൊക്കെ ചേരുപടി ചേർത്ത് വെച്ചിട്ടുള്ള ഈ സിനിമ പക്ഷെ ഇന്നത്തെ കാലഘട്ടത്തിനു തീരെ ചേരില്ല. മാത്രമല്ല, എല്ലാ രീതിയിലും  മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന  മലയാള സിനിമയെ പുറകോട്ട് തള്ളാനേ ‘ക്ലീഷേയ്ഡ് സിനിമ”യായ ഈ മാധവൻ കുട്ടീക്ക് കഴിയൂ. സിനിമക്കുള്ളിലെ സിനിമയെ പ്രതിപാദിക്കുന്ന ഈ സിനിമ ഒരു നിർമ്മാതാവിന്റെ ഗതികേടും സംഘടനാ പ്രശ്നങ്ങളുമൊക്കെ കാണിക്കുന്നുണ്ടെങ്കിലും യാഥാർത്ഥ്യത്തിന്റെ ഏഴയലത്ത് നിന്ന് ചൂണ്ടിക്കാണിക്കാൻ പോലും തയ്യാറാകുന്നില്ല. ഈ സിനിമയിലെ നായകന്റെ സിനിമ ‘സൂപ്പർഹിറ്റായി ജനം ഏറ്റെടുക്കുമ്പോൾ‘ ആ കഥ പറഞ്ഞ ഈ സിനിമയെ എന്തുകൊണ്ട് പ്രേക്ഷകൻ സ്വീകരിച്ചില്ല എന്ന് ഇതിന്റെ നിർമ്മാതാവും സംവിധായകനും ഒന്ന് പരിശോധിച്ച് നോക്കേണ്ടതാണ്. ആസ്വാദകരും പഴയ സിനിമാക്കാരും പടിയടച്ച് പിണ്ഠം വെച്ച കഥയും കഥാപശ്ചാത്തലവുമൊക്കെ യാതൊരു ഉളുപ്പുമില്ലാതെ പുനരാവിഷ്കരിക്കണമെങ്കിൽ തൊലിക്കട്ടി തെല്ലു പോര.

സംവിധായകന്റെ കഥക്ക് സ്വാതി ഭാസ്കറാണ് തിരക്കഥയും സംഭാഷണവും. ക്ലീഷേയ്ഡ്  സന്ദർഭങ്ങളെ എഴുതിവെക്കുക എന്നതാണ് തിരക്കഥയെങ്കിൽ സ്വാതി ഭാസ്കർ ചെയ്തിരിക്കുന്നത് ഉജ്ജ്വലമായൊരു ജോലിയാണ്. സാമ്പത്തിക വൈഷമ്യത്താൽ സങ്കടപ്പെട്ടിരിക്കുന്ന ഭർത്താവിനു താലിമാല ഊരിക്കൊടുക്കുന്ന ഭാര്യയും ഗദ്ഗദ കണ്ഠനായ ഭർത്താവുമൊക്കെ മലയാള സിനിമ കുറേ മുൻപ് ഉപേക്ഷിച്ചെങ്കിലും സ്വാതി ഭാസ്കർ തീർത്തും ഉപേക്ഷിച്ചിട്ടില്ല. കുമാർ നന്ദയുടെ സംവിധാനത്തിനുമില്ല പുതുമയും പ്രതീക്ഷയും. പഴയ കണ്ടു മടുത്ത/മറന്ന ദൃശ്യങ്ങളെ പുനരാവിഷ്കരിക്കുന്നതാണ് സംവിധാനമെങ്കിൽ കുമാർ നന്ദയും നല്ലൊരു സംവിധായകനാണെന്ന് പറയാം. ശിവകുമാറിന്റെ ക്യാമറയും ഈവിധം തന്നെ. (ടെക്നിക്കൽ എറർ/മിസ്റ്റേക്ക്സ് ആ‍യ ഷോട്ടുകൾ നിരവധി) ഗിരീഷ് പുത്തഞ്ചേരിയുടേയും അനിൽ പനച്ചൂരാന്റേയും വരികൾക്ക് രതീഷ് വേഗയും രവീന്ദ്രനും സംഗീതം നൽകിയിരിക്കുന്നു. രതീഷ് വേഗയുടെ ഈണത്തിൽ വിജയ് യേശുദാസും കൂട്ടരും പാടിയ “ ഇഷ്ടസ്വപ്നമിനിയരികത്തോ..” എന്ന ഗാനം കേൾക്കാനും കാണാനും സുബോധമുള്ള പ്രേക്ഷകൻ ഇത്തിരി വിഷമിക്കും. ദോഷം പറയരുതല്ലോ രതീഷ് വേഗയുടെ തന്നെ “ കണ്ണാരം പൊത്തിക്കളിച്ചിടാം..” എന്ന യേശുദാസ് ഗാനം ഇമ്പമാർന്നതാണ്. മലയാള സിനിമകളിൽ നൂറ്റൊന്നാവർത്തിച്ച ദൃശ്യങ്ങൾ തന്നെയാണിതിലെങ്കിലും ഗാനം കേട്ടിരിക്കാൻ സുഖമുണ്ട്. അന്തരിച്ച രവീന്ദ്രൻ മാസ്റ്റർ ഈണം നൽകിയ “ പാതിമായും ചന്ദ്രലേഖേ..” എന്ന (‘ചക്രം‘ എന്ന ചിത്രത്തിനുവേണ്ടി തയ്യാറാക്കിയ) ഗാനം ഈ സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്. ഈ സിനിമയിൽ അല്പമെങ്കിലും ഇഷ്ടം തോന്നിക്കുന്ന ഒരേയൊരു ഭാഗം യേശുദാസിന്റെ ഗാംഭീര്യമാർന്ന ശബ്ദത്തോടെയുള്ള  ഈ ഗാനം മാത്രമാണ്.

അഭിനയത്തിൽ  ഒന്നു രണ്ടിടങ്ങളിൽ  “പ്രതിഭ തെളിയിക്കാൻ ശ്രമിച്ചതുകൊണ്ടാകും“ അമ്പേ പരാജയപ്പെട്ടുപോയെങ്കിലും(അമ്മയുടെ മരണരംഗം ഉദാഹരണം) മുല്ലശ്ശേരി മാധവൻ കുട്ടിയായി അനൂപ് മേനോൻ മോശമാക്കിയിട്ടില്ല. പലയിടങ്ങളിലും സ്വാഭാവികമാർന്നതും അധികം പ്രകടമല്ലാത്തതുമായ പെരുമാറ്റങ്ങൾക്കൊണ്ട് മാധവൻ കുട്ടിയെ കുറേയൊക്കെ റിയലിസ്റ്റാക്കാൻ അനൂപിനു സാധിച്ചിട്ടുണ്ട്. നായകനോട് ആവശ്യം പോലെ ഇത്തിരി പരിഭവവും ഇത്തിരി പ്രണയവും ഇത്തിരി ദ്വേഷ്യവുമൊക്കെയായ സ്ഥിരം നായിക വേഷത്തിൽ സൊനാൽ ദേവ് രാജ് നിഴലായി ഉണ്ട്. സ്ഥിരം അമ്മ വേഷത്തിൽ കെ പി എ സി യും.  (ഇടക്ക് നായകന്റേയും കൂട്ടുകാരുടേയും കൂട്ടത്തിൽ ഒരു ഹോട്ടൽ മുറിയിൽ കണ്ടൊരു കഥാപാത്രം പിന്നീട് ഒരു ആശുപത്രി സീനിൽ ഡോക്ടറുടെ വേഷത്തിലും കണ്ടു. എന്താവോ എന്തോ?!)

“ സിനിമ ഒരു സുന്ദരിപ്പെണാണ് അതിനെ ഭാര്യയായോ കാമുകിയായോ, വേശ്യയായോ കാണാം, നമ്മൾ സിനിമക്കാർ അവളെ വേശ്യയായി കാണണം, എന്നാലേ വിജയിക്കൂ” എന്നൊരു സംഭാഷണം ഈ സിനിമയിലെ ഒരു കഥാപാത്രം (പൊട്ടിപ്പൊളിഞ്ഞൊരു സിനിമാ നിർമ്മാതാവ് - ജനാർദ്ദനൻ) പറയുന്നുണ്ട്. നായകനു നൽകുന്ന അത്യന്തം സീരിയസ്സായ ഒരു സാരോപദേശ സംഭാഷണമാണ് ഇത് എന്നതുമാണ് ഇതിന്റെ പ്രത്യേകത. ഇത്രയും പറഞ്ഞ സ്ഥിതിക്ക് ഈ സിനിമയുടെ നിർമ്മാതാവിനോടും സംവിധായകനോടും പ്രേക്ഷകൻ ചോദിക്കുന്നത് :-

“നിങ്ങൾ വേശ്യയായി കാണുന്ന ഈ സിനിമയെ ഞങ്ങൾ പ്രേക്ഷകൻ എങ്ങിനെയാണ് കാണേണ്ടത്?”
“സിനിമയെ വേശ്യയായി കാണുന്ന നിങ്ങൾ, സിനിമാപ്രേക്ഷകരായ ഞങ്ങളെ എങ്ങിനെയാണ് കാണുന്നത്?”

Contributors: 

പിന്മൊഴികൾ

മനോഹരം..ഒരു പ്രത്യേക സമുദായത്തെ ഒന്നടങ്കം അപമാനിക്കാൻ എഴുതിയുണ്ടാക്കിയതു പോലെയുണ്ട്.........

ഈ "സിനിമക്കുള്ളിലെ സിനിമ"യല്ലാതെ വേറൊന്നും കിട്ടാനില്ലെന്ന് തോന്നുന്നു കുറച്ചു കാലമായി പ്രേക്ഷകന്റെ തലമണ്ടക്കിട്ടു മേടാന്‍... ആ "തിരക്കഥ" വിജയിച്ചപ്പോള്‍ തുടങ്ങിയതാ...