ആൺമലയാളി സൈക്കിനു ബോധിക്കുന്ന പാട്ടുകൾ

മലയാളസിനിമയുടെ ഗാനചരിത്രത്തിലെ ഏടുകളാണ് ഒരോ സിനിമയിലേയും ഗാനങ്ങളെയും ഗാനരംഗങ്ങളെയും ഒക്കെ ഇഴകീറിപ്പരിശോധിക്കുന്ന സിനിക്കിന്റെ കുറിപ്പുകൾ.സിനിക്കിന്റെ കടുത്ത നിരീക്ഷണങ്ങളോടൊപ്പം തന്നെ തന്റെ കണ്ടെത്തലുകളും പങ്കുവയ്ക്കുകയാണ് ശ്രീമാൻ എതിരൻ കതിരവൻ തന്റെ സിനിക്ക് പറഞ്ഞത് എന്ന പരമ്പരയിലൂടെ.

 96.കാട്ടുപൂക്കൾ (1965 ഒക്ടോബർ)
സാമാന്യം ദൈർഘ്യമേറിയ ആറുപാട്ടുകളുണ്ടിതിൽ.ബാലമുരളിയുടെ ഗാനരചന ഭേദപ്പെട്ടതാണ്. ദേവരാജന്റെ സംഗീതസംവിധാനവും. ‘മാണിക്യവീണയുമായെന്മനസ്സിന്റെ” എന്ന യേശുദാസിന്റെ പാട്ടാണ് ഏറ്റവും ശ്രുതിമധുരമായത്.സുശീല പാടുന്ന ‘അത്തപ്പൂ ചിത്തിരപ്പൂ”, “അന്തിത്തിരിയും പൊലിഞ്ഞല്ലൊ”. ലീലയും കൂട്ടുകാരും പാടുന്ന “കാട്ടുപൂക്കൾ” എന്നീ ഗാനങ്ങളും കൊള്ളാം.
(യേശുദാസിന്റെ മറ്റൊരു പാട്ടും ഗംഭീരമായി സ്വീകരിക്കപ്പെടുകയായിരുന്നു അത്ര പ്രാധാന്യം നേടാത്ത ഈ സിനിമയിലൂടെ. ലാളിത്യമാർന്ന കമ്പോസിങ്ങും പാടാനുള്ള എളുപ്പവുമായിരിക്കണം മാണിക്യവീണയുമായി മനസ്സിന്റെ താമരപ്പൂവിൽ ഉണർന്നവളോട് പാടാൻ പറയുന്ന ഈ പാട്ടിന്റെ  സ്വീകാര്യത വർദ്ധിപ്പിച്ചത്. മധുവാണ് പാട്ട് അവതരിപ്പിയ്ക്കുന്നത്. നായിക തമിഴ് നടി ദേവികയും. ക്രിസ്ത്യൻ കഥാപാത്രമായ നായകൻ ക്രിസ്ത്യാനി നായികയ്ക്കു വേണ്ടി പാടുന്ന പാട്ട് സരസ്വതീദേവിയെ സൂചിപ്പിച്ചുകൊണ്ടാണെന്ന കാര്യം പാട്ടിന്റെ സ്വീകാര്യതയിൽ വിസ്മരിക്കപ്പെട്ടു. (കുറ്റബോധത്തോടെയുള്ള ആത്മനിവേദനം നായികയ്ക്കു സമർപ്പിക്കുന്നത് ആൺമലയാളി സൈക്കിനു ബോധിക്കുന്നതു കൊണ്ടായിരിക്കണം ഇതേ ഫീലിങ് പ്രകടമാക്കുന്ന “സന്യാസിനി നിൻ…” ഉം പോപുലർ ആകാൻ കാരണം.) “അന്തിത്തിരിയും പൊലിഞ്ഞല്ലോ” ദേവരാജന്റെ കമ്പോസിങ് മികവിനും പി. സുശീലയുടെ ആലാപനവൈശിഷ്ട്യത്തിനും ഉദാഹരണമായിരുന്നെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല).

97. മായാവി (1965 ഒക്ടോബർ)
പി. ഭാസ്കരന്റെ പാട്ടുകൾ പതിവുപോലെ മൊത്തത്തിൽ ഭേദമായിട്ടുണ്ട്. സംഗീതസംവിധായകനായ ബാബുരാജും സ്വകൃത്യം ഏറേക്കുറെ കൊള്ളാവുന്നതാക്കിയിട്ടുണ്ട്. പി. ലീല പാടിയ “പണ്ടൊരിക്കലാറ്റുവക്കിൽ“ നന്നായി. ജാനകിയും ഉദയഭാനുവും  ചേർന്നു പാടുന്ന “വളകിലുക്കും വാനമ്പാടീ’ യും ഭേദപ്പെട്ടതാണ്. ജാനകി പാടുന്ന “പവിഴക്കുന്നിൽ”, പുരുഷോത്തമനും ലീലയും പാടുന്ന “കണ്ണാരം പൊത്തി”, പുരുഷോത്തമനും ഉദയഭാനുവും കൂടി പാടുന്ന “ഈ ജീവിതമിന്നൊരു കളിയാട്ടം”-ഈ രംഗത്തിൽ ട്വിസ്റ്റുമുണ്ട് , പോരേ- ഇവയും മോശമില്ല. ചിത്രത്തിന്റെ ചുരുക്കം ചില കൊള്ളാവുന്ന വശ്യതകളിൽ തമ്മിൽ ഭേദം പാട്ടാണെന്നു തോന്നുന്നു.
(ബാബുരാജിന്റെ പ്രതിഭ അത്ര തിളങ്ങിയില്ല ഈ സിനിമയിൽ. എസ്. ജാനകിയുടെ “പവിഴക്കുന്നിൽ…” ഒരു ആവറേജ് പാട്ടായേ കരുതാനുള്ളു. യേശുദാസ് പാടുന്നുമില്ല. കീചകവധത്തിലെ “ഹരിണാക്ഷീ..” എന്ന പദം ഉപയോഗിച്ചിട്ടുണ്ട് ഒരു കഥകളി സീനിൽ. മാങ്കുളം വിഷ്ണു നമ്പൂതിരിയാണ് കഥകളി അവതരിപ്പിയ്ക്കുന്നത്.)

98. കാത്തിരുന്ന നിക്കാഹ് (1965 നവംബർ)
വയലാറിന്റെ  ഗാനങ്ങൾ അധികവും സന്ദർഭങ്ങൾക്കൊത്തവിധം ഉയർന്നു ശോഭിച്ചുവെന്ന് പറഞ്ഞുകൂടാ. ഇന്ത്യൻ ചിത്രങ്ങളുടെ ആസ്വാദ്യതയ്ക്ക് അതിപ്രധാനമായ ഒരു നിദാനം  അതിലെ പാട്ടുകളായി പൊതുജനം കണക്കാക്കിപ്പോരുന്നിടത്തോളം കാലം ഗാനരചയിതാക്കൾ, സംഗീതസംവിധായകന്മാർ, പിന്നണിപ്പാട്ടുകാർ എന്നിവർ ആ ഭാഗം  ആകത്തുകയിൽ മികച്ചതാക്കാൻ വളരെയധികം കരുതൽ നടപടികൾ എടുക്കേണ്ടതുണ്ട്. വയലാറിന്റെ പാട്ടുകളിൽ ചിലതിന്നു ഭാവമധുരിമയെന്നപോലെ  രചനാസൌഷ്ഠവവും കുറവായാണു കാണുന്നത്. ‘മാടപ്പിറാവേ”, ‘കനിയല്ലയോ’,‘ അഗാധനീലിമയിൽ’ എന്നീ ഗാനങ്ങളാണു തമ്മിൽ ഭേദം. എടുത്തുവാഴ്ത്തത്തക്ക ഹിറ്റ് ട്യൂണുകളധികമൊന്നും സംഭാവന ചെയ്യാനൊത്തിട്ടില്ല ദേവരാ‍ജന്ന്.  പശ്ചാത്തല സംഗീതപ്രയോഗം ഭേദപ്പെട്ടതാണ്. എ. എം. രാജ പാടിയ “മാടപ്പിറാവേ’, യേശുദാസ് പാടിയ ‘അഗാധനീലിമയിൽ’ ഇവ കൊള്ളാം. സുശീല പാടിയ താരാട്ടാണ് ഉള്ളതിൽ വച്ചേറ്റവും ശ്രുതിസുഖദമായ്ക്കലാശിച്ചത്.
(പി. സുശീലയുടെ കനിയല്ലയോ കനിയമൃതല്ലയോ” ഒരു ഹിറ്റ് പാട്ട് ആകാനുള്ള എല്ലാ മേന്മകളും പേറുന്നതാണെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. യേശുദാസ് താഴ്ന്ന ശ്രുതിയിൽ പാടി ഫലിപ്പിക്കാൻ ശ്രമിക്കുകയാണ് ‘അഗാധനീലിമയിൽ” എന്ന പാട്ടിലൂടെ. ദേവരാജൻ യേശുദാസിൽ പരീക്ഷണങ്ങൾ നടത്താനുദ്ദേശിക്കുന്നതിന്റെ ദൃഷ്ടാന്തം കൂടിയാണിത്).

99. ജീവിതയാത്ര (1965 നവംബർ)
പി. എസ്. ദിവാകറിന്റെ  മേൽനോട്ടത്തിലുള്ള സംഗീതവിഭാഗം മോശമില്ല. അഭയദേവ് രചിച്ച ആ ഭേദപ്പെട്ട താരാട്ട് യേശുദാസും ലീലയും കൂടി പാടിയതു ഭംഗിയായി, ചെറിയ കുട്ടിയുടെ മുൻപിൽ വച്ച് അച്ഛനും അമ്മയും ഒട്ടൊന്നു ശൃംഗരിക്കാൻ മുതിർന്നതുചിതമായില്ലെങ്കിലും. ബാക്കിയുള്ള നാലു പാട്ടുകളും പി. ഭാസ്കരന്റേതാണ്. തൂലികാവിലാസം പതിവുനിലവാരം പുലർത്തിപ്പോന്നിട്ടുണ്ട്. പി. സുശീല പാടിയ ‘പറയട്ടെ ഞാൻ പറയട്ടെ’ ഭേദപ്പെട്ടതായി. തെരുവുവക്കിലെ വിനോദപരിപാടികൾക്കകമ്പടി സേവിക്കുന്ന പാട്ടുകളും (പുരുഷോത്തമൻ-ഈശ്വരി-പുരുഷോത്തമൻ-ജാനകി) മോശമില്ല. ആ രംഗങ്ങൾ ചിത്രണം ചെയ്തതും സ്വാദിഷ്ഠമായ്ക്കലാശിച്ചിട്ടുണ്ട്.
( എൽ. ആർ ഈശ്വരിക്ക് ധാരാളം പാട്ടുകൾ കിട്ടിക്കൊണ്ടിരുന്നു ഇക്കാലത്ത്. തെരുവിലോ ബാറിലൊ ഉള്ള നൃത്തങ്ങൾ വിലാസലോലുപയായ ഉപനായികയുടെ തുറന്ന ചിന്തകൾ ഇങ്ങനെയുള്ള അവസരങ്ങൾക്ക് അവരെ ഉപയോഗിച്ചു സംഗീതസംവിധായകർ. അങ്ങനെ “ടൈപ് കാസ്റ്റ്’ ചെയ്യപ്പെടുക എന്നൊരു ദുര്യോഗവും ഇതോടെ സംഭവിച്ചു. താരാട്ടുപാട്ടെഴുതാൻ അഭയദേവു തന്നെ വേണമെന്നുള്ള നിർബ്ബന്ധമായിരിക്കണം (‘കണ്ണും പൂട്ടിയുറങ്ങുക‘ എഫെക്റ്റ്)  അതു മാത്രം അദ്ദേഹത്തിനു കൊടുത്തത്.

100. ഭൂമിയിലെ മാലാഖ (1965 നവംബർ)
പി. എസ് ദിവാകറുടെ മേൽനോട്ടത്തിൽ ജയവിജയ, എം. എ. മജീദ് എന്നിവരാണ് സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. അഞ്ചുപാട്ടുകളുള്ളത് അഞ്ചുപേരാണെഴുതിക്കാണുന്നത്.  ശ്രീമൂലനഗരം വിജയന്റെ “മുണ്ടോപ്പാടത്ത്” എന്ന പാട്ടാണ് താരതമ്യേന രചനാഗുണം അവകാശപ്പെടാൻ പോന്നത്. മജീദ് ട്യൂണേകിയ ആ പാട്ട് പി. ലീലയും സീറോ ബാബുവും ഒരുവിധം കൊള്ളാവുംപടി പാടിയിട്ടുണ്ട്. കെ. എം. അലാവിയെഴുതിയ “മാടപ്പിറാവല്ലേ” എന്നപാട്ടിന് അർത്ഥപുഷ്ടിയ്ക്കൊത്ത ശിൽ‌പ്പസൌഭാഗ്യം കിട്ടിയിട്ടില്ല. ജയവിജയ സംവിധാനം ചെയ്ത ആ ഗാനം ജാനകി  പാടിയതു തരക്കേടില്ല. പി. എസ്. ദിവാകർ സംവിധാനം ചെയ്ത  തോമസ് പാറനൂറിന്റെ  ‘ആകാശത്തമ്പലമുറ്റത്ത്” എന്ന ഗാനം (പാടിയത്  ജാനകി, ലത, സീറോ ബാബു) ശ്രവണസുഖദമായി. മുട്ടുചിറയുടെ “കൈവിട്ടുപോയ കുഞ്ഞാടിനായ്” എന്ന പാട്ട് മജീദിന്റെ മേൽ നോട്ടത്തിൽ സീറോ ബാബു പാടിയത് തരക്കേടില്ലെങ്കിലും  ചിത്രത്തിന്റെ നീളം കുറയ്ക്കാൻ പുതു (?) പരീക്ഷണങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സംവിധായകനിർമ്മാതാവ് അത്യന്താപേക്ഷിതമല്ലാത്ത ആ അവസാനരംഗം ഒഴിവാക്കാഞ്ഞതെന്തോ ആവോ!
(മലയാള സിനിമാസംഗീതലോകത്ത് ഇത്രയും നാൾ  നിറസാന്നിദ്ധ്യമായിരുന്ന പി. എസ്. ദിവാകർ ഒരു നീണ്ട ബ്രേക്കിലാണ് ഇതിനു ശേഷം. പിന്നീട് അദ്ദേഹത്തെ കാണുന്നത് 1980 ഇൽ ഇത്തിക്കരപ്പക്കി’ യുടെ സംഗീതവുമായാണ്. ഈ സിനിമയിൽത്തന്നെ ഒരു പാട്ടേ അദ്ദേഹത്ത്തിന്റേതായുള്ളു. എം. എ. മജീദും (മൂന്നെണ്ണം) ജയവിജയ (ഒന്ന്)  ചുമതല പങ്കുവച്ചു എന്നതും ശ്രദ്ധിക്കുക. ജയവിജയ സഹോദരങ്ങളുടെ സിനിമാപ്രവേശവുമായിരുന്നു ഇവിടെ സംഭവിച്ചത്. എം. എ. മജീദ് നല്ല ഗാനങ്ങൾ ഒരുക്കിയെങ്കിലും പിന്നീട് സിനിമാരംഗം അദ്ദേഹത്തിനു അവസരങ്ങൾ ഒന്നും ഒരുക്കിയില്ല.  അഞ്ചുപേർ അഞ്ചു പാട്ടുകളെഴുതുക അവ മൂന്നു പേർ കമ്പോസ് ചെയ്യുക എന്നൊരു വൈചിത്രവും ഈ സിനിമയ്ക്കുണ്ട്. വെറും തമാശപ്പാട്ടുകളിലും സംഘഗാനങ്ങളിലും ഒതുക്കപ്പെട്ടുപോയ സീറോ ബാബു ഭാവസാന്ദ്രമായിപ്പാടാനള്ള കഴിവുതെളിയിച്ചിട്ടുണ്ട് “കൈവിട്ടുപോയ കുഞ്ഞാടിനായ്…” എന്നപാട്ടിൽ. നായകൻ പ്രേം നസീറാണെങ്കിലും പാട്ടൊന്നുമില്ല അദ്ദേഹത്തിനു. ഒരു ഫാന്റസി സീനിൽ ഒരു പാട്ടിന്റെ ഭാഗം മാത്രമേ അദ്ദേഹത്തിനു അവതരിപ്പിയ്കാനുള്ളു).

Contributors: