അസുരവിത്ത്-സിനിമാറിവ്യു

2002ൽ എ കെ സാജൻ സംവിധാനം ചെയ്ത 'സ്റ്റോപ്പ് വയലൻസ്' എന്ന പൃഥീരാജ്  ചിത്രത്തിന്റെ തുടർച്ചയായാണ് 'അസുരവിത്ത്' വരുന്നത്.  രണ്ടും എം കെ സാജന്റെ സംവിധാനത്തിൽ. കൊച്ചി കേന്ദ്രമാകുന്ന ക്വൊട്ടേഷൻ ചിത്രങ്ങളുടെ തുടക്കമായിരുന്നു സ്റ്റോപ്പ് വയലൻസ്. ഒരു റോ സ്റ്റൈൽ ആക്ഷൻ ചിത്രമെന്ന പ്രത്യേകത വളരെ കുറഞ്ഞ ചിലവിൽ പൂർത്തിയാക്കിയ ആ ചിത്രത്തിനുണ്ടായിരുന്നു. പക്ഷെ 2012 ന്റെ തുടക്കത്തിൽ പുറത്തിറങ്ങിയ സാത്താന്റെ മകൻ അസുരവിത്തിന് പൗരുഷവും കാർക്കശ്ശ്യവും തീരെയില്ലെന്നു മാത്രമല്ല, രണ്ടര മണിക്കൂർ മുഷിപ്പില്ലാതെ കൂടെയിരുത്താനുള്ള ത്രാണി പോലുമില്ല.

ഫോർട്ട്കൊച്ചിയിലും പരിസരപ്രദേശത്തുമായി ഷൂട്ടു ചെയ്തെടുത്ത കുറേ ക്യാമറാ ദൃശ്യങ്ങൾ ഡബിൾ ഫ്രെയിമായോ മൾട്ടി ഫ്രെയിമായോ എഡിറ്റിങ്ങ് എഫക്റ്റും കളർ കറക്ഷനുംചെയ്തെടുത്താൽ തികഞ്ഞ സാങ്കേതികവിദ്യയായി എന്നു എ കെ സാജൻ കൂട്ടരും കരുതുന്നുണ്ടെന്നു തോന്നുന്നു. അതിനൊപ്പം കുറേ ചെറുപ്പക്കാരെ നിരത്തി നിർത്തി എല്ലാവർക്കും കറുത്ത കൂളിംഗ്ലാസ്സുകളും(എത്രയെണ്ണമെങ്കിലുമാവാം) കറുത്ത കോട്ടുകളും നൽകണം (വസ്ത്രത്തിന്റെ നിറം എല്ലാവർക്കും  കറുപ്പാകാൻ പ്രത്യേകം ശ്രദ്ധിക്കണം, ഇതൊരു മാഫിയാ ചിത്രമാണ്!) ഇടക്കിടക്ക് സ്കെച്ച്, കലിപ്പ്, തുളയിടുക, ഓഡിയോ മ്യൂട്ട് ചെയ്ത 'ഫക്ക്', ക്വൊട്ടേഷൻ എന്നീ വാക്കുകൾ ആവർത്തിപ്പിക്കുക. ഇടക്ക് ഗുണ്ടാ ചരിത്രം പറയുന്നപോലെ  ചെങ്കീരി ജോസ്, മട്ടഞ്ചേരി മമ്മദ്, വല്ലാർപാടം ഔസേപ്പ്, കോടാലി, മരപ്പട്ടി അങ്ങിനെ എന്തെങ്കിലും ഇടിവെട്ടു പേരുകളും,  ഇടക്ക് വല്ല ഗോഡൗണുകളിൽ സംഘട്ടനങ്ങൾ (ഗോഡൗണുകളിൾ ഒഴിഞ്ഞ വീപ്പകൾ നിരത്തിവെക്കാൻ മറക്കരുത്) ഇവയൊക്കെയായാൽ ഏകദേശം കൊച്ചി കേന്ദ്രമായ ഒരു ക്വൊട്ടേഷൻ സിനിമയായി. എ കെ സാജന്റെ അസുരവിത്തിനും ഇതിനപ്പുറം കൂടുതലുമൊന്നും പറയാനുമില്ല കാണിക്കാനുമില്ല.

ആസിഫ് അലിയാണ് അസുരവിത്തായ ഡോൺ അഥവാ ഡോൺ ബോസ്കോ ആയി നായക വേഷത്തിലെത്തുന്നത്. ട്രിപ്പിൾ 5 (555) സിഗററ്റിന്റെ കൂടിൽ കാജാബീഡിയിട്ടാലുണ്ടാവുന്ന പരുവത്തിലാണു ആസിഫിന്റെ ഡോൺ. തനിക്ക് താങ്ങാവുന്നതിലധികം ഭാരം ചുമക്കേണ്ടിവന്ന ഒരു പാവം കൊച്ചു തുമ്പി. ആസിഫിന്റെ ഡോൺ ബോസ്കോ എന്ന വൈദികവിദ്യാർത്ഥിയെ കണ്ട നാൾ മുതൽ പ്രേമിക്കാൻ നടക്കുന്ന ബോട്ട് ജീവനക്കാരി 'മാർട്ടി' യായി സംവൃത, നിസ്കാരത്തിനിടയിൽ തലക്കു പുറകിൽ വെടിയേറ്റു മരിക്കുന്ന എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥനായി സിദ്ദിഖ്, മരിക്കാൻ വേണ്ടി മാത്രം ഒറ്റ സീനില് വന്നു പോകന്ന അദ്ദേഹത്തിന്റെ ഭാര്യയായി രേഖ, സാത്താന്റെ ഭാര്യയായിരുന്ന എന്നാൽ മകന്റെ അച്ഛനാരെന്ന് വെളിപ്പെടുത്താനാവാതെ 'നീറി നീറികഴിയുന്ന' ഡോൺ ബോസ്കോയുടേ അമ്മ ഏയ്ഞ്ചൽ ആയി ലെന, ഇടക്ക് ഫുട്ബോളർ ഐ എം വിജയൻ വന്ന് എന്തോ പറഞ്ഞു പോകുന്നതു കണ്ടു. എന്താണോ എന്തോ?! ഇങ്ങിനെ കഥാപാത്രങ്ങളൊരുപാടുണ്ട് അസുരവിത്തിൽ. കൊച്ചി ഭരിക്കുന്നത് 'പത്താകളം' എന്നുവിളിക്കുന്ന അബ്ബാമൊറേ എന്ന ജൂത വൃദ്ധനും (വിജയരാഘവൻ) അയ്യാളുടെ പേരക്കുട്ടികളുമാണ്. അബ്ബാമൊറേക്കും പേരക്കുട്ടികളിലെ പെൺകുട്ടികൾക്കും ഇടവേളകളിൽ ചുരുട്ട്, ചുരുട്ട് കിട്ടാത്തപ്പോൾ ചരസ്സ് വലിക്കുകയാണു പ്രധാന പണി. (ഇവർ കറുത്ത കോട്ട്, പാന്റ്, ബനിയൻ എന്നിവ മാത്രമേ ധരിക്കൂ എന്ന് പ്രത്യേകം പറയേണ്ടല്ലോ!) പാതിരിയാണോ ഗുണ്ടാനേതാവാണോ എന്ന് നിശ്ചയമില്ലാത്ത ബാബുരാജിന്റെ പാതിരിവേഷം, വേഷങ്ങളൊരുപാടുണ്ട് അസുരവിത്തിൽ.  ഇല്ലാത്തത് കഥയും പൂർണ്ണതയൊത്ത തിരക്കഥയും മികച്ച സംവിധാനവും.

വിഷ്ണു നമ്പൂതിരിയുടെ ക്യാമറ ദൃശ്യങ്ങൾ കുഴപ്പങ്ങളൊന്നും ഏറെ പറയാനില്ല. ഒരു മിനിമം കൊമേഴ്സ്യൽ സിനിമക്കുവേണ്ട ദൃശ്യങ്ങളും രാജേഷ് ടച്ച്രിവർ ഒരുക്കിയ എഡിറ്റിങ്ങും മുരുകേശിന്റെ ഇഫക്റ്റ്സും ഒരു ആക്ഷൻ സിനിമക്കു വേണ്ട അന്തരീക്ഷമൊരുക്കുന്നു.പക്ഷെ കഥാപാത്രങ്ങൾ കൂളിംഗ് ഗ്ലാസ്സും കറുത്തകോട്ടൂമായി ആഡംബര കാറിൽ സഞ്ചരിക്കുകയോ വന്നിറങ്ങുകയോ മാത്രമാണെങ്കിൽ എന്തുചെയ്യാൻ. റിവോൾവറും മറ്റു അത്യാധുനിക ആയുധങ്ങളുമായി തെരുവിലിറങ്ങുന്ന മാഫിയാ സംഘത്തെ ഒതുക്കാൻ നായകൻ കയ്യിലൊരു പേപ്പർ കട്ടറുമായി എതിരിടുന്നത് നല്ല ചിരിയുണ്ടാക്കുന്നുണ്ട്. ഇതിനിടെ റഫീക്ക് അഹമ്മദിന്റെയും കൈതപ്രത്തിന്റേയും ഗാനങ്ങളും അവയ്ക്ക് അല്ഫോൺസും രാജേഷ് മേനോനും ഈണമിട്ട ഗാനങ്ങളുമുണ്ടത്രേ!  'കൊടുംങ്കാറ്റായി.." എന്ന ഗാനരംഗത്ത് ആസിഫ് അടക്കം മൊത്തം ഗുണ്ടാസംഘങ്ങളും ബോട്ടുജെട്ടി, മറൈൻ ഡ്രൈവ്, ഫോർട്ട് കൊച്ചി എന്നിവ്ടങ്ങളിൽ നടന്നും ഓടിയും കാറിലും സഞ്ചരിക്കുകയാണ്. ഇടക്ക് ഫെറിയിൽ വെച്ച് ഇവർ മാറി മാറി ലാപ് ടോപ്പ് നോക്കുന്നുമുണ്ട്. പട്ടണം ഷായുടെ ചമയവും സുനിൽ റഹ്മാന്റെ വസ്ത്രാലങ്കാരവും ഒക്കെ പതിവിൻ പടി തന്നെ.  സാങ്കേതികത മാത്രം കൂട്ടിനുണ്ടായിട്ടു കാര്യമൊന്നുമില്ല എന്ന് അടിവരയിടുന്ന ചിത്രം. മാത്രമല്ല ഒരു മേഖലയിലും സാമാന്യ നിലവാരത്തിനു മുകളിൽ വരാൻ കഴിയാത്തതും.

വാൽക്കഷ്ണം : അസുരവിത്ത് എന്ന സിനിമ പൃഥീരാജിനെ നായകനാക്കി ചെയ്യാനായിരുന്നു എ കെ സാജന്റെ ആദ്യ തീരുമാനമെന്നും സ്ക്രിപ്റ്റ് മുഴുവനായി വായിച്ചിട്ടേ താൻ ആ കഥാപാത്രം ചെയ്യൂ എന്നു പൃഥിയും പറഞ്ഞതായി പിന്നാമ്പുറ സംസാരമുണ്ട്. താൻ കൊണ്ടു വന്ന നടന്റെ അഹങ്കാരമായി ആ അഭിപ്രായത്തെ കണ്ട് ആസിഫ് അലിയെ താരമായി വാഴിക്കാനുള്ള എ കെ സാജന്റെ ശ്രമഫലമാണു'അസുര വിത്ത്' . ചിത്രം പക്ഷെ, ആസിഫിനോ മറ്റു താരങ്ങൾക്കോ എ കെ സാജനോ ഒരു ഫലവും ചെയ്തില്ല.

Contributors: