ഒരേ ഒരു പാട്ടിലൂടെ പ്രസിദ്ധനായവൻ

മലയാളസിനിമയുടെ ഗാനചരിത്രത്തിലെ ഏടുകളാണ് ഒരോ സിനിമയിലേയും ഗാനങ്ങളെയും ഗാനരംഗങ്ങളെയും ഒക്കെ ഇഴകീറിപ്പരിശോധിക്കുന്ന സിനിക്കിന്റെ കുറിപ്പുകൾ.സിനിക്കിന്റെ കടുത്ത നിരീക്ഷണങ്ങളോടൊപ്പം തന്നെ തന്റെ കണ്ടെത്തലുകളും പങ്കുവയ്ക്കുകയാണ് ശ്രീമാൻ എതിരൻ കതിരവൻ തന്റെ സിനിക്ക് പറഞ്ഞത് എന്ന പരമ്പരയിലൂടെ.

91. അമ്മു (1965 ജൂൺ)

യുവകവിയായ യൂസഫലി കേച്ചേരിയുടെ ഗാനരചന മൊത്തത്തിൽ തരക്കേടില്ല. ബാബുരാജിന്റെ സംഗീതസംവിധാനവും ഒരുവിധം കൊള്ളാം. ജാനകി പാടിയ ‘തേടുന്നതാരെ ശൂന്യതയിൽ’ എന്ന ഗാനം ഭേദപ്പെട്ടതാണ്.. ചിത്രീകരണം അത്ര തന്നെ നന്നായില്ലെങ്കിലും സുശീല പാടിയ “അമ്പിളി മാമാ വാ”, തങ്കം പാടിയ “പുള്ളിയുടുപ്പിട്ടു കൊഞ്ചിക്കുഴയുന്ന പൂമ്പാറ്റേ”, ലീല പാടിയ “മായക്കാരാ മണിവർണ്ണാ”, ഉദയഭാനുവും തങ്കവും കൂടി പാടുന്ന “തുടികൊട്ടി പാടാം” എന്നീ പാട്ടുകളും തരക്കേടില്ല.

(യൂസഫലി കേച്ചേരിയുടെ സിനിമാപ്രവേശമായിരുന്നു ഇവിടെ തുടങ്ങിയത്. ‘തേടുന്നതാരെ ശൂന്യതയിൽ” പിന്നീട് ബാബുരാജ് സ്വന്തം അരങ്ങുകളിൽ പാടി ഒട്ടൊരു പ്രസിദ്ധി നേടിക്കൊടുത്തു. പിൽക്കാലത്ത് ഗസൽ ഛായയോടെ ഇത് പാടപ്പെട്ടു. ഫിലിപ് ഫ്രാൻസിസ്, ഷഹബാസ് അമൻ എന്നിവരൊക്കെ ഇത് ഇഷ്ടഗാനങ്ങളിലൊന്നാക്കി. നിരാശാ‍വതിയായ എകാകിനി പാടുന്ന പാട്ട് എന്ന ഭാവതലത്തിൽ നിന്നും മാറ്റപ്പെട്ട ഈ പാട്ട് സ്വന്തമായൊരു ഇടം കണ്ടുപിടിയ്ക്കുകയായിരുന്നു ഇപ്രകാരം. പി. സുശീല സ്നിഗ്ധതയോടെ പാടിയ  “അമ്പിളിമാമാ വാ വാ” ശ്രദ്ധിക്കപ്പെടേണ്ടതായിരുന്നു)

92. തങ്കക്കുടം (1965 ജൂൺ)
ഈ ചിത്രത്തെ അധികം പേരും പാടേ വെറുക്കാതിരിക്കാൻ ഒരു പ്രധാനകാരണം ഇതിലെ ഏറെക്കുറെ ഭേദപ്പെട്ട പാട്ടുകളാണെന്നു പറഞ്ഞാലതിൽ തെറ്റില്ല. (കാണികളെ ദ്രോഹിയ്ക്കാൻ കാപ്പുകെട്ടിയവരിൽ ഭാസ്കരനും ബാബുരാജും പെടുന്നില്ല). ഭാസ്കരന്റെ  താരാട്ടിനു ഒരു പ്രത്യേകമാധുരി കൈവന്നിട്ടുണ്ട്. “മധുരിക്കും മാതളപ്പഴമാണ് നിന്നെ മറ്റാർക്കും തിന്നാൻ കിട്ടൂല“ എന്ന ആദ്യത്തെ ആ ഉറക്കുപാട്ട് എസ്. ജാനകി ഇമ്പമണയ്ക്കുംപടി പാടിയിരിക്കുന്നു. ചിത്രത്തിൽ ഒന്നിലധികം തവണ ആ വരികൾ ആവർത്തിച്ചാലപിക്കപ്പെട്ടതിന്റെ പിന്നിലുള്ള കരുണയ്ക്ക്  ആസ്വാദകർ സംവിധായകനോട്  കടപ്പെട്ടവരാണ്. “യേശുനായകാ ദേവാ” എന്ന ഗാനം ക്രിസ്തീയാസ്വാദകവിഭാഗത്തെ  വശീകരിക്കാൻ ഇടയിൽ തഞ്ചത്തിൽ തിരുകിയ മട്ടുണ്ട്. എന്തോ ആകട്ടെ, സുശീലയും കമുകറയും കൂടി ഭക്തിരസപ്രധാനമായ ആ ഗാനം കേൾക്കാൻ കൊള്ളാവുന്നതാക്കിയല്ലോ. അതുമതി. ഉദയഭാനുവിന്റെ “മന്ദാരപ്പുഞ്ചിരിപ്പൂക്കൾ നിറച്ചൊരു പുന്നാരത്തങ്കക്കുടമല്ലേ”, യേശുദാസിന്റെ “പടച്ചവൻ വളർത്തുന്ന പനിനീർപൂങ്കാവിനുള്ളിൽ” എന്നീ പാട്ടുകളും മോശമല്ല.

(ബാബുരാജിന്റെ പ്രതിഭ വിടർന്നു വിലസുന്നത് എസ്. ജാനകിയോടൊപ്പമാണെന്നുള്ളത് ഇക്കാലത്ത് സ്ഥായീകരിക്കപ്പെടുകയായിരുന്നു. യേശുദാസിനു ‘“താമസമെന്തേ” വഴി അനന്യമായ സ്ഥാനം നേടിക്കൊടുത്തെങ്കിലും  എസ്. ജാനകിക്കു വേണ്ടിത്തന്നെ തന്റെ ചാതുര്യം വിനിയോഗിച്ചു ബാബുരാജ്. യേശുദാസ് ഗാനമേളകളുമായി കൂടുതൽ ജനസമ്പർക്കം നേടിയെടുത്തു തുടങ്ങിയെങ്കിലും ഒരു മുഴുഗാനമേള നിറയ്ക്കാൻ മാത്രം  അദ്ദേഹത്തിനു സ്വന്തം പാട്ടുകൾ ഇല്ലാത്തതിനാൽ തമിഴ് പാട്ടുകളും പാടിയിരുന്നു).

93. മുതലാളി (1965 ജൂലയ്)
പാട്ടുകൾ അഞ്ചെണ്ണമേ ഉള്ളു ഇതിൽ. പതിവിൽ  കുറഞ്ഞുപോയി. ഭാസ്കരന്റെ ഗാനരചന ഭേദപ്പെട്ടതാണെങ്കിലും പുകഴേന്തിയുടെ സംഗീതസംവിധാനം ശ്ലാഘയർഹിക്കുന്ന പടിയായില്ല. ജാനകി പാടിയ “കണിയാനും വന്നില്ല”, ജാനകി, രാജലക്ഷ്മി, വസന്ത എന്നിവർ ചേർന്നു പാടിയ ‘പൊന്നാരമുതലാളീ’ എന്ന പാട്ടുകളാണ് തമ്മിൽ ഭേദം.
(‘ഏതുപൂവു ചൂടണം എന്നോടിഷ്ടം തോന്നുവാൻ.. ‘എന്ന മറ്റൊരു ഭേദപ്പെട്ട പാട്ട് സിനിക്ക് പരാമർശിക്കുന്നേ ഇല്ല. യേശുദാസിനു നൽകപ്പെട്ട ‘പനിനീരു തൂവുന്ന പൂനിലാവേ… ‘ യുടെ കമ്പോസിങ് അദ്ദേഹത്തിന്റെ കഴിവുകളെ ഒട്ടും പ്രയോജനപ്പെടുത്തുന്ന വിധത്തിലല്ല).

94.    റോസി (1965 ജൂലായ്)
കൂട്ടം ചേർന്ന് മീൻപിടിയ്ക്കുന്നവരുടെ  ശുഷ്കാന്തിയും ആവേശവും ഉന്മേഷവുമെല്ലാം “വെളുക്കുമ്പോ പുഴയൊരു കളിക്കുട്ടി” എന്നു തുടങ്ങുന്ന പാട്ടിന്റെ ചിത്രീകരണത്തിലൂടെ ഒട്ടൊരു ടെമ്പോ പുലർത്തിക്കൊണ്ട്തന്നെ പകർത്തിക്കാട്ടുന്നുണ്ട്. രചനാഗുണമവകാശപ്പെടാവുന്ന ഭാസ്കരന്റെ ആ ഗാനം യേശുദാസും കൂട്ടരും വീറോടെ പാടിയൊപ്പിച്ചിട്ടുമുണ്ട്. (ജോബിന്റെ സംഗീതസംവിധാനത്തെ മൊത്തത്തിൽ ഇടത്തരമെന്ന് വിശേഷിപ്പിക്കാം. ദിവാകറിന്റെ പശ്ചാത്തലസംഗീതം വലിയ മോശമില്ല.) ……..നബീസയ്ക്കുവേണ്ടി  എൽ. ആർ. ഈശ്വരി പാടുന്ന “ചാലക്കുടിപ്പുഴയും” എന്ന പാട്ട് നന്നായില്ല. നബീസയുടെ “കണ്ണിലെന്താണ്” എന്ന പാട്ടും (എൽ. ആർ. ഈശ്വരിയും ഉദയഭാനുവും; ഉദയഭാനു പാടുന്നില്ല. ഇടയ്ക്ക് വാക്കും വാചകവുമായി ചിലതു പറയുന്നേയുള്ളു).  അതിന്റെ ചിത്രീകരണവും ഭംഗിയായില്ല. ബാല്യകാലത്തിലെ മധുരസ്മരണകളയവിറക്കുന്ന സലീമിനു വേണ്ടി യേശുദാസു പാടിയ “അല്ലിയാമ്പൽ കടവിലന്നരയ്ക്കു വെള്ളം” എന്ന പാട്ട് ശ്രുതിസുഖദമായി……പുരാണശകലത്തിന്റെ സാമ്യം സൂചിപ്പിയ്ക്കാൻ മാത്രമായി പുള്ളുവത്തിപ്പാട്ട് അവിടെ ഇത്രമാത്രം നീട്ടിക്കൊണ്ട് പോകേണ്ട ആവശ്യമുണ്ടായിരുന്നുവോ? (“എങ്കിലോ പണ്ടൊരു കാലം” എന്ന പാട്ടുപാടിയത് ലീലയാണ്). ആ പാട്ടിന്റെ ഒരു ചെറുകഷണം ധാരാളത്തിലധികമായിരുന്നു.

(ഏറ്റവുമധികം പോപ്പുലാരിറ്റി നേടിയ, നൊസ്റ്റൽജിയയുടെ സ്വരൂപപ്രകാശനമായ ഒരു പാട്ടിന്റെ പിറവി ഈ സിനിമയോടെ കൊണ്ടാടപ്പെട്ടു. മലയാളസിനിമാഗാനചരിത്രത്തിൽ ജോബിന്റെ സ്ഥാനം കൃത്യമായി അടയാളപ്പെടുത്തുകയായായിരുന്നു ‘അല്ലിയാമ്പൽക്കടവിലന്നരയ്ക്കുവെള്ളം’. പിന്നീട് ഒന്നോ രണ്ടോ സിനിമകൾക്ക് കൂടിയേ ജോബ് സംഗീതസംവിധാനം നിർവ്വഹിച്ചുള്ളു എങ്കിലും ഒരേ ഒരു പാട്ടിലൂടെ പ്രസിദ്ധനാകുക എന്ന അദ്ഭുതകൃത്യമാണിവിടെ സംഭവിച്ചത്. യേശുദാസിനു മറ്റൊരു ബ്രേക്ക്’ഉം കിട്ടി ഇതോടെ. ഈ പാട്ട് രംഗത്ത് അവതരിപ്പിച്ചതും പ്രേംനസീർ തന്നെ.

95. രാജമല്ലി (1965 ഒക്ടോബർ)
ഈ ചിത്രത്തിന്റെ അന്യാസ്വാദ്യതകളിൽ താ‍രതമ്യേന മെച്ചപ്പെട്ട ഒരിനമാണ് അതിന്റെ സംഗീതവിഭാഗം. പി. ഭാസ്കരന്റേതായി ഭേദപ്പെട്ട ഒരു താരാട്ടും ഇമ്പമുൾക്കൊള്ളുന്ന ഒന്നുരണ്ടുപ്രേമഗാനങ്ങളുമടക്കം  ആറുപാട്ടുകളുണ്ടിതിൽ. “കുപ്പിവളകിലുക്കുന്ന കുയിലേ പെണ്ണേ നിന്റെ കുട്ടിക്കാലം മറക്കല്ലേ” എന്ന പാട്ട് എ. എം. രാജയും “കുന്നിന്മേലു നീയൊരു കുടിലൊന്നു കെട്ടി’ യെന്ന പാട്ട് ജാനകിയും ശ്രുതിമധുരമാക്കി. “കാറ്റേവാ’ എന്ന താരാട്ട് ലീലയും നന്നാക്കി. ജാനകി പാടിയ “കർപ്പൂരത്തേന്മാവിൽ”, നീലമുകിലുകൾ കാവൽ നിൽക്കും” എന്നീ പാട്ടുകളും മോശമില്ല.ഉചിതപശ്ചാത്തലസംഗീതപ്രയോഗം നടത്താൻ ഉറ്റുശ്രമിച്ച നവാഗതനായ ബി. എ. ചിദംബരനാഥന്റെ സംഗീതസംവിധാനം മൊത്തത്തിൽ ഭേദപ്പെട്ടതായി.

(പതിനഞ്ചുകൊല്ലത്തെ ഇടവേളയ്ക്കു ശേഷം ചിദംബരനാഥ് വീണ്ടും സംഗീതസംവിധാനത്തിൽ സജീവമായി ഈ സിനിമയോടെ. ഇതിനുമുൻപ്  1950 ഇൽ തിക്കുറിശ്ശിയുടെ “സ്ത്രീ’ യിൽ 16 പാട്ടുകളാണ് ഇദ്ദേഹം ചിട്ടപ്പെടുത്തിയെടുത്തത്. രാജമല്ലിയ്ക്കു ശേഷം  ഹിറ്റുപാട്ടുകളുടെ ഒരൊഴുക്ക് തന്നെയാണ് ഉറവിട്ടത്.  ‘കുന്നിന്മേലു നീയെനിക്കു…’ എസ്. ജാനകിയുടെ ഭേദപ്പെട്ട പാട്ടുകളിലൊന്നാണ്).

Contributors: