ടിഡിദാസനും ഫേസ്ബുക്കും പരിചയപ്പെടുത്തുന്ന പാട്ടുകാരി

ആകസ്മികമായി മരണം കൊണ്ടു പോയ മോഹൻ രാഘവന്റെ കൂടുതൽ വിവരങ്ങൾ തിരക്കി ടി ഡി ദാസനെന്ന മലയാള സിനിമയിലേക്ക് വീണ്ടുമെത്തി. ടി ഡി ദാസനെന്ന ചിത്രത്തോടൊപ്പം തന്നെ ആകർഷകമായിത്തോന്നിയത് ശ്രീവത്സൻ ജെ മേനോൻ സംഗീത സംവിധാനം ചെയ്ത് റഫീക്ക് അഹമ്മദ് രചന നിർവ്വഹിച്ച ഒരു പാട്ടാണ്.."വെഞ്ചാമരക്കാറ്റേ സഞ്ചാരിപ്പൂങ്കാറ്റേ" (ഗാനം മുകളിലെ ഓഡിയോ പ്ലേയർ വഴി കേൾക്കാം) . ദാസനെന്ന ഒരു ആറാം ക്ലാസ്സുകാരനു വേണ്ടി ഒരു കൊച്ചു പെൺകുട്ടി ആണ് പിന്നണി പാടിയതെന്ന് ആദ്യ കേൾവിയിൽത്തന്നെ മനസിലാവും. ഗമകങ്ങളടക്കമുള്ള മറ്റ് സംഗതികളും ഉച്ചാരണവും ഒക്കെ ഇത്ര തന്മയത്വമായി ആലപിക്കാൻ കഴിഞ്ഞ ആ കൊച്ചു കുട്ടി ആരാണെന്ന് അറിയാനുള്ള ആഗ്രഹം സ്വാഭാവികമായി ഉടലെടുത്തു..പാടിയത് ജിൻഷ കെ നാണു എന്ന കുട്ടിയാണ്..വെറുതേ ഫേസ്ബുക്കിലൊന്ന് തിരഞ്ഞു.."ജിൻഷ കെ നാണു" എന്ന ഒരാളുടെ പ്രൊഫൈൽ ഉണ്ട്..പക്ഷേ വളരെ മോഡേൺ ആയ ഒരു മുതിർന്ന പെൺകുട്ടിയേയാണ് കണ്ടത്. ഒരു മുംബൈ മഹാരാഷ്ട്ര നിവാസി. ഒറ്റനോട്ടത്തിൽ ടി ഡി ദാസനെന്ന ഗ്രാമീണ ചിത്രത്തിലെ അതിലും നാടനായ വെഞ്ചാമരക്കാറ്റേ എന്നുള്ള ഗാനം പാടാൻ ഒരു സാധ്യതയും ഇല്ലാത്ത ഒരാൾ.പാട്ടുപാടുമെന്നതിന്റെ യാതൊരു ലക്ഷണവും ഫോട്ടോയിലോ പ്രൊഫൈലിലോ ഒന്നും പ്രകടവുമല്ല..വെറുതേ ഒരാളോട് കേറി ചോദിച്ച്  പൊല്ലാപ്പുണ്ടാക്കണോ എന്ന് കരുതി ആ സംശയം അങ്ങനെ വിട്ടുകളഞ്ഞു..വീണ്ടും വെഞ്ചാമരക്കാറ്റ് വീണ്ടും വീണ്ടും ലൂപ്പിലിട്ട് കേട്ട് കൊണ്ടിരുന്നപ്പോൾ മടിച്ചു നിൽക്കാതെ ചോദിച്ചു കളയാം എന്ന് കരുതി..ഒരു മെസ്സേജയച്ചു..മറുപടിയെത്തി..യെസ്.. അത് ഞാൻ തന്നെ..

ഇതാണ് ജിൻഷ കെ നാണുവെന്ന ആ പാട്ടുകാരിയായ നാട്ടുകാരി. സ്വാഭാവികമായി ഉടലെടുത്ത ഒരു പിടി ചോദ്യങ്ങൾ അയച്ചു കൊടുത്തുതിനുള്ള മറുപടികൾ..

ചോദ്യം :- ജിൻഷ..ജിൻഷയുടെ ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്ന് ഒരു മുംബൈ നിവാസിയാണെന്ന് മനസിലാവുന്നു..എങ്ങനെയാണ് വെഞ്ചാമരക്കാറ്റെ ജിൻഷയെത്തേടി എത്തിയത് ? അല്ലെങ്കിൽ എങ്ങനെയാണ് ജിൻഷ ടി ഡി ദാസനിലേക്കെത്തിച്ചേർന്നത് ?

ജിൻഷ :- ഞാൻ കൈരളി ഗന്ധർവ്വ സംഗീതം 2008ലെ ഫൈനലിസ്റ്റുകളിൽ ഒരാളായിരുന്നു.അതിന്റെ ജഡ്ജുകളിലൊരാളായിരുന്ന ശ്രീവത്സൻ സാറാണ് ഈ പാട്ട് കമ്പോസ് ചെയ്യുമ്പോൾ എന്നെ ഓർത്തതും എനിക്ക് ഈ അവസരമൊരുക്കിയതും..അത് പോലെ തന്നെ അതേ സമയം എന്റെ സഹോദരിയുടെ ഐഡിയ സ്റ്റാർ സിംഗർ ഷൂട്ടിംഗിനു വേണ്ടി ഞാൻ കേരളത്തിലുമായിരുന്നു..രണ്ടും ഒത്ത് വന്നപ്പോൾ ഈ പാട്ടിലേക്കുള്ള വഴിയായി..

ചോദ്യം  :- ജിൻഷ ഒരു ചോദ്യം കൂടി താങ്കളുടെ സ്ഥലം മുംബൈയുമായി ബന്ധപ്പെട്ടുള്ളതാണ്..അവിടെ ജനിച്ചു വളർന്ന ആളാണെന്ന് മനസിലാവുന്നു.പക്ഷേ പാട്ടു കേൾക്കുമ്പോൾ മലയാളം ഉച്ചാരണത്തിന്റെ പ്രശ്നങ്ങളൊന്നുമില്ലെന്ന് മാത്രമല്ല അതിമനോഹരമായി ആലപിക്കാനും കഴിഞ്ഞിട്ടുണ്ട്.ഇതിൽ അൽപ്പം കൗതുകം തോന്നാതെ തരമില്ല..എങ്ങനെയാണത് സാധ്യമായത്..?

ജിൻഷ :- അതിന് മാതാപിതാക്കളോട് നന്ദി പറയാതെ തരമില്ല..പ്രതേകിച്ചും തീരെച്ചെറിയ കുട്ടികളായിരിക്കുമ്പോഴേ മലയാളം എഴുതാനും വായിക്കാനും പരിശീലിപ്പിച്ച അമ്മ.അത് പോലെ തന്നെ അച്ഛനും അമ്മയും വീട്ടിൽ മലയാളം മാത്രമേ സംസാരിക്കുമായിരുന്നുള്ളു..അത് പോലെ തന്നെ അക്കാര്യത്തിന് ട്രോംബെ ടൗൺഷിപ്പിലെ ആർട്സ് ക്ലബ്ബുകളും മലയാളി അസോസിയേഷനുകൾക്കും അവർ നടത്തിയിരുന്ന കവിതാലാപന മത്സരങ്ങൾക്കുമൊക്കെ കടപ്പാട് രേഖപ്പെടുത്തുന്നു.എനിക്കും സഹോദരിക്കും മിക്കപ്പോഴും അത്തരം മത്സരങ്ങളിൽ ഒന്നാം സ്ഥാനം ലഭ്യമാകുമായിരുന്നു.ശ്രീ.ഒ എൻ വിക്കുറുപ്പ് സാർ ഒരിക്കൽ അത്തരം വേദിയിൽ വച്ച് " കല്ലുകൾ പാടി എൻ കൺ നനയിച്ച നീ ശാന്തിയും നന്മയും ആർന്ന് വളരട്ടെ" എന്ന് ആശംസിച്ചിരുന്നു.

ചോദ്യം  :-  കൈരളി ഗന്ധർവ്വ സംഗീതവുമായി ബന്ധപ്പെട്ട അനുഭവം എങ്ങനെയായിരുന്നു.അത് പോലെ തന്നെ മുംബൈയിൽ പഠിച്ചു കൊണ്ട് അത്തരമൊരു ഷോയിലേക്ക് എങ്ങനെ തുടരുവാൻ കഴിഞ്ഞു ?

ജിൻഷ :- എന്റെ ഒന്നാം വർഷ എഞ്ചിനീയറിംഗിന്റെ തുടക്കത്തിലാണ് 2008ലെ കൈരളി ഗന്ധർവ്വ സംഗീതം നടക്കുന്നത്.കൈരളിയോടാണ് ഇക്കാര്യത്തിൽ ഏറെ നന്ദി പറയേണ്ടത്.മറ്റുള്ള റിയാലിറ്റി ഷോകളുടെ തുടർച്ചയായ ഷെഡ്യൂൾ പോലെയായിരുന്നില്ല അവരുടെ ഷൂട്ടിംഗ് രീതി.പരമാവധി ആഴ്ച്ചാവസാനങ്ങളിലും മറ്റ് അവധിദിവസങ്ങളും കേന്ദ്രീകരിച്ചായിരുന്നു അതിന്റെ ഷൂട്ടിംഗ് ഷെഡ്യൂളുകൾ,അതിനാൽ പഠനത്തിന് തടസ്സമുണ്ടായിരുന്നില്ല.

ചോദ്യം  :-  ടി ഡി ദാസനും ..വെഞ്ചാമരക്കാറ്റേ എന്ന പാട്ടും..ഒരു പക്ഷേ പ്രേക്ഷകർക്കും ശ്രോതാക്കൾക്കും ഒരേ സമയം ആസ്വാദ്യകരമായ ഒരു അനുഭവമായിരുന്നെന്ന് പറയാം.ഈ ഗാനത്തിന്റെ റെക്കോർഡിംഗുമായി ബന്ധപ്പെട്ട് എന്താണ് പറയാനുള്ളത് ?

ജിൻഷ :- സത്യത്തിൽ ശ്രീവത്സൻ സാറുമായുള്ള ആ വർക്ക് ഏറെ കംഫോർട്ടബിൾ ആയിരുന്നെന്ന് പറയാം..ഒരു ആദ്യഗാനത്തിന്റെ റെക്കോർഡിംഗ് എന്ന ഒരു തോന്നൽ പോലുമുണ്ടാക്കാതെയുള്ള തരത്തിലാണ് അദ്ദേഹം ആ ഗാനം എന്നെ പഠിപ്പിച്ചത്.നന്ദി പറയാൻ വാക്കുകളില്ല.

ചോദ്യം  :-  പാട്ട് പാടിക്കഴിഞ്ഞപ്പോൾ ഈ ഗാനം ഹിറ്റാകുമെന്ന് കരുതിയിരുന്നോ ?

ജിൻഷ :- പാട്ട് പാടിക്കഴിഞ്ഞപ്പോൾ ഒരു വ്യത്യസ്തമായ ഗാനമാണെന്ന് തോന്നിയിരുന്നെങ്കിലും ഇത്രമാത്രം ഹിറ്റാകുമെന്ന് സ്വപ്നേപി വിചാരിച്ചിരുന്നില്ല.ടി ഡി ദാസനെ ഇഷ്ടപ്പെട്ടവരൊക്കെ ഈ പാട്ടിനേയും ഇഷ്ടപ്പെട്ടു എന്ന് അറിയുന്നു.

ചോദ്യം :- സംഗീത പരിശീലനം,ഗുരുക്കന്മാർ മറ്റ് കലാപ്രവർത്തനങ്ങൾ/പഠനങ്ങൾ ?

ജിൻഷ :- സുർമണി മീരാനാഥൻ, ചന്ദ്രശേഖർ ഭാഗവതർ എന്നിവരുടെ കീഴിലാണ് ഞാൻ സംഗീതം അഭ്യസിച്ചത്. ശ്രീ.എസ് പി ശ്രീനിവാസന്റെ കീഴിൽ ഭരതനാട്യത്തിൽ ബിരുദവും പൂർത്തിയാക്കിയിരുന്നു.ശ്രീ.ശേഖറിന്റെയും ശ്രീമതി ശാരദ മുരളി എന്നിവരുടെ അടുത്ത് കുറച്ച് വർഷമായി വയലിനും പഠിക്കുന്നു.

ചോദ്യം  :- കുടുംബം ?

ജിൻഷ :- എന്റെ അച്ഛൻ ബാബ ആറ്റോമിക് റിസേർച്ച് സെന്ററിലെ ഒരു ശാസ്ത്രജ്ഞനാണ്.വീട്ടമ്മയായ അമ്മയും.തിരക്കിലായിരുന്നിട്ടും ഇവർ രണ്ടു പേരുടേയും പ്രോത്സാഹനമാണ് സംഗീതത്തിലേക്ക് തിരിയാനുള്ള പ്രധാനകാരണം.എത്ര തിരക്കിലാണെങ്കിലും അച്ഛനും അമ്മയും എന്നേയും സഹോദരിയേയും എല്ലാ മത്സരങ്ങൾക്കും കൊണ്ടു പോകുമായിരുന്നു. അനിയത്തി ജ്യോത്സ്ന കെ നാണു ഐഡിയ സ്റ്റാർ സിംഗറിലെ നാലാം സീസണിൽ ഉണ്ടായിരുന്നു.20 വർഷത്തിലധികമായി സംഗീതം അഭ്യസിക്കുന്ന നല്ല പാട്ടുകാരിയാണ് ജ്യോത്സ്ന.നിലവിൽ സോഫ്റ്റെയർ എഞ്ചിനീയറായി ഐ ബി എമ്മിൽ ജോലി ചെയ്യുന്നു.എനിക്ക് പ്രോത്സാഹന്മായി നിന്ന മൂവരോടും ഒരു പാട് സ്നേഹമല്ലാതെ നന്ദി പറയാൻ പറ്റില്ലല്ലോ.തലശ്ശേരിയാണ് എന്റെ ജന്മദേശം.

ചോദ്യം  :- മറ്റ് പ്രോജക്റ്റുകൾ ?

ജിൻഷ :- കൈത്രപ്രം വിശ്വനാഥന്റെ സംഗീത സംവിധാനത്തിൽ "സ്ട്രീറ്റ് ലൈറ്റ്" എന്നൊരു ചിത്രത്തിനു വേണ്ടി പാടി. ശരത് സാറിന്റെ സംഗീതത്തിൽ "തൽസമയം ഒരു പെൺകുട്ടി" എന്ന ചിത്രത്തിലും ഒരു ഗാനമാലപിച്ചു.ജിംഗിൾസുകൾക്കും ഭക്തിഗാനങ്ങളും പാടി..അടുത്തതായി കൈതപ്രം വിശ്വനാഥൻ സംഗീതം ചെയ്യുന്ന സിനിമക്കു വേണ്ടിയും പാടുന്നു.

ചോദ്യം :- സംഗീതമല്ലാതെ എന്ത് ചെയ്യുന്നു ?

ജിൻഷ :- ഇപ്പോൾ ബംഗളൂരിലെ എൽ&ടി ഇൻഫോടെക്കിൽ സോഫ്റ്റെയർ എഞ്ചിനീയറായി ജോലി നോക്കുന്നു.

വെഞ്ചാമരക്കാറ്റേ യുട്യൂബ് വീഡിയോ

Audio: 


If you are unable to play audio, please install Adobe Flash Player. Get it now.

ദാസന്റെ വെഞ്ചാമരക്കാറ്റേ സഞ്ചാരിപ്പൂങ്കാറ്റേ എന്ന പാട്ട് കേൾക്കുക
Contributors: 

പിന്മൊഴികൾ

കലക്കി കിരോ....നല്ല അഭിമുഖം..
പുതിയ ഗായികയെ പരിചയപ്പെടുത്തിയതിനു നന്ദി..

ബാബയല്ല ഭാഭാ..

കിരണ്‍ ചേട്ടന്‍ പറഞ്ഞതുപോലെ ഈ പാട്ടുകേട്ടാല്‍ ഇത് പാടിയ ഒരാള്‍ ഇങ്ങനെയാണെന്ന് വിചാരിയ്ക്കുകയേയില്ല..! :-) ജിന്‍ഷയെ പരിചയപ്പെടുത്തിയതിന് നന്ദി!