വെള്ളരിപ്രാവിന്റെ ചങ്ങാതി-സിനിമാറിവ്യു

സംവിധായകൻ കമലിന്റെ അസിസ്റ്റന്റായിരുന്ന അക്കു അക്ബറും ഒപ്പം ജോസും കൂടി അക്ബർ ജോസ് എന്ന പേരിൽ സംവിധാനം ചെയ്ത ചിത്രങ്ങളായിരുന്നു മഴത്തുള്ളിക്കിലുക്കവും(2002) സദാനന്ദന്റെ സമയവും(2003). പിന്നീട് ഇവർ വേർപിരിഞ്ഞ് അക്ബർ, അക്കു അക്ബറായി വെറുതെ ഒരു ഭാര്യയും(2008) കാണാ കണ്മണിയും(2009) സംവിധാനം ചെയ്തു. 2008 ലെ സൂപ്പർഹിറ്റ് സിനിമയായിരുന്നു വെറുതെ ഒരു ഭാര്യ.

അക്കു അക്ബറിന്റെ പുതിയ സിനിമ 'വെള്ളരിപ്രാവിന്റെ ചങ്ങാതി' സിനിമക്കുള്ളിലെ ഒരു സിനിമയെപ്പറ്റിയാണു പറയുന്നത്. ആ സിനിമയാണ് വെള്ളരിപ്രാവിന്റെ ചങ്ങാതിയുടെ മുഖ്യ കഥയും. നല്ല കഥകൾ നെടു നായകത്വം വഹിച്ചിരുന്ന പഴയ കാല മലയാള സിനിമയുടെ നല്ല കാലത്തെ അയവിറക്കുന്നുണ്ട് ഈ സിനിമ. ലാളിത്യമാർന്നതും താരപരിവേഷമില്ലാത്തതും അതോടൊപ്പം തന്നെ സമീപകാല സിനിമാ സങ്കല്പങ്ങളിൽ വിദേശ ഭാഷ സിനിമയുടേ സ്വാധീനവും കോപ്പിയടിയും കണ്ണഞ്ചിപ്പിക്കുന്ന ഷോട്ടുകൾ കൊണ്ട് വെറും വിസ്മയങ്ങൾ തീർക്കുന്നതിനെ വിമർശിക്കുകയും സിനിമക്കു പിന്നിലെ വഞ്ചനയുടേയും പൊള്ളത്തരത്തിന്റേയും നന്ദികേടിന്റേയും കഥകളെ പരാമർശിക്കുകയും ചെയ്യുന്നുണ്ട്. മലയാള സിനിമയുടെ സമീപകാലത്തെ പുതുമയുള്ള കഥയും ആഖ്യാന രീതിയും (ചിത്രം ഒരു മണിക്കൂറോളം 35 എം എം ലും ബാക്കി സിനിമാസ്കോപ്പിലുമാണു.) ആത്മാർത്ഥതയുമൊക്കെ ഈ സിനിമയിൽ കാണമെങ്കിലും ചിത്രത്തെ പൂർണ്ണമായും ഒരു അനുഭവമാക്കുന്നതിൽ പിന്നണിക്കാർ അല്പം പരാജയപ്പെട്ടുപോകുന്നുണ്ട്.  പുതുമയോടെ തുടങ്ങിയെങ്കിലും ചിത്രാന്ത്യമെത്തുമ്പോൾ നാളിതുവരെയുള്ള മലയാളസിനിമാക്കഥയിലെ അതിനാടകീയതയുടെ രീതികളിലേക്ക് സ്വയമിറങ്ങിപ്പോകുകയും അതുകൊണ്ട് തന്നെ വ്യത്യസ്ഥവും സത്യസന്ധവുമെന്ന് തോന്നിപ്പിച്ച വെള്ളരിപ്രാവ് തന്റെ സ്ഥിരം ലാവണത്തിലേക്ക് കൂടണയുന്ന ദയനീയകാഴ്ചയും കാണേണ്ടി വരുന്നുണ്ട്.

കഥാസാരവും മറ്റ് കൂടുതൽ വിശേഷങ്ങളും സിനിമയുടെ ഡാറ്റാബേസ് പേജിൽ വായിക്കാം.

സിനിമയിലെ പ്രധാന കഥാപാത്രമായ മാണിക്കുഞ്ഞിനെ ഇന്ദ്രജിത്ത് ഒതുക്കത്തോടേ കൈകാര്യം ചെയതിട്ടുണ്ട്. ദിലീപിന്റെ നാളിതുവരെയുള്ള സ്ഥിരം വേഷങ്ങളിൽ നിന്നുള്ള മാറ്റമാണു ഇതിലെ രവിയും ഷാജഹാനും. മറ്റു ചിത്രങ്ങളിലെപ്പോലെ അമിതാഭിനയത്തിലേക്കോ മോശം നിലവാരത്തിലേക്കോ വന്നില്ലെങ്കിലും വലിയൊരു കയ്യടി നേടാൻ ദിലീപിനാകുന്നില്ല . മറ്റെല്ലാ അഭിനേതാക്കളിൽ നിന്നും വ്യത്യസ്ഥമായി മികച്ച പ്രകടനം നടത്തിയത് മനോജ് കെ ജയന്റെ ബഷീർ/കൃഷ്ണൻ ആണ്. ചില സീനുകളിൽ മികച്ച പ്രകടനവും പ്രേക്ഷകരുടെ കയ്യടിയും മനോജ് കെ ജയൻ നേടി. കാവ്യാമാധവന്റേയും മറ്റു അഭിനേതാക്കളുടേയും പ്രകടനങ്ങൾ സാധാരണ പോലെ തന്നെ.

വിപിൻ മോഹനും സമീർ ഹക്കും ചേർന്നൊരുക്കിയ ക്യാമറ ദൃശ്യങ്ങൾ ചിത്രത്തിനു ചേരുന്നു. പഴയ കാലത്തെ അനുസ്മരിപ്പിക്കുന്ന ലോക്കഷനുകളും പരിസരങ്ങളുമെല്ലാം നല്ല രീതിയിൽ പകർത്തിയിട്ടുണ്ട്. സായ് കുമാറീന്റെ വരിക്കോളി മാഷ് കഥപറയുമ്പോൾ വരിക്കോളി മാഷിന്റെ പേർസ്പെക്ടീവിൽ ക്യാമറ ചലിപ്പിച്ചതൊക്കെ നന്നായിട്ടുണ്ട്.  ഗിരീഷ് മേനോന്റെയ്യും നാഥൻ മണ്ണൂരിന്റേയും കലാ സംവിധാനവും നന്നായിട്ടുണ്ട്. പക്ഷേ, മലയാള സിനിമയിലെ ചമയ വിഭാഗം ഇപ്പോഴും ഒരു മാറ്റവുമില്ലാതെ തുടരുന്നു. പ്രൊഫഷണൽ നാടകങ്ങളുടേയും പ്രച്ഛന്ന വേഷങ്ങളുടേയും സ്വാധീനം ഇപ്പോഴും കുറവില്ല. 40 വർഷങ്ങൾക്കിപ്പുറം കഥാപാത്രങ്ങളെ കാണിക്കുമ്പോൾ ശരീരത്തിനോ തൊലിക്കോ യാതൊരു മാറ്റമോ തിളക്കക്കുറവോ ഇല്ലെന്നു മാത്രമല്ല തലയും താടിയും നരപ്പുമെല്ലാം വളരെ കൃത്രിമമാക്കാൻ 'വളരെ  അദ്ധ്വാനിച്ചിട്ടൂണ്ട്'. കുമാറിന്റെ വസ്ത്രാലങ്കാരം പഴയ കാലഘട്ടത്തെ പുനർജ്ജീവിപ്പിച്ചിട്ടൂണ്ട്.
വയലാർ ശരത് ചന്ദ്ര വർമ്മയുടേ വരികൾക്ക് മോഹൻ സിതാരയുടേ സംഗീതം സിനിമയെ പഴയ കാലത്തേക്ക് കൂട്ടിക്കൊണ്ട് പോകുന്നുണ്ട്. മോഹൻ സിതാരയുടേ ഈണങ്ങൾക്കും ശ്രേയാ ഘോഷാൽ, കബീർ എന്നിവരുടേ ആലാപനത്തിനും ഹൃദ്യതയുണ്ട്. പ്രത്യേകിച്ച്  'പതിനേഴിന്റെ പൂങ്കരളിൽ.." "തെക്കോ തെക്കൊരിക്കൽ.." എന്നീ ഗാനങ്ങൾ.

സൂപ്പർ ഹിറ്റ് സമവാക്യങ്ങൾ മാത്രം നെയ്തുകൂട്ടുന്ന മലയാള സിനിമയിൽ ഇത്തരമൊരു സംരഭത്തിനു (ഒരു പരീക്ഷണ ചിത്രമെന്നും പറയാം) തയ്യാറായ സംവിധായകന്റേയും നിർമ്മാതാക്കളുടേയും ആത്മാർത്ഥതയും ധൈര്യവും പ്രത്യേകം പരാമർശിക്കപ്പെടണം. ഒരു പക്ഷെ ഈയൊരു ചിത്രം തമിഴോ ഹിന്ദിയോ പോലുള്ള ഭാഷകളിലാണ് നിർമ്മിക്കപ്പെട്ടിരുന്നെങ്കിൽ എന്നെന്നും ഓർത്തിരിക്കാവുന്ന ഒന്നായും സാമ്പത്തിക വിജയവും നേടുമായിരുന്നു. കാരണം അതിനുള്ള സ്കോപ്പുകൾ ഈ സിനിമയിലുണ്ട്. വലിയൊരു ക്രിയേറ്റീവ് ടീമിന്റെ അഭാവയും തയ്യാറെടുപ്പുമില്ലായ്മയുമാണ് ഈ സിനിമയെ ഒരു കേവല സൃഷ്ടിയിലേക്ക് കൂപ്പുകുത്തിച്ചത് എന്ന് ഊഹിക്കുന്നു.  എങ്കിലും സൂപ്പർ താരങ്ങളും സംവിധായകരും ഇപ്പോഴും ലോജിക്കുകൾ ഏഴയലത്തുവരാത്ത കഥയില്ലാ കോമാളിചിത്രങ്ങൾ ചെയ്തിറക്കുമ്പോൾ ആത്മാർത്ഥശ്രമത്തിന്റെ ഭാഗമായി വന്ന ലാളിത്യമാർന്ന വെള്ളരിപ്രാവിനെ ഒരു പ്രാവശ്യമൊക്കെ കാണാം. അതിനുള്ള സൗന്ദര്യമൊക്കെ വെള്ളരിപ്രാവിനായി ഒരുക്കിയിട്ടൂണ്ട്.

വാൽക്കഷ്ണം :  നൊസ്റ്റാൾജിയ മലയാളി എപ്പോഴും കൂടെപേറുന്നൊരു വാക്കാണ്, അല്ലെങ്കിൽ അനുഭവമാണ്. പഴയ ശൈലി, ജീവിതം, പാട്ട്, സിനിമ, പഴയ കാലം അങ്ങിനെ എന്തും പഴയതായിരുന്നു നല്ലതെന്നും അതിനെ നൊട്ടിനുണഞ്ഞുമാണ് ഭൂരിഭാഗം മലയാളിയുടേയും ചിന്തകളും. ആ നൊസ്റ്റാൾജിയ ആവേശിച്ച ഒരു കൂട്ടം പ്രവർത്തകരായിരിക്കണം ഈ സിനിമയുടെ സംരംഭകർ. പുതിയ ജീവിതരീതികളും കാഴ്ചപ്പാടുകളും ആസ്വാദനശീലങ്ങളുമായി നവ മലയാളി പുതിയ മേച്ചിൽപുറങ്ങൾ തേടുമ്പോൾ നമ്മുടേ കാഴ്ച-ആസ്വാദന ശീലങ്ങളെ എഴുപതുകളിലേക്ക് കൊണ്ടുപോകുന്നതിന്റെ ആവശ്യകത എന്തിനാണെന്നു മനസ്സിലാകുന്നില്ല.

Contributors: 

പിന്മൊഴികൾ