എല്ലാറ്റിനും അതിന്റേതായ സമയമുണ്ട് മോനേ ദാസാ..!

വർഷം 1986-87..നാലാം ക്ലാസ്സിൽ പഠിക്കുന്ന സമയം. ദൂരദർശനിലെ ശനിയാഴ്ച്ച വരുന്ന ഹീമാനെന്ന കുട്ടികളുടെ പരമ്പര,അതിനു ശേഷമുള്ള മലയാള സിനിമ, റേഡിയോയിൽ കേട്ട് ഇഷ്ടപ്പെട്ട പാട്ടുകൾ വല്ലതുമുണ്ടെങ്കിൽ റിപ്പീറ്റ് ചെയ്ത് കേൾക്കാൻ പറ്റുന്ന ടേപ്പ് റെക്കോർഡർ ഉള്ളത്, ഇതൊക്കെയാണ് സ്ഥിരമായി ജോർജ്ജുകുട്ടിയമ്മാച്ചന്റെ വീട്ടിൽപ്പോകണമെന്ന് കിടന്ന് വാശിപിടിക്കുന്നത്. ഇത്തരം കാര്യങ്ങൾ അന്നുമുതലേ നമ്മളറിയാതെ നമ്മുടെ അസ്ഥിയിന്മേൽ പറ്റിപ്പിടിച്ചിരിക്കുന്നുണ്ടെന്ന് എവിടെയെങ്കിലും ബന്ധുഭവനങ്ങളിൽപ്പോവുമ്പോൾ കുത്തിമറിയാനാണെന്ന് തെറ്റിദ്ധരിച്ച് ഒറ്റക്കീറുവച്ചു തരുമെന്നു പറയുന്ന, അപ്പനുമമ്മയുമെന്ന പൂവർ ഗയ്സിനറിയാമോ ? അങ്ങനൊരു ദിവസം അമ്മാച്ചഭവനത്തിൽ അർമ്മാദിച്ച് നടന്ന ദിവസം ഒരു പാട്ടു കേട്ടു. ഒരു നാലം ക്ലാസ്സുകാരനെ അടിച്ച് താഴെക്കിടത്തിയ, മനം മയക്കുന്നൊരു പാട്ട് ,അന്നോളം കേട്ടിട്ടുള്ളതിൽ വച്ച് ഒരു മധുരസ്വരം. എന്താണ് ആരാണെന്നറിയുന്നതിനു മുമ്പേ പാട്ടു തീർന്നു. വീണ്ടും കേൾക്കാനാഗ്രഹം. പതുക്കെപ്പതുക്കെ പ്രായമാവുന്നതിനുസരിച്ച് അത് കണ്ട് പിടിച്ചു. പാടിയത് പുതിയ ഗായകൻ ജി വേണുഗോപാൽ..പാട്ട് " പൊന്നും തിങ്കൾ പോറ്റും മാനേ..രാരി രാരിരം രാരോ "..ഒരു പക്ഷേ അന്നേ തുടങ്ങിയതാവണം ആ പാട്ടിനോടും ഗായകനോടുമുള്ള ഒരു ഇഷ്ടം.

ചില സംഗതികളോട് നമ്മൾക്കുണ്ടാവുന്ന അസാധാരണമായ അടുപ്പത്തേപ്പറ്റി "കേട്ടും കണ്ടും വട്ടായി" എന്ന് പറയാറുണ്ട്. സംഗതിയതു തന്നെ, ഗായകനോടും അദ്ദേഹത്തിന്റെ പാട്ടുകളോടുമുള്ള ഇഷ്ടം പ്രമാണിച്ച് ഒരോ പാട്ടുകളും കണ്ടെത്തി പതുക്കെ മൂളാൻ തുടങ്ങി. ഏതെങ്കിലുമൊരു വേദിയിൽ ആരെങ്കിലും പാട്ടുകൾ പാടുമോയെന്ന് ചോദിച്ചാൽ സംഗതിയും ഷഡ്ജവും മറ്റ് ചേരുവകളൊന്നുമില്ലെങ്കിലും വേണുഗോപാലിന്റെ പാട്ടുകൾ ചാടിക്കേറിപ്പാടിക്കളയും. കോളേജിൽ പഠിക്കുന്ന സമയത്ത് , ബ്ലോഗ് തുടങ്ങിയ സമയത്ത് , സൗഹൃദക്കൂട്ടായ്മകളിലൊക്കെ , ആരെവിടെ എപ്പോൾ ചോദിച്ചാലും ജനഗണമന പാടുന്നത് പോലെ പാടി നടന്ന വേണുഗാനങ്ങൾ. പാട്ടിഷ്ടമില്ലാതിരുന്ന ഒരു സഹമുറിയൻ മേലാൽ ഇനി നീ ഈ പാട്ട് പാടിപ്പോയാൽ ശരിപ്പെടുത്തിക്കളയും എന്ന് ഭീഷണി വരെ മുഴക്കിയിട്ടുണ്ട്. (സത്യത്തിൽ ഒറിജിനൽ പാട്ടിനോടുള്ള ഇഷ്ടം കൊണ്ടാണ് അവൻ അങ്ങനെ പറഞ്ഞതെന്ന് ഊഹിക്കാമല്ലോ :)

എന്തായാലും സംഗതി ഇത്രയൊക്കെ ആയപ്പോൾ ഗായകനെ നേരിട്ടു കാണണമെന്ന ആഗ്രഹം ഒരിച്ചിരെ റിയലിസ്റ്റിക്കാക്കാമെന്ന് തോന്നി. 2004ന്റെ തുടക്കത്തിൽ പാട്ടുകളുടെ വരികൾ ശേഖരിച്ച് ഒരു വെബ്സൈറ്റു തുടങ്ങുന്ന സമയത്ത് ആക്കൂട്ടത്തിലുണ്ടായിരുന്ന മ്യൂസിക് ഇൻഡസ്ട്രിയിൽ അത്യാവശ്യം പിടിപാടുള്ള ഒരു സുഹൃത്ത് വേണുഗോപാലിന്റെ നമ്പർ സംഘടിപ്പിച്ചു തന്നു. വേറൊന്നും ആലോചിച്ചില്ല , ചാടിക്കേറിവിളിച്ചു. ഒന്ന് കാണണം, പറ്റിയാൽ ഒരു ചെറുസൗഹൃദസംഭാഷണം റെക്കോർഡ് ചെയ്തെടുക്കണം. പക്ഷേ വിളിയ്ക്കപ്പുറമുള്ള കാര്യങ്ങൾക്കൊന്നും ജന്മനാ ധൈര്യമില്ല, കൂട്ടുകാരനായ ജോ അന്ന് M-pod എന്നൊരു സംഗതി തുടങ്ങി വച്ചിട്ടുണ്ട്. സംഗീതജ്ഞർ,സംഗീതപ്രേമികൾ സാമൂഹികപ്രവർത്തകർ അങ്ങനെ തുടങ്ങിയവരുമായുള്ള ഇന്റർവ്യൂകൾ ഓഡിയോ പോഡ്കാസ്റ്റിംഗ് പരമ്പരയായി പ്രക്ഷേപണം ചെയ്യുക എന്നതാണ് M-Pod വഴി ജോ ചെയ്തിരുന്നത്. വേണുഗോപാലിനെ കാണുകയുമെന്ന അങ്കവും എമ്പോഡിനൊരു എപ്പിസോഡെന്ന താളിയുമൊടിക്കാമെന്ന് പ്ലാനിട്ടു.

അങ്ങനൊരു ദിവസം തൃശ്ശൂരു നിന്നു ജോയും മാവേലിക്കരയിൽ നിന്ന് ഞാനും കൂടി തിരുവനന്തപുരത്തിനു വെച്ചടിച്ചു. എന്തിനേറെപ്പറയുന്നു അവസാന നിമിഷം സൂര്യ ഫെസ്റ്റിവലിനോടനുബന്ധിച്ച് അദ്ദേഹത്തിന്റെ എന്തോ തിരക്കിൽ ആ കൂടിക്കാഴ്ച്ച നടന്നില്ല. പതുക്കെപ്പതുക്കെ വേണുഗോപാലെന്ന സെലിബ്രറ്റിയും നമ്മുടെ ആഗ്രഹങ്ങളും മറ്റേതൊരു സാധാരണക്കാരന്റെയും പരുക്കനായ ജീവിത യാത്രകളിലെന്ന പോലെ ടിവിയുടെ മുന്നിലോ പാട്ടുകളിലോ ഒക്കെ കടന്നുവരുന്നത് പോലെ മാത്രം നിറഞ്ഞു നിന്നു.

"ദി ടെർമിനൽ" എന്ന സിനിമയിൽ ടോം ഹാങ്ക്സ് അവതരിപ്പിക്കുന്ന "വിക്റ്റർ നവോർസ്ക്കി" എന്നൊരു കഥാപാത്രമുണ്ട്. തന്റെ അപ്പന്റെ ആഗ്രഹപ്രകാരം അദ്ദേഹത്തിന്റെ ഇഷ്ടഗായകനെ കാണാൻ അമേരിക്കയിൽ എത്താൻ ശ്രമിക്കുന്ന എയർപോർട്ടിന്റെ ടെർമിനലിൽ കഴിയേണ്ടിവരുന്ന ഒരു പാവത്തിന്റെ കഥയാണതിൽ പരാമർശിക്കുന്നത്. യാത്ര പുറപ്പെട്ടതിനു ശേഷം  അയൽരാജ്യവുമായുള്ള യുദ്ധത്തിൽ തന്റെ രാജ്യം തകർന്ന് തരിപ്പണമായെന്നറിഞ്ഞിട്ടും, ഇനിയൊരു ഐഡന്റിറ്റിക്ക് തന്റെ പാസ്പോർട്ടിലുള്ള സ്വന്തം രാജ്യത്തിനു വിലയില്ലെന്നറിഞ്ഞിട്ടും ആ നായകൻ അമേരിക്കൻ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരുടെ മനമലിയിപ്പിച്ച് ലക്ഷ്യം നേടുന്ന ചില കാഴ്ച്ചകളുണ്ട്. അത്തരം സാഹസികതകളൊന്നുമില്ലെങ്കിലും എനിക്കും ഒരു ദിവസം ജി വേണുഗോപാലെന്ന ഗായകന്റെ ഒരു ദിനത്തിലേക്ക് അപ്രതീക്ഷിതമായി ഇടിച്ചു കയറിച്ചെല്ലണമെന്ന് ആഗ്രഹിച്ചിരുന്നു.

ഇന്നലെ ഏകദേശം 25 വർഷം പൂർത്തിയായ ആ ആഗ്രഹത്തിനു വിരാമമിട്ടു..!

സാധാരണയായി പ്രവാസലോകത്ത് എത്തുന്ന സെലിബ്രറ്റികളുടെ ചില നിസ്സഹായ അവസ്ഥകളുണ്ട്. സ്വീകരിക്കുന്നവരുടേയും താമസമോ  മറ്റ് സൗകര്യങ്ങളൊക്കെ ഒരുക്കുന്നവരുടെയോ അവരുടെ ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ ഒക്കെ  അതിരുകടന്ന അതിഥിസൽക്കാരവും സ്നേഹപ്രകടനവും കാരണം പലതും നിഷേധിക്കാനാവാതെയുള്ള ഒരു അവസ്ഥ. അത് കൊണ്ട് തന്നെ വരുന്ന സെലിബ്രറ്റികളെയൊന്നും അത്തരത്തിൽ ബുദ്ധിമുട്ടിക്കരുതെന്ന് ഉദ്ദേശിച്ചിരുന്നുവെങ്കിലും എം3ഡിബിക്ക് വേണ്ടി ഒരു ഇന്റർവ്യൂ ചെയ്യുക എന്ന ലക്ഷ്യം മുൻ നിർത്തി  സുഹൃത്തായ ഷാനവാസ് വഴി ഇന്നലെ ദോഹയിലെത്തിയ വേണുഗോപാലിനെ കാണാം എന്ന് ശട്ടം കെട്ടി.

റിഹേഷ്സൽ നടക്കുന്ന സംസ്കൃതിയുടെ ഓഡിറ്റോറിയത്തിലേക്ക് ഷാനവാസ് കൂട്ടിക്കൊണ്ട് പോയി. പിറ്റേന്ന് ജോൺസന്മാസ്റ്ററുടെ അനുസ്മരണാർത്ഥം നടക്കുന്ന ഗാനമേളയുടെ പ്രാക്റ്റീസ് തകൃതിയായി നടക്കുന്നുണ്ട്. കക്ഷി ഇടവേളക്ക് പുറത്തിറങ്ങിയപ്പോൾ വാതിലിനു മറവിൽ നിന്ന് ഒറ്റക്ക് ചാടിപ്പിടിക്കുക എന്ന സ്റ്റിംഗ് ഓപ്പറേഷൻ ഫലം കണ്ടൂ. ഷാനവാസ് പരിചയപ്പെടൂത്താൻ തുടങ്ങി.

ചേട്ടാ ഇത് കിരൺ,മലയാളം മൂവി ഡാറ്റാബേസിന്റെ ഭാഗമായി ഒരു ചെറിയ ഇന്റർവ്യൂ സംഘടിപ്പിക്കാൻ വന്നതാണ്.
ഉറച്ചു പോയ നിൽപ്പിൽ നിന്ന്  ഞാനും മുന്നോട്ടൊന്നാഞ്ഞ് കൈകൊടുക്കാൻ ശ്രമിച്ചു.
ചേട്ടാ ഞാൻ...ഇന്നാളിൽ ഫേസ്ബുക്കിൽ..പാട്ട് അയച്ചു തന്ന....

കിരൺസ് അല്ലേ ? ഫോട്ടോ കണ്ട പരിചയം. ദോഹയിലാണോ താമസം ?

തിരിച്ച് ചോദിച്ചത് കേട്ടപ്പോ ഒരു പത്തഞ്ഞൂറ് ലോഡ് ലഡൂ ഒന്നിച്ച് പൊട്ടിയത് മാത്രമേ ഓർമ്മയുള്ളൂ.(കിലുക്കത്തിൽ ഇന്നസെന്റിനു ലോട്ടറി അടിച്ചെന്നറിയുമ്പോൾ താഴെ വെട്ടിവീണു ചിരിക്കുന്ന ചില വികൃതസ്വരങ്ങളുണ്ട്. സത്യത്തിലത് ഭയങ്കര കോമഡിയൊന്നുമല്ല,അത്തരം അവസ്ഥാവിശേഷം ആർക്കും എപ്പോഴുമുണ്ടാകാവുന്നതേയുള്ളൂ ).

പിറ്റേന്ന് രാവിലെ കാണാൻ നോക്കാം. രാവിലെ വിളിക്കൂ എന്നൊക്കെ പറഞ്ഞതൊന്നും കൃത്യമായി തലയിൽ രജിസ്റ്റർ ചെയ്തില്ല. ചില സിനിമകളിൽ പറവൂർ ഭരതൻ നിലാവത്തഴിച്ചു വിട്ട കോഴിയേപ്പോലെ അഭിനയിക്കുന്ന രംഗങ്ങളുണ്ട്, ഇതെന്താവിടിപ്പോ സംഭവിച്ചേ ? ഏകദേശം അതേ പോലെ വണ്ടീയിൽ കയറിയിരുന്ന് ഭാവനയുടെ തേരോടിച്ച് വീട്ടിലെത്തി. വർത്തമാനകാലത്തിലേക്ക് തിരിച്ച് വന്നപ്പോ അപായമണി മുഴങ്ങി. ഇന്റർവ്യൂ ചോദ്യങ്ങൾ വേണ്ടേ ?. ആദ്യം ചെയ്തത് എം3ഡിബിയുടെ ജീവശ്വാസങ്ങളായ ഉമേച്ചിയെയും കുമാറേട്ടനേയും വിളിച്ച് (ജി വേണുഗോപാലിനെ ആദ്യമായി ക്യാമറയുടെ മുന്നിലെത്തിച്ച ഗുരോ കുമാറേട്ടൻ - ബ്രാഹ്മിൺസ് കറി പൗഡറുകൾ ) ചോദ്യങ്ങൾ വേണം എന്ന് പറയുക ആയിരുന്നു. ഒരു ഗ്രൂപ്പ് ചോദ്യങ്ങൾ കിട്ടി.

രാവിലെ എണീറ്റ് കുളിച്ച് കുട്ടപ്പനായി ആളെ വിളിച്ചു.എന്തോ അത്യാവശ്യമായി പുറത്ത് പോവണമെന്ന മറുപടി കേട്ട് പഴയ തിരുവനന്തപുരം യാത്രയും നടക്കാതെ പോയ മീറ്റിംഗും ഒക്കെ ഓർമ്മ വന്നു. ഭാര്യയുടെയും അനിയത്തിയുടേയും,എന്തിന് കുഞ്ഞിച്ചെക്കന്റെയും മുഖത്ത് വന്ന ചിരി പരിഹാസമാണോ സഹതാപം ആണോ എന്ന് കൃത്യമായി കൂലങ്കഷമായി ചിന്തിച്ച് മനസിലാക്കി വരുമ്പോഴേക്കും പതിനൊന്ന് മണിക്ക് ഷാനവാസ് വഴി നമ്മുടെ ആശാൻ തിരികെ വിളിച്ചു. ഷോയുടെ പിറ്റേന്ന് രാവിലെ കാണാം എന്നുറപ്പിച്ചു.

പിറ്റേന്ന് രാവിലെ പുറപ്പെട്ടു. ഷൂട്ടിംഗിന്റെയും ഇന്റർവ്യൂവിന്റെ മോറൽ സപ്പോർട്ടുമായി വിനീതും എത്തി. ക്യാമറ കൈകാര്യം ചെയ്യാൻ അനീഷ് എന്ന ആളെയും കൂട്ടി ഹോട്ടൽ ലോഞ്ചിൽ കാത്തിരുന്നു. ഫോട്ടോയിൽ കാണൂന്നതിലും സിബ്ലനായി ആശാൻ പ്രത്യക്ഷനായി. മൂവരോടും ഒരുമിച്ചിരുന്ന് പ്രഭാതഭക്ഷണം കഴിഞ്ഞ് ഷൂട്ടിംഗ് തുടങ്ങാമെന്ന് പറഞ്ഞു. അങ്ങനെ കണ്ടു. സംസാരിച്ചു. ഒരുമിച്ചിരുന്ന് പ്രാതൽ കഴിച്ചു. പണ്ട് തിരുവനന്തപുരത്ത് കാണാൻ ജോയേയും കൂടി എത്തിയതൊന്നും ആൾ മറന്നിട്ടില്ല. എങ്കിലും സംസാരിക്കുമ്പോൾ ഇത്രയും കാലം കൊണ്ടു നടന്ന നമ്മുടെ ഹിഡൺ അജണ്ട ആവേശഭരിതമായി തുള്ളിത്തുളൂമ്പിപ്പോവാതിരിക്കാൻ കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു എന്നത് ആശാനു മനസിലായോ എന്തോ :). എന്തായാലും ജീവിതത്തിലെ ഒരു പ്രധാന ആഗ്രഹം പേപ്പറിൽ നിന്ന് വെട്ടിക്കളഞ്ഞു. കൂടെയുണ്ടായിരുന്ന വിനീതിനും ഏകദേശം ഇതേ അനുഭവങ്ങളാണെന്ന് പറഞ്ഞു..എനിവേ..വീ ആർ ദ ഹാപ്പി ..!!

കുറഞ്ഞ സമയത്തിനുള്ളിലും ഇത്തരമൊരു സംഗതിയുണ്ടെന്നറിഞ്ഞ് പെട്ടെന്ന് എം3ഡിബിയിലെ ചില സുഹൃത്തുക്കളയച്ചു തന്ന നിർദാക്ഷിണ്യമായ ചോദ്യങ്ങൾ :) ഒരേ ടൈപ്പ് പാട്ടുകൾ പാടി നിന്നതിനേപ്പറ്റി,രവീന്ദ്രൻ മാഷിനൊരു എക്കാലത്തെയും ഹിറ്റും ഇളയരാജക്ക് പാടി മികച്ച ഗായകനെന്ന സംസ്ഥാന അവാർഡ് മേടിച്ചിട്ടും അത്തരം പാട്ടുകൾ ജനിക്കാതിരുന്നതിനേപ്പറ്റിയുമൊക്കെ തലങ്ങും വിലങ്ങും ചോദിച്ചു. എല്ലാറ്റിനും വളരെ വിശദമായ മറുപടികൾ.

എല്ലാം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ഒരു കാര്യം മനസിലായി.ദക്ഷിണേന്ത്യയിലെ ഗായകരുടെ നിര എടുത്ത് പരിശോധിച്ചാൽ വേണുഗോപാൽ എന്ന ഗായകൻ ഒന്നാംസ്ഥാനത്ത് വരികയില്ലായിരിക്കാം.പക്ഷേ ചില കാര്യങ്ങളിൽ വേണുഗോപാൽ പലരെയും തോൽപ്പിച്ചു കളയുമെന്ന് തോന്നിപ്പോയി.ഇന്റർവ്യൂ കാണൂമ്പോൾ ചിലതൊക്കെ മനസിലാകും.

ഇത് വേണുഗോപാലുമായുള്ള എം3ഡിബിയുടെ പ്രൊമോഷണൽ വീഡിയോ ആണ്. ഈ പ്രൊമോ വിഡിയോയും ചിത്രങ്ങളും മറ്റൊരു ഹാൻഡി ക്യാമറയിൽ എം3ഡിബിയുടെ അഡ്മിൻ ടീം അംഗമായ വിനീത് ശങ്കറാണ് എടുത്തത്.ഒരു സെലിബ്രറ്റിയുടെ മുൻപിലകപ്പെട്ട് പോകുന്ന  പരിഭ്രമത്തിലും എന്തൊക്കെച്ചെയ്ത് കൂട്ടുമെന്ന ആക്രാന്തത്തിനിടയിലും മനസാന്നിധ്യം  കൈവിടാതെ ചുള്ളൻ പണിപറ്റിച്ചു. ഈ ഇന്റർവ്യൂവിലേക്കും ഒരു സാധാരണക്കാരന്റെ ഇമ്മിണി വല്യ സ്വപ്നത്തിനും ജീവൻ വയ്പ്പിച്ചതിന് സഹായമായി നിന്ന ഒരാൾ കൂടിയുണ്ട്..ദോഹ,ഖത്തറിലെ സംസ്കൃതിയുടെ "ഷാനവാസ്  എലച്ചോല".
നന്ദി പറഞ്ഞവസാനിപ്പിക്കുന്നില്ല.

(സോഷ്യൽ നെറ്റ്‌വർക്കുകളൊക്കെ വളർന്ന് പടർന്ന് പന്തലിച്ച ഇക്കാലത്ത് ഒരു സെലിബ്രറ്റിയെ കണ്ടുമുട്ടുക,കൂടെ അല്പനേരം ചിലവിടുക എന്നതൊരു വലിയ കാര്യമൊന്നുമല്ല.പക്ഷേ കുട്ടിക്കാലം മുതലേ ഫാസിനേഷൻ തോന്നിയ ഒരു സ്പെസിഫിക് വ്യക്തിത്വത്തെ കണ്ടെത്തുമ്പോഴുള്ള ഒരു വികാരത്തെ കൃത്യമായി നേരിടാനുള്ള പ്രൊഫഷ്ണൽ മാനേജ്മെന്റ് ടൂളുകളൊന്നും വികസിപ്പിച്ചെടുത്തില്ലെങ്കിൽ ഇങ്ങനിരിക്കും :)

അപ്ഡേറ്റ് :- ഇന്റർവ്യൂ പൂർണ്ണമായി ഇവിടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.കാണുക.

Contributors: 

പിന്മൊഴികൾ

മനസ്സില്‍ അതിയായ ആഗ്രഹവും, ലക്ഷ്യബോധവുമുണ്ടെങ്കില്‍ എല്ലാം അസാധ്യം.. ദ ടെര്‍മിനല്‍ എന്നമൂവി ഒരുപാട് മോട്ടീവേറ്റ് ചെയ്ത ഫിലിം ആണ്.. എന്തായാലും അതുപോലെ തന്നെ നിങ്ങളുടെയും ആഗ്രഹം സാധിച്ചുവല്ലോ.. വിശദമായ ഇന്റര്‍വ്യൂവിന് കാത്തിരിയ്ക്കുന്നു..

അഭിനന്ദനങ്ങള്‍

നന്ദി കൊച്ചുമുതലാളി.ലക്ഷ്യബോധത്തേക്കാളുപരി ഷാനവാസ് സഹായിച്ചത് കൊണ്ടാണിപ്പോഴെങ്കിലും ഇത് നടന്നത് :)

2004ൽ ഈ വെബ്ബിന്റെ അടിസ്ഥാനശിലയിടാൻ മുന്നിട്ടിറങ്ങി. തുടർന്ന് ഒരു പറ്റം നിസ്വാർത്ഥരായ സുഹൃത്തുക്കളുടെ പ്രകാശവലയത്തിലകപ്പെട്ടതോടെ ജീവിതം സംഭവബഹുലവും മനസ്സ് യൗവ്വനതീക്ഷ്ണവുമായി :) . ഈണം എന്ന ഒരു സംരംഭം കൂടി തുടങ്ങി. 

വരുമെടെ..കൊഞ്ചം ടൈം കൊടുങ്കോ മച്ചാൻ :)

2004ൽ ഈ വെബ്ബിന്റെ അടിസ്ഥാനശിലയിടാൻ മുന്നിട്ടിറങ്ങി. തുടർന്ന് ഒരു പറ്റം നിസ്വാർത്ഥരായ സുഹൃത്തുക്കളുടെ പ്രകാശവലയത്തിലകപ്പെട്ടതോടെ ജീവിതം സംഭവബഹുലവും മനസ്സ് യൗവ്വനതീക്ഷ്ണവുമായി :) . ഈണം എന്ന ഒരു സംരംഭം കൂടി തുടങ്ങി. 

കിരണ്‍സ് ഇലച്ചോലയല്ല ഏലച്ചോലയാണേ.. ഇംഗ്ലീഷില്‍ Elachola എന്നെഴുതിയാലും.
കൂടാതെ, എയര്‍പോര്‍ട്ടില്‍ വെച്ച് തിരിച്ചു പോകാന്‍ നേരം വേണുഗോപാല്‍ജി കിരണ്‍സിന്‍റെ അഭിമുഖത്തെ പറ്റി നല്ല ഒരഭിപ്രായം ചോദിക്കാതെ തന്നെ പറയുകയും ചെയ്തു.

ഷാനുക്കയെന്ന ഷാനുവിനിനി നന്ദി പറയുന്നില്ല. ഇതിലിത്രയും കാര്യങ്ങൾ ഒളിച്ചിരിക്കുന്നുണ്ടെന്ന് മനപൂർവ്വം പറയാഞ്ഞതാണ്..സംഗതി നടന്നില്ലെങ്കിലോ എന്ന് കരുതി :) തിരുത്ത് വരുത്തിയിട്ടുണ്ട്.

2004ൽ ഈ വെബ്ബിന്റെ അടിസ്ഥാനശിലയിടാൻ മുന്നിട്ടിറങ്ങി. തുടർന്ന് ഒരു പറ്റം നിസ്വാർത്ഥരായ സുഹൃത്തുക്കളുടെ പ്രകാശവലയത്തിലകപ്പെട്ടതോടെ ജീവിതം സംഭവബഹുലവും മനസ്സ് യൗവ്വനതീക്ഷ്ണവുമായി :) . ഈണം എന്ന ഒരു സംരംഭം കൂടി തുടങ്ങി. 

കിരൺസിനെ പരിചയപ്പെട്ടകാലം മുതൽ മനസ്സിലാക്കിയതാണ് വേണുഗോപാൽ എന്ന ഗായകനോടുള്ള ആരാധന. ഇപ്പോൾ അദ്ദേഹത്തെ നേരിൽ കാണാനും ഒരു അഭിമുഖം നടത്താനും അവസരം ഉണ്ടായാതിൽ കിരൺസിനുള്ള ആഹ്ലാദം പറയാതെ തന്നെ ഊഹിക്കാൻ സാധിക്കുന്നു. അങ്ങനെ ഒരു ചിരകാലാഭിലാഷം സഫലമായതിൽ ആദ്യമായി അഭിനന്ദിക്കട്ടെ. എത്രയും വേഗം എം3ഡിബിയ്ക്കു വേണ്ടി നടത്തിയ ഈ അഭിമുഖം കാണാൻ സാധിക്കും എന്ന് കരുതുന്നു.

മണിക്കിക്കാര്യം അറിയാമെന്നെനിക്കറിയാമായിരുന്നു :)

2004ൽ ഈ വെബ്ബിന്റെ അടിസ്ഥാനശിലയിടാൻ മുന്നിട്ടിറങ്ങി. തുടർന്ന് ഒരു പറ്റം നിസ്വാർത്ഥരായ സുഹൃത്തുക്കളുടെ പ്രകാശവലയത്തിലകപ്പെട്ടതോടെ ജീവിതം സംഭവബഹുലവും മനസ്സ് യൗവ്വനതീക്ഷ്ണവുമായി :) . ഈണം എന്ന ഒരു സംരംഭം കൂടി തുടങ്ങി. 

പാമരനൊരു ലാസ്റ്റ് മിനിറ്റ് മെയിൽ അയച്ചിരുന്നു.എന്തെങ്കിലും പറയണോന്ന് കരുതി..കിട്ടിയോന്ന് സംശയമുണ്ട്..മെയിൽ അഡ്രസ് മാറിയോ ?

2004ൽ ഈ വെബ്ബിന്റെ അടിസ്ഥാനശിലയിടാൻ മുന്നിട്ടിറങ്ങി. തുടർന്ന് ഒരു പറ്റം നിസ്വാർത്ഥരായ സുഹൃത്തുക്കളുടെ പ്രകാശവലയത്തിലകപ്പെട്ടതോടെ ജീവിതം സംഭവബഹുലവും മനസ്സ് യൗവ്വനതീക്ഷ്ണവുമായി :) . ഈണം എന്ന ഒരു സംരംഭം കൂടി തുടങ്ങി. 

നന്ദി ബിജൂ നന്ദി :)

ബിന്ദു..സന്തോഷം :)

കുമാറേ..നീ പരിപാടി കണ്ടിരുന്നോ ?

2004ൽ ഈ വെബ്ബിന്റെ അടിസ്ഥാനശിലയിടാൻ മുന്നിട്ടിറങ്ങി. തുടർന്ന് ഒരു പറ്റം നിസ്വാർത്ഥരായ സുഹൃത്തുക്കളുടെ പ്രകാശവലയത്തിലകപ്പെട്ടതോടെ ജീവിതം സംഭവബഹുലവും മനസ്സ് യൗവ്വനതീക്ഷ്ണവുമായി :) . ഈണം എന്ന ഒരു സംരംഭം കൂടി തുടങ്ങി. 

Congratulations Aju! He is one of my favourite signers.
Waiting to listen to the interview.

Nee aalu midukkan thanne!

Thank you Nabeesaammo :)

2004ൽ ഈ വെബ്ബിന്റെ അടിസ്ഥാനശിലയിടാൻ മുന്നിട്ടിറങ്ങി. തുടർന്ന് ഒരു പറ്റം നിസ്വാർത്ഥരായ സുഹൃത്തുക്കളുടെ പ്രകാശവലയത്തിലകപ്പെട്ടതോടെ ജീവിതം സംഭവബഹുലവും മനസ്സ് യൗവ്വനതീക്ഷ്ണവുമായി :) . ഈണം എന്ന ഒരു സംരംഭം കൂടി തുടങ്ങി. 

കിരണ്‍സ് ഭാഗ്യവാന്‍ തന്നെ! എനിക്കും ഏറെ ഇഷ്ടപ്പെട്ട ഗായകനാണ് വേണുഗോപാല്‍. ഫ്രീ ആവുമ്പോള്‍ പറയണം; വേണുഗോപാലിന്റെ പാട്ടിനെക്കുറിച്ച് സംസാരിക്കാനും ഒന്ന് മൂളാനും കൊതിയാവുന്നു

നന്ദി ആഷിക്കാശാനേ :)

2004ൽ ഈ വെബ്ബിന്റെ അടിസ്ഥാനശിലയിടാൻ മുന്നിട്ടിറങ്ങി. തുടർന്ന് ഒരു പറ്റം നിസ്വാർത്ഥരായ സുഹൃത്തുക്കളുടെ പ്രകാശവലയത്തിലകപ്പെട്ടതോടെ ജീവിതം സംഭവബഹുലവും മനസ്സ് യൗവ്വനതീക്ഷ്ണവുമായി :) . ഈണം എന്ന ഒരു സംരംഭം കൂടി തുടങ്ങി. 

സായിപ്പിനെ കണ്ടപ്പോ കവാത്ത് മറന്നില്യാല്ലോ കിയാ. വിനീത്, കൂടെ ൻടായത് നന്നായി. പക്ഷെ ചില ഷോട്സൊക്കെ കാണുമ്പോ ഇവൻ മൂപ്പരെ അംഗനവാടീലിരുത്തി ക്ലാസ്സെടുക്കണത് പോലെ ണ്ട്. വേഗം ഒന്നിട്വോ അത്? ക്ഷമയെന്റെ ഹ്ഋദയത്തിൽ ഒഴിഞ്ഞു വാവേ...
ശ്രീ ഷാനവാസിനു നന്ദി, ഇവന്റെ ഈ വല്യേ സ്വപ്നവും എം3ഡിബി ടെ ഈ എളിയ സംരംഭവും നടന്ന് കിട്ടാൻ സഹായിച്ചതിന്.

    CTRL + Q to Enable/Disable GoPhoto.it

എനിക്കൊരു ആഗ്രഹമുണ്ട്, ഒരു പാട്ടെങ്കിലും ഇദ്ദേഹത്തെക്കൊണ്ട് പാടിക്കണമെന്ന്.... കിരാ ഒന്നു മുട്ടിയാലോ? :)

ജി. നിശീകാന്ത്

എനിക്കൊരു ആഗ്രഹമുണ്ട്, ഒരു പാട്ടെങ്കിലും ഇദ്ദേഹത്തെക്കൊണ്ട് പാടിക്കണമെന്ന്.... കിരാ ഒന്നു മുട്ടിയാലോ? :)

ജി. നിശീകാന്ത്

മുട്ടാൻ റെഡി.മുട്ടാനുള്ള കോപ്പ് റെഡിയായാൽ നമുക്ക് മുട്ടി നോക്കാം :)

2004ൽ ഈ വെബ്ബിന്റെ അടിസ്ഥാനശിലയിടാൻ മുന്നിട്ടിറങ്ങി. തുടർന്ന് ഒരു പറ്റം നിസ്വാർത്ഥരായ സുഹൃത്തുക്കളുടെ പ്രകാശവലയത്തിലകപ്പെട്ടതോടെ ജീവിതം സംഭവബഹുലവും മനസ്സ് യൗവ്വനതീക്ഷ്ണവുമായി :) . ഈണം എന്ന ഒരു സംരംഭം കൂടി തുടങ്ങി. 

എല്ലാവർക്കും നന്ദി..ഇന്റർവ്യൂ പൂർണ്ണമായി ഇവിടെ പബ്ലീഷ് ചെയ്തിട്ടുണ്ട്..വായിക്കുക..