പാട്ടുപിറന്ന വഴിയിലൂടെ-ഭാഗം-3

ഒന്നും , രണ്ടും ഭാഗങ്ങളുടെ തുടർച്ച..

"ഒരുപാടുനാളുകൾക്കു ശേഷമാണ് ഓണത്തിന് നാട്ടിലുണ്ടാവുന്നത്." ബഹു പറഞ്ഞു.
"വിദേശത്തായിരിക്കുമ്പോൾ നാടിനെക്കുറിച്ച്, വേണ്ടപ്പെട്ടവരെക്കുറിച്ച്,ഓണത്തെക്കുറിച്ച് ഒക്കെ ഒരു സ്വപ്നസഞ്ചാരമാണ്" നിശി കൂട്ടിച്ചേർത്തു. "അങ്ങനെയുള്ള ചില  ഓർമ്മകളിൽ മുഴുകിയിരുന്നെഴുതിയ ഒരു പാട്ടാണ് ചിങ്ങപ്പൂക്കളവർണ്ണം ചാർത്തിയൊരോണപ്പുലർകാലം" എന്നത്.
"എന്നാലിനി ചോദ്യങ്ങൾ അതിനെക്കുറിച്ചാവട്ടെ." ഒരു പിടിവള്ളികിട്ടിയ സന്തോഷം ചോദ്യരാമൻമ്മാർക്ക്.
തനിയ്ക്കുള്ളത് സ്വയം ചോദിച്ചു വാങ്ങി എന്ന ഭാവത്തിൽ നിശിയിരുന്നു.

ഓണക്കാലം ഓർമ്മക്കാലം കൂടിയാണ്. കഴിഞ്ഞ വർഷത്തെ ഓണം ആൽബത്തിൽ ഗാനരചയിതാക്കളേയും സംഗീതസംവിധായകരേയും ഒക്കെ അവരുടെ സൃഷ്ടിയിലൂടെ കണ്ടെടുത്ത "ശ്രാവണ സംഗീതമേ" എന്ന ഗാനമുണ്ടായിരുന്നു. ഇനിയുമൊരു ജന്മം മോഹിച്ച പ്രിയ കവി വയലാർ ഈ പാട്ടിൽ വിഷയമാകുന്നു. നിശിയെന്തു പറയുന്നു?

കഴിഞ്ഞ വർഷത്തെ 'ശ്രാവണ സംഗീത'ത്തെപ്പോലെ ഒരു ഗാനം ഇത്തവണയും ഉൾപ്പെടുത്തുന്നത് ശരിയല്ലെന്ന് തോന്നി. എങ്കിലും ഒരു സെമിക്ലാസിക്ക് വേണമെന്നും വിചാരിച്ചു. അന്ന് വിട്ടുപോയ വയലാറിനെ ഒന്നനുസ്മരിക്കാൻ കൂടി ഞാൻ ഇത് ഉപയോഗിക്കുകയായിരുന്നു.

ഓണക്കാലത്ത് പിറന്ന നാട്ടിൽ തിരിച്ചെത്തി, പ്രിയമുള്ളവരോടൊപ്പം ആഘോഷിക്കാൻ സ്വപ്നം കാണുന്നവരാണ് നമ്മിൽ പലരും.പിറന്ന നാടിനെക്കുറിച്ചുള്ള വർണ്ണന അതു കൊണ്ട് തീർത്തും ഉചിതവുമാണ്. നൊസ്റ്റാൾജിയ അല്ലേ നിശീ?

കഴിഞ്ഞ പത്തു പതിനഞ്ചു വർഷങ്ങളായി ജന്മനാട്ടിൽ നിന്നും അകന്നു നിൽക്കുന്ന എന്റെ മാനസികാവസ്ഥ പല പാട്ടുകളിലും അറിഞ്ഞും അറിയാതെയും കടന്നു വരാറുണ്ട്. അങ്ങനെ ഒരു തോന്നലിൽ നിന്നും ഉണ്ടായതാണിതും. എന്തൊക്കെയോ മിസ്സ് ചെയ്യുന്ന ഒരു തോന്നൽ. വിദേശത്തുള്ള ഒരാളുടെ വികാരവിചാരങ്ങളിലൂടെയാണ് ഈ ഗാനം കടന്നു പോകുന്നത്. എന്റെ മിക്കവാറും എല്ലാ ഗാനങ്ങളും വിദേശത്തിരുന്ന് എഴുതിയവയാണ്. സ്വന്തം കുടുംബത്തെയും നാടിനെയും കാണാതെ ഇത്തരം ആഘോഷങ്ങളിലൂടെ കടന്നു പോകുന്നവരുടെ മനസ്സിന്റെ കാഴ്ച എന്നുവേണമെങ്കിലും ഈ ഗാനത്തെക്കുറിച്ചു പറയാം.

വളരെ നല്ല ആലാപനശൈലി, നല്ല ശാരീരം, ഗംഭീരമായിപ്പാടിയിരിക്കുന്നു രതീഷ്. എങ്ങനെയാണ് രതീഷ് ഈണവുമായി ബന്ധപ്പെടുന്നത്?

ഗാനം എല്ലാവർക്കും ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷമുണ്ട്. ഈണവുമായി ഞാൻ ബന്ധപ്പെടുന്നത് ഒട്ടും പ്രതീക്ഷിക്കാതെയാണ്. കിരൺ എന്റെ ഫേസ് ബുക്ക്  കൂട്ടുകാരനാണ്.എന്റെ ഗാനങ്ങളെക്കുറിച്ച് കിരൺ മുന്നേ അഭിപ്രായങ്ങൾ അറിയിക്കാറുണ്ട്. കുഞ്ഞൻറേഡിയോയെക്കുറിച്ചാണ് ഞാനാദ്യം അറിയുന്നത്. എന്റെ പാട്ടുകൾ അങ്ങനെ ലിങ്ക് ചെയ്തു കൊടുത്തു. പിന്നെ ഒരു ദിവസം മെയിലിലൂടെ ഈണത്തെക്കുറിച്ച് സംസാരിച്ചു. താത്പര്യം തോന്നി അന്നുതന്നെ ഞാൻ എന്റെ സമ്മതം അറിയിക്കുകയും ചെയ്തു.

ഓർക്കസ്ട്രയ്ക്ക് ഒരു പാശ്ചാത്യ പരിവേഷം നിശി കരുതിക്കൂട്ടി കൊടുത്തതാണോ, സ്വയം ഒരുപ്രവാസി ആയതുകൊണ്ട്?

ഗാനങ്ങൾ എഴുതുമ്പോൾ വെറുതേ എഴുതിപ്പോകാതെ ഒരു പ്ലോട്ടും ഞാൻ മനസ്സിൽ കണ്ടാണ് എഴുതാറുള്ളത്. അത് വിഷ്വൽ ചെയ്താൽ എങ്ങനെയിരിക്കുമെന്ന് സങ്കൽപ്പിച്ച്, മനസ്സിൽ അത് ചിത്രീകരിച്ചാണ് ഏതു ഗാനവും ഞാൻ എഴുതാൻ ശ്രമിക്കുന്നത്. ഇതിൽ വിദേശത്തു താമസിക്കുന്ന ഒരാൾ തന്റെ മുന്നിൽ കാണുന്ന വെസ്റ്റേൺ മ്യൂസിക് കേൾക്കുന്നതും അപ്പോൾ തന്റെ നാട്ടിലെ പരമ്പരാഗത സംഗീതത്തിലേക്ക് കടന്നു വരുന്നതുമാണ് ഇതിന്റെ സന്ദർഭം. അതിന്റെ മിക്സിങ്ങിലും രണ്ടും തമ്മിലുള്ള കോമ്പിനേഷനിലും എൻഡിങ്ങിലും ചെറിയ പാളിച്ചകൾ വന്നിട്ടുണ്ട്. ഞാൻ ഉദ്ദേശിച്ച രീതിയിൽ ഓർക്കെസ്ട്രാ ചെയ്യാൻ സാധിച്ചില്ല.

രതീഷിന്റെ പ്രവൃത്തിമണ്ഡലം മീഡിയ സംബന്ധമായതു കോണ്ട് ചോദിക്കട്ടെ, ഈണം പൊലെയുള്ള സംരംഭങ്ങൾ താങ്കൾ എങ്ങിനെ നോക്കി കാണുന്നു?

ഈണം പോലുള്ള സംരംഭങ്ങൾ  വളരെ നല്ലതാണ്. മലയാളത്തനിമയുള്ള ഒരുപിടി നല്ല ഗാനങ്ങൾ  ഒരു കൂട്ടായ്മയിലൂടെ പിറവിയെടുക്കുക എന്നുള്ളത് പ്രശംസനീയമാണ്. എന്റെ പ്രോഗ്രാമിലൂടെ നിരവധി തവണ ഈണത്തിലെ എല്ലാ ഗാനങ്ങളും ഞാൻ  ശ്രോതാക്കളെ കേൾപ്പിച്ചിട്ടുണ്ട്.

രചനയും സംഗീതവുമൊക്കെ നിശിയാണല്ലോ? എങ്ങനെയായിരുന്നു ഈ പാട്ട് രൂപപ്പെട്ടുവന്നത്?

'പിറന്നൊരെൻ നാടിൻ ചിത്രം കണ്ണിന്നു കൂട്ടായെത്തും' എന്ന അനുപല്ലവിയിലെ ഒരു വരിയാണ് ആദ്യം എഴുതിയത്. പിന്നീടത് 'മിഴികൾക്ക് കൂട്ടായെത്തും' എന്നാക്കി. അവിടെ നിന്നുമാണ് പല്ലവിയിലേക്ക് വന്നത്. 'കൊന്നപ്പൂക്കള വർണ്ണം ചാർത്തിയ മേടപ്പുലർകാലം' എന്നായിരുന്നു ആദ്യം എഴുതിയത്. അതും പിന്നീട് മാറ്റം വരുത്തി. ഒരു ഓണപ്പാട്ടെന്നതിനേക്കാൾ ഒരു പ്രവാസിയുടെ നാടിനെക്കുറിച്ചുള്ള 'ഓർമ്മപ്പാട്ട്' എന്ന നിലയിൽ ഞാൻ ഇതിനെക്കാണുന്നു.

വരികളെഴുതുന്നതിനു മുൻപേ നിശി രാഗത്തെക്കുറിച്ചാലോചിച്ചിരുന്നോ? (അനുപല്ലവിയിൽ രാഗത്തിന്റെ പേര് വരുന്നുണ്ട്). അതോ ട്യൂണാണോ ആദ്യമുണ്ടായത്?

സീ, മറ്റൊരാളുടെ ട്യൂണൊപ്പിച്ച് എഴുതുമ്പോൾ ഇതു ചെയ്യാം. എന്നാൽ ഞാൻ തന്നെ രചനയും സംഗീതവും നൽകുന്ന എല്ലാഗാനങ്ങളും ട്യൂണും ലിറിക്സും ഒരേ സമയം തന്നെ ഉണ്ടാകുന്നതാണ്. ആദ്യം എഴുതിയിട്ട് ട്യൂൺ ഇടുകയോ ട്യൂൺ ഇട്ടിട്ട് എഴുതുകയോ അല്ല. അവിടെ ഹംസധ്വനി എന്ന് അറിയാതെ വന്നതാണ്. ഒരുപക്ഷേ അതുതന്നെയായിരുന്നു അതിന്റെ രാഗവുമെന്നത് യാദൃശ്ചികമാകാം.

ഈ ഗാനത്തിന്റെ അണിയറപ്രവർത്തകരുമായുള്ള അനുഭവം രതീഷ് ഒന്നു വിവരിക്കാമൊ?

അത് എനിക്ക് ഒരു പുതിയ അനുഭവമാണ്. ഇത് എനിക്ക് കിട്ടുമ്പോൾ  വെറും ഒരു മ്യൂസിക് ഫ്രെയിം ആയിരുന്നു. അത് പാടിയ ആളെയും മ്യൂസിക് ചെയ്ത ആളെയും ഒന്നും ഒരു പിടിയുമില്ല. എന്തെങ്കിലും ഒരു വ്യത്യാസം വരുത്തി പാടിയാൽ അവർക്കത് ഇഷ്ടമാകുമോ എന്നും അറിയില്ല. എന്നാലും കിട്ടിയ റ്റ്യൂൺ വൃത്തിയായി ചെയ്യാൻ ശ്രമിച്ചു.

രചന, സംഗീതം, ആലാപനം, ഓർക്സ്ട്രേഷൻ, മിക്സിങ്ങ്...ഇനിയെന്തുണ്ട് ബാക്കി? എല്ലാ ജോലികളും ഏറ്റെടുക്കുന്നത് ബുദ്ധിമുട്ടാണോ?

ഹ ഹ ഹ! ഇതൊക്കെ അങ്ങ് ഗതികേടുകൊണ്ട് ചെയ്യുന്നതല്ലേ!!:) ആരെങ്കിലുമൊക്കെ സമയം പോലെ കൂട്ടുണ്ടായിരുന്നെങ്കിൽ ആദ്യം പറഞ്ഞതൊഴിച്ച് ഒന്നിലും ഞാൻ കൈവയ്ക്കുമായിരുന്നില്ല. സംഗീതം ഞാൻ പഠിച്ചിട്ടില്ല. പാടാൻ കഴിവില്ല. ഓർക്ക്സ്ട്രേഷന്റെ ഏ ബി സി ഡി അറിയില്ല. പിന്നെ ആരും ഇല്ലാതെ വരുമ്പോൾ അങ്ങ് ഇറങ്ങിത്തിരിക്കുന്നെന്നേയുള്ളൂ, ഒരു റെസ്ക്യൂ ഓപ്പറേറ്ററെപ്പോലെ! ബേസിക്കലി ഞാൻ ഒരു എഴുത്തുകാരൻ മാത്രമാണ്. ഒരു യഥാർത്ഥ സംഗീതസംവിധായകനോ പശ്ചാത്തലസംഗീതജ്ഞനോ വേണ്ട അറിവും കഴിവും എനിക്കില്ലെന്ന് നന്നായറിയാം. എങ്കിലും എല്ലാത്തിനേയും കുറിച്ച് എനിക്ക് വ്യക്തമായ കാഴ്ചപ്പാടുകളും നിർദ്ദേശങ്ങളുമുണ്ടാകും. അത് മറ്റാരെങ്കിലുമാണ് ചെയ്യുന്നതെങ്കിലും ഞാൻ പറയാറുണ്ട്. ഒരാൾക്കു തന്നെ ഇതും മൂന്നും വൃത്തിയായി ചെയ്യാൻ കഴിഞ്ഞാൽ അത് എന്തു കൊണ്ടും നല്ലതു തന്നെയാണ്. അതാണല്ലോ ടോട്ടൽ മ്യൂസിക്..!

ഈ ഗാനത്തിന്റെ ഈണത്തിനു വേണ്ടിയൊ ഒർകസ്ട്രേഷനു വേണ്ടിയോ എന്തെങ്കിലും സംഭാവനകൾ രതീഷിന്റെ ഭാഗത്തുനിന്നും?

പാട്ടുപാടിയതല്ലാതെ വേറെ പ്രത്യേകിച്ച് ഒന്നും ഞാൻ  ആ ഗാനത്തിനു വേണ്ടി ചെയ്തിട്ടില്ല. പാട്ട് എന്റെ പരിമിതിയിൽ  നിന്നുകൊണ്ട് നന്നായി പാടാൻ ശ്രമിച്ചിരുന്നു. ഇങ്ങനെ ഒരു കൂട്ടായ്മയിൽ പങ്കുചേരാൻ കഴിഞ്ഞതിലുള്ള എന്റെ മനസ്സ് നിറഞ്ഞ സന്തോഷം ഞാൻ  ഈ അവസരത്തിൽ പങ്കു വെയ്ക്കുന്നു.

അങ്ങനെ 'ചിങ്ങപ്പൂക്കളവർണ്ണ'ത്തെപ്പറ്റി അറിയേണ്ടതെല്ലാം അറിഞ്ഞു.

"എന്റെ ഓർമ്മേലാദ്യമായിട്ടാ ഇങ്ങനെ ഒരു ഓണം...ഈണം ടീമിനോടൊപ്പമുള്ള ഈ യാത്ര, എല്ലാം സൂപ്പർ." സണ്ണിയാണ് ഉത്സവാന്തരീക്ഷത്തെക്കുറിച്ച് വാചാലനായത്.

"ഈ നിമിഷങ്ങൾ ഓമനിക്കാൻ കാത്തു വെച്ചോളൂ"-നിശി പറഞ്ഞു.

"ഇതെന്താ എല്ലാവരും പാട്ടിന്റെ വരികൾ പറഞ്ഞു കളിക്കുന്നത്"-പ്രകാശ് ചോദിച്ചു.

"അതേ, ആ പാട്ടിലേക്കു തന്നെയാണ് നമ്മൾ വരുന്നത്"

ഓർമ്മയിൽ ആദ്യത്തെ ഓണം--എവിടെയൊക്കെയോ ഒരു നോവേൽപ്പിച്ചു കടന്നുപോകുന്ന ഒരീണമാണ് നിശി ഈ പാട്ടിന് കൊടുത്തിരിക്കുന്നത്. വരികൾ വായിച്ചപ്പൊഴേ ഈണം മനസ്സിൽവന്നിരുന്നോ?

ഓർക്കസ്ട്രേഷൻ ഒക്കെ ഏതാണ്ട് പൂർത്തിയായ അവസരത്തിലാണ് സുഹൃത്തായ ശ്രീ ദിലീപ് വിശ്വനാഥൻ അദ്ദേഹത്തിന്റെ സുഹൃത്തായ ഗണേശ് ഓലിക്കരയുടെ ലിറിക്സ് എനിക്കയച്ചു തരുന്നത്. സത്യത്തിൽ ഇതിന്റെ ലിറിക്സ് വായിച്ചപ്പോൾ തന്നെ അതിന്റെ പദഭംഗിയും ആശയവും വളരെ ഇഷ്ടപ്പെട്ടു. സമയമുണ്ടായിരുന്നെങ്കിൽ മറ്റാരെയെങ്കിലും കൊണ്ട് ഇതിലും നന്നായി ട്യൂൺ ചെയ്യിച്ചെടുക്കുമായിരുന്നു. ഒരു ലിറിക്സ് വച്ച് കമ്പോസു ചെയ്യാനുള്ള അറിവ് എനിക്കില്ലാതെ പോയത് ഇതിന്റെ സംഗീതകാര്യത്തിൽ ഒരു പോരായ്മയായി വന്നു. പക്ഷേ ഈ ഗാനം ഉൾപ്പെടുത്തണമെങ്കിൽ മറ്റു മാർഗ്ഗങ്ങളൊന്നും ഇല്ലായിരുന്നു.

നല്ലൊരു പ്ലോട്ടാണ് ഗണേഷ് ഒരുക്കിയിരിക്കുന്നത്. വന്നു പുൽകുകയാണ് സ്മൃതികൾ. പക്ഷേ ഒന്നിനുമാവാതെ നിൽക്കേണ്ടിവരുന്ന അവസ്ഥ.  ഈ പാട്ടിന്റെ വരികൾ എങ്ങനെയാണ് ഉണ്ടായത്?

നല്ല പാട്ടുകളൊടുള്ള ഇഷ്ടം, അതു കേൾക്കുമ്പോഴുണ്ടാവുന്ന സന്തോഷം, അങ്ങനെ പലതും ഉണ്ട് അതിനു പിന്നിൽ. വയലാർ, ഓ.എൻ.വി, ശ്രീകുമാരൻ തമ്പി, ഭാസ്ക്കരൻ മാസ്റ്റർ എന്നീ ഗാനരചയിതാക്കളുടെ ഗാനങ്ങൾ, ചങ്ങമ്പുഴക്കവിതകൾ എന്നിവയൊക്കെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. അങ്ങനെയാണ് സ്വയം വരികൾ ഉണ്ടാക്കിയതും. ഒരു കാലത്ത് തരംഗിണിക്കു വേണ്ടി തമ്പി സർ - ദാസേട്ടൻ കൂട്ടുകെട്ടിൽ‌പ്പിറന്ന ഒരുപാട് ഓണപ്പാട്ടുകൾ ഒരു ഗൃഹാതുരത്വം തന്നെ സൃഷ്ടിച്ചിട്ടുണ്ട്. അതു പിന്നെ എവിടെയും കാണാനും കേൾക്കാനുമില്ലാതെയായി. അതിൽ നിന്നുമാണ് ഒരു ഓണപ്പാട്ടെഴുതാനുള്ള ഊർജ്ജം ഉൾക്കൊണ്ടത്. ഈണത്തിന്റെ അണിയറശിൽ‌പ്പികൾ ഒരു പാട്ടെഴുതണം എന്നാവശ്യപ്പെട്ടപ്പോൾ പണ്ടെഴുതിയ ഈ പാട്ട് ഒന്നുകൂടി പുനസ്സൃഷ്ടിക്കുകയായിരുന്നു.

പാടുന്ന പാട്ടൊക്കെ മനോഹരം! എങ്ങിനെയാണു ഈണം എന്ന ഈ സംരംഭത്തിൽ കൂട്ടാളിയാകുന്നത്?എന്താണു ഇതിനെ പറ്റിയുള്ള സണ്ണിയുടെ അവലോകനം?

ഈണത്തിന്റ് സാരഥികളിലൊരാളായ കിരൺ വഴിയാണ് ഞാൻ ഇതിൽ പങ്കെടുക്കുന്നത്. താങ്ക്സ് കിരൺജി. റേഡിയോ എഷ്യാ മ്യുസിക് മത്സരത്തിൽ പങ്കെടുക്കുന്ന സമയത്തായിരുന്നു കിരണുമായി അടുക്കാൻ കഴിഞ്ഞത്. ഇന്റർനെറ്റിന്റെ ഭാഗമായുള്ള ഈ കൂട്ടായ്മയിൽ പങ്കെടുക്കാൻ കഴിഞ്ഞത് വലിയ കാര്യമായിത്തന്നെ കരുതുന്നു.

ഈ പാട്ടിന്റെ ആലാപനം അതിമനോഹരമായിരിക്കുന്നു. മനസ്സിൽ എത്ര പതിഞ്ഞ് പാടാറുണ്ട്? പാട്ടിന്റെ ഏതു വശത്തിനാണു അഭിരാമി പ്രാധാന്യം കൊടുക്കുന്നത് വരികൾക്കോ? ഈണത്തിനോ?

വളരെ നല്ല, വളരെ പ്രയോജനപ്രദമായ ഒരു സംരംഭമാണിത്. ആത്മാർത്ഥത ഏതു സംരംഭത്തേയും വിജയിപ്പിക്കുമെന്നതിന്റെ ഉത്തമോദാഹരണമാണിത്. പ്രായം കുറഞ്ഞ ഈ എനിക്കു തന്ന വലിയ ഒരവസരത്തിനു ഒരായിരം നന്ദിയുണ്ട്. എന്തു പാടിയാലും മനസ്സിൽ സ്പർശിച്ചുമാത്രമേ പാടാറുള്ളൂ. മനസ്സിൽ ഉൾക്കൊള്ളാത്ത വരികൾ പാടാൻ ശ്രമിക്കാറുമില്ല.

പാട്ടിൽ പറയുന്നൂ തൊടിയിൽ പൂവ് തേടി അലഞ്ഞ കഥ, സ്നേഹം തേടി അലഞ്ഞു എന്നും വായിക്കാം അല്ലേ ഗണേഷ് ?

അതു ഓണത്തെക്കുറിച്ചുള്ള ഒരു സങ്കൽ‌പ്പമാണ്. പങ്കുവയ്ക്കുക എന്നുള്ളതാണല്ലോ ഓണത്തിന്റെ അടിസ്ഥാനതത്ത്വം. അതു സ്നേഹമാവാം, മറ്റെന്തുമാവാം. അപ്പോൾപ്പിന്നെ പൂക്കളെ സ്നേഹത്തോട് കൂട്ടിയിണക്കുന്നതിൽ തെറ്റൊന്നുമില്ല.

മെയിൽ വോയിസ് കുറച്ചുകൂടി മെച്ചപ്പെടുത്താമായിരുന്നു എന്നു തോന്നുന്നില്ലേ? മ്യൂസിക് ഡയറക്ടർ എന്ന നിലയ്ക്ക് ഗായകൻ കഴിവ് കുറച്ചുകൂടി ഈ പാട്ടിൽ ഉപയോഗിക്കേണ്ടിയിരുന്നു എന്നു തോന്നുന്നോ?

സണ്ണി വളരെ മികച്ച ഒരു ഗായകനാണ്. മികച്ച ശബ്ദവും സണ്ണിക്കുണ്ട്. എന്നാൽ എല്ലാരും പാടുന്നത് സ്വയം ജഡ്ജു ചെയ്താണെന്ന് ഓർക്കണം. സംഗീത സംവിധായകൻ റെക്കോഡിങ്ങ് ടൈമിൽ അടുത്തുണ്ടെങ്കിൽ തീർക്കാവുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ. ദുബായി പോലെ ഒരിടത്ത് ഒരു സ്റ്റുഡിയോ ബുക്കു ചെയ്താൽ ആ സമയത്ത് പോയി പാടിയേ മതിയാകൂ. അന്നേരത്തെ സൗണ്ട് ക്വാളിറ്റിക്കനുസരിച്ചിരിക്കും അതിന്റെ ഔട്പുട്. നമുക്കാരെയും കുറ്റം പറയാൻ സാധിക്കില്ല. മറ്റൊരവസരത്തിൽ ഞാൻ ഈ സണ്ണിയെക്കൊണ്ട് തന്നെ പാടിച്ച് ഇത് തെളിയിച്ചു തരാം. വളരെ ചെറുപ്രായത്തിൽ തന്നെ സ്വയം ജഡ്ജു ചെയ്ത് പാടാൻ അഭിരാമിക്ക് കഴിഞ്ഞു എന്നതും എടുത്തു പറയേണ്ടിയിരിക്കുന്നു. മേൽസ്ഥായിയിലും കീഴ്സ്ഥായിയിലും ഒരേ പോലെ പാടാനും ഈ കുട്ടിക്ക് കഴിയുന്നുണ്ട്. ആ ശബ്ദം കൂടിയൊന്ന് പക്വത വന്നാൽ നാളെ അറിയപ്പെടുന്ന ഒരു മികച്ച ഗായികയാകാൻ കഴിയും.

വളരെ ഗൃഹാതുരത്വം ഉണ്ടാക്കുന്ന ഗാനം അല്ലേ, എങ്ങിനെ വിലയിരുത്തുന്നു സണ്ണി ഈ ഗാനത്തെ? ഈ ഗാനത്തിൽ സണ്ണിയുടെ ആലാപനം സണ്ണിയുടെ കഴിവുകൾക്കനുസരിച്ച് ഉയർന്നില്ലഎന്നൊരഭിപ്രായം കേട്ടു. എങ്ങിനെ പ്രതികരിക്കുന്നു? തെറ്റുകൾ അവിചാരിതമായി കടന്നുവന്നതാണോ, സാഹചര്യത്തിന്റെ സമ്മർദ്ദം മൂലമാണോ?

തീർച്ചയായും. വളരെ ഗൃഹാതുരത്വം ഉണ്ടാക്കുന്ന ഒരു ഗാനമാണിത്. നമ്മുടെ പഴയകാല ഓർമ്മകളും, നാട്ടിൻപുറവും, പണ്ടത്തെ ഓണാനുഭവങ്ങളുമൊക്കെ ഉണർത്തുന്ന ലിറിക്സിനെപ്പറ്റിപ്പറയാതിരിക്കുന്നത് ശരിയാവില്ല. അതുപോലെ ഇതിന്റെ സംഗീതവും എന്തു നൊസ്റ്റാൾജിക് ആണ്.പിന്നെ ഓർക്കസ്ട്രേഷനും. ഇതെല്ലാം ഈ പാട്ടിന്റെ സവിശേഷതകളാണ്.

ഈ ഗാനം പാടാൻ കഴിഞ്ഞതിൽ ഞാൻ അതിയായി സന്തോഷിക്കുന്നു.  ഞാനും പൂർണ്ണമായി ഇതിൽ സംതൃപ്തനല്ല. സാഹചര്യത്തിന്റെ സമ്മർദ്ദം ഇതിന്റെ പൂർണ്ണതയെ ബാധിച്ചിട്ടുണ്ട് എന്നതും ഒരു ശരിയാണ്. എങ്കിലും ഒട്ടും മോശമില്ല എന്ന അഭിപ്രായവും എനിക്കുണ്ട്.

ഗണേഷിന് ഈണവും ആലാപനവും ഇഷ്ടമായോ?

തീർച്ചയായും. നിശിയുടെ സംഗീതം അതിന്റെ ഗൃഹാതുരത്വം കാത്തുസൂക്ഷിക്കുന്നുണ്ട്. ആലാപനവും മികച്ചുതു തന്നെ

ഗായകർ പാടുമ്പോൾ അവരുടേതായ സ്വാതന്ത്ര്യങ്ങൾ എന്തെങ്കിലും എടുത്തിരുന്നോ? ആലാപനത്തെപ്പറ്റി നിശി എന്തു പറയുന്നു?

സണ്ണിയെ സ്കൈപ്പിലൂടെ വിളിച്ച് ആണ് ഇതിന്റെ ട്യൂൺ ഞാൻ പറഞ്ഞു കൊടുത്തത്. കോഡ്സും കൂടി ഒന്നു ശ്രദ്ധിച്ചേക്കണമെന്ന് ഞാൻ പറഞ്ഞിരുന്നു. പിന്നെ നേരിട്ട് നിയന്ത്രിക്കാൻ സൗകര്യമില്ലാത്തതു കൊണ്ട് യുക്തം പോലെ പാടി അയയ്ക്കാനും അനുവാദം കൊടുത്തിരുന്നു. അങ്ങനെ ചെയ്തയച്ചതിൽ ഫൈനൽ വേർഷൻ തിരക്കുമൂലം എനിക്ക് കാര്യമായി പരിശോധിക്കാൻ സാധിക്കാതെ പോയി. ഒന്നൂടെയൊന്ന് ശ്രദ്ധിച്ചിരുന്നെങ്കിൽ ഒഴിവാക്കാമായിരുന്ന ചില പ്രശ്നങ്ങൾ പല്ലവിയിലും ചരണങ്ങളിലും അങ്ങിങ്ങായി വന്നിട്ടുണ്ട്. സണ്ണിക്ക് ഇതിലും വളരെ നല്ല രീതിയിൽ പാടാൻ കഴിയും, നല്ല ശബ്ദവും കഴിവുമുള്ള ചെറുപ്പക്കാരനാണ്.

“ഓർമ്മയിലാദ്യത്തെ ഓണം”...അഭിരാമിക്ക് സമ്മാനിച്ചെതെന്തൊക്കെ? എങ്ങിനെ വിലയിരുത്തുന്നു ഈ ഗാനം?

വളരെ നല്ല കുറച്ചു ചിന്തകൾ എനിക്കു നൽകി. ഗൃഹാതുരത്വമുള്ള വരികൾ ഈണമാക്കി എനിക്കു നൽകിയപ്പോൾ ഞാൻ അറിയാതെ 'ഓർമ്മയിൽ ആദ്യത്തെ ഓണം' എന്ന് മൂളിപ്പോയി. ഒരുപാടുപേരുടെ ഹൃദയപൂർവ്വമായ അനുമോദനം, കുറച്ചു നിർദ്ദേശങ്ങൾ, എല്ലാം രണ്ടുകയ്യും നീട്ടി സ്വീകരിക്കട്ടേ... നന്ദി, ഒരായിരം നന്ദി... വളരെ ആത്മർത്ഥമായി സംഗീതത്തെ സ്നേഹിക്കുന്ന കുറച്ചു സ്നേഹിതർ, വളരെ സപ്പോർട്ടിങ്ങ് ആയുള്ളവർ, അതാണ് ഈണം.... സണ്ണിയങ്കിൾ, കിരൺ അങ്കിൾ, ഡാനിയങ്കിൾ.... ആൻഡ് ആൾ അദേഴ്സ്...

സണ്ണി, ഡാനി, കിരൺ എന്നിവരുടെ വിവർണ്ണമാവുന്ന മുഖങ്ങൾ ക്ലോസപ്പിൽ !

നിശിയതാ പൊട്ടിച്ചിരിക്കുന്നു.

പെട്ടെന്നു വന്നു അഭിരാമിയുടെ കൂട്ടിച്ചേർക്കൽ:

"താങ്ക്സ് നിശിയങ്കിൾ ആൾസോ"

ജലയാത്ര ഏതാണ്ട് അവസാനിക്കാറായിരിക്കുന്നു....കുറച്ചകലെയായി യാത്ര പുറപ്പെട്ട പുന്നമടക്കടവ് കാണാം. ഈണത്തിന്റെ ഓണപ്പാട്ടുകളിൽ ഏറ്റവും അവസാനം ചേർത്തിട്ടുള്ള "തത്തക്കിളിച്ചുണ്ടൻ" എന്ന പാട്ടിൽ ഈ കടവിനെപ്പറ്റിപ്പറയുന്നുണ്ട്. ഒടുവിൽ ആ കടവിലേക്ക് തിരിച്ചെത്താറാവുമ്പോൾ ആ പാട്ടിനു പിന്നിലെക്കഥകളും എല്ലാവർക്കും കേൾക്കണമെന്നുണ്ടായിരുന്നു.

ഇത് ഈണമിട്ടെഴുതിയ പാട്ടാണല്ലോ നിശീ. എങ്ങനെയാണ് രാജേഷ് ഈണം പറഞ്ഞുതരുന്നത്. പാടിയാണോ, അതോ ഏതെങ്കിലും ഇൻസ്ട്രുമെന്റ് വായിച്ചാണോ?

ഒരു വള്ളപ്പാട്ട് വേണം എന്ന് പറഞ്ഞപ്പോൾ അതേ ചടുലതയിൽ വേഗം തന്നെ പാടി അയച്ച ഒരു ട്യൂണായിരുന്നു. നല്ല ട്യൂണുകൾക്ക് പാട്ടെഴുതുന്നത് എളുപ്പവും സുഖവുമുള്ള കാര്യമാണ്. 15 മിനിറ്റിൽ താഴെയേ ഇതെഴുതാനെടുത്തുള്ളൂ. ഒരു ഗ്രാമീണ പശ്ചാത്തലമായിരുന്നു മനസ്സിൽ. ഓണപ്പാട്ടെന്ന നിലയിൽ ഓണത്തിന്റെ ഒരു അറ്റ്മോസ്ഫിറ് ഉണ്ടാക്കാനായി അവിടെയും ഇവിടെയും ചെറിയ ഹിന്റുകൾ മാത്രമേ ഞാൻ കൊടുത്തുള്ളൂ. ഒന്നും ചിന്തിച്ചിരുന്നെഴുതേണ്ടി വന്നില്ല എന്നതായിരുന്നു ഏറ്റവും പ്രധാനകാര്യം. ഈണം കേൾക്കുന്നതോടൊപ്പം തന്നെ വരികളും മനസ്സിലേക്ക് വന്നുകൊണ്ടിരുന്നു. ചടുലവും വ്യത്യസ്തവും ആയ പാറ്റേണും എനിക്ക് രസകരമായി തോന്നി. എഞ്ചോയ് ചെയ്തു തന്നെ എഴുതി.

വരികളിൽ ചിലയിടത്തു കൊടുക്കുന്ന ഭാവം രാജേഷിന്റെ സവിശേഷതയാണ്. പാട്ടിന്റെ തീം മനസ്സിലാക്കിയാണോ രാഗം തെരഞ്ഞെടുക്കുന്നത്. അതോ സ്വയമേവ വരുന്നതാണോ രാഗവും?

തത്തക്കിളിച്ചുണ്ടൻ ട്യൂൺ ചെയ്തു കഴിഞ്ഞ് നിശി വരികൾ എഴുതിയതാണ്..പാട്ടിന്റെ തീം കമ്പോസ് ചെയ്യുന്നതിനു മുൻപ് തന്നെ ഞങ്ങൾ ഡിസ്കസ്സ് ചെയ്തിരുന്നു

ഭക്തിഗാനങ്ങൾ ട്യൂൺ  ചെയ്യുമ്പോൾ, രാഗത്തിനെ ആസ്പദമാക്കി ചെയുന്നതാണ് കൂടുതൽ ഇഷ്ടം. വരികൾക്കനുസരിച്ചുള്ള സംഗീതം എന്നതിനേക്കാൾ ' സിറ്റുവേഷൻ'  ചേരുന്ന ഭാവം' എന്നതിൽ ശ്രദ്ധിക്കാൻ ശ്രമിക്കാറുണ്ട്. ഒരേ രാഗം കൊണ്ട് നമുക്ക് സന്തോഷവും സങ്കടവും തോന്നിപ്പിക്കാൻ പറ്റും. മോഹനം  എന്നരാഗത്തിൽ  'നീലഗിരിയുടെ സഖികളേ'  എന്ന ഗാനവും 'കളിവീടുറങ്ങിയല്ലോ'എന്നഗാനവും  ഉദാഹരണം! ഇതിനെല്ലാമുപരി ഗായകന്റെ വോയിസ് ഡൈനമിക്സ്  ആണ് ആ ഭാവം ശ്രോതാവിന്റെ ഉള്ളിലേക്ക് എത്തിക്കുന്നത്.

എവിടെയായിരുന്നു വിജേഷ് ഈ പാട്ട് റെക്കോഡ് ചെയ്തത്?

ഗാനം റെക്കോർഡ് ചെയ്തത് റിയാന്‍ സ്റ്റുഡിയോയിൽ ബാച്ച് സ്യുട്ടിലാണ്. ഷിയാസ് ആയിരുന്നു എഞ്ചിനീയർ. മിക്സ്‌ ചെയ്ത നവീൻ വോയിസ്‌ എടുത്തതിനെ കുറിച്ച് നല്ല അഭിപ്രായം പറഞ്ഞിരുന്നു.

നിശിയോടാണ് ചോദ്യം, ഗാനരംഗചിത്രീകരണത്തിന് നല്ല സാധ്യതയുള്ള വരികളാണിത്. സംഗീതവും അതേ. അതിനെക്കുറിച്ചാലോചിച്ചിരുന്നോ?

ഇത് വിഷ്വൽ ചെയ്യണമെന്നുണ്ടായിരുന്നു. അതനുസരിച്ച് ഇതിന്റെ ഫൈനൽ ആകും മുൻപേ തന്നെ വരികൾ ജോഹറിന് (ബൂലോകം ഓൺലൈൻ) അയച്ചു കൊടുക്കുകയും ചെയ്തിരുന്നു. എന്നാൽ സമയത്ത് പൂർത്തിയാക്കാൻ സാധിച്ചില്ല.

നിശിയുമായുള്ള കൂട്ടുകെട്ടിൽ ധാരാളം പാട്ടുകൾ രാജേഷ് ഉണ്ടാക്കിയിട്ടുണ്ട്. ആ കോമ്പിനേഷനെ എങ്ങനെ വിലയിരുത്തുന്നു?

നിശിയും ഞാനും രണ്ടര വർഷത്തെ പരിചയം മാത്രമേ ഉള്ളുവെങ്കിലും,  വളരെ ആഴത്തിലുള്ള ഒരു സൗഹൃദം ഉണ്ട് ഞങ്ങൾ തമ്മിൽ. നിശി സംഗീതത്തെപ്പറ്റിയുംസാഹിത്യത്തെപ്പറ്റിയും വളരെ അറിവുള്ള ഒരു പ്രതിഭയാണ്. അതിലുപരി എന്നെപ്പോലുള്ള ഒരു മടിയനെ മേയ്ച്ചു നടക്കാനുള്ള ക്ഷമയും ഉണ്ട് :) ഞങ്ങള് ഒരുമിച്ചു വർക്ക് ചെയ്യുന്നതെല്ലാം ഒരു ടീം വർക്ക് പോലെ  നന്നായി എഞ്ചോയ് ചെയ്താണ് ചെയ്യുന്നത്.പാട്ടുകൾ എല്ലാവർക്കും ഇഷ്ടപെടുന്നു എന്നറിയുന്നതിൽ വളരെ വളരെ സന്തോഷം.

രാജേഷുമായുള്ള ബന്ധത്തെ നിശിയെങ്ങനെ വിലയിരുത്തുന്നു?

രാജേഷ് പറഞ്ഞതുപോലെ ഞങ്ങളുടെ പലഗാനങ്ങളും ശ്രോതാക്കൾക്കിഷ്ടപ്പെടുന്നുണ്ടെന്നറിയുന്നത് വളരെ സന്തോഷം തരുന്ന കാര്യമാണ്. 'ഹൃദയം അലിയും നാദം' എന്ന ഗാനം മുതൽ ആരംഭിച്ച ബന്ധം ഇന്നും തുടരുന്നു. ഞാൻ എന്താണ് ഉദ്ദേശിക്കുന്നതെന്ന് രാജേഷും രാജേഷിന്റെ ട്യൂണിനെന്തു നൽകണമെന്ന് എനിക്കും നല്ല ബോധമുള്ളതുകാരണം പാട്ടുകൾ കുഴപ്പമില്ലാതെ വരുന്നുണ്ടെന്ന് തോന്നുന്നു. പരസ്പരം അംഗീകരിക്കാനും നിർദ്ദേശങ്ങൾ സ്വീകരിക്കാനുമുള്ള മനസ്സാണ് രാജേഷിനേയും ബഹുവിനേയും കിരണിനേയുമൊക്കെ ഞാനുമായി ബന്ധിപ്പിച്ചു നിർത്തുന്ന ഘടകം. ചിലപ്പോൾ ഫോണിൽക്കൂടി ട്യൂൺ പറഞ്ഞ് അപ്പോൾ തന്നെ ഞാൻ വരികൾ എഴുതിയിട്ടുണ്ട്.

“ഈ-സൗഹൃദങ്ങൾ എന്റെ സംഗീത ജീവിതത്തിലെ ഒരു വഴിത്തിരിവാണ്…”

വളരെ മനോഹരമായ ആലാപനം, എന്നെത്തേയും പോലെ തന്നെ. ഈ ഗാനത്തെകുറിച്ച് വിജേഷ് എന്തു പറയുന്നു?

കേട്ടപ്പോൾ തന്നെ നല്ല പാട്ടാണെന്നും സ്കോർ ചെയ്യാൻ പറ്റിയ ഗാനമാണെന്നും  മനസിലായി.എല്ലാവർക്കും പാട്ട് ഇഷ്ടപെട്ടെന്നു അറിയുന്നതിൽ വളരെ വളരെ സന്തോഷം. ഈ ഓണം ആൽബത്തിലെ ഓരോ സോങ്ങും മനോഹരങ്ങളാണ്. ഉണ്ണികൃഷ്ണന്റെ ഗാനവും, നവീന്റെ ഗാനവും, രാജേഷ്‌ രാമന്റെയും ഗായത്രിയുടെയും ഇവയെല്ലാം വളരെ മികച്ചതാണ്.  നല്ല പുബ്ലിസിറ്റിയും ഇത്തവണ കൊടുത്തു. നമുക്കെല്ലാവര്ക്കും അഭിമാനിക്കാം. പിന്നെ എന്റെ ഒരു രീതി ഞാൻ പറയാം. ജാടയായിട്ടൊന്നും തോന്നരുത്. എന്നാലെ പാട്ട്  എനിക്ക് ശരിയാകൂ. നിശി പാട്ടയക്കുന്നു. എന്നെ വിളിച്ചു പറയുന്നു. രാജേഷ്‌ പാടിയ വെർഷൻ ഞാൻ രണ്ടു തവണ കേട്ടു. നിശിക്ക് മറുപടി കൊടുത്തു. ഗാനം വളരെ ഇഷ്ടമായി. നല്ല മെലടിയും അടിപൊളി സ്റ്റൈലും. പിന്നെ നിശി ഇടയ്ക്കു വിളിച്ചു ഓർമിപ്പിക്കും. പിന്നെ ഒരു ദിവസം റെക്കോർഡിങ്ങ് ഫിക്സ് ചെയ്തു. നിശി കുറെ കോറസ് ഒക്കെ ചേർക്കണ കാര്യം പറഞ്ഞു. അതെല്ലാം നോട്ട് ചെയ്തു തലേദിവസം രാത്രി 11 മണിക്ക് നൊട്ടേറ്റ് ചെയ്തു. പിന്നെ ഞാൻ ഗൈഡ് കേൾക്കില്ല. മാക്സിമം രാജേഷ്‌ പാടിയിരിക്കുന്ന നോട്സ് തന്നെ ആക്കാൻ ശ്രമിക്കും. പാടിവരുമ്പോൾ എന്തെങ്കിലും നല്ല സാധനങ്ങൾ വരുമ്പോൾ റെക്കൊർഡിസ്റ്റിനോടു  കൂടി ചോദിച്ചിട്ട് ഫിക്സ് ചെയ്യും.

കേരളത്തിന്റെ തെക്കൻദേശമാണു നിശിക്കു പ്രിയം എന്നു തോന്നുന്നു. വടക്കോട്ട് നോട്ടമില്ലേ? കേരളത്തിന്റെ വടക്കൻ മേഖലകളെ തീർത്തും അവഗണിക്കുകയാണോ?

ഞാൻ ആലപ്പുഴ ജില്ലക്കാരനായതിനാലും കുട്ടനാടുമായി അടുത്തിടപഴകാൻ കഴിഞ്ഞതിനാലും എന്റെ എഴുത്തിൽ അത്തരം ചിത്രങ്ങൾ ധാരാളമായി കടന്നുവരാറുണ്ട്. എന്നാൽ ഏതു സന്ദർഭത്തിനും അനുസരിച്ച് എഴുതാൻ കഴിയുമെന്ന് ഒരു ആത്മവിശ്വാസമുണ്ട്. അത് മനസ്സിൽ തോന്നി വരുന്നതോ മറ്റുള്ളവർ തരുന്നതോ ആയ സന്ദർഭത്തിനനുസരിച്ചും എഴുതാൻ കഴിയും.

ഈ ഗാനത്തിനെ രാജേഷ് എങ്ങിനെ വിലയിരുത്തുന്നു?

വിജേഷ് അതിമനോഹരമായി ആലപിച്ചിരിക്കുന്നു. കോറസ് ഒക്കെ പ്ലാൻ ചെയ്തിരുന്നു ഈ പാട്ടിന്. പക്ഷെ സമയപരിമിതി മൂലം അതു ചെയ്യാൻ പറ്റിയില്ല.

കഴിഞ്ഞ വർഷം ഇറങ്ങിയ അയ്യപ്പഭക്തിഗാനങ്ങൾ മികച്ചതായിരുന്നു. പ്രത്യേകിച്ചും അതിലെ "പമ്പപാടുമീണം" എന്ന പാട്ട്. വിജേഷിന്റെ പുതിയ പ്രൊജക്ടുകളെന്തെല്ലാമാണ്?

ശബരിഗിരി എന്ന കഴിഞ്ഞ വർഷം എന്റെതായി ഇറങ്ങിയ അയ്യപ്പ ഭക്തി ഗാനങ്ങൾ തരക്കേടില്ലാത്ത അഭിപ്രായം നല്ല ശ്രോതാക്കളിലും കടക്കാരിലും ഉണ്ടാക്കിയിരുന്നു. എങ്കിലും അതൊരു ലാഭകരമായ പ്രൊജക്റ്റ്‌ എന്നൊന്നും പറയാൻ കഴിയില്ലായിരുന്നു. നിർമ്മതാവിനു കൈ പോള്ളിയില്ലാ എന്ന് മാത്രം.പിന്നെ മനസ്സിന്  സംതൃപ്തി നൽകുന്ന ഗാനങ്ങൾ അതിൽ ഉണ്ടായിരുന്നു. ആൽബം കുഴപ്പമില്ലാതെ പോയത് പാട്ടുപുസ്തകത്തിലെ കുറെ നല്ല സുഹൃത്തുക്കളുടെ സഹായവും കൊണ്ടാണെന്ന് ഈ നിമിഷം ഞാൻ ഓർക്കുന്നു. അത് പോലെ 2007-ല്  പുറത്തിറങ്ങിയ ഞങ്ങളുടെ ആൽബം. നമ്മുടെ മണികണ്ഠൻ ചേട്ടന്റെയും അമ്പലമായ പള്ളത്താങ്കുളങ്ങര ക്ഷേത്രത്തിലെ ഗാനങ്ങൾ എനിക്ക് നല്ല സംതൃപ്തി തന്നിരുന്നു അയ്യപ്പന്റെ വർക്ക് ചെയ്യാൻ ഇത്തവണ രണ്ടുപേർ വന്നിരുന്നെങ്കിലും വേണ്ട എന്ന ഒരു നിലപാടിലാണ്. കച്ചവടം ഒന്നും പറയാൻ പറ്റില്ല.എന്തും സംഭവിക്കാം. ഇപ്പൊ നിർമ്മിക്കാൻ വരുന്നവർ എന്റെ പാട്ട് ഇഷ്ടപെടുന്നവർ ആണ്. അവരെ എന്തായാലും ദ്രോഹിക്കാൻ കഴിയില്ലല്ലോ. ജോണസൺ മാസറ്റർ സംഗീതം നൽകിയ നവാഗതർക്ക് സ്വാഗതം എന്നാ ചിത്രത്തിൽ ഞാന്‍ സുദീപ് കുമാറുമായി ഒരു ഡ്യുറ്റ് സോങ്ങ്  പാടിയിട്ടുണ്ട്. അത് ഇറങ്ങുമോ എന്നും അറിയില്ല. പിന്നെ ഞാനും സുദീപെട്ടനും കൂടി തന്നെ ഒരു മൂകാംബിക പാടിയിട്ടുണ്ട്. അങ്ങനെ നിൽക്കുന്നു. ഡിസംബറിൽ ഒരു കുവൈറ്റ്‌ ട്രിപ്പ്‌.അങ്ങനെ അങ്ങനെ.

പാട്ടുകേട്ടുകഴിഞ്ഞപ്പോൾ കമ്പോസറും ഗായകനും വരികളോട് നീതി പുലർത്തി എന്നുതോന്നിയോ നിശീ?

തീർച്ചയായും. രാജേഷിന്റെ മികച്ച ഒരു കമ്പോസിഷൻ തന്നെയാണിത്. വിജേഷ് അതിമനോഹരമായിത്തന്നെ പാടി. വിജേഷിനെക്കുറിച്ച് പറയുകയാണെങ്കിൽ നമ്മൾ ഒന്നു കൊടുത്താൽ അതിന്റെ പത്തിരട്ടി തിരിച്ചു തരുന്ന ഗായകനാണ് എന്നു പറയണം. ദേവരാജൻ മാഷിൽ നിന്നു നേടിയ സംഗീതപാഠം ഒരു പാട്ടിന്റെ അന്തസ്സത്ത ഉൾക്കൊണ്ട് ആലപിക്കാനും അതിന് പരമാവധി പെർഫക്ഷൻ നൽകാനും അദ്ദേഹത്തെ കണക്കറ്റ് സഹായിക്കുന്നുണ്ട്. എനിക്കിപ്പോഴും മനസ്സിലാകാത്തത് എന്തുകൊണ്ട് വിജേഷിന് മുഖ്യധാരയിൽ അർഹമായ അവസരം ലഭിക്കുന്നില്ല എന്നാണ്.

വ്യക്തിപരമായ ചില ദു:ഖങ്ങളുടെ കാലത്താണ് ഈ ഓണപ്പാട്ട് ഞാൻ പാടേണ്ടതുണ്ട് എന്നു പറഞ്ഞു വിജേഷ് പാടിയത്. സംഗീതത്തോടുള്ള ഒരു കലാകാരന്റെ സമർപ്പണമല്ലേ ഇതിലൂടെ കാണേണ്ടത്?  ഇത്തരം പ്രോജക്ടുകൾക്ക് ലഭിക്കാവുന്ന ഒരു അംഗീകാരവും കൂടെയാണത്. വിജേഷിന്റെ പ്രചോദനങ്ങൾ?

എന്റെ അച്ഛനായിരുന്നു സംഗീതത്തിനു വേണ്ടി എനിക്ക് എല്ലാ പ്രോത്സാഹനവും ചെറുപ്പത്തിലേ തന്നിരുന്നത്. അച്ഛനെ പിന്താങ്ങി അമ്മയും കൂടെയുണ്ടായിരുന്നു.ഏതൊരു അച്ഛനും ആഗ്രഹിക്കുന്നത്  പോലെ എല്ലാവരും അറിയുന്ന ഒരു ഗായകനായി മാറണമെന്നും അത് കാണണമെന്നും വലിയ ആഗ്രഹമായിരുന്നു. എപ്പോഴും പറയുന്ന കാര്യമായിരുന്നു നിന്നെ പോലെ പാടാൻ എനിക്ക് കഴിയുമായിരുന്നെങ്കിലെന്ന്. എന്റെ ഒരു ഒതുങ്ങി നിൽക്കുന്ന സ്വഭാവത്തിനോട് അച്ഛന് അഭിപ്രായം ഇല്ലായിരുന്നു. അച്ഛൻ ആയിരുന്നു എനിക്ക് പബ്ലിസിറ്റി തന്നിരുന്നത്. ഒരു സി.ഡി, ഇറങ്ങിയാൽ ഒരു പാട്ട് ടീവിയിൽ വന്നാൽ നാലാളുകൾ അറിയുന്നത് അച്ഛൻ വഴിയാണ്. എന്നാൽ അച്ഛൻ ആഗ്രഹിച്ചത്‌പോലെ  ഒന്നും എനിക്ക് ആകാൻ കഴിഞ്ഞില്ല എന്ന വിഷമം ഉണ്ട്. എനിക്ക് വേണ്ടതെല്ലാം എനിക്ക് കറക്റ്റ് സമയത്ത് നൽകിയതിനു ഞാൻ എന്നും എന്റെ അച്ഛനോടും അമ്മയോടും കടപെട്ടിരിക്കും. വയലിനിൽ സ്ഥിരം ഫസ്റ്റ് കിട്ടുന്ന ഒരാളായിരുന്നു ഞാന്‍. മഹാത്മാ ഗാന്ധി സർവകലാശാലയിൽ മൂന്നു വർഷം തുടരെ ഫസ്റ്റ് ആയിരുന്നു. സ്കൂൾ സ്റ്റേറ്റ് യൂത്ത് ഫെസ്റ്റിവലിൽ മൂന്നു വർഷം രണ്ടും മൂന്നും സ്ഥാനങ്ങളിൽ ആയിരുന്നു. ഭാവ്യലക്ഷ്മിയും, ബാലഭാസ്കരും, സമ്പത്തും ഒക്കെയായിരുന്നു എപ്പൊഴും എതിരാളികൾ. ഇപ്പോഴത്തെ സംഗീത സംവിധായകൻ ബിജിബാൽ ജില്ലാ തലത്തിൽ എന്നും എന്റെ എതിരാളി ആയിരുന്നു.

ഞാൻ പങ്കെടുത്ത അവസാനത്തെ പരിപാടി ഏറ്റവും ആദ്യത്തെ ഗന്ധർവസംഗീതമായിരുന്നു. അന്ന് യേശുദാസ് അവാർഡ് എന്നായിരുന്നു പറഞ്ഞിരുന്നത്. അതിനു മുൻപ് തൃശ്ശൂർ കലാസദൻ നടത്തിയ ഓൾ കേരള ഫിലിം സോങ്ങ് കൊമ്പറ്റീഷനിൽ എനിക്ക്  ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. ആ ഒരു ആവേശത്തിൽ അച്ഛനും അമ്മയും അയച്ചതായിരുന്നു ഗന്ധർവ സംഗീതത്തിലേക്ക്. അത് ടീവിയിൽ കാണിക്കുന്ന പരിപാടിയാണെന്നും ഒന്നും അറിയില്ലായിരുന്നു.ഓരോ റൌണ്ട് കഴിഞ്ഞു. സെമി ഫൈനലിൽ എതിരാളി മരിച്ചു പോയ സൈനൊജ് ആയിരുന്നു. ആ റൌണ്ട് കഴിഞ്ഞു ഫൈനലിൽ പ്രവേശിച്ചപ്പോൾ വിദ്യാധരൻ മാസ്റ്റർ എന്നോട് പറഞ്ഞു, ദാസേട്ടന്റെ പേരിലുള്ള ഈ പുരസ്ക്കാരം ആദ്യമായി ലഭിക്കാൻ യോഗ്യത നിനക്കാണെന്ന്.

അച്ഛന് അസുഖം വന്നപ്പോഴും ഇത്രയും പെട്ടെന്ന് അച്ഛൻ പോകുമെന്ന് ഞങ്ങൾ ആരും ചിന്തിച്ചില്ല. എല്ലാത്തിനോടും ഒരു വിരക്തി തോന്നിയ സമയമായിരുന്നു. പാട്ടുപുസ്തകത്തിലെ ഭാസിച്ചേട്ടൻ ആ സമയത്ത് എന്നെ വളരെയധികം സഹായിച്ചിട്ടുണ്ട്. അച്ഛൻ ഉണ്ടായിരുന്നെങ്കിൽ എന്ത് വർക്ക് വന്നാലും നീ പാടണം എന്ന് പറയുമായിരുന്നു. അങ്ങനെ നിശി നമ്മുടെ ഓണപ്പാട്ടുകൾ പാടാൻ വിളിച്ചപ്പോൾ ഞാൻ അച്ഛന്റെ വാക്കുകൾ മനസ്സിൽ വച്ചാണ് പാടാം എന്ന് പറഞ്ഞത്. പിന്നെ പാട്ട് പാടുമ്പോൾ അതിൽ ലയിക്കുമ്പോൾ പലതും നമുക്ക് മറക്കാനും സാധിക്കുന്നു. അച്ഛനു എന്റെ കുഞ്ഞിനെ കാണാൻ കഴിഞ്ഞില്ല എന്ന് ആലോചിക്കുമ്പോൾ എപ്പൊഴും വിഷമമാണ്. മാതാ പിതാ ഗുരു ദൈവം...എല്ലാവരെയും ഞാന്‍ ഈ സമയം സ്മരിക്കുന്നു.

രാജേഷ് രാമൻ എന്ന വ്യക്തിക്ക് ആരെയാണു കൂടുതൽ ഇഷ്ടം, രാജേഷ് എന്ന ഗായകനേയോ? അതോ രാജേഷ് എന്ന കമ്പോസറെയോ?

എന്നിലെ ഗായകന്റെയും, സംഗീതസംവിധായകന്റേയും കഴിവുകളും, പരിമിതികളും, പോരായമകളും എനിക്കു കുറേ അറിയാം. നല്ല ഒരു ഔട്ട്പുട്ട് കിട്ടാൻ ചിലപ്പോൾ ഇതു രണ്ടും ഒരുമിച്ചു ചെയ്താൽ ശരിയാവില്ലതാനും.

ടെക്നോളജി അധികം ഉപയോഗിക്കാതെ സംഗീതത്തിനു പ്രാധാന്യം നൽകുന്ന കമ്പോസിഷൻസ് ചെയ്യണം എന്നാഗ്രഹിക്കുന്ന സംവിധായകനേയും, ഭാവമറിഞ്ഞ് ആലപിക്കണമെന്നാഗ്രഹിക്കുന്ന ഗായകരേയുമാണ് ഇഷ്ടം.:) അതു ഞാനായാലും, വേറേ ഒരാളായാലും അങ്ങനെ തന്നെ.

"ഓണവില്ലിൽ ഞാണും കെട്ടി, ഓരിലപ്പൂത്താലിചാർത്തി
ഓമനേ നിന്നെ ഞാനെൻ കൂടെക്കൂട്ടാലോ"—ഇതു ചുമ്മാ ഭംഗിക്കെഴുതിയതാണോ? എന്താണിതുകൊണ്ട് ഉദ്ദേശിക്കുന്നത്?

ഓണവില്ലിൽ ഞാൺ കെട്ടി കൊട്ടുന്നത് ഓണക്കാലത്താണ്. ആ ഓണക്കാലം നിനക്കൊരു താലികെട്ടി കൂടെക്കൂട്ടാമെന്നാണ് ഉദ്ദേശിച്ചിരിക്കുന്നത്. 'ചിങ്ങമാസം വന്നു ചേർന്നാൽ നിന്നെ ഞാനെൻ സ്വന്തമാക്കു'മെന്ന് പുത്തഞ്ചേരി നേരിട്ട് പറഞ്ഞപ്പോൾ ഞാൻ അതൊന്ന് വളച്ചുകെട്ടിപ്പറഞ്ഞൂ എന്നേയുള്ളൂ :) ഈ ഓണക്കാലം, വില്ലിൽ ഞാൺ കെട്ടിക്കാണിച്ച് എന്റെ കഴിവു തെളിയിച്ച് മറ്റുള്ള കൊമ്പന്മാരെയെല്ലാം പരാജയപ്പെടുത്തി നിന്നെ ഞാൻ ഭാര്യയാക്കാം എന്നു മറ്റൊരർത്ഥം കൂടിയുണ്ട്. നാടുതെണ്ടിയായി, ഓണവില്ലിൽ ഞാണും കെട്ടി പാടിനടക്കുന്ന, സ്വർണ്ണത്താലിക്കു പകരം ഇലകൊണ്ട് താലി മാത്രം കൈവശമുള്ള ദരിദ്രനായ എന്റെ കൂടെ നിന്നെയും കൂട്ടാമെന്നും അർത്ഥം പറയാം. അത് കേൾക്കുന്നവരുടെ ഭാവനയ്ക്ക് വിട്ടുകൊടുക്കുന്നു.

മുഖ്യധാരയിലും കൈവെച്ച ഒരാളെന്ന നിലയിൽ ഈണം പോലുള്ള സമാരംഭങ്ങളുടെ പ്രസക്തി എങ്ങനെ വിലയിരുത്തുന്നു? ഈ സംരംഭത്തെ മുന്നോട്ട് കൊണ്ട് പോകുന്നതിനു വിജേഷിന്റെ അഭിപ്രായങ്ങൾ എന്തൊക്കെ?

ഈണത്തിനെ വിലയിരുത്താൻ ഞാൻ അർഹനാണെന്ന് തോന്നുന്നില്ല,കാരണം അത് കിരൺസിന്റേയും, നിശിയുടെയും, രാജേഷിന്റേയും, ബഹുവിന്റേയും മറ്റു പലരുടെയും സ്വപ്ന സാക്ഷാത്ക്കാരമാണ്. അതിൽ പങ്കാളിയാവാൻ കഴിഞ്ഞതുതന്നെ വളരെ സന്തോഷമുള്ള കാര്യമാണ്. പഴയ ലളിത ഗാനങ്ങളും എല്ലാം പാടി ഇടുന്ന കാര്യം കിരൺ എന്റെ അടുത്ത് പറഞ്ഞിരുന്നു.അതൊന്നും നടന്നിട്ടില്ല. തിരക്കിനിടയിലും ഇതിനെല്ലാം സമയം കണ്ടെത്തുന്ന  നിങ്ങളെയൊക്കെ എത്ര അഭിനന്ദിച്ചാലും  മതിയാവില്ല. കഴിവുള്ളവരും, സംഗീതത്തെ ഇഷ്ടപ്പെടുന്നവരും സാഹചര്യങ്ങൾ കൊണ്ട് സംഗീതത്തിൽ നിന്ന് അകന്നു പോയവരുമെല്ലാം ഒന്നിക്കുമ്പോൾ അവരുടെ കഴിവുകളെല്ലാം എല്ലാവരും അറിയുകയും വിലയിരുത്തപ്പെടുകയും ചെയ്യുന്ന ഒരു ഇടം. ഇനിയും നല്ല നല്ല സംരംഭങ്ങൾ ഈണത്തിനു ചെയാൻ കഴിയും. വരും കാലങ്ങളിൽ കൂടുതൽ ആളുകൾ ഈണത്തിൽ പങ്കാളികളാവും. ഈണം ഒരു വൻ സംരംഭാമാകും,തീർച്ച. നമുക്ക് അഭിമാനിക്കാം.

വള്ളം തീരത്തടുക്കുകയായി. എല്ലാവർക്കും നന്ദി പറഞ്ഞ് ഈ യാത്ര തൽക്കാലത്തേക്കവസാനിപ്പിക്കാൻ ഉമേച്ചി  കിരണിനെ ക്ഷണിക്കുന്നു. കിരൺ പറഞ്ഞുതുടങ്ങി:

ഇവിടെ പലരും പറഞ്ഞതുപോലെ ജീവിതത്തിലെ നല്ല ചില മണിക്കൂറുകളാണ് ഞാൻ ഇവിടെ ചെലവിട്ടത്. നേരിൽ കണ്ടിട്ടില്ലാത്ത പല കൂട്ടുകാരേയും അടുത്തു പരിചയപ്പെടാൻ കഴിഞ്ഞു. പല അസൗകര്യങ്ങളും മാറ്റിവെച്ച് ഈണത്തിന്റെ ഈ പ്രോഗ്രാമിൽ പങ്കുകൊള്ളാനെത്തിയ എല്ലാവരോടും സ്നേഹം സ്നേഹം മാത്രം.

2008ൽ ഇത്തരമൊരു സംരംഭം തുടങ്ങുമ്പോൾ ഇത്രയധികം വ്യക്തയോടെ കാര്യങ്ങൾ കണ്ടിരുന്നില്ല.എങ്കിലും ഇതൊരു നല്ല തുടക്കമാവുമെന്ന് ഉത്തമബോധ്യമുണ്ടായിരുന്നു. മുഖ്യധാരയിലുള്ള ഓണം ആൽബങ്ങളേയോ മറ്റോ വച്ച് ഒരു താരതമ്യത്തിനു മുതിർന്നാൽ ആൽബം ടീമിനു അഭിമാനിക്കാൻ മാത്രമേ വക നൽകൂ എന്നതാണ് ഈ ആൽബത്തിന്റെ നിലവാരത്തേക്കുറിച്ച് പറയാനുള്ളത്.

സുമസ്സുകളുടെ വാക്കുകളാണ് ഇതിനുപിന്നിൽ രാപകലില്ലാതെ അധ്വാനിക്കുന്നവർക്കു ലഭിക്കുന്ന എളിയ പ്രതിഫലം. സോഷ്യൽ നെറ്റ്വർക്കിംഗുകളുടെ ആധിക്യം കാരണം ഒരോ വ്യക്തികളും ഇപ്പോൾ ഒരോ പ്രസ്ഥാനങ്ങളാണ്. ഒരു ഉദാഹരണം പറഞ്ഞാൽ ഒരു വ്യക്തിയെ സംബന്ധിച്ച് കുടുംബഫോട്ടോയോ /വീടിന്റെയോ/ ഭർത്താവിന്റെയോ/ ഭാര്യയുടേയോ കുഞ്ഞുങ്ങളുടേയോ അല്ലെങ്കിൽ യാത്രയുടേയോ ഒക്കെ ഫോട്ടോയും വിശേഷങ്ങളും പോസ്റ്റ് ചെയ്ത് ചെയ്ത്  അവരുടെ അജണ്ടയിലുള്ളത് തന്നെ പൂർത്തിയാക്കാൻ സമയം ഇല്ലാത്ത ഒരു അവസ്ഥയിൽ ഒരോ ആളുകളിൽ നിന്നും കമന്റുകൾ പ്രതീക്ഷിക്കുന്നത്  പ്രായോഗികമാണെന്ന് തോന്നുന്നില്ല.തന്നെയുമല്ല സമീപകാല ട്രെന്റ് പരിശോധിച്ചാൽ ലളിതസുന്ദരങ്ങളായ ചില ഓണപ്പാട്ടുകൾ എന്നല്ലാതെ ഒരു വിവാദത്തിലേക്ക് നയിക്കാൻ കാരണമായതോ മറ്റെന്തെങ്കിലും കുപ്രസിദ്ധിയോ ആർജിക്കാൻ തക്കതായ കാരണമോ ഒന്നും ഇതിനൊന്നുമില്ല എന്നതും ഇതിനേപ്പറ്റി ഘോരഘോരം ചർച്ച ചെയ്യാൻ തടസമുണ്ടാക്കുന്നുണ്ട്. പക്ഷേ ആളുകൾക്ക് ഇഷ്ടമാവുന്നെങ്കിൽ അവർക്കത് രേഖപ്പെടുത്താൻ ഫെയ്സ് ബുക്ക് ലൈക്കുകൾ ഈ വർഷം ഏർപ്പെടുത്തിയത് ഗുണം ചെയ്തു. 1200ലേറെ ഫേസ്ബുക്ക് ലൈക്ക് & ഷെയറുകളാണിത്തവണ ഉണ്ടായത്.അഞ്ഞൂറിലേറെ നല്ല കമന്റുകളും ലഭിച്ചിരുന്നു. 85 ൽ പരം രാജ്യങ്ങളിൽ നിന്നായി 7000 നടുത്ത് യൂണിക് വിസിറ്റേഴ്സാണ് ഈ ഗാനങ്ങൾ കേൾക്കാൻ ഈണത്തിന്റെ സൈറ്റിലേക്കെത്തിയത് എന്നത് ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഒരോ വ്യക്തിക്കും അഭിമാനം നൽകുന്നു.

ഈണത്തിന്റെ പാട്ടുകൾക്കായി കുറേയധികം ആളുകൾ കാത്തിരിക്കുന്ന ഒരു ദിവസമാണ് ടീമിന്റെ ലക്ഷ്യം. കുറേയധികം എന്ന് പറയുന്നത് ഈണത്തേപ്പറ്റി അറിയാവുന്നവരൊക്കെ പുതിയ ആൽബം റിലീസ് ചെയ്താലുടൻ തന്നെ കേൾക്കുന്നു, ആസ്വദിക്കുന്നു എന്ന് മനസിലായത് കൊണ്ടാണ്. എങ്കിലും ഒരു വലിയ ശ്രോതാക്കളുടെ സമൂഹത്തിലേക്ക് വരും കാല ആൽബങ്ങൾ എത്തിച്ചേരണമെന്നാണ് ആഗ്രഹം. എല്ലാവർക്കും നന്ദി. (കിരൺ തെല്ലു സെന്റിയായോ?)

വള്ളത്തിൽനിന്നിറങ്ങി എല്ലാവരും ഒരു ഗ്രൂപ്പ്ഫോട്ടൊയ്ക്ക് പോസ് ചെയ്തു. ഇനിയും കണ്ടുമുട്ടും എന്ന പ്രാർത്ഥനയോടേ പതിയെ എല്ലാവരും യാത്രപറഞ്ഞകലുന്നു. പിരിയുവാനായ് വേണ്ടിയുള്ള പ്രിയമോലുന്ന സംഗമങ്ങൾ. പുനസ്സമാഗമത്തിനായുള്ള വേർപിരിയലുകൾ. ഈ ചെറുയാത്രയൊക്കെ അനസ്യൂതമായ ആ മഹായാത്രയുടെ കൈവഴികൾ മാത്രം. വീണ്ടും കാണാനുള്ളവരാണ് എല്ലാവരും. ഇനിയുമെത്രയോ പാട്ടുകളിലൂടെ തമ്മിൽത്തിരിച്ചറിയേണ്ടവർ. ഇതുവെറുമൊരു അല്പവിരാമം മാത്രം.

പിന്മൊഴികൾ

ഈണത്തിന്റെ ഓണപ്പാട്ടുകളുടെ പിന്നണി വിശേഷങ്ങള്‍ പങ്കു വെച്ചതിനു നന്ദി...ഇത്തവണത്തെ പാട്ടുകള്‍ എല്ലാം നന്നായിട്ടുണ്ട്..എല്ലാവര്ക്കും അഭിനന്ദനങ്ങള്‍..
ഓണത്തിന് മാത്രമല്ല..എല്ലാക്കാലത്തും കേള്‍ക്കാന്‍ പാകത്തിന് ഇമ്പമുള്ള പാട്ടുകള്‍...