പാട്ടുപിറന്ന വഴിയിലൂടെ-ഭാഗം-1

തണുത്ത കാറ്റിൽ കുളിരണിയുന്ന ഓണപ്പുലരി. അൽപ്പം മുൻപു പെയ്തമഴയിൽ കായലരികത്തെ പുൽപ്പടർപ്പുകൾ കുളിച്ചു നിന്നിരുന്നു. ഏതോ അപൂർവ്വരാഗങ്ങൾ പാടി സ്വരസാധകം ചെയ്യുമ്പോലെ പക്ഷികളുടെ മധുര സംഗീതം ഒഴുകി വന്നുകൊണ്ടേയിരുന്നു. ഓളങ്ങൾ പകുത്തു മാറ്റി ഞങ്ങളുടെ വള്ളം മെല്ലെ മുന്നോട്ടു നീങ്ങി. ഈണത്തിന്റെ കലാകാരന്മാർ ഏവരും ഒത്തു ചേർന്ന നിമിഷങ്ങൾ. പലരും പരസ്പരം നേരിൽക്കാണുന്നതിതാദ്യമായിരുന്നു. ആ പരിചയപ്പെടലുകൾ അന്തരീക്ഷത്തെ തെല്ലു മുഖരിതമാക്കി.

കലപില ശബ്ദങ്ങൾ പെട്ടെന്നു നിലച്ചത് ആരുടേയോ സെൽഫോൺ റിങ്ങ് ചെയ്തപ്പോഴാണ്. ആ റിങ്ങ്ടോൺ എല്ലാവരേയും ഒന്നമ്പരപ്പിച്ചു, പിന്നെ നൊമ്പരപ്പെടുത്തി:
 
"♫♫♫..എന്റെ മൺവീണയിൽ കൂടണയാനൊരു മൗനം പറന്നു പറന്നു വന്നൂ...
           പാടാൻ മറന്നൊരു പാട്ടിലെത്തേൻകണം പാറിപ്പറന്നു വന്നൂ ♫♫♫".
 
യാദൃശ്ചികമെങ്കിലും ജോൺസൺ മാഷ് ഈ കൂട്ടായ്മയിൽ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം അറിയിച്ചതു പോലെ. അതേ, ഇന്നദ്ദേഹം ജീവിക്കുന്നത് ഈണം പകർന്ന ആ പാട്ടുകളിലൂടെയാണല്ലോ. ആ പാട്ട് മാഷിന്റെ സാന്നിദ്ധ്യമായിത്തന്നെ കരുതേണ്ടിയിരിക്കുന്നു. അന്തരിക്ഷത്തിൽ പെട്ടെന്നു വന്നു നിറഞ്ഞ മൗനത്തെ ഒന്നില്ലാതാക്കണമായിരുന്നു . ഇവിടെ എല്ലാവരെയും ഒരുമിപ്പിച്ച ഈണത്തെക്കുറിച്ചുള്ള സംസാരം അതിനു നിമിത്തമാവട്ടെ. ഏതോ ഓർമ്മകളിൽ മുഴുകി ഓളപ്പരപ്പുകളിലേയ്ക്കു കണ്ണുനട്ടിരുന്ന നിശിയോടായിരുന്നു ആദ്യ ചോദ്യം. :
 
ആൽബത്തിന്റെ ചർച്ചകൾ ഏകദേശം പൂർത്തിയായി വരുന്ന സമയത്തായിരിക്കുമല്ലോ ജോൺസൺ മാഷിന്റെ വേർപാട്. "മാനസവീണയിൽ കൂടണഞ്ഞോരു പൂങ്കുയിലേ"  എന്ന പാട്ട് ആരുടെ ആശയമായിരുന്നു?

(തെല്ലൊന്നോർമ്മയിൽ മുഴുകിയിട്ട്)-- അതേ. എല്ലാ ഗാനങ്ങളും തീർന്ന ശേഷമായിരുന്നു അദ്ദേഹത്തിന്റെ വേർപാട്. ഉടൻ തന്നെ ഞാൻ ഈ വിഷയം അവതരിപ്പിക്കുകയും ഈണത്തിനു തുടക്കം കുറിച്ച നാലുപേരും കൂടി ഉൾപ്പെട്ട ഒരു ഗാനമായിരിക്കണം അതെന്നു നിർദ്ദേശിക്കുകയും ചെയ്തു. ഞങ്ങൾ നാലുപേരും ഓരോ പാദങ്ങൾ ചേർന്ന് പാടാനായാണ് ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് സമയക്കുറവുമൂലം അത് രാജേഷ് മാത്രമായി ചുരുങ്ങി. . മാഷിന്റെ മരണം എല്ലാ സംഗീത പ്രേമികൾക്കുമെന്നപോലെയോ അതിലുപരിയോ ഞങ്ങൾക്കും ഒരു വലിയ ഷോക്കായിരുന്നു. M3DB യും ഈണവുമൊക്കെയായി സഹകരിക്കാം എന്ന് അദ്ദേഹം ഉറപ്പു തന്നിരുന്നതാണ്. അപ്പോൾ അദ്ദേഹത്തെ സ്മരിക്കാതെ ഈണത്തിന്റെ ഗാനം ഇറങ്ങുന്നത് ഉചിതമല്ലെന്ന് തോന്നി.

ഈണത്തിന്റെ ശില്പികളായ 4 പേരും പങ്കെടുത്തിട്ടുള്ള ഒരപൂർവ്വഗാനമാണ്. ( കിരൺ- അനൌൺസ്മെന്റ്, ബഹു -സംഗീതം, രാജേഷ് - ആലാപനം, നിശി - രചന). എല്ലാവരും ചേർന്നുള്ള ഒരു ഗാനോദകം എന്നു പറയാം. കിരൺ ഇതേക്കുറിച്ച് എന്തു പറയുന്നു?

ഈണത്തിന്റെ അണിയറയിൽ ആദ്യമായി  നിന്ന നാലുപേരും ഒരു പാട്ടിൽ ഒരുമിക്കാൻ പറ്റിയത് അപൂർവ്വമായ ഒരു അവസരം ആണെന്ന് പറയാം..രാജേഷും ഞാനും ബഹുവും ചേർന്ന് പാടാനാണ് ആദ്യം തീരുമാനിച്ചത്. ബഹു ആദ്യമേ വഴുതിമാറി. രാജേഷ് ഈ പാട്ട് പാടി അയച്ചു തന്നിരുന്നു. അത് കേട്ട് പഠിക്കാനും അതേ പോലെ പാടാനും ഉള്ള പ്രയാസവും ചുരുങ്ങിയ സമയവുമാണ് അതിൽ നിന്ന് മാറി അനൗൺസ്മെന്റിലേക്ക് തിരിച്ചത്. അങ്ങനെയെങ്കിലും കൂടെയുള്ള പ്രതിഭകളുടെ കൂടെ പേരെഴുതി വെക്കാൻ കാരണമായതിൽ സന്തോഷമുണ്ട്. ജോൺസന്മാഷിന് ഇത്രയെങ്കിലും ചെയ്യാൻ പറ്റിയത് വലിയ ഒരു സന്തോഷമായിക്കരുതുന്നു. ഒരു പച്ചമനുഷ്യൻ ആയിരുന്നു അദ്ദേഹം എന്നത് വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽത്തന്നെ മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. അതിനാൽത്തന്നെ മറ്റ് ഉപകരണങ്ങളുടെ അകമ്പടിയില്ലാതെ, വാദ്യഘോഷങ്ങളില്ലാതെ ശ്രുതിമാത്രം ഇട്ട് കൊണ്ട് ഒരു സമർപ്പണം.

ഹലോ ബഹൂ, വളരെ ആർദ്രമായ ഒരു ഈണമാണ് താങ്കൾ ഈ ഗാനത്തിനായി ഒരുക്കിയത്. വരികൾ വായിച്ചപ്പോൾത്തന്നെ ഈ ഈണവും മനസ്സിലേക്കു വന്നോ?

പണ്ടൊരിക്കൽ ഒരു കവിത ഏകദേശം ഇതേ രീതിയിൽ ഈണമിട്ടിരുന്നു. മാനസവീണയിൽ എന്ന കവിത വളരെ ധൃതിയിൽ ചെയ്യേണ്ടി വന്നതുകൊണ്ടും വരികൾക്കും സന്ദർഭത്തിനും ട്യൂൺ യോജിക്കുമെന്നും തോന്നിയതുകൊണ്ടും ആ പഴയ ട്യൂൺ മാറ്റങ്ങൾ വരുത്തി വരികൾക്കു ചേർത്തതാണ്. രാജേഷ് അസ്സലായി പാടി. ഇംപ്രൂവൈസേഷൻ എല്ലാം തന്നെ രാജേഷിന്റെ കോൺട്രിബ്യൂഷൻ ആണ്.

“അകലുന്ന നിന്റെ കാൽപ്പാടുകൾ കണ്ടൊരീ
പഥികർ തൻ മിഴി നിറയുമ്പോൾ  “ജോൺസൺ മാഷുമായി ചെലവിട്ട നിമിഷങ്ങൾ ധാരാളം മതിയായിരുന്നോ നിശിയ്ക്ക് വരികളെഴുതിത്തീർക്കാൻ?

M3DB ഉദ്ഘാടന വേളയിൽ അദ്ദേഹത്തോടൊപ്പം ഒരു പകൽ മുഴുവൻ ചെലവഴിക്കാൻ ഭാഗ്യമുണ്ടായി. വളരെ സ്വകാര്യമായി സംസാരിക്കാനും ഭാഗ്യം ലഭിച്ചു. ഒരു സീനിയർ ആർട്ടിസ്റ്റിന്റെ യാതിരു ഭാവങ്ങളും ഇല്ലാതെ വളരെ അനുഭാവപൂർണ്ണമായിരുന്നു അദ്ദേഹത്തിന്റെ ഇടപഴകൽ. സത്യത്തിൽ വളരെ ആരാധന തോന്നി. അദ്ദേഹത്തിന്റെ രീതികളും ആശയങ്ങളും ഒക്കെ മനസ്സിൽ പതിഞ്ഞിരുന്നു. അതൊക്കെ ഒന്ന് സ്മരിച്ചാണ് ഈ കവിത എഴുതിത്തീർത്തത്. അദ്ദേഹവുമായി അടുത്തിടപഴുകിയപ്പോൾ നമ്മുടെ കലാ ജീവിതത്തിൽ അതൊരു വഴിത്തിരിവാകുമെന്ന് കരുതി. എന്റെ ഒരു ഗാനത്തിന് സമയം പോലെ സംഗീതം നൽകാമെന്ന് അദ്ദേഹം സമ്മതിച്ചതുമാണ്. ആ ഗാനം എഴുതിത്തുടങ്ങിയതുമാണ്. പക്ഷേ ഒരുമിക്കാൻ സാധിച്ചില്ല.

മനോഹരമായ ആലാപനം. ജോൺസൺ മാഷ് എത്ര പ്രിയപ്പെട്ടതായിരുന്നു? അദ്ദേഹത്തിന്റെ ഗാനങ്ങളെ രാജേഷ് എത്ര ഇഷ്ടപ്പെടുന്നു?

മാഷിനെ നേരിട്ട് കാണാൻ സാധിക്കാത്തത് ഒരു ദു:ഖമായി മനസ്സിൽ നിൽക്കുന്നു. ഈണം 2011 റിലീസിൽ ഇങ്ങനെ ഒരു ഡെഡിക്കേഷൻ ഉൾപ്പെടുത്താനായത് ഭാഗ്യമായി കരുതുന്നു. മലയാളത്തനിമയുള്ള ഗാനങ്ങളായിരുന്നു ജോൺസൻ മാഷ് നമുക്കു തന്നത്.  അനുരാഗിണീ, പാതിമെയ്  മറഞ്ഞതെന്തേ, ആകാശമാകെ, ദേവാങ്കണങ്ങൾ, മെല്ലെ മെല്ലെ, സ്വർണ്ണമുകിലേ....എല്ലാം വളരെ വളരെ പ്രിയപ്പെട്ടവ തന്നെ..

ജോൺസൺ മാഷിനെ നേരിട്ടറിയുമോ? അദ്ദേഹത്തിന്റെ ഈണങ്ങൾ ബഹുവിനു പ്രചോദനമേകിയിട്ടുണ്ടോ?

ജോൺസൺ മാഷിനെ ഞാൻ നേരിട്ടറിയും! ഞാൻ പ്രശസ്തനായ ഒരു ബഹുമുഖപ്രതിമയായിരുന്നിട്ടുപോലും എന്നെപ്പറ്റി അദ്ദേഹത്തിന് അറിയുമായിരുന്നില്ല്യ. (കഷ്ടം എന്നല്ലാതെ എന്തു പറയാൻ.) അദ്ദേഹത്തിന്റെ എല്ലാ പാട്ടുകളും എനിക്കിഷ്ടമാണ്. പല ഈണങ്ങളും പ്രചോദനം നൽകിയിട്ടുണ്ട്.

"പാടുകയായാണിതാ" എന്ന ഭാഗം ആത്മാവിനെത്തൊടുന്ന രീതിയിലാണ് രാജേഷ് ആലപിച്ചിരിക്കുന്നത്. ഇത് സ്വയമെടുത്ത ഒരു സ്വാതന്ത്ര്യമായിരുന്നോ?

ബഹു ഇമ്പ്രൊവൈസ് ചെയ്യാനുള്ള അനുമതി തന്നിരുന്നു. അതു ബഹു സൂചിപ്പിച്ചിരുന്നല്ലോ. അതുകൊണ്ട് ആവുന്നത്ര ആത്മാവറിഞ്ഞു പാടാൻ ശ്രമിച്ചിട്ടുണ്ട്.

ഈ പാട്ടിൽ "ഗിത്താർ" എന്ന വാക്ക് ഒരു ബിംബം പോലെയാണു കടന്നുവരുന്നത്. ആ വാക്ക് രചനാ വേളയിൽ അങ്ങനെയങ്ങു വന്നതാണോ?

അദ്ദേഹത്തെക്കുറിച്ചോർക്കുമ്പോൾ ആദ്യം കടന്നു വരുന്നതും ആ ഗിത്താറാണ്. കണ്ണുകളടച്ച് അദ്ദേഹം അത് ശ്രുതി ചേർക്കുന്നത് ഒരു കൊച്ചു കുട്ടിയേപ്പോലെ ഞാൻ വളരെ നേരം നോക്കിയിരുന്നു. ആ പാട്ടിന്റെ ഒഴുക്കിനെ 'ഗിത്താർ' എന്ന വാക്ക് ബാധിക്കുന്നതിനാൽ അത് മാറ്റണം എന്ന് രാജേഷ് ആവശ്യപ്പെട്ടെങ്കിലും ഞാൻ സമ്മതിച്ചില്ല. അവിടെ പതിച്ചു പാടാൻ പറഞ്ഞു. ആ ഗിത്താറും കൂടിയില്ലാതെ ആ പാട്ടു പൂർണ്ണമാകുമായിരുന്നില്ല.

നിശി പറഞ്ഞുനിർത്തി.

"പൂഹോയ് പൂഹോയ് പൂഹോയ്!!" കൊതുകു മൂളുന്നതുപോലെ ഒരു ശബ്ദം. കൃഷ്ണകുമാറാണിതിനിടയിൽ അതു ശ്രദ്ധിച്ചത്. ലിതവൻ തന്നെ, ഡാനി. അവന്റെ ശബ്ദം എവിടെ എങ്ങിനെ കേട്ടാലും തനിക്കതു മനസ്സിലാകും എന്ന് തെല്ലൊരഹങ്കാരത്തോടെ എഴുന്നേറ്റ് നോക്കി...അപ്പോ ദാണ്ടെ മസ്സിലും പെരുപ്പിച്ചോണ്ട് ഒരു കൊതുമ്പുവള്ളത്തിൽ ആഞ്ഞ് തുഴഞ്ഞു വരുന്നു സാക്ഷാൽ ഡാനി. വള്ളം ഒന്നു വേഗത കുറച്ചു നമ്മുടെ കുട്ടിസ്രാങ്കി, അതെ സ്രാങ്കല്ല സ്രാങ്കിയാണു നമ്മുടെ വള്ളത്തിന്റെ ചുക്കാൻ പിടിക്കുന്നത് [ഇതാരെന്നു പിന്നീടു പറയാം, ഒരു സർപ്രൈസ് ഇരിക്കട്ടെ].
 
കഷ്ടപെട്ട് ഡാനി വള്ളത്തിന്റെ അടുത്തെത്തി... എന്നെ ഒറ്റയ്ക്കാക്കി പോയിയല്ലേന്നുള്ള ഒരു നിഷ്കളങ്ക ഭാവത്തോടെ... എന്നെ ഇതിനകത്തേക്കെടുത്തിടെടെയ് എന്നാക്രോശിച്ചു. ഈ കാഴ്ചകൾ മൂഡിയായ ടീമിന്റെ ചുണ്ടിൽ ചിരിപടർത്തി..
 
ഡാനിയെ വള്ളത്തിലേക്കു വലിച്ചു കയറ്റുന്നതിനിടയിൽ ഉണ്ണി പാടി:
 
"തിത്തിത്താരാ തിത്തിത്തെയ്....
പത്തു ദിക്കും തങ്കലാക്കി നിൽപ്പവനെക്കൈതൊഴുന്നേൻ
പാലാഴിയിൽ പള്ളികൊള്ളും പത്മനാഭാ കൈതൊഴുന്നേൻ"

"ഈ പാട്ട് എവിടെയോ കേട്ടിട്ടുണ്ടല്ലോ?" ഗീതട്ടീച്ചറാണ് മൂക്കിൽ ചൂണ്ടുവിരൽ ചേർത്ത് ചിന്താവിഷ്ടയായിരിക്കുന്നത്.

അതു നമ്മുടെ "ഒരു നല്ല പൂപ്പാട്ടിൽ" ചേർത്തിട്ടുള്ളതാ ഗീതേച്ചീ, രാഹുലിന്റെ വക വിശദീകരണം വന്നു.

മെല്ലെ "ഒരു നല്ല പൂപ്പാട്ടിന്റെ" വിശേഷങ്ങളിലേക്കു കടന്നു.

വഞ്ചിപ്പാട്ടിന്റെ വായ്ത്താരിയുമായുള്ള തുടക്കം രാഹുലിന്റെ നിർദ്ദേശപ്രകാരമായിരുന്നോ? "പത്തുദിക്കും തങ്കലാക്കി നിൽപ്പവനെക്കൈതൊഴുന്നേൻ ഇതിന്റെ പിന്നിലെ ഒരു സങ്കൽപ്പം എന്താണു? എട്ടു ദിക്കെന്നാണു പൊതുവായ സംസാരം, ഇതിനെ പറ്റി ഒന്നു വിശദീകരിക്കാമോ?

"ഒരു നല്ല പൂപ്പാട്ടുമായ്" എന്ന തുടക്കത്തോടുകൂടിയാണ് ഈ പാട്ട് ആദ്യമായി ട്യൂൺ ചെയ്യുന്നത്. ഈ പാട്ട് ഉണ്ണിയെ കുട്ടിക്കാലത്തെ ഓണത്തിലേക്കും പണ്ടു പങ്കെടുത്തിരുന്ന വള്ളസദ്യയിലേക്കുമൊക്കെ കൊണ്ടുപോയതിനാൽ, ഉണ്ണിയാണ് "പത്തുദിക്കും തങ്കലാക്കി" എന്ന വരികൾ പിന്നീട് പാട്ടിൽ ചേർത്തത്. ആറന്മുളയിലെ ആളുകൾക്കുള്ള ഒരു ആദരം ഈ പാട്ടിലുണ്ടാവണമെന്നും ഉണ്ണിക്കുണ്ടായിരുന്നു.

ഏകദേശം ഒരേ രൂപമാണ് അനുപല്ലവിക്കും ചരണത്തിനും. മീറ്ററിൽ കൃത്യമായി വന്നു വിഴുന്ന വാക്കുകൾ..ഉയരവേ, പാടവേ, പൊഴിയവേ, ആടവേ, വിതറവേ, കാണവേ.....വരികൾ ഒരേപോലെ അവസാനിക്കുന്നു. വരികൾക്ക് റ്റ്യൂണിടുമ്പോൾ മറ്റു പല ഘടകങ്ങളും പോലെ ഇതും പ്രധാനമാണ്. ഉണ്ണി എന്തു പറയുന്നു?

ഇപ്പറഞ്ഞ വസ്തുത ശ്രദ്ധിച്ചതില്‍ സന്തോഷം. ഇത് ഞാനും രാഹുൽ സോമനും ഒന്നിച്ചിരുന്നു ചെയ്ത പാട്ടാണ്. സംഗീതവും വരികളും ഒന്നിച്ചാണ് ഇഴചേര്‍ന്നത്. പിന്നെ പാട്ടിന്റെ ഒരു പ്ലാൻ ആദ്യമേ ഞങ്ങള്‍ തീരുമാനിച്ചിരുന്നു.  അനുപല്ലവിയിലും ചരണത്തിലുമുള്ള പ്രത്യേകത ഇതിന്റെ പല്ലവിയിലും ഉണ്ട്. നിങ്ങള്‍ സൂചിപ്പിച്ചതു പോലെ ഇത് വളരെ പ്രധാനപ്പെട്ടതാണ്.

ഈ പാട്ടിന്റെ ശബ്ദമെല്ലാം എടുത്തുമാറ്റിയ ഒരു ട്രാക്ക് നമ്മൾ കേട്ടാലും അതു നമ്മെ ഓണത്തെ ഓർമ്മിപ്പിക്കും. അത്രയ്ക്കു മനോഹരമായിട്ടുണ്ട് സിബുവിന്റെ ഓർക്സ്ട്ര. ഈ പാട്ടിനെപ്പറ്റി സിബുവിനെന്താണു പറയുവാനുള്ളത്?

ഒറ്റവാക്കിൽപ്പറയാവുന്ന ഉത്തരം "കൂട്ടായ്മ" എന്നതാണ്. പാട്ടിഷ്ടപ്പെട്ടന്നറിഞ്ഞതിൽ വളരെ സന്തോഷം. രാഹുൽ മനുഷ്യൻ എഴുതി, ഉണ്ണിക്കുട്ടൻ കമ്പോസ് ചെയ്തപ്പോഴേ അതിനൊരു പോസിറ്റീവ് എനർജി ഉണ്ടായിരുന്നു. പിന്നെ ഉണ്ണി ഒരുകാര്യം പറഞ്ഞിരുന്നു. ഈ പാട്ടുകേട്ടാൽ വള്ളസദ്യ ഓർമ്മവരണമെന്ന്. ഞാൻ ഓ.കെ പറഞ്ഞ് ആദ്യം റിഥം ചെയ്തു. ചെണ്ടമേളം ചെയ്യാനായിരുന്നു ഇച്ചിരെ കുഴഞ്ഞത്. ബാക്കിയുള്ള റിഥം ട്രാക്ക് എല്ലാം സാധാരണയായി ഉപയോഗിക്കുന്നവ തന്നെയാണ് ചേർത്തിരിക്കുന്നത്. പക്ഷേ, ഈ പാട്ടിന് അതു കൂടുതൽ സൗന്ദര്യം കൊടുത്തു എന്നുള്ളത് നേരാണെങ്കിൽ അതു ദൈവകൃപ. നല്ല ഓളമായിരുന്നു ചെയ്യാൻ. രാത്രി 11 മണിയ്ക്കു തുടങ്ങിയ റെക്കോഡിങ്ങ് അവസാനിക്കുന്നത് രാവിലെ 8 മണിയ്ക്കാണ്. അടിസ്ഥാനപരമായി ഈ പാട്ട് "മധ്യമാവതി" രാഗത്തിലാണ് ഉണ്ണി ചെയ്തിരിക്കുന്നത്. മധ്യമാവതിയിൽ എന്തുചെയ്താലും അതിനൊരു പോസിറ്റീവ് എനർജി ഉണ്ടാവും, അതായത് ഒരു നല്ല ഓളം.

സ്വന്തം വരികളെ ബാക്കിയുള്ളവർ ചേർന്ന് മനോഹരമാക്കി എന്നു രാഹുൽ വിശ്വസിക്കുന്നുവോ? എങ്ങിനെ തോന്നുന്നു കമ്പോസിങ്ങും ഓർക്കസ്ട്രയുമൊക്കെ? തുഴകൾ വെള്ളത്തിൽ വീഴുന്ന ശബ്ദമൊക്കെ മനോഹരമായി വർക്കായി. കോറസ്സുകാരും ഈ പാട്ടിന്റെ വിജയത്തിൽ നല്ലൊരു പങ്കു വഹിച്ചിട്ടുണ്ട്. അതിന്റെ മിക്സിങ്ങൊക്കെ മനോഹരമായി? അതിൽ എന്തെങ്കിലും പങ്ക് രാഹുലിനുമുണ്ടോ?

ഒരു പാട്ടിന്റെ പിറവിയ്ക്കു പിന്നിൽ നല്ല ഒരു ടീംവർക്കുണ്ടെന്നാണ് എന്റെ വിശ്വാസം. അവിടെ, "നീയെന്റെ വരികളെ ഈണത്തിലൂടെ മനോഹരമാക്കി" എന്നും "നിന്റെ വരികൾ എന്റെ പാട്ടിനെ സുന്ദരമാക്കി" എന്നുമുള്ള പറച്ചിലുകൾക്ക് അർത്ഥമില്ല. എല്ലാ അംശങ്ങളുടേയും ഒരു മികച്ച മേളനമാണ് ഒരു പാട്ടിനെ മനോഹരമാക്കുന്നത്. വരികളെഴുതുമ്പോൾ എന്റെ മനസ്സിലുണ്ടായിരുന്നതിൽനിന്നും വ്യത്യസ്ഥമായ ഒരീണമാണ് കമ്പോസ് ചെയ്തപ്പോൾ ഉണ്ടായത്.

കോറസ് മുഖ്യമായും ഉണ്ണിയുടെ ആശയങ്ങളനുസരിച്ചായിരുന്നു ചെയ്തത്. സിബുവിന്റെ സംഭാവനകളും ഉണ്ടായിരുന്നു.

ആലാപനത്തിൽ ഉണ്ണി  ചിലയിടത്തു കൊണ്ടുവന്ന വെസ്റ്റേൺ ടച്ചിനെക്കുറിച്ച്? അതുപോലെ ഈ പാട്ടിന്റെ റെക്കോഡിങ്ങിനെക്കുറിച്ച്?

എന്റെ സ്വതസിദ്ധമായ ആലാപന ശൈലി അങ്ങനെയാണ്. പിന്നെ ചില ഘടകങ്ങള്‍ നമ്മുടെ സിഗ്നേച്ചർ ആവണ്ടേ? സംഗീതത്തിലും ആലാപനത്തിലും അതുകൊണ്ടുവരാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. 

റെക്കോര്‍ഡിങ് കുറച്ചു പണിപ്പെട്ടു. നാലു ലെയർ കോറസ്, തുടക്കം (പത്തു ദിക്കും), ഇത്രയും ചെയ്യാന്‍ തന്നെ നല്ല സമയം എടുത്തു. പിന്നെ ഇതെല്ലാംകൂടി മിക്സ് ചെയ്യാന്‍ കുറെ കഷ്ടപ്പെട്ടു. സിബു സുകുമാരനോടു ഒരുപാട് സ്നേഹവും, ബഹുമാനവും ഉണ്ട്. ഈ ഗാനത്തിന് ഞാന്‍ ഉദ്ദേശിച്ച ജീവന്‍ കൊടുക്കാന്‍ പരിപൂർണ്ണമായും സിബുവിന് സാധിച്ചു. ഞാനും, രാഹുലും ഇതില്‍ കൊടുത്തതിനേക്കാള്‍ സമയം സിബു ഇതിലേക്കായി ചെലവഴിച്ചിട്ടുണ്ട്.  This song is as Sibu's as mine or Rahul's.

ഈ ഗാനത്തിന്റെ അണിയറ പ്രവർത്തകരെ കുറിച്ച് എന്താണു സിബുവിനു പറയാനുള്ളത്? ഈ ഗാനത്തിനെ എങ്ങിനെ വിലയിരുത്തുന്നു?

ഈ ഗാനത്തിന്റെ അണിയറയിൽ എന്റെ കൂട്ടുകാർ തന്നെയാണ് എന്നു പറയുന്നതിലുപരി എന്റെ സഹോദരങ്ങളാണ്. രാഹുൽ മനുഷ്യനും ഉണ്ണിക്കുട്ടനുമൊന്നുമില്ലെങ്കിൽ ഈ സിബു സുകുമാരൻ ഇല്ല എന്നുതന്നെ പറയാം. ഒത്തിരി കടപ്പാടുണ്ട്--ഒരു കാലത്ത് കടവും (ചിരിക്കുന്നു). ഇപ്പോൾ ഒന്നുരണ്ടു സിനിമകൾക്കു സംഗീതം ചെയ്യുന്നുണ്ട്. സ്വയം പൊക്കിപ്പറഞ്ഞതല്ല ട്ടോ. ഉണ്ണിക്കുട്ടൻ, രാഹുൽ, അശ്വിൻ, അരുൺ ജി, ഫഹീം ഇവർ അഞ്ചുപേർക്കുമാണതിന്റെ മുഴുവൻ ക്രെഡിറ്റും. അജീഷ് ചേട്ടനേയും സുശാന്ത്ഭായിയേയും എനിയ്ക്കു പരിചയപ്പെടുത്തുന്നത് ഉണ്ണിയും രാഹുലുമാണ്. അജീഷ്, സുശാന്ത് എന്നിവർ നല്ലപാട്ടുകാരാണെന്നതാണ് മറ്റൊരു വലിയ സത്യം. അണിയറയിൽ ഇനിയുമുണ്ട് കഥാപാത്രങ്ങൾ എന്ന നഗ്നസത്യം ഞാൻ പുറത്തുവിടുന്നു. പാട്ടിന്റെ അവസാനത്തെ ശിങ്കാരിമേളം ഒന്നു കൊഴുപ്പിക്കാൻ സഖാവ് സഹദേവൻ ചേട്ടൻ, തെസ്ലിം, സിനു (എന്റെ സ്വന്തം ചേട്ടൻ) എന്നിവരുമുണ്ടായിരുന്നു കുറേ ആർപ്പുവിളികളോടെ.

രാഹുൽ-ഉണ്ണി കൂട്ടുകെട്ടിന്റെ ഒരു രസതന്ത്രം ഉണ്ണി വ്യക്തമാക്കാമോ?

വളരെ പ്രസക്തമായ ചോദ്യം. രാഹുൽ സോമൻ എന്റെ അടുത്ത സുഹൃത്താണ്. എന്നുവച്ചാൽ ഞാൻ പറയുന്നതെല്ലാം തലകുലുക്കി സമ്മതിക്കില്ല രാഹുൽ . ക്രിയേറ്റീവ് ആയിട്ടുള്ള തര്‍ക്കങ്ങൾ ഞങ്ങൾ തമ്മില്‍ എപ്പോഴും ഉണ്ടാവും. അത് ഒരു കണക്കിനു ഞങ്ങളുടെ ക്രിയയെ സഹായിച്ചിട്ടുണ്ട്.  വരികൾ എഴുതുന്നതിന് മുന്നേതന്നെ രാഹുൽ എന്നോട് ഐഡിയ ആരായും.  ഈ ഗാനത്തിന് ആദ്യം വരികൾ ആണ് വന്നത്. ഞങ്ങൾ രണ്ടു വ്യത്യസ്ഥരായ വ്യക്തികളാണ്—വീക്ഷണങ്ങളിലും അഭിപ്രായങ്ങളിലും. പക്ഷേ രണ്ടുപേരും ക്വാളിറ്റി കോംപ്രമൈസ് ചെയ്യാറില്ല. അതാവും രസതന്ത്രം.

ആരാണ് എഴുത്തിന്റെ മേഖലയിൽ രാഹുലിനെ ഏറ്റവും അധികം സ്വാധീനിക്കുന്നത് ?

എന്നിൽ മറ്റൊരെഴുത്തുകാരന്റെ സ്വാധീനമില്ല എന്നുപറഞ്ഞാൽ ആളുകൾ വിശ്വസിക്കുമോ എന്നറിയില്ല. എനിയ്ക്കുമുൻപേ ഈ രംഗത്തുവന്ന കലാകാരൻമാരെ ഞാൻ ബഹുമാനിക്കുന്നു. ഒരു ബുക്കോ ഒരു കവിതയോ വായിക്കുമ്പോൾ അതാരെഴുതി എന്നതിലുപരി അതിൽ എന്തെഴുതിയിരിക്കുന്നു എന്നതാണ് എനിയ്ക്കു വിഷയം. പാട്ടെഴുത്തിലേക്കു വരുമ്പോൾ ഓ എൻ വി, വയലാർ, പി ഭാസ്കരൻ എന്നിവരുടെ ഗാനങ്ങളാണ് വായിക്കാൻ കൂടുതലിഷ്ടം. ഇന്നത്തെത്തലമുറയിൽ റഫീക് അഹമ്മദാണ് മനോഹരമായി ഗാനരചന നടത്തുന്നത് എന്നു ഞാൻ കരുതുന്നു. നമ്മുടെ ബൂലോകത്ത്, എതിരൻ കതിരവൻ എന്റെ വലിയ പ്രചോദനമാണ്. കൃത്യവും സത്യസന്ധവുമായ അഭിപ്രായങ്ങൾ അദ്ദേഹത്തിൽനിന്നുണ്ടാവും. നിശിതവിമർശനവും നല്ല പ്രോത്സാഹനവും ഒരു കലാകാരന്റെ വളർച്ചയ്ക്ക് അത്യാവശ്യമാണെന്നു ഞാൻ കരുതുന്നു.

ചില പ്രത്യേക ശബ്ദങ്ങളൊക്കെ സിബു ഈ ഗാനത്തിൽ കയറ്റിയിട്ടുണ്ട്. എത്ര ലയിച്ചാണു സംഗീതം കൊടുക്കുന്നത്?

ഈ കമ്പോസിഷന്റെ പ്രത്യേകത ഞാൻ പറഞ്ഞല്ലോ. അത്രയും ലയിച്ചിരുന്നൂ ഈ പാട്ടിന്റെ റോ വോക്കൽ കിട്ടിയപ്പോൾ. പിന്നെ ഒന്നും ആലോചിച്ചില്ല. കിട്ടിയതെല്ലാം ഇട്ടു. വള്ളസദ്യയുടെ ബെയ്സിൽ ഇതു ട്രീറ്റ്ചെയ്തതിനെപ്പറ്റി ഞാൻ പറഞ്ഞല്ലോ. സദ്യയ്ക്കു കറികൾ വിളമ്പുന്ന ഒരു മട്ടിൽ:കുറച്ചു കൊമ്പ്, കളരിപ്പയറ്റ്, തുഴയുന്ന ടോൺ തുടങ്ങിയവ ചേർത്തു.


ഉണ്ണി എന്ന സംഗീതസംവിധായകന് എന്താണിഷ്ടം, വരികൾക്ക് ഈണം പകരുന്നതോ? അതോ ഈണം ആദ്യം വരികൾ പിന്നെയോ? സംഗീതത്തിനു ഭാഷയില്ല എന്നു ഉണ്ണി വിശ്വസിക്കുന്നുവോ?

വരികൾക്കു റ്റ്യൂണോ, റ്റ്യൂണിനു വരികളോ എന്നത് ഞാന്‍ തീരുമാനിക്കാറില്ല. രണ്ടും ഒരു പോലെയാണ്.  "കാനനവാസാ", "ഒരുനല്ല പൂപ്പാട്ടുമായ്", "പൂവുറങ്ങീ പൂങ്കുയിലുറങ്ങീ" പോലുള്ള ഗാനങ്ങള്‍ ലിറിക്സ് വായിച്ച്  ഇൻസ്പയേഡ് ആയി ട്യൂണ്‍ ചെയ്തതാണ്. എനിക്കു      കുറച്ചു കൂടി സംതൃപ്തി അങ്ങനെ ചെയ്യാനാണ്. ഗുണം എന്തെന്നാല്‍ നല്ല എഴുത്തുകാരന്‍ എഴുതുമ്പോൾ കവിതയിൽത്തന്നെ സംഗീതം  ഉണ്ടാവും, ദോഷം എന്തെന്നാല്‍ നമ്മള്‍ കുറച്ചു പരിമിതികൾ അറിഞ്ഞു വേണം ചെയ്യാന്‍. ഒരു സന്ദർഭം  ആണെങ്കില്‍ സംഗീതം പരിധി ഇല്ലാതെ നിർവ്വഹിക്കാം.

സംഗീതത്തിനു ഭാഷയില്ല. തീര്‍ച്ചയായും, സംഗീതം ഒരു മീഡിയം ആണ്. Like air and water. പിന്നെ ഇതെന്റെ കാഴ്ചപ്പാടാണ്.

ഭാവനയിൽ അധിഷ്ഠിതമായിരുന്നു ഈ വരികൾ, മനസ്സിനെ മലയാളനാടിന്റെ നന്മയിലേക്കു നയിക്കുന്ന വരികൾ! ചരണത്തിൽ ഒരു വരി മനസ്സിലായില്ല: "പൂമ്പാറ്റകൾ മൂളുന്നു…" എന്നത്. രാഹുലിന്റെ വീക്ഷണത്തിൽ, കാല്പനികതയിലാണോ വാസ്തവികതയിലാണോ ഏറിയ പങ്കും വരികൾ നിൽക്കേണ്ടത്?

"പൂമ്പാറ്റകൾ മൂളുന്നൂ" എന്നത് ഭാവനയായിക്കരുതാം. പൂമ്പാറ്റയുടെ ഒരു അന്തർനാദം—an inner voice—ആവാം അത്. സാധാരണചിന്തകൾക്കപ്പുറത്തേക്കു പോകാൻ എഴുത്തുകാരന് കവിതയിൽ സ്വാതന്ത്ര്യമുണ്ടെന്നു ഞാൻ വിശ്വസിക്കുന്നു. വസ്തുതകളാണോ (fact) ചമച്ചെടുക്കുന്ന കഥകളാണോ (fiction) എന്നുള്ളത്  സാഹചര്യമനുസരിച്ചിരിക്കും; ആവശ്യാനുസരണം ഇവ രണ്ടും ഞാനുപയോഗിക്കാറുണ്ട്. 

ഒരു സംഗീതസംവിധായകൻ ഗായകൻ കൂടെയാകുമ്പോൾ ഒരു ഗാനം ശ്രേഷ്ഠമാകുമെന്ന് ഉണ്ണി വിശ്വസിക്കുന്നുവോ?

അതങ്ങനെ ഒരു പൊതുസിദ്ധാന്തം രൂപീകരിക്കുക ശരിയല്ല എന്ന അഭിപ്രായക്കാരനാണ് ഞാന്‍. ഉദാഹരണത്തിന് ഈ ഗാനം മധു ബാലകൃഷ്ണന്‍ പാടിയിരുന്നെങ്കിൽ എന്ന് എനിക്കു തോന്നിയിട്ടുണ്ട്.  എന്നിലെ സംഗീതസംവിധായകനും, ഗായകനും, ശ്രോതാവും അവരവരുടേതായ സ്വഭാവം ഉള്ളവരാണ്. എല്ലാവരേയും സന്തോഷിപ്പിക്കുന്ന ഒരു തീര്‍പ്പിലെത്താനാണ് ഞാന്‍ ശ്രമിക്കാറ്.

രാഹുലിന് ഈണം എന്ന സംരംഭത്തിനെ പറ്റി എന്താണു അഭിപ്രായം?

നമ്മുടെ സംഗീതപാരമ്പര്യത്തിലെ ശ്രദ്ധിക്കപ്പെടാതെ പോവുന്ന പലകാര്യങ്ങളെയും ഉണർവ്വോടെ മുന്നോട്ടു കൊണ്ടുപോവുന്നു എന്ന നിലയിൽ ഈണം ഒരു മികച്ച ആശയമാണ്. ഇനിയുമേറെ ദൂരം പോകേണ്ടിയിരിക്കുന്നു, ഇത് കൂടുതൽ ആളുകളിലേക്കെത്തണം. കുറച്ചുകൂടി വിസ്തൃതമായ സംഘാടകരുടെ ഒരു പാനൽ ഇതിനായി വേണം. വികേന്ദ്രീകരണ—decentralization—ത്തിലൂടെയേ നമുക്കു കൂടുതൽ വിജയം കൈവരിക്കാൻ പറ്റുകയുള്ളൂ.

പൂപ്പാട്ടിന്റെ വിശേഷങ്ങൾ രാഹുൽ പറഞ്ഞവസാനിപ്പിച്ചു.

"ഈ വള്ളത്തിലിങ്ങനെ ചിരിച്ചുല്ലസിച്ചു യാത്ര ചെയ്യുമ്പോൾ ആരെങ്കിലും ഇതു പണിത ആളെ ഓർക്കുന്നുണ്ടോ. നമ്മുടെ ഈണംവും എം.ത്രി.ഡി.ബിയുമൊക്കെ ഓടുന്നത് കെവി ഉണ്ടാക്കി വെച്ചിരിക്കുന്ന ആ..ഒരു.ഒരു ......എന്താ പറയുക..?"(കിരൺ ഉദ്ദേശിച്ച വാക്കിനായി പരതുന്നു).
 
"ഉരുവാണോ"-ഡാനിയുടെ സംഭാവന പെട്ടെന്നു വന്നു.
 
"അതേ, ആ ഉരുക്കളിലാണ്." കിരൺ തുടർന്നു. "ഇവിടെ ഈ ഒത്തുചേരലിനു വിളിച്ചപ്പോഴും, പൊന്നുരുക്കുന്നിടത്തെനിയ്ക്കെന്തു കാര്യം എന്ന ലൈനിൽ ഒഴിഞ്ഞുമാറാൻ കെവി ശ്രമിച്ചു."

"മതീഷ്ടാ പൊന്നുരുക്കിയത്!!!" --എവിടുന്നോ ഉയർന്ന ശബ്ദം. പെട്ടെന്നു വള്ളമൊന്നുലഞ്ഞോന്നൊരു സംശയം!! കായലിനു നടുക്കും അശരീരിയോ എന്നാലോചിച്ച് കിരൺ മേലോട്ടു നോക്കി. അപ്പോൾ ദേണ്ടെ വള്ളത്തിന്റെ ചുക്കാനിരിക്കുന്നിടത്തൂന്നൊരാൾ ചാടിയോടി വരുന്നു. "ഒന്നു നിർത്തണേ..ഒരൂട്ടം എനിക്കും ചോദിക്കാനുണ്ട്...." എന്നും പറഞ്ഞുകൊണ്ട്.

[ഇതാരാണന്നല്ലേ നിങ്ങളുടേ ചോദ്യം?
ഇതാരാണെന്നു ചോദിച്ചാൽ...എന്നാൽ പറയാം....ഇതാണു നമ്മുടെ കുട്ടിസ്രാങ്കി.സക്ഷാൽ അചിന്ത്യാമ്മ അല്ലേൽ ഈണത്തിന്റെ ഉമേച്ചി. ഇരിക്കപ്പൊറുതിയില്ലാതെ ഓടി വന്നിരിക്കുവാ ചോദ്യങ്ങൾ ചോദിക്കാൻ!!]

"എന്റെ ഉമേച്ചീ, വള്ളം ...." തന്റെ സ്വതസ്സിദ്ധമായ ടെൻഷനോടെ കിരൺ അലറി.

"അതെ ഇതു വള്ളം, ഈ വള്ളത്തിലീണം, ഈണത്തിലോണം എന്ത്യേ നിനക്ക് സംശ്യം വല്ലതുമുണ്ടോ? എന്തായാലും വള്ളം വെള്ളത്തിലല്ലേ? അതു പൊന്തിക്കിടന്നോളും."--ഉമേച്ചി തിരിച്ചടിച്ചു.

"അല്ലേലും കേറീപ്പം തൊട്ട് വള്ളത്തിന്റെ വളയം പിടിച്ച് ഇരിക്കാൻ തുടങ്ങീതാ, ഇനി എനിക്കു വയ്യ.."--ഉമേച്ചി തുടർന്നു.

"കെവിയോടൊന്നു മിണ്ടീംപറഞ്ഞുമിരിക്കാം ഇനി" ന്നും പറഞ്ഞു ഉമേച്ചി മൈക്ക് തട്ടിപ്പറിച്ചു.
 
നമ്മുടെ ഈ സംഭവങ്ങളൊക്കെ ഓടുന്നതേയ് ഈ കെവീണ്ടാക്കീട്ടുള്ള ചില സൂത്രങ്ങളുടെ മേലെയാ. ഇവിട്യെങ്ങനെ വന്നുപെട്ടു?

കിരൺ എം3ഡിബിയുടെ (അന്നു് എംഎസ്എൽ) സൈറ്റ് പുതുക്കിപണിയാൻ എന്നെ ഏൽപ്പിച്ചതു മുതൽ ഞാൻ ഈ സംഘത്തിലുണ്ടു്. പാട്ടിനോടും പിന്നെ സർവ്വോപരി മലയാളത്തിനോടും ഉള്ള താല്പര്യമാണു് എന്ന ഈ സംഘത്തോടൊപ്പം സ്ഥിരമായി പിടിച്ചു നിർത്തുന്ന പ്രധാനസംഗതികൾ.

ഈണത്തെപ്പറ്റി എന്തു പറയ്ണൂ? തെറ്റൂറ്റങ്ങളൊക്കെ പറഞ്ഞോട്ടോ

ഈണത്തിന്റെയും ഈ സംഘത്തിന്റേയും ഏറ്റവും വലിയ മേന്മ എന്നു പറയേണ്ടതു്, ഈ പ്രവർത്തനം വെട്ടിത്തെളിയ്ക്കുന്ന പുതിയ പാതയാണു്. മലയാളത്തിൽ ഇതുവരെ ആരും നടക്കാത്ത പാതയിലൂടെ സ്വതന്ത്രസംഗീതമെന്ന ഉദാത്തമായ ഒരു ലക്ഷ്യത്തിലേയ്ക്കു നടക്കുന്ന ഈ സംരംഭം പോലെ മറ്റൊന്നില്ല. അത്തരമൊരു ലക്ഷ്യത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ എന്തൊക്കെ കുറവുകൾ ചൂണ്ടിക്കാണിയ്ക്കാനുണ്ടായാലും  അതൊന്നും ഒരു കുറവേ അല്ല.
   
സൈറ്റിൽ അതു മാറ്റണം ഇതു മാറ്റണം, സൈറ്റിന്റെ ഏറ്റോം മോളിൽ ആ നീങ്ങണ പലകേല്യേ, അതിന്മേലെടെയ്ക്കു വരണ യേശുദാസിന്റെ ചിരി അത്ര പോരാ, ഷർട്ട് ഡെയ്ലി മാറ്റണില്യാ ഇങ്ങനിങ്ങനെ  നിർദ്ദേശങ്ങളൊക്കെ വരുമ്പോ ദേഷ്യം വര്വോ?

ദേഷ്യമോ, യെന്തിനു്? (സാൾട്ട് ആന്റ് പെപ്പറിൽ മായ ചോദിയ്ക്കുന്ന ടോണിൽ). സൈറ്റ് ഉപയോഗിക്കുന്നവരെ തൃപ്തിപ്പെടുത്തുക എന്നുള്ളതാണല്ലോ സൈറ്റിന്റെയും അതിന്റെ പിന്നിൽ പണിയുന്നവരുടേയും പ്രധാന ലക്ഷ്യം. ലക്ഷ്യത്തിലേക്ക് ഇനിയും ഒരുപാടു ദൂരമുണ്ടെന്നറിയാം. അതിനു ദേഷ്യം വന്നതു കൊണ്ടു കാര്യമില്ലല്ലോ.—കെവിൻ പറഞ്ഞുനിർത്തി.

വെബ്സൈറ്റിനെക്കുറിച്ച് ആരോ ടെക്നിക്കലായുള്ള ചോദ്യങ്ങളും കെവിനോടു ചോദിച്ചു. മെല്ലെ ചർച്ച അതിലേക്കു നീങ്ങി.
 
"ഈ ഉല്ലാസയാത്രയ്ക്കിടെ ഒരുപാടു സാങ്കേതിക പഠനമൊക്കെ വേണോ? അതൊക്കെ കെവിയോട് സൂത്രത്തിൽ ചാറ്റ്ചെയ്ത് പിടിച്ചെടുത്തോളൂ കുട്ട്യോളേ." കുട്ടിസ്രാങ്കി നയത്തിൽ പറഞ്ഞു.

പണ്ട് കോളേജിൽനിന്നും ടൂറിനു പോയപ്പോൾ ബാലഗുരുസ്വാമിയുടെ സി ++ന്റെ പുസ്തകവുമായി വന്ന പഠിപ്പിസ്റ്റ് സുഹൃത്തിന്റെ കാര്യം ആരോ അയവിറക്കിയത് ചിരിക്കു വകനൽകി.

ആകാശത്തൊരു മഴവില്ലു തെളിഞ്ഞപ്പോൾ എല്ലാവരും കുട്ടികളായി മാറി......നിറങ്ങളെണ്ണാനൊരു ശ്രമവും ആരോ നടത്തി..... ചാന്ദ്നിയുടെ പാട്ടിലെ "തുളുമ്പി വീണു പുണർന്ന മഴവില്ല്" ഇതാണോ?, വിജേഷായിരുന്നു ചോദിച്ചത്. മെല്ലെ, “ഒന്നാം മലയുടെ" വിശേഷങ്ങളിലേക്കു കടന്നു.

“ഒന്നാം മലയുടെ മരതകവിരിയിൽ...” എന്താണിതു പ്രതിനിധാനം ചെയ്യുന്നത്? ചാന്ദ്നിയോടാണ് ചോദിക്കുന്നത്....

ഓണപ്പാട്ടുകളുടെ നാടൻശീലുകളിൽ നിന്നുള്ള ഒരു നുള്ളുപഴമയാണ്‌ "ഒന്നാം.." എന്ന പ്രയോഗം.
മരതകപ്പച്ച വിരിച്ച മലകളിൽ, കുഞ്ഞുപുൽനാമ്പിൽ വരെ വസന്തത്തിന് ഇന്ദ്രജാലം ഉണരുന്ന ഓണക്കാലം, വായിക്കുന്ന/കേൾക്കുന്ന മനസ്സുകളിലേക്ക് ഒരു വിശദീകരണം കൂടാതെത്തന്നെ പകരണമെന്ന്‌ ആഗ്രഹിച്ചിരുന്നു.

വളരെ നല്ല കേരളത്തനിമയുള്ള ഗാനം. കുറച്ചു സമയമേ ഈ പാട്ടു ചിട്ടപ്പെടുത്തുവാൻ കിട്ടിയുള്ളൂ എന്നു കേട്ടു. മുരളി അതൊരു വെല്ലുവിളിയായി ഏറ്റെടുത്തോ?

ഈ ഗാനത്തിന്റെ വരികൾ എനിക്ക് വളരെ നേരത്തെ തന്നെ കിട്ടിയിരുന്നു. ചില വ്യക്തിപരമായ കാരണങ്ങളാൽ അത് ചിട്ടപ്പെടുത്താൻ സാധിച്ചിരുന്നില്ല. നിശി നാട്ടിൽ എത്തി ഓർക്കസ്ട്രേഷൻ തുടങ്ങിയപ്പോളും ഞാൻ ഈ ഗാനം ഒന്നും ചെയ്തിരുന്നില്ല. നിശി എത്രയും വേഗം ഇത് വേണം എന്ന് പറഞ്ഞപ്പോൾ ഇത് ചെയ്യാന്‍ സമയം വളരെ പരിമിതമായേ  ഉള്ളൂ എന്ന് വന്നു.  ഓഫീസിൽ നിന്നും വരികളുടെ പ്രിന്റ്‌ എടുത്തു വരുന്ന വഴിയിൽ വരികൾ പിന്നെയും പിന്നെയും വായിച്ചുകൊണ്ടിരുന്നു. വരികളിൽ പല താളങ്ങൾ ഒളിഞ്ഞിരുന്നതിനാൽ ചാന്ദ്നി എന്താണ് ഉദ്ദേശിച്ചത് എന്നും അറിയില്ലായിരുന്നു. അടുത്ത ദിവസം രാവിലെ ഇത് കൊടുക്കേണ്ടതിനാൽ കുറെയധികം നേരം വരികൾ വായിച്ചു. 'ആവണിപ്പാടത്ത് ' എന്നു തുടങ്ങുന്ന വരികൾക്ക് ഒരു ഈണം മനസ്സിൽ വന്നു. ഉറങ്ങി ഒരു 3 മണിക്ക് എണീറ്റപ്പോൾ ഇത് തീർക്കാൻ വേണ്ടി ഇരുന്നു. പിന്നെ ഒരു രണ്ടു മണിക്കൂറിൽ ഈ ഗാനം പൂർണ്ണമായും ചിട്ടപ്പെടുത്താൻ കഴിഞ്ഞു. നിശിക്ക് പിറ്റേദിവസം തന്നെ ഇത് അയച്ചു കൊടുക്കാനും സാധിച്ചു. ആരഭിയും ശുദ്ധസാവേരിയും ഒക്കെ ഇതിനു വേണ്ടി എന്റെ മനസ്സിൽ വന്ന രാഗങ്ങളാണ്‌. പക്ഷെ ഈ വരികകൾക്കു നൽകിയ ഈണം ഇഷ്ടമായപ്പോൾ 'സരസ്വതി' രാഗവുമയി മുന്നോട്ടു പോകുകയായിരുന്നു.

പ്രകാശ് ഓർക്കസ്ട്ര ചെയ്യുമ്പോൾ ഏറ്റവുമധികം ശ്രദ്ധിക്കുന്ന കാര്യമെന്താണ്?

വരികൾ കൂടി നോക്കിയിട്ടാവും ചെയ്യുന്നത്. വരികളിലെ ഭാവത്തിനു പ്രാധാന്യം കൊടുക്കും.

ഈ പാട്ടിനെക്കുറിച്ചുള്ള ഊർമ്മിളയുടെ ഓർമ്മകൾ പങ്കുവെയ്ക്കാമോ?

ഈ വർഷത്തെ ഓണപ്പാട്ടുകളിലൊന്ന് പാടുവാൻ സാധിക്കുമെന്ന് സ്വപ്നത്തിൽപ്പോലും ഞാൻ കരുതിയിരുന്നില്ല. അതുകൊണ്ടുതന്നെ അപ്രതീക്ഷിതമായി  ഈണത്തിലെ പാട്ടുകളിലൊന്ന് പാടണമെന്ന് മുരളി വിളിച്ചു പറഞ്ഞപ്പോൾ ഒരുപാടു സന്തോഷം തോന്നി. അതിലേറെ സന്തോഷമായിരുന്നു പഠിക്കാൻ പറഞ്ഞുകൊണ്ട് മുരളി പാട്ടയച്ചു തന്നപ്പോൾ. ഈ ഗാനത്തിന്റെ മനോഹരമായ വരികളും സംഗീതവും, വർഷങ്ങൾക്കു ശേഷം ഇന്ത്യയിൽ വീണ്ടും ഓണമാഘോഷിക്കുന്ന എന്റെ മനസ്സിൽ ഓണത്തിന്റെ ഒരുപാടു നല്ല ഓർമ്മകൾ ഉണർത്തി.  ആദ്യം കേട്ടപ്പോൾത്തന്നെ ഒരുപാടിഷ്ടമായതിനാൽ വളരെ വേഗം  പാട്ട് പഠിച്ചു  എന്നുതന്നെ പറയാം. കൂടാതെ,  പാട്ട് പഠിക്കുന്ന സമയത്തും  റെക്കോഡിങ്ങ് സമയത്തും മുരളിയുടെ പിന്തുണ എനിക്ക് നല്കിയ ആത്മവിശ്വാസം ഒട്ടും ചെറുതല്ല.  എല്ലാത്തിലുമുപരി മുരളി രാമനാഥന്റെ  കൂടെ ഇത്രയും മനോഹരമായ ഒരു ഓണപ്പാട്ട് പാടുവാന് സാധിച്ചതിന്റെ സന്തോഷവും ഞാൻ ഇവിടെ പങ്കു വെയ്ക്കുന്നു.

ചാന്ദ്നിയുടെ വരികളെക്കുറിച്ച് മുരളിയ്ക്ക് എന്താണഭിപ്രായം? ആ വരികളിലെ ഈണം കണ്ടെടുക്കുക എളുപ്പമായിരുന്നില്ലേ? അതുതന്നാണോ ഈണത്തിന്റെ പ്രചോദനം?

വളരെ ഉന്നത നിലവാരം പുലർത്തുന്നതാണ് ഈ ഗാനത്തിലെ വരികൾ. അതിസുന്ദരമായ ഭാവനകളാണ് ഈ ഗാനത്തിലെ വരികളിൽ ഉള്ളത്‌. ഈ ഗാനത്തിൽ ഏറ്റവും നിലവാരം പുലർത്തുന്നത് എന്താണെന്നു ചോദിച്ചാൽ ഇതിലെ വരികൾ ആണെന്ന് നിസ്സംശയം പറയാന്‍ കഴിയും. എഴുതിയ ശേഷം ചിട്ടപ്പെടുത്തിയതിനാൽ ഇത് തന്നെയാണ് ഏറ്റവും വലിയ പ്രചോദനം. ഇത്രയും നല്ല വരികളോട് നീതി കാണിക്കണം എന്ന ഒരു വെല്ലുവിളി ഉണ്ടായിരുന്നു.

ഈണമില്ലാതെ തന്നെ വായിച്ചു പോകാൻ കഴിയുന്നുണ്ട് ചാന്ദ്നിയുടെ വരികൾ. താളബോധമുള്ളതിന്റെ മേന്മയാണത്. പാട്ടെഴുതുമ്പോൾ ഏതെങ്കിലും ഈണം മനസ്സിലുണ്ടായിരുന്നോ?

കേൾക്കുമ്പോൾ മനസ്സിനും കാതിനും ഇമ്പമേകുന്ന ഒന്ന്‌ എന്നതിൽക്കവിഞ്ഞ്‌ സംഗീതാവഗാഹമില്ലാത്ത ആളാണ്‌ ഞാൻ. ശാസ്ത്രീയ മാനദണ്ഡങ്ങളില്ലാത്ത ശുദ്ധ ആസ്വാദനം മാത്രം. എഴുതുമ്പോൾ, താളത്തിൽ ചൊല്ലാൻ പാകത്തിലുള്ള വരികൾ ആവണമെന്നേ ചിന്തിച്ചുള്ളൂ. ചൊൽകവിത പോലെ ഒന്ന്‌. അത് ഏറെക്കുറെ സാധ്യമായെന്നും കരുതുന്നു. വരികൾക്ക് ഈണം നൽകിയ ശ്രീ. മുരളിയുമായി ഒന്നും സംസാരിച്ചിരുന്നില്ല. സംഗീതത്തിന്റെ വഴികൾക്ക്‌ അദ്ദേഹം സുപരിചിതനാണെന്ന്‌ അറിയാമായിരുന്നതുകൊണ്ട്‌ മേന്മയെപ്പറ്റി സംശയമുണ്ടായിരുന്നുമില്ല. വർക്കുകളെല്ലാം കഴിഞ്ഞ്‌ പബ്ലിഷ്‌ ചെയ്തിട്ടാണ്‌ ഞാന്‍ പാട്ട്‌ കേട്ടത്.

ആരാണ് പാട്ടില്‍ ഊർമ്മിളയുടെ പ്രചോദനം? S. ജാനകിയുടെ ഒരു ശൈലിഎവിടെയോ തോന്നിപ്പിക്കുന്നു?

എന്നും  പ്രചോദനമായിട്ടുള്ളത് ഇന്ത്യയുടെ എക്കാലത്തേയും നിത്യഹരിത ഗായിക ലത മങ്കേഷ്കർ തന്നെയാണ്. ചെറുപ്പകാലം മുതൽത്തന്നെ ഞാൻ കേട്ടും  പഠിച്ചും വളർന്നത് മുഴുവൻ  ലതാജിയുടെ പാട്ടുകളാണ്. മലയാളത്തിൽ എസ് ജാനകി തന്നെയാണ് ഇഷ്ട ഗായിക. 

ചാന്ദ്നീ, ഈ പാട്ട് ഈണമിട്ടു പാടിക്കേട്ടപ്പോൾ സംതൃപ്തി തോന്നിയോ? പാട്ടിന്റെ ഏതെങ്കിലും ഭാഗത്തോട് പ്രത്യേക ഇഷ്ടം തോന്നിയോ?

തികച്ചും സന്തോഷം തോന്നി. എനിക്ക് പ്രതീക്ഷിക്കാൻ കഴിയുന്നതിലുമുപരിയായുള്ള ഒരു സംഗീതാവിഷ്കാരം ആയിരുന്നു അത്‌. വരികൾക്കൊണ്ട്‌ മുരളി ഒരു വലിയ മാജിക്ക്‌ തന്നെ കാണിച്ചു. ക്രിയാത്മകതയുടെ ആകാശത്തിന്‌ അതിരുകളില്ലെന്ന്‌ തെളിയിച്ചു.
"പൂത്തുമ്പി മുക്കുറ്റിക്കമ്മലിട്ടു.." എന്ന ഭാഗം പാടിക്കേട്ടതിനോട്‌ ഇത്തിരി മമത കൂടുതൽ തോന്നിയെന്നത്‌ സത്യം.

പാടുന്നതും ഈണമിടുന്നതും ഒരാളാണെങ്കിൽ ഉചിതമെന്നു തോന്നാറുണ്ടോ? വരികൾക്ക് ഈണം നൽകുമ്പോൾ ആലാപനത്തിന്റെ ശബ്ദം ഇന്നതായിരിക്കണം എന്നു നിർബന്ധമുണ്ടോ? മുരളിയ്ക്ക് എന്താണഭിപ്രായം?

ഒരിക്കലും അങ്ങനെ തോന്നാറില്ല. ഈണം നൽകിയ ഒരു ഗാനം ഒരു നല്ല ഗായകനോ ഗായികയോ  പാടിയാൽ അതിമനോഹരം ആകും എന്ന് എപ്പോളും തോന്നാറുണ്ട്. ഈണം നൽകുമ്പോൾ ഇന്ന ശബ്ദം ആയിരിക്കും ഇതിനു ചേരുക എന്ന് തോന്നാറുണ്ട്. ഇന്ന ഗായകന്‍ തന്നെ പാടണം എന്ന് എപ്പോളും തോന്നാറില്ലെങ്കിലും പാട്ടിനുതകുന്ന വിധം ആയിരിക്കണം ശബ്ദം. എന്നോട് ഒരു ഗാനം ഈണമിട്ടു പാടണം എന്നായിരുന്നു നിശി പറഞ്ഞിരുന്നത്. യുഗ്മ ഗാനം ആയാൽ കുറച്ചു കൂടെ നന്നാവും എന്ന് തോന്നിയപ്പോളാണ് ഊർമ്മിളയെ സമീപിച്ചത്.

പ്രകാശിന് ഏറ്റവുമധികം ഇഷ്ടമുള്ള വാദ്യോപകരണമേതാണ്?

ഉപകരണങ്ങളൊക്കയും ഇഷ്ടമാണ്, എങ്കിലും പിയാനോയോട് ഒരു പ്രത്യേക മമതയുണ്ട്.

ചാന്ദ്നിയോടുള്ള ചോദ്യമാണ്. കാല്പനികതയിലാണോ യുക്തിയിലാണോഎഴുതുമ്പോൾ കൂടുതൽ താല്പര്യം ?

യുക്തിയും കാൽപ്പനികതയും അനുയോജ്യമെന്നു തോന്നുന്ന അനുപാതത്തിൽ ഉപയോഗിക്കാൻ ശ്രമിക്കാറുണ്ട്‌. സ്വപ്നസമാനമായ കാൽപ്പനികതലത്തിൽ നിന്നും ഒരു ചെറുവേരെങ്കിലും യാഥാർഥ്യത്തിലേക്കാഴ്ത്തി നിൽക്കുന്ന ചെടികളിൽ കൂടുതൽ മിഴിവുള്ള പൂക്കളുണ്ടാകുമെന്നാണ്‌ എന്റെ ഒരു തോന്നൽ.

ഓർകസ്ട്രയെ കുറിച്ച് മുരളിയുടെ അഭിപ്രായം എന്താണ്? ഈണത്തിനുതകുന്ന തരത്തിൽ തന്നെയാണൊ അതു ചെയ്തിരിക്കുന്നത്?

ഒരു ഗാനത്തിന്റെ പശ്ചാത്തലം എന്ന് പറയുന്നത് ആടയാഭരണങ്ങൾ അണിയിക്കുന്നത്‌ പോലെ ആണ്. എത്ര നന്നായിട്ട് അതണിയിക്കുന്നോ അത്രയും നന്നാവും. ഒരു ഗാനത്തിന്റെ പൂർണ്ണതയ്ക്ക് അത് വളരെ അധികം ആവശ്യമാണ്. പ്രകാശ്‌ ഈ ഗാനത്തിന് ആവശ്യമായ പ്രസന്നതയും ജീവനും നല്കി  എന്നാണ് തോന്നിയത്. പശ്ചാത്തലം നൽകിയ ശേഷം ഇത് കേട്ടപ്പോൾ ഒരു സംതൃപ്തി തോന്നിയിരുന്നു. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രകാശ്‌ ഇത് ചെയ്തത്. നിശിക്ക് സമയം ഇല്ലാതെ വന്നപ്പോൾ പ്രകാശിനെ സമീപിക്കുകയായിരുന്നു. ഈ ഗാനത്തിന്റെ റിഥം ഗാനത്തിന് ഒരു നല്ല ജീവന്‍ നൽകുന്നതിൽ വളരെ സഹായിച്ചു എന്നുതോന്നി. പിന്നെ എല്ലാ ഗാനങ്ങൾക്കും   ലൈവ് ഇന്സ്ട്രുമെന്റ്സ് ഇല്ലാത്തതിന്റെ കുറവ്  ഇത്തവണ അനുഭവപ്പെട്ടിരുന്നു. കുറച്ചു കൂടെ ഒരു പെർഫക്ടാക്കാൻ അത് എല്ലാ ഗാനങ്ങളേയും സഹായിച്ചേനെ എന്ന് തോന്നി.

ഈ ഗാനത്തിന്റെ ഈണത്തിനു ഊർമ്മിളയുടെ എന്തെങ്കിലും സംഭാവനകൾ?

അതിമനോഹരമായി ചിട്ടപ്പെടുത്തിയ ഈ ഗാനത്തിന്  ഇതിന്റെ സംഗീതസംവിധായകനായ മുരളിയുടെ സംഗീതത്തിനപ്പുറം മറ്റൊരു സംഭാവനകൾക്കും പ്രസക്തിയില്ലായിരുന്നു എന്നതാണ് വസ്തുത.  അതിനാൽ പാട്ട് അതുപോലെ പഠിച്ചു പാടുക എന്നതിനപ്പുറം എന്റെതായ ഒരു സംഭാവനയും ഈ ഗാനത്തിലില്ല.

എങ്ങെനെയുണ്ടായിരുന്നു ചാന്ദിനീ പൊതുവിൽ ഈണത്തിനോട് ചേർന്ന് നിന്ന് പ്രവർത്തിക്കാൻ?

ഈണത്തിന്റെ ആദ്യസംരംഭത്തിൽ സാക്ഷാൽ ബഹുവ്രീഹിയുടെ സംഗീതസംവിധാനത്തിൽ ഒരു താരാട്ട്‌ പാട്ടിലായിരുന്നു തുടക്കം. അദ്ദേഹത്തിന്റെ അനുജത്തി ശാന്തി ആണത്‌ പാടിയിരുന്നത്. ഇപ്പോൾ ശ്രീ.മുരളിയും ഊർമ്മുളയും ചേർന്ന് മധുരിതമാക്കിയ ഈ ഓണവിരുന്നും ഏറെ സന്തോഷം തരുന്നു. "ഈണം" കുടുംബത്തിൽ വരുംദിനങ്ങൾ സംഗീതസമൃദ്ധമാവട്ടെ.

മുരളി ചെയ്ത ദിവ്യം എന്ന ആൽബം നല്ല അഭിപ്രായം നേടിയല്ലോ. എന്തൊക്കെയാണ് ഭാവി പരിപാടികൾ?

ദിവ്യം പൊതുവേ ഒരു നല്ല അഭിപ്രായം നേടി എന്നാണ് തോന്നിയത്. ഇനിയും ഒരുപാടു ആൽബങ്ങൾ ഇത് പോലെ ചെയ്യണം എന്ന് ശ്വേത പറഞ്ഞതും, സുജാതച്ചേച്ചിക്ക് ഇതിലെ പാട്ടുകൾ വളരെ ഇഷ്ടമായി എന്ന് പറഞ്ഞതും ആണ് ഇന്ന് വരെ കിട്ടിയ ഏറ്റവും വലിയ പ്രചോദനം. ശരത് സാറിനെ പോലെ ഒരു മഹാനായ കലാകാരൻ ഇതിലെ ഗാനങ്ങൾ ആലപിച്ചതും ഒരു വലിയ നേട്ടമായിക്കാണുന്നു. ഇതിറങ്ങിയപ്പോൾ നന്നായി പ്രോത്സാഹിപ്പിച്ച പാട്ടുപുസ്തകത്തിനും m3db  ക്കും ഒരു പാട് നന്ദി. ഇപ്പോൾ ക്ലാസിക്കൽ ബേസ് ചെയ്തുള്ള ഒരു ആൽബം ആണ് മനസ്സിൽ. പിന്നെ എന്റെ ഗുരുനാഥനായ പെരുമ്പാവൂർ ജി രവീന്ദ്രനാഥ് സർ സംഗീതം ചെയ്തു മഞ്ജരിയും ഞാനും ആലപിച്ച 'ജനുവരിയിലെ പൂക്കൾ' എന്ന ആൽബം പുറത്തിറങ്ങാനുണ്ട്. അത് ഉടന്‍ തന്നെ ഇറങ്ങും എന്ന് പ്രതീക്ഷിക്കുന്നു. പിന്നെ കുറച്ചധികം കച്ചേരികൾ ചെയ്തു കൊണ്ടിരുന്നതാണ്. കഴിഞ്ഞ ഒരു രണ്ടു വർഷമായി അതിൽ നിന്നും വിട്ടുനിന്നിരുന്നു. കർണ്ണാടകസംഗീതം ഇനിയും പഠിക്കണം എന്നതും, ഒരു നല്ല നിലവാരത്തിൽ ക്ലാസിക്കൽ പാടുക എന്നതുമാണ് ഏറ്റവും വലിയ ലക്ഷ്യങ്ങൾ. പിന്നെ ബാംഗ്ലൂർ ആയതു കൊണ്ട് ഇടയ്ക്കു കുറച്ചു  കന്നഡ ആൽബങ്ങളിലും ഒരു സിനിമയിലും ഒക്കെ പാടിയിരുന്നു. മറ്റു തിരക്കുകൾ മൂലം അത് തുടരാൻ സാധിച്ചിരുന്നില്ല. ഇനി അത് തുടരണം എന്നും ആഗ്രഹം ഉണ്ട്.

"സമയം കുറേ ആയില്ലേ, വയറ്റിൽ എന്തിനേലും പിടിച്ചിടേണ്ടേ?" കുട്ടിസ്രാങ്കി എല്ലാവരോടുമായി ചോദിച്ചു.

വള്ളത്തിലെ ജീവനക്കാർ പ്രാതൽ വിഭവങ്ങൾ ഒന്നൊന്നായി നിരത്തുകയാണ്. നല്ല പൊടിയുള്ള ഒന്നാന്തരം കാച്ചിലു പുഴുങ്ങിയത്, മുളകുപൊടിയും ഉപ്പും പിന്നെ ചെറിയ വട്ടത്തിലരിഞ്ഞ് മൂപ്പിച്ച ചോന്നുള്ളിയും പച്ചവെളിച്ചെണ്ണയിൽ ചാലിച്ചത്, നല്ല പൂ പോലെയുള്ള ഇടിയപ്പം, വറത്തരച്ച് കുരുമുളകിട്ടുവെച്ച പുഴമീൻ കറി, അതു വേണ്ടാത്തവർക്കായി മൂപ്പിച്ച തേങ്ങാക്കൊത്തൊക്കെയിട്ട കടലക്കറി, ഏലത്തരി മണക്കുന്ന ചായ, കാപ്പി, അങ്ങനെ നീളുന്നൂ വിഭവങ്ങൾ. കാച്ചിലൊക്കെ നന്നായി ചെലവായി. കൈപ്പുണ്യത്തിന്റെ പാരമ്യത നാവിലെ രുചിമുകുളങ്ങളെ തൊട്ടുണർത്തിയ നിമിഷങ്ങൾ. തഴുകിവരുന്ന കാറ്റിൽ, വള്ളത്തിന്റെ പടികളിലിരുന്ന് കാര്യങ്ങളൊക്കെപ്പറഞ്ഞ് ആ ബ്രേക്ക്ഫാസ്റ്റ് അങ്ങനെ എല്ലാവരും ആസ്വദിച്ചു കഴിച്ചു.

കുറച്ചുമാത്രം കഴിച്ചു മതിയാക്കിയ ചാന്ദ്നിയോട് ഡാനി: "എന്റെ ചാന്ദ്നിച്ചേച്ചീ, ഭക്ഷണം കണ്ടാൽ വികസിക്കാത്ത ആമാശയമുണ്ടോ ഈ ലോകത്ത്?"

എല്ലാവരും അതുകേട്ട് ചിരിച്ചു.

തുടർന്ന് വായിക്കുക - ഭാഗം 2

പിന്മൊഴികൾ

ചെറിയൊരു സരസ സംഭാഷണത്തിലൂടെ പുറത്തുവന്ന പാട്ടിന്റെ ജന്മരഹസ്യങ്ങൾ ഇവിടെ.. ഇങ്ങനെ.. “മുളകുപൊടിയും ഉപ്പും പിന്നെ ചെറിയ വട്ടത്തിലരിഞ്ഞ് മൂപ്പിച്ച ചോന്നുള്ളിയും പച്ചവെളിച്ചെണ്ണയിൽ ചാലിച്ഛതിൽ” മുക്കി വായിയ്ക്കാൻ പാകത്തിന് പകർത്തി വച്ചവരേ.. നിങ്ങൾക്കെല്ലാം.. എന്റെ സ്നേഹം. മനസ്സു നിറഞ്ഞ സന്തോഷം.

പാട്ടുകളുടെ അണിയറ വർത്തമാനങ്ങളും പാട്ടുകളെപ്പോലെ തന്നെ നന്നായി.പാട്ടുകാരോടും,എഴുത്തുകാരോടും സംഗീതം നൽകിയവരോടും ഒപ്പം മറ്റ് അണിയറപ്രവർത്തകരേയും പരിചയപ്പെടാൻ കഴിഞ്ഞതിൽ സന്തോഷം.