പുഷ്പവതിയിലേക്കെത്തിയ ഗൂഗിൾ ബസ്സ്

ചെമ്പാവ് പുന്നെല്ലിൻ ചോറോ..നിന്റെ മുത്താരം മിന്നുന്ന...
മുല്ലപ്പൂഞ്ചിരിയോ..മുല്ലപ്പൂഞ്ചിരിയോ...

സാൾട്ട് & പെപ്പർ എന്ന സിനിമയിലെ ഈ ഗാനം നാല്പതോ അമ്പതോ തവണ ആവർത്തിച്ചു കേട്ട ചില സുഹൃത്തുക്കളെ അറിയാം.അതിൽ നിന്ന് ഒട്ടും വ്യത്യസ്തമായിരുന്നില്ല എന്റെ അനുഭവവും. ഗായികയുടെ കൃത്രിമത്വമില്ലാത്ത ഉച്ചാരണമായിരിക്കാം,കൃത്യ അളവിൽ ചേർത്തൊരു ചേരുവ പോലെ മിതമായ ഭാവമായിരുന്നിരിക്കാം എന്തോ, ചിത്രം കാണുന്നതിനു മുമ്പേ എന്തൊക്കെയോ ആകർഷണത്തിന്റെ ഘടകങ്ങൾ ആ ഗാനത്തിലലിഞ്ഞു ചേർന്നിരുന്നു.അന്ന് മുതലുള്ള ആഗ്രഹമാണ് പാട്ട് പാടിയ ആളെപ്പറ്റി കൂടുതൽ അറിയണം എന്നുള്ളത്. ഇന്റർനെറ്റ് മുഴുവൻ ഒരു വൻ തിരച്ചിൽ തന്നെ ആരംഭിച്ചു.പുഷ്പവതി എന്ന ഗായികയുടെ ഗാനങ്ങൾ ലിസ്റ്റ് ചെയ്തതല്ലാതെ ഗായികയെപ്പറ്റിയോ മറ്റ് വിവരങ്ങളോ ഒന്നും ലഭ്യമായിരുന്നില്ല.പുഷ്പവതിയെ എവിടുന്നെങ്കിലും കണ്ടെത്തി പുഷ്പവതിയോട് തന്നെ ചോദിച്ചറിയണം എന്ന അവസ്ഥ.അങ്ങനെയിരിക്കുമ്പോഴാണ് ഗൂഗിൾ ബസ്സിലെ ഒരു ചർച്ച കാണുന്നത്. നയനതാര എന്ന പെൺകുട്ടി സാൾട്ട് & പെപ്പർ എന്ന സിനിമയേപ്പറ്റി ചർച്ച ചെയ്യാനിറക്കിയ ഗൂഗിൾ ബസ്സിൽ പുഷ്പവതിയേപ്പറ്റി ശ്രീജിത്ത് തുടങ്ങി വച്ച വിവരങ്ങൾ അനിവർ അരവിന്ദാണ് പൂർത്തിയാക്കിത്തരുന്നത്. തുടർന്ന് പുഷ്പവതിയെ കണ്ടെത്തി,സംസാരിച്ചു.സന്തോഷമായി.എല്ലാവർക്കുമായി അതൊന്ന് വിശാലമായി പരിചയപ്പെടുത്തുന്നു.

എന്ന് മുതലാണ് പുഷ്പ സംഗീതം അഭ്യസിക്കാൻ തുടങ്ങിയത്..ആരൊക്കെയാണു ഗുരുക്കന്മാർ ?

പന്ത്രണ്ട് വയസു മുതലാണ് പാട്ട് പഠിക്കാന്‍ തുടങ്ങിയത്. ആദ്യ ഗുരു ദ്രൗപതി നങ്ങ്യാരാണ്. പാലക്കാട് ചെമ്പൈ ഗവണ്മെന്റ് മ്യൂസിക്‌ കോളേജില്‍ നിന്നും ഗാന പ്രവീണ എടുത്തതിനു ശേഷം മങ്ങാട് നടേശൻ സാറാണ് കര്‍ണാടക സംഗീതത്തില്‍  പ്രത്യേക പരിശീലനം തന്നത്.

പുഷ്പ ഒരു ക്ലാസിക്കൽ സിംഗർ ആണെന്ന് കേട്ടിട്ടുണ്ട്.അതിന്റെ കൂടുതൽ വിശദാംശങ്ങൾ പങ്ക് വയ്ക്കാമോ ?

കോഴിക്കോട് സ്വാതിതിരുനാള്‍‍ സംഗീത സഭയില്‍ 1996ൽ ആദ്യമായി രണ്ടുമണിക്കൂര്‍ കച്ചേരി ചെയ്തിരുന്നു. 24 വർഷം തുടര്‍ച്ചയായി ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവത്തില്‍ പാടാറുണ്ട്. ഓള്‍ ഇന്ത്യ റേഡിയോ തൃശൂര്‍ നിലയത്തില്‍ നിന്നും 1998 ല്‍  കർണാടിക് വോക്കലിൽ "B ഗ്രേഡ് നേടി. 2000ലെ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയംനല്‍കുന്ന നവാഗത പ്രതിഭകൾക്കുള്ള സ്കോളർഷിപ്പ്,2002ല്‍ കേരളസംഗീത നാടക അക്കാഡമി ഏര്‍പ്പെടുത്തിയ പുടുക്കോട് കൃഷ്ണമൂര്‍ത്തി എന്റൊവ്മെന്റ് പ്രൈസ് എന്നിവ ലഭിച്ചിരുന്നു.

സൂപ്പർ ഹിറ്റായിമാറീയ സോൾട്ട് & പെപ്പറിലെ "ചെമ്പാവ്" എന്ന പാട്ട് എങ്ങനെയാണൂ പുഷ്പയെ തേടിയെത്തിയത് ?..അതിന്റെ റെക്കോർഡിംഗ് അനുഭവം ഒന്ന് വിവരിക്കാമോ ? പാട്ട് സൂപ്പർ ഹിറ്റായി എന്നറീഞ്ഞപ്പോൾ എന്തായിരുന്നു പ്രതികരണം ?

സാള്‍ട്ട് & പെപ്പര്‍ എന്ന സിനിമയില്‍ പാടാന്‍ സംഗീത സംവിധായകന്‍ ബിജിബാല്‍ ആണ് എന്നെ വിളിക്കുന്നത്‌.വരികളുടെ ആകര്‍ഷണീയതയും സംഗീതത്തിന്റെ ലാളിത്യവും കൊണ്ട് എനിക്ക്  ആസ്വദിച്ച്  പാടാന്‍ കഴിഞ്ഞു.
പാട്ടൊരു സൂപ്പര്‍ ഹിറ്റ്‌ ആകുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.എന്നാൽ അങ്ങനെ ആണെന്ന് കേട്ടപ്പോൾ സന്തോഷമായി.

സംഗീതം ഒരു പ്രൊഫഷൻ ആയി തിരഞ്ഞെടുത്തത് അല്ലെങ്കിൽ പ്രൊഫഷണലായി പാടാൻ തുടങ്ങിയത് എന്നുമുതലാണ്? എന്തൊക്കെ വർക്കുകളിലാണ് പുഷ്പ ഇതിനോടകം ചെയ്തിട്ടുള്ളത്..?

2001ൽ കരുമാടിക്കുട്ടന്‍ എന്നസിനിമയിലൂടെ “കൈകൊട്ടുപെണ്ണേ” എന്ന ഗാനത്തില്‍ പാടിയാണ് സിനിമയില്‍ തുടക്കം കുറിച്ചത്. ശേഷം എസ് ബാലകൃഷ്ണന്‍,രവീന്ദ്രന്‍,രമേശ്‌ നാരായന്‍,ബേണി ഇഗ്നേഷ്യസ്,മോഹന്‍സിതാര ,ജോൺസൻ,ഔസേപ്പച്ചന്‍,ബെന്നി കണ്ണന്‍,അല്‍ഫോന്‍സ്‌, എം ജി ശ്രീകുമാർ‍, അഫ്സൽ‍, വിദ്യാധരന്‍ മാസ്റ്റർ‍, ബിജിബാല്‍ എന്നിവരുടെ സംഗീത സംവിധാനത്തിലും പാട്ടുകൾ പാടാന്‍ അവസരം ലഭിച്ചു.

സിനിമയിൽ ഇതു വരെ പാടിയ പാട്ടുകൾ ഏതൊക്കെയാണ് ?
1.കൈകൊട്ട് പെണ്ണേ കൈ കൊട്ട് പെണ്ണേ - കരുമാടിക്കുട്ടൻ
2.കാത്തു കാത്തൊരു മഴയത്ത് - നമ്മൾ
3.മാർച്ച് മാസമായ് - കൂട്ട്
4.തൈർക്കുടം തകർത്തുവോ നീ - ചൂണ്ട
5.പുഞ്ചിരി മൊട്ടിനു പൂവഴക് - നക്ഷത്രക്കണ്ണുള്ള രാജകുമാരൻ
6.മുണ്ടകപ്പാടത്തെ - അന്യർ
7.പൂണ്ടം കിള  - ഉടയോൻ
8.ശ്രീപാൽക്കടവിൽ - ചന്ദ്രനിലേക്കൊരു വഴി
9.ചെമ്പാവ് പുന്നെല്ലിൻ - സാൾട്ട് & പെപ്പർ

കൂടാതെ ചിത്ര,സുജാത,എന്നീ പ്രശസ്തരായ പിന്നണി ഗായികമാർക്കു വേണ്ടി നിരവധി ട്രാക്കുകളും പാടിയിട്ടുണ്ട് . കല്യാണരാമന്‍, ഇഷ്ടം, ഊമപ്പെണ്ണിന് ഉരിയാടാപയ്യന്‍, കാട്ടുചെമ്പകം തുടങ്ങിയ സിനിമകളുടെ  റീ റെക്കോർഡിംഗ് ജോലികളിലും പങ്കെടുക്കാൻ എനിക്ക് അവസരം ലഭിച്ചിരുന്നു.

ഇഷ്ടമുള്ള ഗായകരെയോ സംഗീത ശൈലികളെയോ പറ്റിപ്പറയുമോ ? പാട്ടു പാടുക മാത്രമല്ല സംഗീതസംവിധാനത്തിലും കഴിവ്  തെളിയിച്ചിട്ടുണ്ട് എന്ന് അറിഞ്ഞു.കൂടൂതൽ വിശദമാക്കാമോ ?

കര്‍ണാടകസംഗീതത്തില്‍ ,s കല്യാണരാമന്‍ [വോക്കൽ ] , ശെമ്മാങ്കുടി, കൃഷ്ണസ്വാമി, MD രാമനാഥന്‍,MS , നിത്യശ്രീ , KS ഗോപാലകൃഷ്ണന്‍[ഫ്ലൂട്ട്] ,Dr.N.രമണി,സുധാ രഘുനാഥ്,TM.കൃഷ്ണ,എൽ .സുബ്രമണ്യം,Dr M.രാജം എന്നിവരുടെയൊക്കെ സംഗീതവഴികളാണ് ഇഷ്ടപ്പെടുന്നത്.അതോടൊപ്പം ഹിന്ദുസ്ഥാനി സംഗീതം കേൾക്കാനും കൂടുതൽ താൽപ്പര്യപ്പെടുന്നു.വിശ്വമോഹന്‍ ഭട്ട് ,പണ്ഡിറ്റ്‌ ശിവ കുമാർ ശർമ്മ , ചൌരസ്യ , പണ്ഡിറ്റ്‌ രവി ശങ്കര്‍,അജോയ് ചക്രവര്‍ത്തി ,ഭീംസെന്‍ ജോഷി , പണ്ഡിറ്റ്‌ ജസ്‌രാജ്, കിഷോരി അമോന്‍കാർ‍,ഉസ്താദ്‌ ബിസ്മില്ലാ ഖാന്‍ , രാജന്‍ സാജന്‍ മിശ്ര , ശോഭ ഗുർടു, ഉസ്താദ്‌ അംജദ് അലിഖാന്‍ മല്ലികാര്‍ജുന്‍ മന്‍സൂര്‍ എന്നിവരെയൊക്കെ കേൾക്കാറുണ്ട്.
സിനിമാ പിന്നണി ഗായകരില്‍ യേശുദാസ്,പി ജയചന്ദ്രന്‍,ഹരിഹരന്‍  ഗായികമാരില്‍ എസ് ജാനകി, പി സുശീല,ചിത്ര , ശ്രേയ ഘോഷൽ എന്നിവരെയാണ് ഏറെയിഷ്ടം.

2004ല്‍ കബീര്‍ മ്യൂസിക്‌ ഓഫ് ഹാര്‍മണി എന്ന ആല്‍ബം സംഗീത സംവിധാനം ചെയ്ത് പാടി.കബീറിന്റെ ദോഹകള്‍ ആദ്യമായി മലയാളത്തില്‍ അവതരിപിച്ച  ഒരു വര്‍ക്ക്‌ ആയിരുന്നു അത്. ഒരുപാടു ആസ്വാദകരെയും അതിനോടൊപ്പം തന്നെ നിരൂപക ശ്രദ്ധയും നേടാൻ കഴിഞ്ഞിരുന്നു. സുഹൃത്തുക്കളുടെ ഒരു കൂട്ടായ്മയിൽ നിന്നാണ് അത്തരം ഒരു ആശയം ഉണ്ടാകുന്നത് തന്നെ.

കുടുംബം,സുഹൃത്തുക്കൾ,നാട് ?
തൃശൂരിലെ വേലൂർ ആണ് ജന്മസ്ഥലം.ഇപ്പോള്‍ തിരുവനന്തപുരത്ത് താമസിക്കുന്നു.ഭര്‍ത്താവ് പ്രിയരഞ്ജന്‍ലാൽ‍.ഗ്രാഫിക് ഡിസൈനര്‍ ആണ്.മോള്‍ ശ്രീ ഗൌരി. 

സാൾട്ട് & പെപ്പറിലെ ചെമ്പാവ് ഒന്നൂടെ കാണാനും കേൾക്കാനുമുള്ളവർക്ക്.

Article Tags: 
Contributors: