രവീന്ദ്രസംഗീതം: കേൾക്കാത്ത രാഗങ്ങൾ - ഒരു പരിചയം

പുസ്തകം: രവീന്ദ്രസംഗീതം: കേൾക്കാത്ത രാഗങ്ങൾ 

എഴുതിയത്: ശ്രീമതി ശോഭനാ രവീന്ദ്രൻ

പ്രസാധകർ: മാതൃഭൂമി ബുക്സ് കോഴിക്കോട്

പേജുകൾ: 176

വില: 100 രൂ

വായന: രവീന്ദ്രസംഗീതം: കേൾക്കാത്ത രാഗങ്ങൾ 

     ====================

സ്വപ്നങ്ങൾ അനാഗതകാലത്തെ സൂചിപ്പിക്കുന്നുവെങ്കിൽ, ഓർമ്മകൾ ഗതകാലത്തിലേക്കുള്ള ചൂണ്ടുപലകകളാണ്. സ്വപ്നങ്ങൾക്ക് അതിർത്തികൾ ഇല്ല. വയലറ്റിനപ്പുറം അൾട്രാവയലറ്റും, ചോപ്പിനപ്പുറം ഇൻഫ്രാറെഡും പോലെ ജീവിതമെന്ന വർണ്ണരാജി (spectrum) യുടെ അതിർവരമ്പുകളെ ഉല്ലംഘിച്ചു പോകുന്നു അവ. സത്യസന്ധമായ ഓർമ്മകളാവട്ടെ, അതിഭാവുകത്വത്തിന്റേയും ഏച്ചുവെയ്ക്കലുകളുടേയും ദുർമ്മേദസ്സെല്ലാം കളയപ്പെട്ട്, പോയകാലത്തിന്നുനേർക്കു പിടിച്ച കണ്ണാടിയായ് മാറുന്നു. "രവീന്ദ്രസംഗീതം: കേൾക്കാത്ത രാഗങ്ങൾ" എന്ന പുസ്തകത്തിലൂടെ കടന്നുപോകുമ്പോഴും, നാം മേല്പ്പറഞ്ഞ സത്യത്തിന്റെ മുഖദർശനമാണു നടത്തുന്നത്.

രവീന്ദ്രൻ എന്ന സംഗീതസംവിധായകനെക്കുറിച്ചുള്ള ഒരു സങ്കീർത്തനപ്പുസ്തകമല്ലയിത്. സങ്കീർത്തനങ്ങൾക്കൊപ്പം ഒരു മനുഷ്യനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ ചെറു പരിമിതികളും പ്രതിപാദിക്കപ്പെടുന്നു ഈ പുസ്തകത്തിൽ. രവീന്ദ്രസംഗീതം ആസ്വദിക്കുവാൻ അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ചറിയണോ എന്നു ചോദിക്കുന്നവരുണ്ടാവും. വ്യക്തമായ ഒരു ഉത്തരം കിട്ടാത്ത ഒരു ചോദ്യമായിരിക്കും അത്. മഴയുടെ സംഗീതമേളകൾ ആസ്വദിച്ച്, ആ തണുവിലലിയുവാൻ "കടലിലെ ജലം തപിച്ചാവിയായ് മേൽപ്പോട്ടുയരുന്നു...." എന്നു ക്ഷീരബലപോലെ നൂറ്റൊന്നാവർത്തിച്ച ശാസ്ത്രസത്യം അറിയേണ്ടതുണ്ടോ? "ഇല്ല" എന്ന ഉത്തരത്തിനൊപ്പം "ഉണ്ട്" എന്ന വാക്കും നാം കേൾക്കുന്നില്ലേ, കേവലം ഒരു നാവിൽനിന്നായാലും? എന്നാൽ അങ്ങനെയുള്ള ആ ഒരാൾക്കുവേണ്ടിയുള്ളതാണ്‌ ഈ പുസ്തകം. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഇളവെയിലണിഞ്ഞ പുലർവേളകളും, സൂര്യൻ (രവി) കത്തിജ്ജ്വലിച്ച മധ്യാഹ്നവും, പോക്കുവെയിൽ നിഴൽ വിരിച്ച സായന്തനവുമൊക്കെ ഈ പുസ്തകത്തിൽ ഇടം പിടിക്കുന്നു.

തന്റെ ഹംസഗാനം പാടി പ്രിയപ്പെട്ട സംഗീതകാരൻ നമ്മെ വിട്ടുപിരിഞ്ഞെങ്കിലും അദ്ദേഹം നമുക്കു സമ്മാനിച്ച ഈണങ്ങൾ ആചന്ദ്രതാരം ഓരോ തലമുറയും ഏറ്റുപാടും. സുകൃതികളായ കലാകാരന്മാർക്ക് അവ്വിധമൊരു ഭാഗ്യമുണ്ട്.  ചങ്ങമ്പുഴ പാടിയത് അവരെ സംബന്ധിച്ചിടത്തോളം സത്യമാണ്:

"നീ മറഞ്ഞാലും തിരയടിക്കും

നീലക്കുയിലേ നിൻ ഗാനമെന്നും"

അങ്ങനെ നാമോർക്കുന്ന, കേൾക്കുന്ന, പാടുന്ന, നമ്മുടെതന്നെ പാട്ടാക്കിമാറ്റുന്ന എത്രയോ ഗാനങ്ങൾ സമ്മാനിച്ചൂ കുളത്തൂപ്പുഴ രവിയെന്ന നമ്മുടെ രവീന്ദ്രൻ മാഷ്. പ്രണയഗാനങ്ങളനവധിതീർത്ത ആ പ്രതിഭയുടെ പ്രണയത്തെയും സാഹസികമായ വിവാഹത്തെയും പറ്റിയാണ് പുസ്തകത്തിന്റെ ആദ്യഭാഗങ്ങൾ. തണ്ടർബേഡ് എന്ന മ്യൂസിക്കൽട്രൂപ്പിലും കെ എസ് ജോർജ്ജിന്റെ ട്രൂപ്പിലും ഗാനമേളകളവതരിപ്പിച്ചതും, ഉള്ളതുകൊണ്ടോണം പോലെ കഴിഞ്ഞുകൂടിയ മദ്രാസ് ദിനങ്ങളും, അരിയില്ലാഞ്ഞിട്ട് (വൈലോപ്പിള്ളിമാഷിന്റെ കവിതയല്ല) പട്ടിണികിടന്ന മദ്രാസിലെ ആദ്യ ഓണവും, മക്കളുടെ ജനനവുമെല്ലാം  മറിയുന്ന പുസ്തകത്താളുകളിൽ ജീവിതാവസ്ഥയുടെ ഋതുഭേദങ്ങളെന്നപോലെ വന്നു നിറയുന്നു.  

ശശികുമാറിന്റെ സംവിധാനത്തിൽ "ചൂള" എന്ന ചിത്രത്തിനുവേണ്ടി സംഗീതം ചെയ്യാൻ കുളത്തൂപ്പുഴ രവിയെ ശുപാർശ ചെയ്യുന്നത് കെ ജെ യേശുദാസാണ്. പാട്ടുകൾ നിങ്ങൾക്കിഷ്ടപ്പെട്ടില്ലെങ്കിൽ സ്വന്തംചെലവിൽ വേറെപാട്ടുകൾ ചെയ്തുതരാം എന്ന ഉറപ്പോടുകൂടിയായിരുന്നു അത്. അങ്ങനെ, സത്യൻ അന്തിക്കാടിന്റേയും പൂവച്ചൽ ഖാദറിന്റേയും വരികളെ സ്വരപ്പെടുത്തിക്കൊണ്ട് ആ പ്രതിഭ സിനിമയുടെ രജതദീപ്തിയിലേക്കു പ്രവേശിക്കുകയായിരുന്നു. അതുവരെ കുളത്തൂപ്പുഴ രവി എന്നറിയപ്പെട്ടിരുന്ന അദ്ദേഹത്തിനോട് രവീന്ദ്രൻ എന്ന പേരുമതിയെന്നു നിർദ്ദേശിച്ചതും യേശുദാസായിരുന്നു.

ചില പാട്ടുകളുടെ പിന്നിലെ കൗതുകകരങ്ങളായ വസ്തുതകളും ശ്രീമതി ശോഭനാ രവീന്ദ്രൻ ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നു. ഗാനമേള എന്ന ചിത്രത്തിലെ "ശാരീ മേരീ രാജേശ്വരി" എന്ന ഗാനത്തിന്റെ രചയിതാവ് ആ ചിത്രത്തിലെ മറ്റുപാട്ടുകളെഴുതിയ ചിറ്റഞ്ഞൂർ ശശിയാണെന്നാണ് പലരും കരുതിയിരിക്കുന്നത്. എന്നാൽ സിനിമയിലെത്തുന്നതിനും മുൻപ് സ്വന്തം ഗാനമേളകളിൽ അവതരിപ്പിക്കാനായ് രവീന്ദ്രൻ മാഷ് സ്വയമെഴുതി ചിട്ടപ്പെടുത്തിയതാണ് ഈ ഗാനംമെന്നെത്ര പേർക്കറിയാം? 1981ൽ  പുറത്തിറങ്ങിയ "സ്വർണ്ണപ്പക്ഷികൾ" എന്ന ചിത്രത്തിലെ "ദേവാംഗനേ നീയീഭൂമിയിൽ" എന്നു തുടങ്ങുന്ന ഗാനം (രചന: മുല്ലനേഴി) പണ്ട് സ്വയമെഴുതി ട്യൂൺചെയ്ത "ലജ്ജാവതി ഒരു പെൺകൊടി" എന്ന പാട്ടിനുപയോഗിച്ച ഈണമായിരുന്നു. ആദ്യമായി രവീന്ദ്രൻ മാഷ് പാടിക്കേട്ട പാട്ടും "ലജ്ജാവതി" എന്ന ഈ പാട്ടായിരുന്നു എന്ന് അവർ ഓർത്തെടുക്കുന്നു. രവീന്ദ്രൻ മാഷോടൊപ്പം ഒട്ടേറെഗാനങ്ങൾ ചെയ്ത കൈതപ്രവുമായി ഇടയ്ക്കുണ്ടായ പിണക്കവും, അതിനിടെ കമലിന്റെ ആവശ്യമനുസരിച്ച് ഫോണിലൂടെ ഈണം പാടിക്കൊടുത്ത്, തിരിച്ച് അപ്പോൾത്തന്നെ കൈതപ്രം വരികൾ പറഞ്ഞുകൊടുത്തുണ്ടാക്കിയ പാട്ടാണ് "ഏതോ നിദ്രതൻ"  (ചിത്രം: അയാൾ കഥയെഴുതുകയാണ്) എന്നത്.

ചില പാട്ടുകളോടുള്ള മാഷിന്റെ സവിശേഷ മമതയേയും സ്പർശിച്ചുകടന്നു പോകുകയാണ് ഗ്രന്ഥകാരി. അദ്ദേഹത്തെ വളരെയധികം സ്പർശിച്ച  "സാന്ദ്രമാം മൗനത്തിൻ" (ചിത്രം: ലാൽസലാം, രചന: ഓ. എൻ. വി) എന്നു തുടങ്ങുന്ന ഗാനത്തിലെ വരികൾ മാഷോടുതന്നെ അവർ ചോദിച്ചു പോകുന്നു:

"അത്രമേൽ സ്നേഹിച്ചൊരാത്മാക്കൾ തൻ ദീന-

ഗദ്ഗദം പിൻതുടരുമ്പോൾ,

നിന്നെപ്പൊതിയുമാപ്പൂവുകളോടൊപ്പം

എങ്ങനെ ശാന്തമായ് നീയുറങ്ങും?"

താൻ കേൾക്കാതെ ഒരുപാട്ടുപോലും ചെയ്തിട്ടില്ല എന്നും, താൻ കേട്ടതിനു ശേഷമേ മറ്റുള്ളവരെ അദ്ദേഹം ഈണങ്ങൾ കേൾപ്പിച്ചിരുന്നുള്ളൂ എന്നും പറയുമ്പോൾ, മാഷുടെ "പറയാത്ത മൊഴികൾ" (ചിത്രം: എന്റെ ഹൃദയത്തിന്റെ ഉടമ, രചന: ഓ. എൻ. വി) എന്ന പാട്ടിലെ വരികളാണ് ഓർമ്മയിൽ വന്നത്:

"ഒരുകുറി പോലും നിനക്കായ് മാത്രമായ്

ഒരു പാട്ടുപാടാൻ നീ ചൊന്നതില്ലാ

പറയാം ഞാൻ ഭദ്രേ, നീ കേൾക്കുവാനല്ലാതെ

ഒരു വരിപോലും ഞാൻ പാടിയില്ല"

ആത്യന്തികമായി സ്നേഹം എന്ന വികാരമായിരുന്നു അദ്ദേഹത്തെ നയിച്ചിരുന്നത് എന്ന് 176 പേജോളം നീളുന്ന ഈ പുസ്തകം വായിച്ചു കഴിയുമ്പോൾ നമുക്കു മനസ്സിലാകും. സ്ഥായിഭാവമായ സ്നേഹത്തെ പോഷിപ്പിക്കാനെത്തി കൃത്യം നിർവ്വഹിച്ചു പിൻമറയുന്ന സഞ്ചാരീഭാവങ്ങളായിത്തീരുന്നൂ ദേഷ്യവും മറ്റു വികാരങ്ങളുമൊക്കെ. 2011ൽ മാതൃഭൂമി ബുക്സ് പുറത്തിറക്കിയ ഈ പുസ്തകത്തിന് ഡോ കെ ജെ യേശുദാസാണ് അവതാരിക എഴുതിയിരിക്കുന്നത്. 

Article Tags: 
Contributors: