മൂവന്തി നേരത്താരോ പാടീ..

ഒരു പാത്രത്തിന്റെ ഉപയോഗയോഗ്യത ഒരു സാധനം ഉൾക്കൊള്ളുക എന്നതാണ്. ഉൾക്കൊള്ളാനുള്ള കഴിവില്ലെങ്കിൽ അതു ഹിരണ്മയമായാലും മൃണ്മയമായാലും – പൊന്നുകൊണ്ടുണ്ടാക്കിയാലും മണ്ണുകൊണ്ടുണ്ടാക്കിയാലും ശരിയല്ല എന്നതാണ് പാത്രത്തിന്റെ തത്വം എന്നൊരുദാഹരണം കലയെ സംബന്ധിച്ച് പൂർവ്വികർ പറഞ്ഞിട്ടുണ്ട്. ജോൺസൻ മാഷ് ഈ തത്വത്തിന്റെ ആൾരൂപമായിരുന്നു. താൻ പ്രയോഗിക്കുന്ന കലയുടെ ഫങ്ഷണൽ യൂട്ടിലിറ്റിയെപ്പറ്റിയുള്ള സൂക്ഷ്മബോധം – പശ്ചാത്തലസംഗീതമായാലും സംഗീതസംവിധാനമായാലും ജോൺസൻ മാഷ് മുറുകെപ്പിടിച്ചു. ആവശ്യമുള്ളിടത്ത് ആവശ്യമുള്ള രീതിയിൽ ആവശ്യമായ സംഗീതം - അതിനുവേണ്ടി മാത്രം മാഷിന്റെ പ്രതിഭ ജോലിചെയ്തു. നിർഭാഗ്യവശാൽ മലയാളസിനിമ അതിനു പരുവപ്പെട്ടിരുന്നില്ല. ആവശ്യവും അനാവശ്യവും തിരിച്ചറിയാത്ത ശബ്ദകോലാഹലങ്ങളുടെ അശ്ലീലത്തിലേക്കു വീണ മലയാളസിനിമാസംഗീതത്തിന് ജോൺസൻ അനുയോജ്യമായ വിൽപ്പനച്ചരക്കുമായിരുന്നില്ല.

“എന്റെ ദുഃഖങ്ങളെല്ലാം പകർന്നിരുന്നുവെങ്കിൽ എല്ലാ പാട്ടിനും ഒരേ ഭാവമായിരുന്നേനേ” എന്നു ജോൺസൻ മാഷ് പലതവണ പറഞ്ഞിട്ടുണ്ട്. പ്രയുക്തസംഗീതത്തിന്റെ അരങ്ങായ സിനിമയിൽ നിന്ന് പ്രണയത്തിനും വിരഹത്തിനും സന്തോഷത്തിനും സങ്കടത്തിനും മലയാളിക്കു കൂട്ടായി നിൽക്കുന്ന ഒരുപാട് ഈണങ്ങൾ പകർന്ന മാഷിന്റെ ദുഃഖങ്ങൾ സ്വയം അനുഭവിച്ചു തീർക്കാൻ മാത്രമുള്ളതായിരുന്നു. എന്നാൽ, വേദനകളുടെ മുഹൂർത്തങ്ങളിൽ നാമറിയാതെ ചിലപ്പോഴെല്ലാം നമ്മളിലെത്തുന്ന ‘കണ്ണീർപ്പൂവും’ ‘മൺതരിച്ചുണ്ടിലെ മൗനവും’ ‘ഹൃദയം പാടും ലയസിന്ധു’വും അത്രമേൽ മുനകൂർ‌ത്ത മുള്ളുകൾ കൊണ്ടു കീറിപ്പോയ ഒരു മനസ്സിന്റെ രോദനങ്ങൾ പോലെ പലപ്പോഴും എനിക്കു തോന്നിയിട്ടുണ്ട്. വൈയക്തികമായ ദുഃഖങ്ങളിലുമേറെ മാഷിനെ പിൻതുടർന്നത് മലയാളസിനിമാലോകം മാഷിനു നൽകിയ കയ്പ്പുകളായിരുന്നു. സ്വത്വബോധവും ആത്മാഭിമാനവും മുറുകെപ്പിടിച്ച ഒരു തലമുറയുടെ – ദേവരാജനേയും ബാബുരാജിനേയും പോലുള്ള മാനവികതയുടെ ഉയർന്ന ഉരുവങ്ങളുടെ തലമുറയിലെ അവസാനകണ്ണികളിലൊന്നായിരുന്നു ജോൺസൻ.

ഭരതനും പത്മരാജനും എം ടിയുമെല്ലാം ചേർന്നു രൂപം നൽകിയ ഭാവുകത്വത്തിന്റെ സംഗീതസംസ്കാരം നിർണ്ണയിച്ചതിൽ ഏറ്റവും നിർണായകമായ പങ്ക് രവീന്ദ്രനും ജോൺസനുമായിരിക്കും. മെലോഡ്രാമയുടെ ലളിതവും ഹൃദയംഗമവുമായ ലാവണ്യം. എൺപതുകളിലെ മദ്ധ്യവർഗ്ഗഭാവുകത്വത്തെക്കുറിച്ച് മലയാളസിനിമ രൂപീകരിച്ച സമവാക്യങ്ങളോട് ജോൺസൻ മാഷിനോളം ഇണങ്ങിയ മറ്റൊരു സംഗീതസംവിധായകനില്ല. പ്രകടനപരമല്ലാത്ത,  അയത്നലളിതമായ ഈണം. അതിനിണങ്ങുന്ന പരിമിതവും ഔചിത്യപൂർണ്ണവുമായ ഉപകരണസംഗീതം. അതിസമർത്ഥമായ ഓർക്കസ്ട്രേഷൻ. ജോൺസൻ മലയാളിയുടെ ഹൃദയത്തിലേക്കു ചേക്കേറാൻ ഇവയെല്ലാം കാരണമായി. “കുന്നിമണിച്ചെപ്പുതുറന്നെണ്ണി നോക്കുന്നേരം” എന്ന ഒ എൻ വി കുറുപ്പിന്റെ വരികൾ വായിച്ചുനോക്കുക, ആ ഈണത്തിന്റെ ഓർമ്മയിൽ നിന്നടർന്ന് അതു വായിക്കുക കടുത്ത പ്രവൃത്തിയാണ് – എങ്കിലും ഒന്നു ശ്രമിച്ചുനോക്കൂ, ആ വരികൾ കെ പി എ സിയുടെ നാടകകാലത്തെയോ നീലക്കുയിൽ കഴിഞ്ഞുനിൽക്കുന്ന ഗാനരചനാഭാവുകത്വത്തെയോ ഓർമ്മിപ്പിക്കും. എന്നാൽ ജോൺസൻ മാഷുടെ ഈണം  ആ വരികളെ 1988 ലെ ‘പൊന്മുട്ടയിടുന്ന താറാവ്’ എന്ന  സത്യൻ അന്തിക്കാട് ചലച്ചിത്രത്തിലെത്തിക്കുന്നു – കാറ്റുവന്നു പൊന്മുള തൻ കാതിൽ മൂളുന്ന പ്രണയത്തിന്റെ നിർമ്മലമായ ഭാവം തുളുമ്പുന്ന നിഷ്കളങ്കമായ ഈണം, ഇടയിൽ ചേർത്തുവെച്ചിരിക്കുന്ന കിളിയൊച്ച പോലും ഇടർച്ചയായി തോന്നിക്കാത്ത ഓർക്കസ്ട്രേഷൻ വൈദഗ്ദ്ധ്യം. “പൂ വേണം പൂപ്പട വേണം” “കണ്ണാടിക്കയ്യിൽ” “ തങ്കത്തോണി” തുടങ്ങി നിമിഷനേരം കൊണ്ട് കേരളത്തിന്റെ ഏതോ നാട്ടിടവഴിയിലേക്കും വയലേലയിലേക്കും നമ്മെ വലിച്ചുകൊണ്ടുപോകുന്ന, ഇത്തരത്തിലുള്ള  ഒരു പിടി ഗാനങ്ങൾ ജോൺസൻ മാഷ് നമുക്കു നൽകിയിട്ടുണ്ട്.

നാടകീയതയുടെ അനിവാര്യസാഹചര്യത്തിലും അതിനാടകീയമാവാത്ത സംഗീതം വിജയിക്കും എന്നതിന്റെ എക്കാലത്തെയും മികച്ച തെളിവാണ് കടുത്ത നിറക്കൂട്ടുകൾ നിറഞ്ഞ ഭാവാന്തരീക്ഷത്തിൽ ഭരതൻ വരച്ച ‘ചമയം’ എന്ന ചലച്ചിത്രകാവ്യത്തിന് ജോൺസൻ മാഷ് പകർന്ന സംഗീതവും ഓർക്കസ്ട്രയും. നാടകഗാനമായി വരുന്ന “രാജഹംസമേ” എന്ന ഗാനത്തിൽ ഉപകരണസംഗീതം കൊണ്ട് ഒരുക്കുന്ന രംഗപടം സിനിമയിലെ രംഗപടത്തേക്കാൾ മുന്നിട്ടുനിൽക്കുന്നു. എന്നാൽ ഒരിക്കലും ഭരതന്റെ സങ്കൽപ്പങ്ങളിൽ നിന്ന് സംഗീതം ദൂരെയാകുന്നുമില്ല. “രാഗദേവനും” എന്ന ഗാനം പകരുന്ന എപ്പിക്ക് ഫീൽ അതേപടി ചിത്രീകരിച്ചതിനേപ്പറ്റി ഭരതൻ പറഞ്ഞിട്ടുണ്ട്. അതിതീവ്രമായ ഈ ഭാവസങ്കല്പമാണ് രവീന്ദ്രൻ മാഷെയും ജോൺസൻ മാഷെയും മറ്റനേകം ശബ്ദങ്ങളിൽ നിന്നു വ്യത്യസ്തരാക്കി നിർത്തിയത്. തന്റെ ഗുരുവായ ദേവരാജനേപ്പോലെയോ സമകാലീനനായ രവീന്ദ്രനേപ്പോലെയോ ശക്തമായ ഒരു ശാസ്ത്രീയസംഗീതാഭ്യസന പിൻബലം “ബ്രഹ്മകമലം ശ്രീലകമാക്കിയ” “ആദ്യമായ് കണ്ട നാൾ” “നീലരാവിലിന്നു നിന്റെ” തുടങ്ങിയ ഗാനങ്ങൾ കമ്പോസ് ചെയ്ത ജോൺസൻ മാഷിന് ഇല്ല എന്നതു വിസ്മയകരമായ യാഥാർത്ഥ്യമാണ്. ഹിന്ദുസ്ഥാനിയിലേക്കും പാശ്ചാത്യസംഗീതത്തിലേക്കും എളുപ്പം സഞ്ചരിക്കാവുന്ന ഭാവാത്മകമുദ്രണങ്ങൾ അനായാസമായി ജോൺസനു സാധിച്ചത് ഇതുകൊണ്ടു കൂടിയാവണം. ലോകത്തെവിടെയും സംഗീതം ഹൃദയങ്ങൾ തമ്മിലുള്ള ഭാഷയാണെന്ന് മാഷിനുറപ്പുണ്ടായിരുന്നു. ഓരോ പാട്ടുകളായി സവിശേഷതകൾ നിരത്തിയാൽ എഴുതിത്തീരാത്തത്ര അനുഭവക്കടൽ സമ്മാനിച്ച് മാഷ് പോയി.

2002 ൽ തൃപ്പൂണിത്തറ വെച്ചുനടന്ന ഒരു സ്വീകരണച്ചടങ്ങിലാണ് ജോൺസൻ മാഷെ  പരിചയപ്പെടുന്നത്. സംഗീതസ്നേഹികളായ ചില ചെറുപ്പക്കാർ ചേർന്നു തുടങ്ങിയ “സായാഹ്നം” എന്ന പരിപാടിയുടെ വാർഷികം. അതിലെ ചില അംഗങ്ങളുമായി സൗഹൃദമുണ്ടായിരുന്നതുകൊണ്ട് രണ്ടുമൂന്നുതവണ പരിപാടികൾക്കു ചെന്ന ബന്ധം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. ആകസ്മികമായി, പരിപാടി കഴിഞ്ഞ് മാഷോടൊപ്പം കാറിൽ തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യാനുള്ള ഭാഗ്യം എനിക്കുണ്ടായി. അന്ന് മാഷ് വലിയ സന്തോഷത്തിലായിരുന്നു. അനേകം അനുഭവങ്ങൾ യാത്രയ്ക്കിടയിലുടനീളം പറഞ്ഞുകൊണ്ടിരുന്നു. പള്ളിയിലെ ഗായകസംഘത്തിലെ അംഗമായിരുന്ന കാലത്തെ അനുഭവങ്ങൾ, ദേവരാജൻ മാഷോടൊപ്പമുള്ള മറക്കാത്ത ഓർമ്മകൾ, ഭരതനും പത്മരാജനും സംഗീതസംവിധായകനോടുണ്ടായിരുന്ന സമീപനം – ഇങ്ങനെ അനേകം കാര്യങ്ങൾ. തിരുവനന്തപുരത്തിറങ്ങി ഞാൻ യാത്രപറഞ്ഞു പിരിഞ്ഞു. രണ്ടു വർഷത്തിനുശേഷം മുംബൈയിലെ ‘സ്പെക്ട്ര’ എന്ന മ്യൂസിക്ക് ഗ്രൂപ്പിന്റെ പ്രോഗ്രാമിന് ആണ് പിന്നീടു ഞാൻ മാഷെ കാണുന്നത്. എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് മാഷ് കണ്ടയുടൻ എന്നെ തിരിച്ചറിഞ്ഞു. “ ചിത്രനു തിരക്കില്ലെങ്കിൽ വരൂ” എന്നു മാഷ്ടെ ഹോട്ടൽ റൂമിലേക്ക് ക്ഷണം. ( ജോൺസൻ മാഷ് വിളിച്ചാൽ എന്തു തിരക്ക്!) അന്നു രാത്രി സുദീപ് എന്ന കൂട്ടുകാരനൊപ്പം ദാദറിലെ പ്ലാസ ഹോട്ടലിലെത്തിയ ഞങ്ങൾ ഏറെ വൈകിയാണു മടങ്ങിയത്. അതിനിടയിൽ മാഷ് പറഞ്ഞ അനേകം അനുഭവങ്ങൾ, കയ്പ്പുറ്റ സിനിമാനുഭവങ്ങൾ ഒന്നും ഈ വേളയിൽ പ്രസ്താവ്യമല്ലാത്തതിനാൽ പറയുന്നില്ല. പിന്നീടൊരിക്കൽ മദ്രാസിൽ നിന്നും ഒരിക്കൽ കോഴിക്കോടു നിന്നും മാഷെ കാണാനായിട്ടുണ്ട്. പലപ്പോഴും ഫോണിൽ സംസാരിച്ചിട്ടുണ്ട്. എന്നാൽ ഏറെ മനസ്സിൽ തങ്ങി നിൽക്കുന്നത് M3DB യുടെ ഉദ്ഘാടന അനുഭവം തന്നെയാണ്.

ലോകത്തെമ്പാടും ചിതറിക്കിടക്കുന്ന സംഗീതസ്നേഹികളുടെ കൂട്ടായ്മയുടെ ആദ്യ ഒത്തുകൂടലായ മൃണ്മയിയിലെ സംഗമത്തിന് ജോൺസൻ മാഷെ ഉദ്ഘാടകനായി വിളിക്കുമ്പോൾ അൽപ്പം പരിഭ്രമം മനസ്സിലുണ്ടായിരുന്നു. മാഷിന് ഈ നോൺ പ്രോഫിറ്റബിൾ സംഘത്തിന്റെ സാധുതയും  ആവശ്യവും വ്യക്തമാവുമോ എന്നു സംശയിച്ചു. മടിച്ചുമടിച്ചാണ് കാര്യം അവതരിപ്പിച്ചത്. ഞാനെല്ലാം പറഞ്ഞു കഴിഞ്ഞപ്പോൾ “ഇപ്പോൾ ചിത്രൻ പറഞ്ഞതെല്ലാം കൂടി ഒരു ഇരുപതുശതമാനമേ എനിക്കു മനസ്സിലായുള്ളൂ. എന്തായാലും ഞാൻ വരാം” എന്നായിരുന്നു മാഷിന്റെ മറുപടി. ബാക്കിയൊക്കെ മാഷിന് ഇവിടെ വരുമ്പോൾ ക്ലിയറാവും എന്നൊക്കെപ്പറഞ്ഞ് ഞാൻ സന്തോഷത്തോടെ ഫോൺ വെച്ചു. പിന്നെ എല്ലാം നാടകീയമാം വിധം നടന്നു. ജോൺസൻ മാഷ് പാലക്കാടെത്തുമ്പോഴേക്കും ഞങ്ങളുടെ ഒരു ടീം രൂപപ്പെട്ടുകഴിഞ്ഞിരുന്നു. മാഷിന്റെ സംഗീതം പോലെ ഹൃദയം കൊണ്ടു സംസാരിക്കാൻ കഴിയുന്ന ഒരു സംഘാടകസംഘം. ശബ്ദം ശരിയല്ലാഞ്ഞും മാഷ് ഞങ്ങളുടെ സംരംഭത്തോടുള്ള ആവേശത്തിൽ പാടി. വന്നതിലും സന്തോഷവാനായി മാഷ് മടങ്ങി. രണ്ടു ദിവസങ്ങൾക്കു ശേഷം മാഷെ വിളിച്ചപ്പോൾ മുൻപൊരിക്കലുമില്ലാത്തവിധം സന്തോഷം നിറഞ്ഞ ശബ്ദത്തോടെ മാഷ് പറഞ്ഞു “നിങ്ങളുടെ കൂട്ടായ്മ കണ്ട് എന്താ പറയാ… I can't express in words. ഇതുപോലുള്ള ചെറുപ്പക്കാരുണ്ടെങ്കിൽ മലയാളസിനിമയിൽ നല്ലപാട്ടുകളുടെ കാലം ഒരിക്കലും നിലക്കില്ല…” സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്നറിയാത്ത അവസ്ഥയിലാണ് ഞാനതു കേട്ടത്. പ്രശംസകളിൽ പിശുക്കുന്നവരുടെ ഉസ്താദ് ആയ ദേവരാജൻ മാഷ്ടെ ശിഷ്യനിൽ നിന്നു തന്നെയോ അതൊക്കെ കേട്ടത് എന്നു സംശയിച്ചുപോയി. വീട്ടിലെത്തി M3DB സൈറ്റ് തുറന്നുനോക്കിയെന്നും, കുഞ്ഞൻ റേഡിയോ എന്ന M3DB യിലെ ഓൺലൈൻ റേഡിയോ കേട്ടുനോക്കിയെന്നും, അതിൽ ചിലരുടെ പാട്ട് മാർക്ക് ചെയ്തിട്ടുണ്ടെന്നും, ഇനി ഏതു സംരംഭത്തിനു വേണമെങ്കിലും വിളിച്ചോളൂ എന്നും പറഞ്ഞ് അവസാനിച്ച ആ സംഭാഷണത്തിന് അവസാനം ആകെ എനിക്ക് “മാഷേ താങ്ക്‌യൂ സോ മച്ച്” എന്നേ പറയാൻ കിട്ടിയുള്ളൂ. “ ഹേയ്, താങ്ക്സ് ഞാൻ അങ്ങോട്ടാ പറയേണ്ടത്, ചിത്രൻ എന്നെ ഇത്രയും നല്ലൊരു സ്ഥലത്തേക്കു വിളിച്ചതിന്” എന്ന് ഒന്നുകൂടി. ഞാൻ ഫോൺ വെച്ച് ഒരു മിനിറ്റ് സത്യത്തിൽ സ്വർഗത്തിലായിപ്പോയി !

ജീവിതത്തോടും സംഗീതത്തോടും ഒരേപോലെ സത്യസന്ധനായിരുന്ന ജോൺസൻ ഒരു തലമുറയുടെ അവസാനസ്വരങ്ങളിലൊന്നായിരുന്നു. ശബ്ദവും സംഗീതവും വേർതിരിച്ചറിയാൻ കഴിയാത്ത അസംബന്ധങ്ങളുടേയും എല്ലാ ധ്വനികളും പ്രതിധ്വനികളായിട്ടും അഹങ്കാരം ഊതിവീർപ്പിച്ച സംഗീതസംവിധായകബലൂണുകളുടേയും ലോകത്ത് എന്നെങ്കിലും മടങ്ങിവരുമെന്നു പ്രതീക്ഷിച്ച വസന്തത്തിന്റെ രക്ഷകൻ. റിയാലിറ്റിഷോകളിലും വലിയൊരു റിയാലിറ്റിയുണ്ടെന്നും അതാണു സംഗീതത്തിനു വേണ്ടതെന്നും ഒരിക്കൽ കൂടി തെളിയിക്കാൻ മാഷിനു കഴിയുമെന്ന ഒരു നേർത്ത പ്രതീക്ഷ മനസ്സിലെങ്ങോ മിക്ക സംഗീതസ്നേഹികൾക്കും ഉണ്ടായിക്കാണണം. എന്നാൽ, അതിനു നിൽക്കാതെ, പെട്ടെന്നൊരു ദിവസം ഇങ്ങനെ കടന്നുപോകുമെന്നു കരുതിയതേയില്ല. മാനത്തെ വെള്ളിത്തേര് എന്ന സിനിമയ്ക്ക് മാഷ് പകർന്ന വ്യത്യസ്തമായ ഈണത്തിലുള്ള ഗാനമാണ് ഓർമ്മയിൽ -

മൂവന്തി നേരത്താരോ പാടീ … മാനസം… ശോകാർദ്രമായ്…

അതെ, മാഷിന്റെ സംഗീതം മലയാളസിനിമാസംഗീതലോകത്തിന്റെ മൂവന്തിനേരത്തെ ശോകാർദ്രഗീതകമായിരുന്നു. ഒരു ചരിത്രകാലത്തിന്റെ രജതരേഖയാണു മാഞ്ഞുപോയത്. കാലം കടലെടുക്കാതെ, വിണ്ണിന്റെ കണ്ണുനീർതുള്ളിയിലും മൺതരിച്ചുണ്ടിലും ഒരുപോലെ നിറയുന്ന ഘനമൗനമായി, ജോൺസന്റെ സംഗീതം തിരയടിക്കും.

Relates to: 
Article Tags: 
Contributors: