യേശുദാസ് വളരാനിരിക്കുന്നതേ ഉള്ളു

ദേവരാജന്റെ സംഗീതത്തിനു ഗുണം പോരാ,യേശുദാസ് ഇനിയും വളരേണ്ടിയിരിക്കുന്നു.തുടങ്ങിയ നിരീക്ഷണങ്ങൾ പങ്കു വയ്ക്കുന്നു സിനിക്ക്..

മലയാളസിനിമയുടെ നിരൂപണചരിത്രത്തിൽ സിനിക്കിന്റെ സ്ഥാനം അടയാളപ്പെടുത്താൻ എളുപ്പമാണ്. എന്തെന്നാൽ വേറേ ആരും അവിടെയില്ല. സിനിമയുടെ ചരിത്രം തന്നെ സിനിക്കിന്റെ കടുത്ത വിമർശനങ്ങളിലൂടെ വായിച്ചെടുക്കാം.എതിരൻ കതിരവന്റെ “സിനിക്ക് പറഞ്ഞത് “ എന്ന പരമ്പരയുടെ തുടർച്ച.ഭാഗം-14

66. കുട്ടിക്കുപ്പായം

(1964 മാർച്ച്)


പി. ഭാസ്കരനെഴുതിയ പത്തു പാട്ടുകളുണ്ടിതിൽ. പലതും സാമാന്യം പോലെ രചനാഗുണം കലർന്നവയാണ്. ബാബുരാജിന്റെ സംഗീതസംവിധാനം ഒരിടത്തരം നിലവാരം മാത്രമേ പാലിച്ചുള്ളു. ‘ഇന്നെന്റെ കരളിലെ പൊന്നണിപ്പാടത്തൊരു പുന്നാരപ്പനന്തത്ത പറന്നു വന്നു” എന്ന പി. ലീല പാടിയ പാട്ട് നന്നായി. “കല്യാണരാത്രിയിൽ “ (പി. ലീല) ‘വെളുക്കുമ്പോൾ കുളിയ്ക്കുവാൻ’ (എ. പി. കോമള) ‘പൊട്ടിച്ചിരിക്കുവാൻ മോഹമുണ്ടെങ്കിലോ’ (പി. ലീല, ഗോമതി, ഉത്തമൻ) ‘ഉമ്മക്കും ബാപ്പാക്കുമായിരമായിരം’ (എൽ. ആർ. ഈശ്വരി) എന്നീ പാട്ടുകളും തരക്കേടില്ല.67. അന്ന

(1964  ഏപ്രിൽ)


വയലാറിന്റെ ഗാനരചന ആകത്തുകയിൽ മെച്ചപ്പെട്ടതായില്ല. പരവൂർ ദേവരാജന്റെ സംഗീതസംവിധാനത്തിനു ഗുണം പോരാ. സുശീല, ലീല, ജാനകി, യേശുദാസ് എന്നിവർ പിന്നണിപ്പാട്ടുകാരായിട്ടും ഒർമ്മയിൽ തങ്ങിനിൽക്കത്തക്കവിധം മധുരമായ ഒറ്റപ്പാട്ടും ഈ  ചിത്രത്തിനവകാശപ്പെടാനില്ലെന്നായത് കഷ്ടം തന്നെ. റിക്കാർഡിങ്ങാകട്ടെ തീരെ നന്നായില്ലെന്നും പറയണം.

(‘കറുത്തപെണ്ണേ കരിങ്കുഴലീ നിനക്കൊരുത്തൻ കിഴക്കുദിച്ചൂ‘  യേശുദാസ് പാടിയത് പിന്നീട് ശ്രദ്ധിക്കപെട്ട പാട്ടാണ്. ഒരു വള്ളക്കാരന്റെ ഏകാന്തതയിൽ നിന്നുണരുന്ന ഈ പാട്ട് പ്രതീതിയുണർത്തുന്നതിലും വിജയിച്ചതാണ്.  ഇതിനു മുൻപ് യേശുദാസ് സോളോ പാടിയ “കണ്ണുനീർ മുത്തുമായ കാണാനെത്തിയ“ മാത്രമേ ശ്രദ്ധിക്കപ്പെട്ടുള്ളു. ഒരു ഹിറ്റ്മേക്കർ എന്നനിലയിലേക്ക് യേശുദാസ് വളരാനിരിക്കുന്നതേ ഉള്ളു. ‘മനോരാജ്യത്തിനതിരില്ല’ എന്നപാട്ട് പ്രത്യേകതയുള്ളതാണ്. പി. ലീലയും എസ്. ജാനകിയും ഈ പാട്ട് പാടുന്നു ,ഒന്നിടവിട്ട് പല്ലവിയും ചരണങ്ങളും ആവർത്തിച്ച്.. പക്ഷെ രണ്ടു പേരും രണ്ടു ട്യൂണിൽ, രണ്ടു ഭാവങ്ങളിൽ. അതുകൊണ്ട് ഒരേ വരികൾക്ക് വിപരീത അർത്ഥവും വന്നു ചേരുന്നു. ‘അരുവീ തേനരുവീ’ എസ്. ജാനകി-യേശുദാസ് യുഗ്മഗാനം ഭേദപ്പെട്ടതാണ്. ‘പകരുന്നൊരു രോഗമാണീ പ്രണയം’ അതിലെ ഹാസ്യത്തിന്റെ പേരിൽ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. ‘പൊന്നണിഞ്ഞരാത്രി’ എൽ. ആർ. ഈശ്വരി പാടിയത് രംഗത്തവതരിപ്പിച്ചത് സുകുമാരിയാണ്. ഒരു ക്ലബ്ബിലെ ‘മദാലസ’ നൃത്തം. സുകുമാരിയുടെ പൂർവ്വജന്മ്മം)68. ദേവാലയം

(1964 ഏപ്രിൽ)

ഈ ചിത്രത്തിലെ കേൾക്കാൻ കൊള്ളാവുന്ന പാട്ടുകളിൽ വച്ചേറ്റവും നല്ലതായ “കൈതൊഴാം ദൈവമേ” എന്ന ഗാനം ചിത്രത്തിന്റെ ഈ നല്ലഭാഗത്തിനു മാറ്റു കൂട്ടുന്നുണ്ട്……….”ഓടിപ്പോകും വിരുന്നുകാരാ” എന്ന സുമതിയുടെ പാട്ടും  തുടർന്നു കാമത്തള്ളിച്ച വെളിവാക്കുന്ന  ആ ആട്ടവും തരം താണതായി………വെങ്കിടകൃഷ്ണഭാഗവതരുടെ മട്ടിൽ കഥകളിപ്പാട്ടു പാടുന്നത്, “നാഗരാദി എണ്ണയുണ്ട്”  എന്നുതുടങ്ങി കയ്യിലിരിപ്പുള്ള മരുന്നുകളൂടെ പട്ടിക പഴയനാടകങ്ങളിലെ രാജാപ്പാർട്ടിന്റെ മട്ടിൽ .ഗാനാലാപനം ചെയ്തു നിരത്തുന്നത്………..ഇങ്ങനെ പോകുന്നു ചിരിപ്പാട്ടത്തിന്റെ വിവിധ ഇനങ്ങൾ. “മാനത്തു കാറു കണ്ടു” എന്ന പാട്ടും തരക്കേടില്ലാത്തവയുടെ വകുപ്പിൽ പെടുത്താം. അംബികയുടെ ആ നൃത്താഭിനയവും കൊള്ളാം. (തങ്കപ്പനാണു നൃത്തസംവിധായകൻ) . “ഞാൻ ഇന്നലെയൊരു കുടിൽ വച്ചു” എന്നു തുടങ്ങുന്ന യുഗ്മഗാനവും വലിയ മോശമില്ല. ആ പ്രേമരംഗവും കഷ്ടിച്ച് ഒപ്പിയ്ക്കാം. അഭയദേവിന്റെ ഗാനരചന മൊത്തത്തിൽ നന്ന്. ദക്ഷിണാമൂർത്തിയുടെ സംഗീതസംവിധാനവും മൊത്തത്തിൽ മോശമില്ല.

(“നാഗരാദി എണ്ണയുണ്ട്” എന്ന പാട്ട് ദക്ഷിണാമൂർത്തി തന്നെ പാടിയതാണ്)69. സ്കൂൾ മാസ്റ്റർ

(1964 മെയ്)


വയലാറിന്റെ എട്ടു പാട്ടുകളുണ്ടിതിൽ.ഫോണിനെക്കുറിച്ചുള്ള ഗാനം മോശമല്ലെങ്കിലും പ്രസക്തി കുറഞ്ഞതാണ്. സിന്ദാബാദ് ഗാനം വലിയ തരക്കേടില്ല. പ്രേമഗാനങ്ങളെല്ലാം ഇടത്തരമെന്നേ പറയാവൂ. തമ്മിൽ ഭേദം “താമരക്കുളക്കടവിൽ” എന്ന യുഗ്മഗാനമാണ്. അതിൽത്തന്നെ “എനെക്കണ്ടു നീയൊരുങ്ങി നിന്നെക്കണ്ടു ഞാനൊരുങ്ങി” എന്നെല്ലാം കേൾക്കുമ്പോൾ നാമറിയാതെ തന്നെ ചുണ്ടിൽ ഒരു ചിരി ഉയർന്നു പോകുന്നു. പരവൂർ ദേവരാജന്റെ സംഗീതസംവിധാനം ഒരിടത്തും ഉയർന്ന നിലവാരം പാലിച്ചിട്ടില്ല. എ. എം. രാജ, ലീല, സുശീല, പി. ബി ശ്രീനിവാസൻ എന്നിവർ പിന്നണിയിൽ പാടാനുണ്ടായിട്ടും ഈ ചിത്രത്തിന്റെ ആസ്വാദ്യത വർദ്ധിപ്പിക്കാൻ ഇതിലെ സംഗീതവിഭാഗത്തിനു ഒത്തിട്ടില്ലെന്നുള്ളത് ഖേദകരം തന്നെ.

(“ഇനിയെന്റെ ഇണക്കിളിയ്ക്കെന്തു വേണം“  എന്ന ഭേദപ്പെട്ട പി. സുശീല-യേശുദാസ്  പാട്ട് സിനിക്കിന്റെ ശ്രദ്ധയിൽ പെട്ടില്ല.   യേശുദാസ് പാടുന്ന ഭാഗം ബഹദൂറാണു സിനിമയിൽ ചെയ്യ്ന്നതെന്ന അപൂർവ്വതയുണ്ട് ഈ പാട്ടിന്. “താമരക്കുളക്കടവിൽ” ന്റെ ട്യൂണാണ് “മാർകഴിത്തിങ്കളല്ലവാ” ആയി എ. ആർ. റഹ്മാൻ മാറ്റിയെടുത്തതെന്ന് ഒരു ആരോപണം ഉണ്ടായിട്ടുണ്ട്).70. മണവാട്ടി

(1964 മെയ്)


വയലാറിന്റെ പാട്ടുകൾ പലതും മോശമില്ല. കണ്ണീരൊപ്പും നാഥനെച്ചൂണ്ടി ഇടയകന്യകയ്ക്കാശ്വാസമരുളാൻ ശ്രമിക്കുന്ന ആദ്യഗാനം കൊള്ളാം. യേശുദാസ് അത് ഒരുവിധം നന്നായി പാടുകയും ചെയ്തു. ജോയിക്കു വേണ്ടി രേണുക പാടിയ ‘കാട്ടിലെ കുയിലിൻ കൂട്ടിൽ കാക്ക വന്നൊരു മുട്ടയിട്ട” കഥയും കൊള്ളാം. സുശീലയുടെ “പറക്കും തളികയിലെ രാജകുമാരനെ’ ക്കുറിച്ചുള്ള പാട്ടും തുടർന്നുള്ള “മുത്തശ്ശിക്കഥ പറഞ്ഞുറക്കാ” മെന്ന പാട്ടും തരക്കേടില്ല. “ ചുമ്മതിരിയെന്റെ പൊന്നളിയാ” എന്നു കുടിച്ച് ഉട്ടൂപ്പ് കാറോടിച്ചുകൊണ്ടു പാടുന്നതും ( എ. എൽ. രാഘവൻ) നന്ന്. ആ രംഗം “ചൽതീ കാ നാം ഗാഡി’ യിലെ ഒരു രംഗത്തെഅനുസ്മരിപ്പിക്കുന്നതെങ്കിലും എസ്. പി. പിള്ള അവിടം മികച്ചതാക്കി. “അഷ്ടമുടിക്കായലിലെ, അന്നനടത്തോണിയിലെ” എന്നു തുടങ്ങിയപ്പോൾ ഒന്നാന്തരം ഒരു പ്രേമഗാനം ഉടലെടുക്കുകയാണെന്നു കരുതിയവരുടെ പ്രതീക്ഷ അടുത്തവരികൾ കെടുത്തുകളയുകയാണുണ്ടായത്.

( സിനിമാ തുടങ്ങുമ്പോൾ തന്നെയുള്ള “ഇടയകന്യകേ പോവുക നീ“ എന്നത് യേശുദാസിന്റെ പാട്ടുജീവിതദർശനമായി അദ്ദേഹം ഏറ്റെടുത്തു. ഗാനമേളകളിൽ ഒരു അനുഷ്ഠാനം പോലെ, ഒരു വന്ദനശ്ലോകം പോലെ ഈ പാട്ട് അദ്ദേഹം അവതരിപ്പിച്ച് ദൈവാനുഗ്രഹം തേടി. “നിന്നാത്മാവിൽ ഉയിർത്തെണീക്കും കണ്ണീരൊപ്പും നാഥൻ” എന്ന പ്രത്യാശാഭരിതമായ പ്രാർത്ഥന പിൽക്കാലത്തെ സംഗീതസപര്യയ്ക്ക് ആത്മബലം ഏകിയിരിക്കണം.   സിനിക്കിന്റെ അഭിപ്രായത്തെ മറികടന്ന് “അഷ്ടമുടിക്കായലിലെ” വളരെ പ്രചാരം സിദ്ധിച്ച പാട്ടായിത്തീർന്നു. “എന്നെനിനക്കിഷ്ടമാണോ” എന്ന ലളിതവും നിശിതവും ആയ ചോദ്യം മലയാളികൾ നെഞ്ചേറ്റി. “മുത്തശ്ശിക്കഥപറഞ്ഞുറക്കാം” സുശീലയുടെ ഒന്നാന്തരം പാട്ടുകളിൽ ഒന്നായിട്ടും ഇനിയും ശ്രദ്ധിക്കപ്പെടേണ്ടതായിട്ടുണ്ട്)

Article Tags: 
Contributors: