നിത്യകന്യക - മൂടുപടം

മലയാളസിനിമയുടെ നിരൂപണചരിത്രത്തിൽ സിനിക്കിന്റെ സ്ഥാനം അടയാളപ്പെടുത്താൻ എളുപ്പമാണ്. എന്തെന്നാൽ വേറേ ആരും അവിടെയില്ല. സിനിമയുടെ ചരിത്രം തന്നെ സിനിക്കിന്റെ കടുത്ത വിമർശനങ്ങളിലൂടെ വായിച്ചെടുക്കാം.എതിരൻ കതിരവന്റെ “സിനിക്ക് പറഞ്ഞത് “ എന്ന പരമ്പരയുടെ ഭാഗം -12

56. നിത്യകന്യക (1963 മാർച്ച്)

വയലാറിന്റേതാണ് ഗാനരചന. ആറുഗാനങ്ങളുണ്ടിതിൽ. “കണ്ണുനീർമുത്തുമായ്” എന്ന ഭേദപ്പെട്ട പാട്ട് ആദ്യം ലതയും ഒടുവിൽ രവിയും പാടുന്നുണ്ട്. തങ്കം കൊണ്ടൊരു കൊട്ടാരം, എന്തെന്തു മോഹങ്ങളായിരുന്നു, മറക്കുമോ എന്നെ മറക്കുമോ-ഇവ തരക്കേടില്ല. പരവൂർ ദേവരാജന്റെ സംഗീതസംവിധാനവും മോശമില്ല. സുശീലയും യേശുദാസനും കൂടി പാടിയ “എന്തെന്തു മോഹങ്ങളായിരുന്നു“ നന്നായി. (അതിന്റെ ചിത്രണവും കൊള്ളാവുന്നതായി, കേട്ടോ). “കണ്ണുനീർ മുത്തുമായെ”ന്ന ഗാനം യേശുദാസൻ പാടിയതു ശ്രവണസുഖമണച്ചു. യേശുദാസന്റെ വിരുത്തങ്ങളും തരക്കേടില്ല.

(യേശുദാസ് പ്രധാന പാട്ടുകാരനായി മാറിക്കഴിഞ്ഞിരിക്കുന്നു).

57.ഡോക്ടർ (1963 ഏപ്രിൽ)

പി. ഭാസ്കരന്റെ എട്ടു പാട്ടുകളുള്ളതിൽ പലതും രചനാസൌഷ്ഠവമുള്ളതാണ്. “കല്പനയാകും യമുനാനദിയുടെ”, വിരലൊന്നു മുട്ടിയാൽ”, “വരണൊണൊണ്ട് വരണൊണ്ട്”, “എന്നാണേ നിന്നാണേ” എന്നിവയ്ക്കു ഭാവമധുരിമയുണ്ട്. പരവൂർ ദേവരാജന്റെ മേൽനോട്ടത്തിൽ സുശീല, ലീല, യേശുദാസൻ, മെഹ്ബൂബ്, ശാന്ത എന്നിവരാണു പിന്നണിയിൽ നിന്നു പാടുന്നത്. ദേവരാജന്റെ സംഗീതസംവിധാനമെന്നപോലെ പിന്നണിക്കാരുടെ പാട്ടുകളും ഇടത്തരം മാത്രമേ ആയിക്കലാശിച്ചിട്ടുള്ളു. സുശീലയും യേശുദാസനും കൂടി പാടിയ “കല്പനയാകും”,  ലീല പാടിയ “പൊന്നിൻ ചിലങ്ക”, ലീലയും യേശുദാസനും കൂടെ പാടിയ “എന്നാണേ നിന്നാണേ” ഇവ തമ്മിൽ ഭേദപ്പെട്ടവയാണ്.  മെഹ്ബൂബ് പാടുന്ന “വണ്ടീ പുകവണ്ടീ”, “കേളെടി നിന്നെ ഞാൻ ”  എന്നീ പാട്ടുകൾ തരം താണ ആസ്വാദകരെ തൃപ്തിപ്പെടുത്താൻ വേണ്ടിയൊരുക്കിയതാണെന്നു വ്യക്തം. ഗോപാലകൃഷ്ണന്റെ മേൽനോട്ടത്തിലൊരുക്കപ്പെട്ട നൃത്തങ്ങൾക്കൊന്നിനെങ്കിലും വേണ്ടത്ര ആസ്വാദ്യത കിട്ടിക്കാണുന്നില്ല.

58. മൂടുപടം (1963 മേയ്)

പി. ഭാസ്കരനും യൂസഫ് അലി കേച്ചേരിയും കൂടിയാണ് എട്ടു പാട്ടുകൾ  എഴുതിയിരിക്കുന്നത്. “എന്തൊരു തൊന്തരവ്” എന്ന പാട്ടിനു പ്രസക്തി വളരെക്കുറവാണെങ്കിലും മൂന്നാന്തരം ആസ്വാദകരിൽ ചിലരെ രസിപ്പിയ്ക്കാൻ ഉതകിയേക്കാം. “മൈലാഞ്ചിത്തോപ്പും” ഒഴിവാക്കാൻ പറ്റാത്തതല്ല. “തളിരിട്ട കിനാക്കൾ’ എന്ന പാട്ടാണ് (എസ്. ജാനകി പാടിയത്)ഏറ്റവും ശ്രുതിമധുരം. “വെണ്ണിലാവുദിച്ചപ്പോൾ”, അയലത്തെ സുന്ദരീ” “വട്ടൻ വിളഞ്ഞിട്ടും”, “മദനപ്പൂവനം” എന്നീ ഗാനങ്ങൾ ഭേദപ്പെട്ടവയാണ്. ബാബുരാജിന്റെ സംഗീതസംവിധാനവും മൊത്തത്തിലൊരുവിധം തരക്കേടില്ല. ശാന്ത പാടുന്ന “വെണ്ണിലാവുദിച്ചപ്പോൾ”, ലീലയും ശാന്തയും കൂടെ പാടുന്ന യുഗ്മഗാനം ഇവ കേൾക്കാൻ സുഖമുള്ളവയത്രേ. കൊച്ചുലതയും കൂട്ടുകാരും കൂടി മാനത്തെ വല്യമ്മാവനെക്കുറിച്ചു പാടിയ പാട്ടിനു ഹൃദ്യമായ ഓമനത്തമുണ്ട്.

(കടുത്ത നിഷ്കർഷയോടെ പാട്ടിനെ വിലയിരുത്തുന്ന സിനിക്ക് “തളിരിട്ട കിനാക്കൾ’ ക്ക്”  ഏറ്റവും ശ്രുതിമധുരം എന്ന പട്ടം ചാർത്തിക്കൊടുക്കാൻ ശ്രദ്ധിച്ചിരിക്കുന്നു. ഇതു ചരിത്രസംഭവമായി മാറുകയാണെന്നുള്ളതിന്റെ ആദ്യസൂചകം. എസ്. ജാനകിയും ബാബുരാജും ഈതോടെ ഒരു സാമ്രാജ്യം തന്നെ പിടിച്ചടക്കുകയായിരുന്നു)

59. സത്യഭാമ (1963 മേയ്)

അഭയദേവ് ഇതിനുവേണ്ടി പന്ത്രണ്ടു പാട്ടുകളെഴുതിക്കാണുന്നു. ആരാമത്തിൻ സുന്ദരിയല്ലേ, ഇടതുകണ്ണിളകുന്നതെന്തിനാണോ, കാടിന്റെ കരളു തുടിച്ചു, ഗോകുലത്തിൽ പണ്ടു് പണ്ടു് എന്നീ പാട്ടുകൾക്ക് രചനാഭംഗി കിട്ടിയിട്ടുണ്ട്.  ദക്ഷിണാമൂർത്തിയുടെ സംഗീതസംവിധാനം താരമ്യേന ഭേദപ്പെട്ടതാണ്. ജാനകി, ലീല, സുശീല, ശ്രീനിവാസ്, കമുകറ, ഉദയഭാനു, യേശുദാസ്-ഒരുപാടുപെരുണ്ട് പിന്നണിപ്പാട്ടുകാരായി. ഭാമയ്ക്കു വേണ്ടി ജാനകി, സുശീല, ലീല എന്നീ മൂന്നുപേർ പാടുന്നതിന്റെ ആവശ്യകതയെന്തായാലും ഔചിത്യം ചോദ്യം ചെയ്യപ്പെടേണ്ടതാണ്. രുഗ്മിണി, ജാംബവതി, ഭാമ, എന്നീ മൂന്നു കഥാപാത്രങ്ങൾക്ക് ലീല തന്നെ പാടേണ്ടി വന്നത് നല്ല പിന്നണിപ്പാട്ടുകാരുടെ ക്ഷാമം കൊണ്ടാണെന്നു വിശ്വസിക്കാൻ വിഷമമുണ്ട്. ഏതായാലും പ്രകൃതകൃതിയുടെ ആസ്വാദ്യവശങ്ങളിലെ പ്രധാനമല്ലാത്തതാണ് സംഗീതവിഭാഗം. വിനോദാംശത്തിനു കൊഴുപ്പ് കൂ ട്ടാനുദ്ദേശിച്ചുൾക്കൊള്ളിക്കപ്പെട്ട ചില നൃത്തരംഗളുമുണ്ട് (ഗോപാലകൃഷ്ണന്റേതാണ് നൃത്തസംവിധാനം) ഈ കലാസൃഷ്ടിയിൽ.

(ഒരു കഥാപാത്രത്തിനു വേണ്ടി മൂന്നു പാട്ടുകാർ, മൂന്നു കഥാപാത്രങ്ങൾക്കു വേണ്ടി ഒരു പാട്ടുകാരി-ഇങ്ങനെയുള്ള വഴക്കങ്ങൾ ആദ്യമായാണു മലയാള സിനിമയിൽ. നാലു പ്രശസ്തഗായകർ-പി. ബി. ശ്രീനിവാസ്, കമുകറ, ഉദയഭാനു, യേശുദാസ് –പാടിയിട്ടുള്ള അപൂർവ്വം ചിത്രങ്ങളിലൊന്നാണിത്).

60.സുശീല (1963 ജൂൺ)

വള്ളത്തോൾ കവിതയടക്കം ഏഴുപാട്ടുകളിൽ നാലെണ്ണം അഭയദേവും രണ്ടെണ്ണം ഭാസ്കരനുമാണെഴുതിയിട്ടുള്ളത്. ഗാനരചനയെ മൊത്തത്തിൽ ഇടത്തരമെന്നു വിശേഷിപ്പിക്കാം. അഭയദേവിന്റെ “താലോലം തങ്കം താലോലം” എന്ന ഭേദപ്പെട്ട താരാട്ട് ആദ്യം എം. എൽ. വസന്തകുമാരിയെക്കൊണ്ടും ഒടുവിൽ പി. സുശീലയെക്കൊണ്ടുമാണ് നായികയ്ക്കു വേണ്ടി പാടിച്ചിട്ടുള്ളത്. പുനരാവർത്തനത്തിനുള്ള സവിശേഷസൌഭാഗ്യം ആ പാട്ടിനില്ലെങ്കിലും രണ്ടുപേർ പാടിയതും തരക്കേടില്ല. “കണ്ടു ഞാൻ നിൻ മുഖം” എന്ന പ്രേമഗാനം പ്രേമയ്ക്കു വേണ്ടി ജാനകി പാടിയത് മികച്ചതായില്ല. “മാനോടൊത്തു വളർന്നൊരു മാനിനിയുടെ കഥ” ലീലയും കമുകറയും കൂടി പാടിയതും മോശമായില്ലെന്നേ പറയാവൂ. വള്ളത്തോൾ കവിതയ്ക്കു പി. ബി. ശ്രീനിവാസനും ഉദയഭാനുവും പ്രഭയും കൂടിയണച്ച ശ്രുതിമാധുര്യം വാഴ്ത്തത്തക്കതല്ല. പി. സുശീലയുടെ “കണ്ടോട്ടെ ഒന്നു കണ്ടോട്ടെ” ഇടത്തരമേ ആയുള്ളു. പി. ലീല പാടിയ “കുളിർകാറ്റേ” എന്ന ഗാനമാണ് കൂട്ടത്തിൽ ഭേദം. വി. ദക്ഷിണാമൂർത്തിയുടെ സംഗീതസംവിധാനം രണ്ടാംതരമായെന്നേ അഭിപ്രായപ്പെട്ടുകൂടൂ.

Article Tags: 
Contributors: