കമലഹാസന്റെ ആദ്യമലയാളസിനിമ

മലയാളസിനിമയുടെ നിരൂപണചരിത്രത്തിൽ സിനിക്കിന്റെ സ്ഥാനം അടയാളപ്പെടുത്താൻ എളുപ്പമാണ്. എന്തെന്നാൽ വേറേ ആരും അവിടെയില്ല. സിനിമയുടെ ചരിത്രം തന്നെ സിനിക്കിന്റെ കടുത്ത വിമർശനങ്ങളിലൂടെ വായിച്ചെടുക്കാം.എതിരൻ കതിരവന്റെ “സിനിക്ക് പറഞ്ഞത് “ എന്ന പരമ്പര.

 46. പുതിയ ആകാശം പുതിയ ഭൂമി

1962 മേയ്


ഈ ചിത്രത്തിനുവേണ്ടി എട്ടൊമ്പതു പാട്ടെഴുതിയ പി. ഭാസ്കരൻ സ്വകൃത്യം ഏറെക്കുറെ മനസ്സിരുത്തി ചെയ്തിരിക്കുന്നു. പാട്ടുകൾ മിക്കതും ഉചിതഭംഗി കലർന്നവയാണ്.  സംഘഗാനങ്ങൾക്കു ജീവനുണ്ടെന്നെടുത്തോതുകയും വേണം. എന്നാൽ എം. ബി ശ്രീനിവാസന്റെ സംഗീതസംവിധാനത്തിന് ഇടത്തരത്തിൽ നിന്നപ്പുറം കടക്കാൻ കഴിഞ്ഞിട്ടില്ല. ലീലയും രേവമ്മയും കൂടെപ്പാടിയ “ മുരളീ മോഹനകൃഷ്ണാ”, ലീലയും ഉദയഭാനുവും കൂടെപ്പാടിയ “താമരത്തുമ്പീ വാ” എന്നിവ കേൾക്കാൻ സുഖമുണ്ട്. സുശീല പാടിയ “പ്രേമത്തിൻ നാട്ടുകാരി” യും ജമുനാറാണി പാടിയ “ആശതൻ പൂന്തേൻ” ഉം ഒരുവിധം ഒപ്പിയ്ക്കാം. കെ.എസ്. ജോർജ്ജ് നയിക്കുന്ന കോറസ്സുകളാകട്ടെ ഒട്ടൊക്കെ ഉണർവ്വും ഉന്മേഷവുമുയർത്താൻ പോന്നവയാണ്. നൃത്തങ്ങളൊന്നും തന്നെ-രാഗിണിയും ലീലയും കൂടിയുള്ള ആദ്യനൃത്തം പോലും മേലേയ്ക്കിട നിലവാരം പാലിച്ചിട്ടില്ല.

 (“താമരത്തുമ്പീ വാ വാ ‘“ ഇന്നും യുഗ്മഗാനങ്ങളിൽ തെരഞ്ഞെടുക്കുന്ന ഒന്നായി മാറിയിട്ടുണ്ട്. വെള്ളത്തിൽ നീങ്ങുന്ന വള്ളത്തിന്റെയും തുഴവീണ് ഉണ്ടാവുന്ന ജലശബ്ദത്തിന്റേയും പ്രതീതി ഉണർത്തുന്നതാണ് ഇതിലെ ഓർക്കെഷ്ട്രേഷൻ. സത്യനും ബി. എസ്. സരോജയും  രംഗത്ത്. “പ്രേമത്തിൻ നാട്ടുകാരി” യും “ആശതൻ പൂന്തേൻ അറിയാതെ” യും സിനിമയിൽ അവതരിപ്പിച്ചത് കെ പി എ സി യിൽ നിന്നും വന്ന ലീല ആണ്. “കെപിയെസി ലീല’ എന്നറിയപ്പെട്ട ഈ നടിയെ ഭാഗ്യം തുണച്ചില്ല. പിന്നീട് മറ്റൊരു കെപിയേസിക്കാരി രംഗം പിടിച്ചടക്കുകയും ചെയ്തു).47. പാലാട്ടു കോമൻ

1962 സെപ്റ്റംബർ


വയലാർ രാമവർമ്മയുടെ പന്ത്രണ്ടു പാട്ടുകളുണ്ടിതിൽ. ഗ്രാമീണാന്തരീക്ഷം നെയ്തിണക്കിയ ചിലവ കാവ്യമധുരിമ കലർന്നവ തന്നെ. പക്ഷേ സംഗീതസംവിധായകനായ ബാബുരാജ് അവയക്കുചിതോത്കർഷമണയ്ക്കുന്നതിൽ വേണ്ട വിധം വിജയിച്ചിട്ടില്ല. ജിക്കിയും ശാന്തയും കൂടെപ്പാടിയ “പൂവേ നല്ല പൂവേ” ശ്രുതിമധുരമായി കലാശിച്ചിട്ടുണ്ട്. ലീല പാടിയ “അയ്യപ്പൻ കാവിലമ്മേ”, “കണ്ണീർ കൊണ്ടൊരു കായലുണ്ടാക്കിയ കൈപ്പുള്ളി പാലാട്ടെ കഥപറയാം”, സുശീല പാടിയ “ഉരുകുകയാണെൻ ഹൃദയം” എന്നിങ്ങനെ മറ്റു ചില പാട്ടുകളും കഷ്ടിച്ചൊപ്പിയ്ക്കാവുന്നവയത്രേ. മൊത്തത്തിൽ സംഗീതവിഭാഗം ചിത്രത്തിന്റെ ആകർഷകത്വം വർദ്ധിപ്പിക്കാനധികമൊന്നുമുപകരിക്കുന്നില്ല. അരയന്മാരുടെ സംഘനൃത്തം കഷ്ടിച്ചു കൊള്ളാവുന്നതാക്കിയുട്ടുണ്ട് ഹീരലാൽ.

(പിന്നീട് പ്രസിദ്ധിയാർജ്ജിച്ച “ചന്ദനപ്പല്ലക്കിൽ വീടുകാണാൻ വന്ന’ എ. എം. രാജ-സുശീല യുഗ്മ ഗാനം  സിനിക്ക് പരാമർശിച്ചിട്ടു പോലുമില്ല)48. കാൽ‌പ്പാടുകൾ

1962 ഒക്റ്റോബർ


പി. ഭാസ്കരനും ആർ. നമ്പിയത്തുമാണ് ഗാനരചയിതാക്കൾ. എം. ബി ശ്രീനിവാസൻ സംഗീതസംവിധായകനും.പി. ലീല, ഉദയഭാനു, എസ്. ജാനകി, ശാന്ത പി. നായർ, യേശുദാസ്, കമലാ കൈലാസനാഥൻ എന്നിവരാണ് പിന്നണിക്കാർ. പത്തുപാട്ടുകളുള്ള ഈ ചിത്രത്തിന്റെ സംഗീതസംവിധാനം മികച്ചതായില്ലെങ്കിലും മൊത്തത്തിൽ മോശമെന്നു പറഞ്ഞുകൂടാ. പ്രേമപരവശയായ പാറുവിന്റെ വിഷാദത്തിൽ കുതിർന്ന “മാളികമുറ്റത്തെ മാവിനെ മോഹിച്ചു” എന്ന ഗാനം പി. ഭാസ്കരനും പി. ലീലയും കൊള്ളാവുന്നതാക്കിയിട്ടുണ്ട്. പുള്ളുവൻ ആശാന്റെ വീട്ടിലിരുന്ന്‌ പാടിയ പാട്ടും നൃത്തത്തിനൊപ്പമുള്ള സംഘഗാനവും കേൾക്കാൻ കൊള്ളാവുന്ന ഗാനങ്ങളിൽ പെടുന്നു.(ഇവിടെ വച്ച് സിനിമാപ്പാട്ട് വഴി തിരിയുന്നു. യേശുദാസിന്റെ ആഗമനം. ശാന്ത പി. നായരോടൊപ്പം “അറ്റെൻഷൻ പെണ്ണേ” പാടിക്കൊണ്ട്. “ജാതിഭേദം മതദ്വേഷം” എന്ന ശ്ലോകം ആദ്യം പാടി. പിന്നീട്  പി. ലീലയോടൊപ്പം “പണ്ടുത്തരഹിന്ദുസ്ഥാനത്തിൽ വൻ പുകൾ” എന്ന കുമാരനാശാൻ കവിതയും പാടിയിട്ടുണ്ട്. ശ്രീനാരായണഗുരുവിന്റെ ശ്ലോകവും കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയിലെ ഭാഗവും  മതനിരപേക്ഷകതയുടെ ഘോഷണമാണെന്നുള്ളതും യേശുദാസിന്റെ പിൽക്കാലത്തെ ദർശനങ്ങൾ ഇതോട് യോജിച്ചുപോവുന്നതായതും യാദൃശ്ചികമായിരിക്കില്ല). 49. ശ്രീരാമപട്ടാഭിഷേകം

1962 ഒക്റ്റോബർ


മാധവൻ നായരെഴുതിയ പതിനൊന്നു പാട്ടുകളിൽ പലതും സാമാന്യം തരക്കേടില്ലാത്തവയത്രെ. അന്തരീക്ഷത്തിനനുയോജ്യമായ ക്ലാസിക്കൽ ചായ്‌വോടെ ബ്രദർ ലക്ഷ്മണൻ സംഗീതവിഭാഗം കൈകാര്യം ചെയ്തിരിക്കുന്നു എന്നത് കൊള്ളാം.

കമുകറ, ശ്രീനിവാസൻ, യേശുദാസ്, സുശീല, ജാനകി, ജിക്കി, കോമളം, വൈദേഹി ഇവരൊക്കെയാണ് പിന്നണിപ്പാട്ടുകാർ.അത്യാകർഷകമെന്നു വാഴ്ത്തത്തക്കവിധം മുന്തിയ ഗാനങ്ങൾ ഈ ചിത്രത്തിനവകാശപ്പെടാനില്ലെന്നിരിക്കിലും അധികം പാട്ടുകളും തരക്കേടില്ലാത്തവയാണെന്നു പറയാം. ആകത്തുകയിൽ വിവിധങ്ങളായ സാങ്കേതിക വിഭാഗങ്ങളിലും മോശമല്ലാത്ത നിലവാരമാണ് പുലർന്നു കാണുന്നത്. പൊതുജനപ്രീതി എളുപ്പം തട്ടിയെടുക്കാൻ പാട്ടെന്നപോലെത്തന്നെ നൃത്തങ്ങളവതരിപ്പിച്ചതും മോശമല്ല. ശൂർപ്പനഖ (ശാന്തി) രാമനെ വശീകരിയ്ക്കാനുപയോഗിച്ച നൃത്തവും രാവണസദസ്സിൽ ഉന്മേഷപ്പൊലിമ വിതറാൻ പദ്മിനി പ്രിയദർശിനിയും സുകുമാരിയും കൂടിയാടിയ ആട്ടവും മുഷിപ്പനായില്ല.50. കണ്ണും കരളും

1962 ഒക്റ്റോബർ


വയലാറെഴുതിയ എട്ടുപാട്ടുകളിൽ “കളിമണ്ണു മെനഞ്ഞു”, “കദളീവനത്തിൽ”, “താതെയ്യം കാട്ടിലെ” എന്നീപാട്ടുകൾ കാവ്യഭംഗി കലർന്നവയത്രെ.

 സംഗീതസംവിധായകനായ എം. ബി. ശ്രീനിവാസൻ പാട്ടുകൾ പലതും ശ്രവണസുഖദങ്ങളാക്കാൻ ശ്രമിച്ചിട്ടുണ്ട്. ലീല പാടിയ “കളിമണ്ണു മെനഞ്ഞു മെനഞ്ഞൊരു കലമാനിനെയുണ്ടാക്കി” (ചില്ലറ ഭേദഗതിയോടെ ഇത് ഒരിക്കൽ കൂടി ദുഃഖം കലർത്തി പാടുനുണ്ട്) “കദളീവനത്തിൽ കളിത്തോഴനായ കാറ്റേ നീയുമുറങ്ങിയോ” എന്നീ പാട്ടുകൾ കാതിനിമ്പം നൽകാൻ പോന്നവയാണ്. യേശുദാസൻ പാടിയ “ആരേ കാണാൻ അലയുന്നു കണ്ണുകൾ” എന്ന പാട്ടും കേൾക്കാൻ കൊള്ളാവുന്നതാണ്. മെഹബൂബിന്റെ “ചെന്താമരപ്പൂന്തേൻ കുടിച്ച വണ്ടി”നും ചിലരെ രസിപ്പിയ്ക്കാൻ കഴിയും.(“കദളീവനത്തിൽ കളിത്തോഴനായ കാറ്റേ” പി. ലീലയുടെ മികച്ച പാട്ടുകളിൽ ഒന്നാണ്. അവരുടെ സ്വരം ഏറ്റവും സ്നിഗ്ധമായിരുന്ന കാലത്ത് പാടിയ പാട്ട്.  “വളർന്നു വളർന്നു വളർന്നു നീയൊരു..’ എസ്. ജാനകി പാടിയത് സുകുമാരിക്കു വേണ്ടിയാണ്. ഇതിനു ശേഷം 45 വർഷങ്ങളോളം കഴിഞ്ഞും ഇവർ രണ്ടുപേരും വീണ്ടും ഒന്നിച്ചു- ‘ചാന്തുപൊട്ടി‘ലെ “ആഴക്കടലിന്റെ…” പാടാൻ. കമല ഹാസന്റെ ആദ്യ മലയാളം സിനിമയാണ് കണ്ണും കരളും).

Article Tags: 
Contributors: 

പിന്മൊഴികൾ

സൂപ്പര്‍ ആയിട്ടുണ്ട്,,,,,,,,,,,,,,,,,