ഒടുവിലിന്റെ ഗ്രേറ്റ്‌ അഡ്വഞ്ചര്‍ !

 

നുറുങ്ങുകൾ - ( ഇന്ത്യൻ സംഗീത/സിനിമാരംഗത്തെ എളുപ്പം വായിച്ചു പോകാവുന്ന കൗതുകവാർത്തകൾ) ഇത്തവണ നിങ്ങൾക്കായി പങ്കുവയ്ക്കുന്നത് സംശയാലുവും ജയമോഹനും.!


ഇന്ത്യ- ചൈന യുദ്ധം നടന്ന വര്‍ഷം. കൊച്ചി നേവല്‍ ബേസില്‍ ജവാന്‍മാര്‍ക്ക്‌ പ്രണാമം അര്‍പ്പിച്ചുകൊണ്ട് നേവിയുടെ ഒരു പരിപാടി നടക്കുന്നു. അന്നു കേരളത്തിലുള്ള എല്ലാ പാട്ടുകാരും അവിടെയുണ്ട്. മത്സരബുദ്ധിയോടെ എല്ലാരും പാട്ട് പഠിക്കുന്നു. മെഹബൂബ് ഭായിക്ക് പാടാന്‍ പാട്ടുകളില്ല. അത്യാവശ്യം പാട്ടൊക്കെ എഴുതുന്ന നെല്‍സണ്‍ ഫെര്‍ണാണ്ടസിനോട് എന്തെങ്കിലുമൊന്നു എഴുതിത്തരാന്‍ ആവശ്യപ്പെട്ടു ഭായ്. ഒരു സിഗരറ്റ് കൂടിനു പുറത്ത് നെല്‍സണ്‍ പാട്ടെഴുതി. പരിപാടി തുടങ്ങുന്നതിനു മുമ്പ് സ്റ്റേജിന്റെ തട്ടിനടിയിലിരുന്നു പാട്ട് ട്യൂണ്‍ ചെയ്തു ഭായ്. തിങ്ങി നിറഞ്ഞ സദസ്സിനു മുന്നില്‍ ഭാവതീവ്രമായ ശബ്ദത്തില്‍ ഭായ് കൂട്ടുകാരനെഴുതിയ വരികള്‍ പാടി..
"നാടിനു വേണ്ടി നാടിനു വേണ്ടി
ജീവന്‍ നല്കാന്‍ പോയവരേ
നായകരേ പടനായകരേ
നിങ്ങള്‍ക്കായിരമായിരമോശാനാ..."
 പാടിത്തീര്‍ന്നതും മുഴുവന്‍ നേവി സദസ്സും എഴുന്നേറ്റു നിന്നു കയ്യടിച്ചു. തീര്‍ന്നില്ലാ, അവര്‍ റിപ്പീറ്റ് പറഞ്ഞു. ഭായി വീണ്ടും പാടി.. അതേ വരികള്‍ മറ്റൊരു ഈണത്തില്‍. വീണ്ടും ഹര്‍ഷാരവം.. അങ്ങനെ മൂന്നു തവണ മൂന്നു തരത്തില്‍ ഭായി ഓശാന പാടി.

'ലാല്‍ അമേരിക്കയില്‍' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അമേരിക്കയില്‍.. അഭിനേതാക്കളും സംവിധായകനും ന്യൂ ജേഴ്സിയില്‍ താമസം. ഗ്രേറ്റ്‌ അഡ്വഞ്ചര്‍ എന്നൊരു കാര്‍ണിവല്‍ നടക്കുന്ന സ്ഥലത്ത് വച്ച് പാട്ട് ചിത്രീകരണം കഴിഞ്ഞു സത്യന്‍ അന്തിക്കാടും മോഹന്‍ ലാലും  ടീമുമൊക്കെ ഹോട്ടലിലേക്ക് മടങ്ങി. ഹോട്ടലില്‍ എത്തിയപ്പോഴാണ് അറിയുന്നത് ഒടുവില്‍ ഉണ്ണികൃഷ്ണന്‍ മിസ്സിംഗ്‌ ആണെന്ന്. പരിഭ്രാന്തരായി എല്ലാരും.. പലയിടത്തേക്കും ഒടുവിലിനെ തേടി ആളുകള്‍ പോയി. മധു നായര്‍ ന്യൂയോര്‍ക്ക് ആയിരുന്നു ഷൂട്ടിങ്ങിന് അകമഴിഞ്ഞ് സഹായിച്ചിരുന്നത്. അദ്ദേഹത്തിന്റെ വണ്ടിയില്‍ സത്യനും  ലാലും ഹോട്ടലില്‍ നിന്നു രണ്ടര മണിക്കൂര്‍ ഓടിയാലെത്തുന്ന  ഗ്രേറ്റ്‌ അഡ്വഞ്ചറിലേക്ക് പോയി. കാര്‍ണിവല്‍ അവസാനിച്ചിരുന്നു.  പരിഭ്രമത്തോടെ ലാലും സത്യനും അകത്തു കയറി.. ഒരു കോര്‍ണറില്‍ കുറെ നീഗ്രോകള്‍ക്കും പോലീസുകാര്‍ക്കുമിടയില്‍ പൊട്ടിച്ചിരിയോടെ പലതും പറഞ്ഞിരിക്കുന്ന ഒടുവിലിനെ കണ്ട് അസ്വസ്ഥതകള്‍ക്കിടയിലും അവര്‍ക്ക് ചിരി വന്നു. ഒരു അന്യഗ്രഹജീവിയുടെ ഭാഷ കേട്ടിട്ടെന്ന പോലെ ചുറ്റും കൂടി മറ്റുള്ളവരും ചിരിക്കുന്നു. ശരിയായ കാര്‍ണിവല്‍. ഒടുവിലിനെ പൊക്കിയെടുത്തു മടങ്ങുമ്പോള്‍ ലാല്‍ ചോദിച്ചു. "ഉണ്ണിയേട്ടന്‍ അവരോടെന്താണ് മലയാളത്തില്‍ പറഞ്ഞത്‌?"
"എന്തൊക്കെയോ പറഞ്ഞു. എന്റെ പേര് ഒടുവില്‍ ഉണ്ണികൃഷ്ണനെന്നും മലയാളിയാണെന്നുമൊക്കെ. എന്റെ ഭാഷ ചതിക്കില്ലെന്ന് മനസ്സിലായി.. ആരും എന്റെ മുഖത്ത് കൈ വച്ചില്ല.."
"ഗ്രേറ്റ്‌ അഡ്വഞ്ചര്‍ !" മോഹന്‍ലാല്‍ തിരിച്ചു പറഞ്ഞു.

നാടോടിക്കാറ്റിലെ ശ്രീനിവാസന്‍ ഒരു പോലീസുദ്യോഗസ്ഥനോട് ജീവിക്കാന്‍ വേണ്ടി പോലീസാവാന്‍ പോലും ഞങ്ങള്‍ക്ക് മടിയില്ല സാര്‍ എന്ന ഡയലോഗ് TV യില്‍ കണ്ട് പാതിരായ്ക്ക് സത്യന്‍ അന്തിക്കാടിനെ ഫോണ്‍ ചെയ്യുന്നു ഒടുവില്‍.. ദീര്‍ഘനേരം അതേക്കുറിച്ച് പറഞ്ഞു ചിരിച്ചു. "ഉണ്ണിയേട്ടാ നമുക്ക് രാവിലെ സംസാരിക്കാം.." ഉറക്കച്ചടവോടെ സത്യന്‍ പറഞ്ഞത്‌ കേട്ടപ്പോള്‍ "ഓ എന്നാല്‍ ഞാന്‍ അടൂരിനെ വിളിക്കാം.." എന്ന് പറഞ്ഞു ഫോണ്‍ വയ്ക്കുന്നു ഒടുവില്‍.. പാതിരായ്ക്ക് അടൂരുമായി തമാശ പറഞ്ഞു ചിരിക്കാനുള്ള സ്വാതന്ത്ര്യം കിട്ടിയ ഒരേയൊരു നടന്‍ ഒടുവില്‍ ആയിരുന്നു.

ജയമോഹൻ പങ്ക് വച്ചത് :- മനോരമ ആഴ്ചപ്പതിപ്പിനു വേണ്ടി തോമസ് ജേക്കബ് എഴുതിയ കുറിപ്പുകൾ “

പ്രതിരോധ വകുപ്പിന്റെ ഫണ്ട് ശേഖരണത്തിനായി ചെന്നൈയിൽ സംഘടിപ്പിച്ച ഒരു ഗാനമേളയുടെ ചുമതല എം ബി ശ്രീനിവാസനായിരുന്നു.ചൊട്ട മുതല്‍ ചുടല വരെ (പഴശ്ശിരാജാ ) എന്ന ഗാനം പാടാന്‍ ഏറ്റിരുന്ന യേശുദാസിന് വരാന്‍ പറ്റിയില്ല.പകരക്കാരൻ ആയി വന്നത് സാക്ഷാല്‍ ജയ ചന്ദ്രന്‍ ആയിരുന്നു.അന്ന് ഒന്നും അല്ലായിരുന്ന ജയചന്ദ്രന്‍.ഗാനമേള കേൾക്കാൻ എത്തിയ ശോഭന പരമേശ്വരന്‍ നായര്‍, ആര്‍ എസ് പ്രഭു എന്നിവര്‍ ജയചന്ദ്രന്റെ ആലാപനത്തില്‍ മയങ്ങി എന്നെ പറയേണ്ടു.  കുഞ്ഞാലിമരക്കാര്‍ എന്ന ചിത്രത്തിലേക്ക് ജയചന്ദ്രനെ ക്ഷണിക്കുന്നു.ശേഷം ചരിത്രം..!

കെ പി എ സി യുടെ മൂലധനം
എന്ന നാടകത്തില്‍ പാടാനെത്തിയ ഗായിക,നായിക നടി അവസാന നിമിഷം വരാതിരുന്നപ്പോള്‍ വേദിയില്‍ ഏത്താൻ നിര്‍ബന്ധിതയായി . ഇന്ന് മലയാളികളുടെ സ്വന്തം അമ്മയായ കവിയൂര്‍ പൊന്നമ്മയാണ് അന്നത്തെ നിയോഗം പോലെ ഗായികയില്‍ നിന്നും നായിക ആയി മാറിയത്

പ്രാഞ്ചിയേട്ടനിലൂടെ വീണ്ടും  മുൻ‌നിര സംവിധായകൻ താൻ തന്നെ എന്ന് തെളിയിച്ചു കൊണ്ടിരിക്കുന്ന സംവിധായകൻ രഞ്ജിത്ത് സ്വപ്നം കണ്ടിരുന്നത് ദൂർദർശനിൽ ഒരു ജോലി ആയിരുന്നു.ആദ്യകാലങ്ങളിൽ ചെറിയ ഡോക്കുമെന്ററികളിൽ സ്വന്തം ശബ്ദം ദാനം ചെയ്യുകയും ചെയ്തിരുന്നു.ഒടുവിൽ മാനേജർ തസ്തികയിലേക്ക് ഒരു ജോലിയും തരപ്പെട്ടു..പക്ഷേ രാജഗോപാ‍ൽ എന്നൊരാളിന്റെ ഇടപെടൽ മൂലം ആ ജോലി നഷ്ടമായി.ഇന്ന് രഞ്ജിത്ത് കൃതജ്ഞതാപൂർവ്വം സ്മരിക്കുന്നു..:“ആ മനുഷ്യനോടാണ് എനിക്ക് ഏറ്റവും വലിയ നന്ദി “

ശശികുമാര്‍ സംവിധാനം ചെയ്യുന്ന ചൂള എന്ന സിനിമയുടെ സംഗീത സംവിധാനം യേശുദാസ് ആയിരുന്നു.എന്നാൽ ദാസ് ശശികുമാറിനു കുളത്തൂപ്പുഴ രവി എന്ന ഡബ്ബിംഗ് ആർട്ടിസ്റ്റിനെ പരിചയപ്പെടുത്തിക്കൊടുത്തു.എന്നാല്‍ പുതിയ പയ്യനെ വച്ച് ഭാഗ്യം പരീക്ഷിക്കാന്‍ ശശികുമാറും നിര്‍മാതാക്കളും തയ്യാറായില്ല. ഒടുവില്‍ ദാസ്‌ ഒരു വാക്ക് കൊടുത്തു . രവിയുടെ പാട്ടുകള്‍ ഇഷ്ടമായില്ലെങ്കില്‍ എല്ലാ പാട്ടും സ്വയം ചെയ്തു കൊടുക്കും. അതും തികച്ചും സൌജന്യമായി.എന്തായാലും ദാസിനു അത് ചെയ്യേണ്ടി വന്നില്ല.അതിലെ “താരകേ മിഴിയിതളില്‍“ എന്ന ഗാനം ശശികുമാറിന് വല്ലാതെ ഇഷ്ടമായി. ഒടുവില്‍ ടൈറ്റില്‍ കാര്‍ഡില്‍ പേര് ചേര്‍ക്കാന്‍ നേരം ദാസ്‌ പറഞ്ഞു. തന്റെ കൂടെ പുഴയും കുളവും ഒന്നും വേണ്ട രവീന്ദ്രന്‍ ആയി ഉദിച്ചു ഉയരുക . അതെ അത് നമ്മുടെ സാക്ഷാല്‍ രവീന്ദ്രന്‍ മാഷ്‌ ആയിരുന്നു.