മായാബസാര്‍ പൊളിച്ചടുക്കിയ താരം

 

ഇന്ത്യൻ സംഗീത/സിനിമാരംഗത്തെ എളുപ്പം വായിച്ചു പോകാവുന്ന കൗതുകവാർത്തകൾ വീണ്ടും നിങ്ങളുടെ മുന്നിലെത്തുകയാണ്. വായിച്ചതും,കണ്ടതും പറഞ്ഞുകേട്ടതുമായ കൗതുക വർത്തമാനങ്ങൾ ചെറു കുറിപ്പുകളായി അവർ ഇവിടെ എല്ലാവർക്കുമായി പങ്കുവയ്ക്കുന്നത് ജയമോഹനും സംശയാലുവും.

ജയമോഹന്‍

നിർമ്മാല്ല്യത്തിലൂടെ ഭരത് അവാര്‍ഡ് വാങ്ങിയ പി ജെ ആന്റണിക്ക് കുറെ ദിവസം തിരക്കോട് തിരക്കായിരുന്നു. മിക്ക ദിവസവും സ്വീകരണം !! അന്ന് പൊട്ടിമുളച്ച സമിതികള്‍ കാറുമായി വന്നു പി ജെ യെ വിളിച്ചോണ്ട് പോകും , ഒരു പൊന്നാടയും തരക്കേടില്ലാത്ത സുരപാനവും കഴിഞ്ഞു രാത്രി വീട്ടില്‍ കൊണ്ട് വിടും. ആവേശത്തോട്‌ മദ്യം വലിച്ചു കുടിക്കുമ്പോള്‍ വീട്ടില്‍ ഭാര്യയും മക്കളും കണ്ണീരിന്റെ ഉപ്പുവെള്ളം ആയിരുന്നു കുടിച്ചിരുന്നത്‌, വേറെ സിനിമകളില്‍ അഭിനയിക്കാന്‍ ഉള്ള സമയം പി ജെ ക്ക് കിട്ടിയിരുന്നില്ല, ഈ സ്വീകരണങ്ങള്‍ കാരണം.  ഒന്നും നേടാതെ പോയ പഴയ സിനിമാക്കാരുടെ പട്ടികയില്‍ ഈ പേരും പെടുത്താം. അന്ന് കൂടെ നിന്ന പ്രിയ ശിഷ്യന്‍ പിന്നീട് വളര്‍ന്നു പി ജെ യുടെ മരണ ശേഷം നാടകസമിതി ഏറ്റെടുത്തു നടത്തി. സിനിമയില്‍ അവസരം കിട്ടിയപ്പോള്‍ ശിഷ്യന്‍ പി ജെ യുടെ ഭാര്യ പോലും അറിയാതെ സമിതി വിറ്റു കാശാക്കി . ഇന്നത്തെ പത്രങ്ങളിലും സിനിമയിലും ഒക്കെ താരമായി മാറിയ തിലകന്‍ ആയിരുന്നു അത്. (പി ജെ യുടെ ഭാര്യയുമായുള്ള അഭിമുഖത്തില്‍ നിന്ന്)

 
ഒരു പുതിയ കഥാകാരന്‍  ഒരു കഥ എഴുതി. സംവിധാനം പുതിയ ആള്‍.  ഇരട്ട വേഷം ആയിരുന്നു നായകന്. ഒരു സൂപ്പർ താരത്തെ കണ്ടു , താരം കഥ വായിച്ചു ഇഷ്ടപ്പെട്ടു ഡേറ്റ് കൊടുത്തു . വലിയ ആവേശത്തില്‍ ഷൂട്ടിംഗ് തുടങ്ങി. പക്ഷെ ഷൂട്ടിംഗ് തുടങ്ങിയപ്പോള്‍ നായകന്‍ തന്റെ കലാ പരിപാടികള്‍ തുടങ്ങി. സരോജ് കുമാറിനെ പോലെ !!  പല രംഗങ്ങളും തിരുത്തിച്ചു . സംവിധായകന്‍ മനസ്സില്‍ കണ്ട പലതും ചിത്രത്തില്‍ നിന്നു കാണാതെ ആയി. തിരക്കഥ എഴുതാന്‍ താരത്തിന്റെ പ്രിയ സുഹൃത്ത്‌ എത്തി . എഴുത്ത് കാരന്‍ മനസ്സില്‍ പോലും കാണാത്ത ഐറ്റം ഡാന്‍സ് കൂടി ചേര്‍ത്തപ്പോള്‍ എഴുത്ത് കാരന്‍ നിരാശയുടെ അര്‍ഥം എന്താണ് ശരിക്കും മനസ്സിലാക്കി . ഒടുവില്‍ ആ ചിത്രം എട്ടു നിലയില്‍ പൊട്ടിയപ്പോള്‍ പഴി എഴുത്തുകാരനും സംവിധായകനും . ഈ സൂപ്പര്‍ താരം ആരാണെന്നു അറിയാന്‍ ഈ വാര്‍ത്തയുടെ തലകെട്ട് മതി.ഒരു പ്രമുഖ വെബ്സൈറ്റില്‍ വന്ന വാര്‍ത്തയുടെ തലക്കെട്ട്  ഇങ്ങനെ  " മായ ബസാര്‍ പൊളിച്ചടുക്കിയത്‌ മമ്മൂട്ടി"


 
യേശുദാസും മലയാളിയായ തമിഴ് ചലച്ചിത്ര സംഗീത സംവിധായകന്‍ എം എസ് വിശ്വനാഥനും തമ്മില്‍ ഇടയ്ക്കു ഒന്ന് പിണങ്ങി സംഗതി നിസ്സാരമാണ് പക്ഷെ രണ്ടു പേര്‍ക്കും വാശി. എം എസ് വി  പണി തീരാത്ത വീട് എന്ന ചിത്രത്തിന്റെ പണിപുരയില്‍ കയറിയപ്പോള്‍ ആദ്യ ഗാനം (സുപ്രഭാതം) ജയചന്ദ്രന് കൊടുക്കാന്‍ തീരുമാനിച്ചു . അടുത്ത ഗാനം കണ്ണുനീര്‍ തുള്ളിയെ യേശുദാസ് പാടട്ടെ എന്ന് എം എസ് വി തീരുമാനിച്ചു. അങ്ങനെ എം എസ് വി എല്ലാ പിണക്കവും മറന്നു ദാസിനെ വിളിച്ചു, എന്നാല്‍ ദാസ്‌ ആകട്ടെ സംസാരിക്കാന്‍ പോലും കൂട്ടാക്കിയില്ല. അങ്ങനെ വാശി കയറിയ  എം എസ് വി ഈ ഗാനം മറ്റാരും പാടണ്ട എന്ന് തീരുമാനിച്ചു. അങ്ങനെ എം എസ് വി എന്ന ഗായകന്റെ ജീവിതത്തിലെ ഏറ്റവും നല്ല ഗാനം പിറന്നു. സുപ്രഭാതത്തിന് കേരള സര്‍കാരിന്റെ മികച്ച ഗായകന് ഉള്ള പുരസ്‌കാരം ലഭിച്ചു (തോമസ്‌ ജേക്കബ്‌ - കഥകൂട്ട്, മനോരമ) 

സംശയാലു

മലയാളത്തിലെ ഏറ്റവും  മികച്ച യുഗ്മഗാനങ്ങളില്‍ ഒന്നാണ് ഇതെന്ന് പലരും പറയാറുണ്ട്‌.. കൈതപ്രം മഴയെത്തും മുന്‍പേ  എന്ന ചിത്രത്തിലെ "എന്തിനു വേറൊരു സൂര്യോദയം" എന്ന ഗാനത്തെ കുറിച്ച് പറയുന്നു.. സംവിധായകന്‍ ജയരാജ് തന്റെ ഏറ്റവും പ്രിയപ്പെട്ട ഗാനം ഇതാണെന്ന് പല തവണ കൈതപ്രത്തോട്‌ പറഞ്ഞിട്ടുണ്ടത്രേ.. ആദ്യം ഈ ട്യൂണിലോ വരികളിലോ ആയിരുന്നില്ല ഈ ഗാനം രൂപപ്പെടുത്തിയത്.. സിനിമയിലെ സന്ദര്‍ഭത്തിനനുസരിച്ച് മദ്രാസില്‍ വച്ചു എഴുതിയ ഗാനത്തില്‍ കൈതപ്രമോ സംഗീത സംവിധായകന്‍ രവീന്ദ്രനോ തൃപ്തരായിരുന്നില്ല.. കോഴിക്കോട് മഹാറാണി ഹോട്ടലില്‍ വച്ച് ഇതൊന്നു മാറ്റി ചെയ്താലോ എന്ന് രവീന്ദ്രന്‍ കൈതപ്രത്തോട്‌ ചോദിക്കുന്നു.. സന്തോഷത്തോടെ കൈതപ്രം സമ്മതം മൂളി.. ക്ലാസിക്കല്‍ മുസിക്കും അല്പം വെസ്റ്റേണ്‍ ടച്ചും ചേര്‍ത്ത് ഇന്നു കേള്‍ക്കുന്ന ഈണത്തില്‍ ഗാനം ചിട്ടപ്പെടുത്തി.. ബാക്ക്ഗ്രൌണ്ട് മുസിക്കില്‍ വെസ്റ്റേണ്‍ ടച്ചുണ്ട്.. അതേ സമയം വളരെ മെലോഡിയസും ആണീ ഗാനം.. ഈണം കേട്ടപ്പോള്‍ തന്നെ കൈതപ്രത്തിന്റെ മനസ്സില്‍ വരികളും ഓരോന്നായി വന്നു...
 

"കളിവീടുറങ്ങിയല്ലോ കളിവാക്കുറങ്ങിയല്ലോ" ഏറ്റവും ചുരുങ്ങിയ ചെലവില്‍ കോഴിക്കോടുള്ള ഒരു സാധാരണ സ്റ്റുഡിയോയില്‍ വച്ച് റെക്കോര്‍ഡിംഗ് നടത്തി.. കൈതപ്രത്തെ സംബന്ധിച്ചിടത്തോളം കുടുംബങ്ങളെല്ലാം പങ്കെടുക്കുന്ന ഒരാഘോഷം പോലെ ആയിരുന്നു ദേശാടനം.. രചനയും സംഗീതവും കൈതപ്രം നിര്‍വഹിച്ചപ്പോള്‍ ഓര്‍ക്കസ്ട്രേഷന്‍ അനിയന്‍ കൈതപ്രം വിശ്വനാഥന്‍ നിര്‍വഹിച്ചു.. മകന്‍ ദീപാങ്കുരന്‍ "നാവാ മുകുന്ദാ ഹരേ" എന്ന ഗാനം പാടുകയും ചെയ്തു. ഭാര്യാപിതാവ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ചിത്രത്തില്‍ മുത്തശ്ശന്റെ റോളില്‍ അഭിനയിക്കുകയും. പ്രശസ്ത നോവലിസ്റ്റ് വി. ടി.നന്ദകുമാറിന്റെ ഭാര്യ ചിത്രം ഇറങ്ങിയപ്പോള്‍ കൈതപ്രത്തിനെഴുതി.. ദേശാടനത്തിന്റെ പാട്ടുകളടങ്ങിയ കാസ്സറ്റ്‌ പൂജാമുറിയില്‍ ലളിതാസഹസ്രനാമത്തിന്റെയും ഹരിനാമകീര്‍ത്തനത്തിന്റെയും കൂടെയാണ് അവര്‍ സൂക്ഷിച്ചിരിക്കുന്നത്.. എന്നായിരുന്നു അവര്‍ എഴുതിയത്.. ആ ഗാനത്തിന് കിട്ടിയ ഏറ്റവും വലിയ അംഗീകാരമായി കൈതപ്രം കരുതുന്നതും ഈ എഴുത്ത് തന്നെ...

 
ബാലചന്ദ്രമേനോന്റെ 25 മത്തെ ചിത്രമായ അച്ചുവേട്ടന്റെ വീട്.. രണ്ടു പെണ്‍മക്കളുള്ള ഒരച്ഛന്റെ സ്വപ്നങ്ങളും പ്രതീക്ഷകളുമാണ് ഈ ചിത്രത്തില്‍.. ഏത് മനുഷ്യന്റെയും ഏറ്റവും വലിയ സ്വപനങ്ങളിലൊന്നായ വീടും ഈ ചിത്രത്തിലെ ഒരു കഥാപാത്രമാണ്. തിരുവനന്തപുരത്തെ കീര്‍ത്തി ലോഡ്ജില്‍ വച്ച് ഗാനത്തിന്റെ സിറ്റുവേഷന്‍ വിദ്യാധരനും രമേശന്‍ നായര്‍ക്കുമായി പറഞ്ഞു കൊടുത്തു മേനോന്‍.. സന്ധ്യയ്ക്ക് നാമം ജപിക്കാത്ത ഒരു വീടും അന്നത്തെ കാലത്ത് കേരളത്തില്‍ ഉണ്ടായിരുന്നില്ല എന്ന വിശ്വാസത്തില്‍ പാട്ടിന്റെ ഇടയ്ക്ക് രണ്ടു വരി കീര്‍ത്തനം കൂടി ചേര്‍ക്കാം എന്ന് വിദ്യാധരനും രമേശന്‍ നായരും തീരുമാനിക്കുന്നു.. സിറ്റുവേഷന്‍ പറഞ്ഞു കൊടുക്കുമ്പോള്‍ മേനോന്‍ വിട്ടു പോയ ഒരു കാര്യമുണ്ടായിരുന്നു.. വീട്ടുമുറ്റത്തെ കിണര്‍. തൊട്ടടുത്ത ലോഡ്ജിലെ യുവാക്കള്‍ വെള്ളം കോരുന്നത് ആ കിണറില്‍ നിന്നാണ്. ആ കിണറിന് സിനിമയില്‍ വളരെ പ്രാധാന്യമുണ്ട്. മേനോന്‍ പറയാന്‍  മറന്നെങ്കിലും രമേശന്‍ നായര്‍ ഇങ്ങനെ എഴുതി. "മുറ്റത്ത്‌ കിണറ്റില്‍ കുളിര്‍വെള്ളത്തൊട് മുത്തും പളുങ്കും തോല്‍ക്കേണം.." വിദ്യാധരനെ അമ്പരിപ്പിച്ച വരികളായിരുന്നു അത്.. രമേശന്‍ നായരുടെ കവിത്വത്തെ അദ്ദേഹം മനസ്സാ നമിച്ചു. കുലീനതയും തറവാടിത്തവുമുള്ള ഒരു പാട്ടാണിതെന്ന് പലരും തന്നോട് പറഞ്ഞതായി സന്തോഷത്തോടെയും അഭിമാനത്തോടെയും വിദ്യാധരന്‍ ഓര്‍ക്കുന്നു.

എം.ഓ ജോസഫ്‌ നിര്‍മ്മിച്ച 'നാടന്‍ പെണ്ണ്' എന്ന ചിത്രം ചെമ്പില്‍ ജോണ്‍ എഴുതിയ നോവല്‍ ആയിരുന്നു. അന്നത്തെ സൂപ്പര്‍ സ്റ്റാറുകളെല്ലാം അണി നിരന്ന ചിത്രം. സത്യന്‍, നസീര്‍, ഷീല, ജയഭാരതി.. ഷൂട്ടിംഗ് പൂര്‍ത്തിയായപ്പോഴാണ് ചെമ്പില്‍ ജോണിന്റെ മനസ്സില്‍ ഒരു ഉള്‍വിളി ഉണ്ടായത്.. ഈ സിനിമയില്‍ ഒരു പ്രാര്‍ത്ഥനാഗീതം വേണം. അതും സ്വര്‍ഗസ്തനായ പിതാവിനെ കുറിച്ചുള്ളത്. ആ ആഗ്രഹം അദ്ദേഹം നിര്‍മ്മാതാവായ ജോസഫിനോട് പറഞ്ഞു. ജോസഫ്‌ അപ്പോള്‍ തന്നെ ജോണിനെയും കൂട്ടി വയലാറിന്റെ താമസസ്ഥലത്തെത്തി. കാര്യം പറഞ്ഞപ്പോള്‍ വയലാറിന്റെ പ്രതികരണം ഇങ്ങനെ. എങ്കില്‍ താമസിക്കണ്ട. പാട്ട് ഇപ്പോള്‍ തന്നെ ശരിയാക്കാം. അഞ്ചു മിനിറ്റ് പോലും എടുത്തില്ല. അതിമനോഹരമായ പ്രാര്‍ത്ഥനാഗാനം റെഡി. "ആകാശങ്ങളിലിരിക്കും ഞങ്ങടെ അനശ്വരനായ പിതാവേ..." ജോണും ജോസഫും നേരെ പോയത് തൊട്ടടുത്ത മുറിയില്‍ താമസിക്കുന്ന ദേവരാജന്‍ മാഷുടെ അടുത്തേക്ക്. അദ്ദേഹവും വച്ചു താമസിപ്പിച്ചില്ല. മിനിട്ടുകള്‍ കൊണ്ട് ആ ഗാനത്തിന് ഹാര്‍മോണിയത്തിലൂടെ ഈണം പകര്‍ന്നു. അങ്ങനെ ചുരുങ്ങിയ സമയം കൊണ്ട് ഒരു മനോഹര പ്രാര്‍ത്ഥനാഗാനം പിറവിയെടുത്തു. മലയാളികളുടെ മനസ്സില്‍ ഭക്തിസാഗരമായി അലയടിക്കുന്ന ഒരു ഗാനം.

പിന്മൊഴികൾ

“എന്തിനു വേരൊരു സൂര്യോദയം..” പ്രസിദ്ധകീർത്തനം “ ഹിമഗിരി തനയേ ഹേമലതേ” തന്നെയാണ്. കോപ്പി എന്നു പറയാൻ പറ്റില്ല ആ കീർത്തനത്തിനു ഒരു സമർപ്പണം എന്നാകാം രവീന്ദ്രൻ ഉദ്ദേശിച്ചത്.