ദേവരാജൻ മാസ്റ്ററുടെ പിണക്കം

 

നുറുങ്ങുകൾ - ( ഇന്ത്യൻ സംഗീത/സിനിമാരംഗത്തെ എളുപ്പം വായിച്ചു പോകാവുന്ന കൗതുകവാർത്തകൾ) ഇത്തവണ നിങ്ങൾക്കായി പങ്കുവയ്ക്കുന്നത് സംശയാലു.

1957-ല്‍ കമ്മ്യൂണിസ്റ്റ്‌ ഗവണ്‍മെന്റ് കേരളത്തില്‍ അധികാരത്തില്‍ വന്നു. പാളയം രക്തസാക്ഷി മണ്ഡപത്തില്‍ രക്തസാക്ഷികളെ അനുസ്മരിച്ച് അഭിവാദനഗാനം അവതരിപ്പിക്കാന്‍ കെ.പി.എ.സി യെ ചുമതലപ്പെടുത്തി. എഴുതാന്‍ വയലാറിനേയും സംഗീതം നല്കാന്‍ ദേവരാജനേയും പാടുന്നതിന് കെ.എസ് ജോര്‍ജും ഞാനും ഉൾപ്പെടെയുള്ള ഗായകരേയും തീരുമാനിച്ചു. കോട്ടയം ടി.ബി യില്‍ വച്ചായിരുന്നു റിഹേഴ്സല്‍. അന്നാണ് ഞാന്‍ ആദ്യമായി വയലാര്‍രാമവര്‍മ്മയെ പരിചയപ്പെടുന്നത്. അന്ന് കോട്ടയം ടി.ബി യില്‍ വച്ച് വയലാര്‍ എഴുതിയ അനശ്വര ഗാനത്തിന് സംഗീത ചക്രവര്‍ത്തി ജി. ദേവരാജന്‍ അഭൌമമായ സംഗീതം നല്‍കിയതാണ് ജനങ്ങള്‍ ഇന്നും മനസ്സിലേറ്റി താലോലിക്കുന്ന ബലികുടീരങ്ങളേ.. സ്മരണകളിരമ്പും രണസ്മാരകങ്ങളേ... എന്നു തുടങ്ങുന്ന ഗാനം. നാലഞ്ചു ദിവസത്തെ റിഹേഴ്സലിനു ശേഷം നൂറില്‍പ്പരം ഗായകരെ അണിനിരത്തി പാളയം രക്തസാക്ഷി മണ്ഡപത്തില്‍ വീരചരമമടഞ്ഞ രക്തസാക്ഷികള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഈ ഗാനം ആദ്യമായി അവതരിപ്പിച്ചു. അന്നു വൈകിട്ട് വി.ജെ.ടി ഹാളിലും ഞങ്ങള്‍ പാടി.അന്നു വരെ ഇത്രയധികം ഗായകര്‍ ഒരു ഗാനം പാടുന്നതിന് വേണ്ടി ഒന്നിച്ചു പങ്കെടുത്തിട്ടില്ല. ജനങ്ങള്‍ വളരെ ആവേശത്തോടെ ഈ ഗാനം സ്വീകരിച്ചു. അന്നു തൊട്ടിന്നുവരെ ഞാന്‍ പാടിയിട്ടുള്ള എല്ലാ വേദികളിലും ജനങ്ങളെയും ഞങ്ങളെയും ആവേശോജ്വലരാക്കുന്ന ബലികുടീരങ്ങളേ..എന്ന വിപ്ലവഗാനം പാടിക്കൊണ്ടിരിക്കുന്നു...നൂറ്റാണ്ടുകൾ കഴിഞ്ഞാലും ഈ ഗാനം ജനങ്ങളുടെ ഹൃദയത്തിലുണ്ടാവും.. തീർച്ച..(സുലോചനയുടെ അരങ്ങിലെ അനുഭവങ്ങളിൽ നിന്ന്)

 

"പുതിയ ആകശം പുതിയ ഭൂമി", "മുടിയനായ പുത്രന്‍" എന്നീ നാടകങ്ങളുടെ പാട്ടുകള്‍ എച്ച്.എം.വി, കൊളംബിയ എന്നീ കമ്പനികള്‍ക്ക് വേണ്ടി റെക്കോര്‍ഡ്‌ ചെയ്യാന്‍ തീരുമാനമായി.. കെ.പി.എ.സി യുടെ സ്ഥിരം ഗായകരായ സുലോചനയും ജോര്‍ജും ചെന്നൈയിലേക്ക് പുറപ്പെട്ടു. ദേവരാജന് മറ്റു ഗായകരെ കൊണ്ട് കൂടി പാടിക്കണമെന്നു നിര്‍ബന്ധം. കെ.പി.എ.സി. യിലെ ഗായകരെ കൊണ്ട് പാടിച്ചാല്‍ മതിയെന്ന കെ.പി.എ.സി ഭാരവാഹികളുടെ തീരുമാനത്തിന് ദേവരാജന്‍ വഴങ്ങിയില്ല... അക്കാരണത്താല്‍ സുലോചന മനസ്സിലേറ്റി താലോലിച്ച്, അരങ്ങത്ത് പാടി അഭിനയിച്ച, ആസ്വാദകരുടെ അനുഗ്രഹാശിസ്സുകള്‍ നേടിയ ചാഞ്ചാടുണ്ണി ചരിഞ്ഞാടുണ്ണി.. അവരുടെ ശബ്ദത്തില്‍ പകര്‍ത്താന്‍ കഴിഞ്ഞില്ല.. കലാജീവിതത്തിലെ വലിയ ഒരാഗ്രഹമായിരുന്നു അതെന്ന് സുലോചന ഓര്‍ക്കുന്നു... നാടകത്തിന് വേണ്ടിയും സിനിമയ്ക്ക് വേണ്ടിയും ഓ.എന്‍.വി  കുറുപ്പ് എഴുതി ദേവരാജന്‍ സംഗീതം പകര്‍ന്ന  ആദ്യത്തെ ഗാനം പാടിയ ഗായികയായ സുലോചന കെ.പി.എ.സി. ക്ക് പരാതി നല്കി. കെ.പി.എ.സി. ദേവരാജനോട്‌ വിശദീകരണം ആവശ്യപ്പെട്ടു.. വിശദീകരണം നൽകിയോ എന്തോ, ദേവരാജൻ കെ.പി.എ.സി.യിൽ നിന്നു രാജി വച്ചു. ഓ.എൻ.വീ യും കെ.പി.എ.സി.യിൽ നിന്നു പിരിഞ്ഞു.ഒ. മാധവനൊപ്പം ചേർന്നു ദേവരാജനും ഓ എൻ വീ യും കൊല്ലം കാളിദാസ കലാകേന്ദ്രം ഉണ്ടാക്കി.

 നാടകനടനായ മരട് ജോസഫിന്റെ കല്യാണം.. നല്ല അടുപ്പമുണ്ടായിരുന്ന മെഹബൂബ് ഭായിയെ എന്തോ കല്യാണത്തിന് വിളിക്കാന്‍ മറന്നു പോയി ജോസഫ്‌.
കല്യാണദിനത്തിന്റന്നു കലിപ്പോടെ ഭായ് ജോസഫിന്റെ വീട്ടിലെത്തി‍… എവിടെ അവന്‍? ഭായിയെ മറന്നു പോയില്ലേ അവന്‍..!.
ജോസഫിന്റെ അപ്പന്‍ ഭായിയോട് ക്ഷമ പറഞ്ഞു.. ചടങ്ങുകള്‍ പെൺവീട്ടിലാണ്.. ജോസഫ്‌ അവിടെക്ക് പോയിക്കഴിഞ്ഞു..
ഒഹോ..എന്നാൽ ഭായിക്ക് അങ്ങോട്ട്‌ പോകാന്‍ ബസ്സ്‌ കാശ് വേണം…!!
 
മരട് ജോസഫ്‌ ഓര്‍ക്കുന്നു...
അതിഥികള്‍ നിറഞ്ഞ കല്യാണപ്പന്തലിലേയ്ക്ക് പുറത്തു നിന്നൊരാള്‍ വിളിച്ചു ചോദിക്കുന്നു...
നീ ഭായിയെ മറന്നല്ലേടാ?
വേലിക്ക് പുറത്തു നില്ക്കുന്ന ഭായിയുടെ അടുത്തേയ്ക്ക് അപരാധിയെ പോലെ മരട് ഓടി..
ഭായ് എന്നോട് ക്ഷമിക്കണം..
ഭായ് അലിയുന്നു..!
ജോസഫിന്റെ തോളില്‍ കൈയ്യിട്ടു പറയുന്നു…!
എന്റെ മോന്റെ കല്യാണല്ലേ… ഭായിക്ക് വരാതിരിക്കാന്‍ പറ്റ്വോ, പാടാതിരിക്കാന്‍ പറ്റ്വോ...?
ഗായകന്‍ എച്ച്. മെഹബൂബ് ആണെത്തിയതെന്നറിഞ്ഞതോടെ കല്യാണപ്പന്തലില്‍ ഉത്സവമായി..
പിന്നെ പാട്ടുകള്‍ കൊണ്ടൊരു വിവാഹസമ്മാനം..
മെഹബൂബിന് എല്ലാരും സ്വന്തക്കാരായിരുന്നു…
തന്നെക്കാള്‍ ഇളയവരെ കുട്ടിയെന്നോ മോനെന്നോ അദ്ദേഹം വാത്സല്യത്തോടെ വിളിച്ചു...

 

 

Contributors: