കണ്ടം ബെച്ച കോട്ടും സിനിക്കും

 

36. നായരു പിടിച്ച പുലിവാല്

    (1958 മാർച്ച് 9)

‘നീലക്കുയിലി’ലൂടെ അസംഖ്യം ആസ്വാദകരെ ആനന്ദിപ്പിക്കാൻ കഴിഞ്ഞ അതേ ഗാനരചയിതാവും സംഗീതസംവിധായകനുമാണ് ഇതിലും. എന്നാലിത്തവണ ഭാസ്കരന്റെ അര ഡസൻ ഗാനങ്ങളും രാഘവന്റെ സംഗീതവും ഏറിക്കവിഞ്ഞാൽത്തന്നെ വെറും രണ്ടാന്തരമേ ആയിട്ടുള്ളു. തമ്പടിയ്ക്കുമ്പോഴുള്ള പ്രാരംഭഗാനവും രാഗിണിയ്ക്കു വേണ്ടി ലീല പാടുന്ന   പ്രാർത്ഥനാഗീതവുമുണ്ട് കഷ്ടിച്ചു കൊള്ളാവുന്നതെന്നു പറയാൻ. മറ്റു പാട്ടുകൾക്കു പ്രസക്തി തന്നെ വളരെ കുറവാണ്. വാക്കുകൾ കൊണ്ടുള്ള ബാലിശമായ കസ്രത്താണിതിലെ പ്രധാനകവിതാഗുണം. ട്യൂണുകൾക്കു മനോഹാരിതയും ഏറെക്കുറെ കഷ്ടി തന്നെ. ഈ ചിത്രം വഴി  മലയാളചലച്ചിത്രവേദിയിലേക്കു കയറിവന്നിട്ടുള്ള പുതിയ പിന്നണിഗായകന് (ഉദയഭാനുവിന്) ആസ്വാദകഹൃദയവേദിയിൽ കയറിക്കൂടാൻ ഇത്തവണ തരപ്പെട്ടിട്ടില്ല.

 

37. കണ്ടം ബെച്ച കോട്ട്

      (1961 മാർച്ച്  26)

    ഒന്നാന്തരമെന്നെടുത്തു പറയാവുന്ന ഒരൊറ്റ പാട്ടെങ്കിലും  കണ്ടം ബെച്ച കോട്ടിനു പ്രശസ്തഗാനരചയിതാവായ പി. ഭാസ്കരൻ നൽകാഞ്ഞത് കഷ്ടമായിപ്പോയി. ആട്ടെ പോട്ടെ, ആനന്ദസാമ്രാജ്യത്തിൽ. കണ്ടം ബെച്ചൊരു കോട്ടാണ് തുടങ്ങിയ പാട്ടുകൾ വിലകുറഞ്ഞ ജനപ്രീതിയിൽ കവിഞ്ഞൊന്നും നേടാൻ പോന്നവയല്ല. മലയാള ചലച്ചിത്രവേദിയിലെ ഏറ്റവും ശ്രദ്ധേയനായ കവി സ്വകൃത്യം കൂടുതൽ ശ്രദ്ധയോടെ നിർവ്വഹിക്കുമെന്ന് കരുതുന്നവരാണാസ്വാദകരിലധികം പേരും. സംഗീതസംവിധായകനായ ബാബുരാജ് കാതിൽ വീണതോടെ വറ്റിപ്പോകുന്ന ചില സാധാരണ ട്യൂണുകളല്ലാതെ മറ്റൊന്നും നമുക്ക് കാഴ്ച വച്ചിട്ടില്ല.പ്രമേയത്തിന്റെ പുതുമണം പേറുന്ന, പ്രതിപാദ്യത്തിന്റെ അന്തരീക്ഷം അലതല്ലുന്ന പാട്ടുകളുടെ അഭാവത്തിൽ ‘ബരണ്ടുള്ള പൊയബത്തൊണങ്ങിയ മരത്തിമ്മല്‘  എന്ന മാതിരിയുള്ള ചില നല്ലപാട്ടുകളെങ്കിലും മൂലകൃതിയിൽ നിന്നു സ്വീകരിച്ചു നോക്കാമായിരുന്നു.

 38. ഉണ്ണിയാർച്ച

       (1961 ഒക്റ്റോബർ 15)

     ചെറുതും വലുതുമായി പി. ഭാസ്കരനെഴുതിയ ഇരുപത്തിമൂന്നു പാട്ടുകൾ നിറച്ചിട്ടുണ്ട് ഈ ചിത്രത്തിൽ. ഇതു കുറച്ചധികം തന്നെയായി. വിശേഷിച്ചും സൌമ്യതയിൽ നിന്നകന്നു നിൽക്കുന്ന,  ക്രിയാംശം കൂടുതലായി നിൽക്കേണ്ട വീരരസപ്രധാനമായ പ്രതിപാദ്യത്തിന്ന്‌  ഉണ്ണിയാർച്ചയുടെ ഒരു സംഗീതാവിഷ്കരണമോ കഥാകാലക്ഷേപമോ  അല്ലല്ലൊ എക്സൽ ഉദ്ദേശിച്ചിട്ടുള്ളത്. രംഗങ്ങൾക്ക് കൊഴുപ്പ്,  പ്രത്യേകസന്ദർഭങ്ങൾക്കു വൈകാരികമായ പിരിമുറുക്കം, മുതലായവ കൈവരുത്തുകയാണല്ലൊ, ആസ്വാദകനു ഏതാനും പാട്ടുകൾ കേട്ടു രസിക്കാനവസരം നൽകുകയെന്നതിലേറേ, സിനിമയിൽ പാട്ടുകൾ ചേർക്കുന്നതിന്റെ ഉദ്ദേശം. ആ അംഗീകൃതതത്ത്വത്തിന്റെ വെളിച്ചത്തിൽ ഏതാനും പാട്ടുകൾ ഇതിൽ നിന്നു തുടച്ചുനീക്കിയേ തീരൂ. കാതിനു കിട്ടുന്ന ഇമ്പം കണക്കിലെടുത്താലും (നാടകീയപ്രസക്തിയ്ക്കുപുറമേ അതും കൂടെയില്ലെന്നുവന്നാൽ ആ പാട്ടു തികച്ചും അധികപ്പറ്റാവുമല്ലൊ.) വീണ്ടുവിചാരമെന്യേ ഒഴിച്ചു നിറുത്താവുന്ന പാട്ടുകളുടെ എണ്ണവും കുറവല്ല.

         രംഗപരിപോഷണത്തിനേറ്റവുമുപകരിച്ചതു രാജയും ശ്രീനിവാസനും കൂടി ഭംഗിയിൽ പാടിയ “ഉടവാളേ, പടവാളേ” എന്ന ആവേശം കൊള്ളിയ്ക്കുന്ന പാട്ടാണ്. “പോരിങ്കൽ ജയമല്ലോ”, അല്ലിത്താമരക്കണ്ണാളേ”,  “അല്ലിമലർക്കാവിലമ്മേ” എന്നീ ലീലയുടെ പാട്ടുകളും “അന്നുനിന്നെ കണ്ടതിൽ പിന്നെ” എന്ന രാജയും സുശീലയും കൂടിയുള്ള ഡ്യൂയെറ്റും സുശീല, ജാനകി, ലീല എന്നിവർ കൂടിപ്പാടിയ “ഏഴുകടലോടിവന്ന പട്ട്’ എന്ന പാട്ടും തരക്കേടില്ലാത്ത പാട്ടുകളുടെ പട്ടികയിൽ‌പ്പെടുന്നു. ഒന്നാന്തരമെന്നെടുത്തു വാഴത്താവുന്ന വിശിഷ്ടഗാനങ്ങൾ പ്രകൃതകൃതിയ്ക്കു സംഭാവന ചെയ്യാനൊത്തിട്ടില്ലാത്ത സംഗീതസംവിധായകൻ (കെ. രാഘവൻ) വടക്കൻപാട്ടുകളുടെ പ്രതിധ്വനിയുണർത്താനിടയ്ക്കു ചില ശ്രമങ്ങൾ നടത്തിനോക്കിയത് ഉദ്ദേശിച്ചപടി കാര്യമായി ഫലം ചെയ്തുവോ എന്നു സംശയമാണ്.

39.    ശബരിമല ശ്രീ അയ്യപ്പൻ

(1961 ഡിസംബർ 3)

       ഒരു പുതിയ ഭേദപ്പെട്ട താരാട്ടുപാട്ടടക്കം   പന്ത്രണ്ടു ഗാനങ്ങളുണ്ട് അഭയദേവിന്റെ. പലതും ഒരു വിധം കൊള്ളാവുന്നയയാണ്. എസ്. എം. സുബ്ബയ്യനായിഡുവിന്റേതാണ് സംഗീതം. ലീല, ഗോകുലബാലൻ മുതൽ‌പ്പേരാണു പാടുന്നത്. “ആശ്രിതയാമെൻ അല്ലലുതീർക്കാൻ” എന്ന പാട്ട് (ലീലയുടേതാണെന്നു തോന്നുന്നു) നന്നായി. ശരണം വിളിച്ചുകൊണ്ടുള്ള ഭജനഗാനംഭക്തിരസം വളർത്താൻ ഒട്ടേറേയുതകും. താരാട്ടും “ ചിലങ്കേ മണിച്ചിലങ്കേ” എന്നപാട്ടും ഒരുവിധം മധുരമായി. എന്നാലും ആകത്തുകയിൽ പറയുമ്പോൾസംഗീതസംവിധാനം മുന്തിയതാണെന്ന് അഭിപ്രായപ്പെട്റ്റുകൂടാ. പരദേശി മലയാളപ്പാട്ടു പാടുന്നതിലെ ഒഴിക്കാനാവാത്ത ആ ചില്ലറ അസുഖമുണ്ടല്ലൊ അത് മണികണ്ഠന്റെ പാട്ടുകളിൽ അങ്ങിങ്ങായനുഭവപ്പെടുന്നുണ്ടെന്നും ഇടയിൽ സൂചിപ്പിക്കേണ്ടതുണ്ട്. തങ്കപ്പൻ ശൂർപ്പകന്റെ ഭാഗത്തിൽ അതിഥിതാരമായ പദ്മിനി (മോഹിനി) യോടൊപ്പം ഒരു നല്ല നൃത്തമാടുന്നതിനു പത്തുപതിനാറു പെൺകിടാങ്ങളേയുമഞ്ചാറുപുരുഷന്മാരേയും പല പ്രാവശ്യവും പല മട്ടിലുമായി നൃത്തം ചവിട്ടിക്കുന്നുണ്ട്. മായാരൂപം പൂണ്ട മഹിഷിയുടെ നിലയിൽ രാഗിണിയുടേതുമുണ്ട്, ഇതിലൊരു തരക്കേടില്ലാത്ത ഡാൻസ്.

40. ഭക്തകുചേല

(1961 ഡിസംബർ 24)

    തിരുനൈനാർകുറിച്ചി എഴുതിയ പതിനഞ്ചുപാട്ടുകളിൽ പലതും ഭേദപ്പെട്ടതാണ്.ഭക്തിരസപ്രദാനങ്ങളായ ഗാനങ്ങൾ ഏറെക്കുറെ ഹൃദ്യങ്ങളാവാൻ ബ്രദർ ലക്ഷ്മണന്റെ സംഗീതസംവിധാനം സഹായിച്ചിട്ടുണ്ട്. “ഈശ്വരചിന്തയിതൊന്നേ മനുജനു” എന്ന പാട്ട് കമുകറ ഉള്ളൂണർത്തുന്ന ഭക്തി സാന്ദ്രതയോടെ പാടിയിരിക്കുന്നു. ലീലയും കമുകറയും കൂടെ പാടിയ “രാധാമാധവഗഗോപാലാ“, കമുകറ കൂട്ടുകാരൊത്തു പാടിയ “മറപൊരുളായി മറഞ്ഞവനേ” എന്നീ ഭജനഗീതങ്ങൾ കൊള്ളാവുന്ന മറ്റുപാട്ടുകളൂടെ മുൻപിൽ നിൽക്കുന്നു. തങ്കപ്പന്റെ നൃത്തസംവിധാനത്തിൽ എടുത്തുപറയത്തക്ക വിധം മനോഹരങ്ങളായ സവിശേഷതകളൊന്നും കണ്ടില്ല. കമലയും അനുജത്തിയും കൂടിയുള്ള ഒരു നൃത്തമുണ്ട് ഏതാണ്ട് കൌതുകപ്രദമായിട്ട്.

 

Article Tags: 
Contributors: