കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം...

മലയാള സംഗീത ചർച്ചാവേദികളിൽ സ്ഥിരം സാ‍ന്നിധ്യമാവുന്ന രണ്ട് വ്യക്തികളാണ് സംശയാലുവും ജയ് മോഹനും.നുറുങ്ങുകൾ - ( ഇന്ത്യൻ സംഗീത/സിനിമാരംഗത്തെ എളുപ്പം വായിച്ചു പോകാവുന്ന കൗതുകവാർത്തകൾ) ഇവരിലൂടെ വീണ്ടും നിങ്ങളുടെ മുന്നിലെത്തുകയാണ്. വായിച്ചതും,കണ്ടതും പറഞ്ഞുകേട്ടതുമായ കൗതുക വർത്തമാനങ്ങൾ ചെറു കുറിപ്പുകളായി അവർ ഇവിടെ എല്ലാവർക്കുമായി പങ്കുവയ്ക്കുന്നു.

സംശയാലു

ഭാസ്കര കവിയുടെ ഗാന രചനയുടെ രജത ജൂബിലി കൊച്ചിയില്‍ ആഘോഷിക്കുന്നു. കോഴിക്കോട് അബ്ദുല്‍ ഖാദര്‍ പാടാന്‍ വേദിയില്‍. യേശുദാസും ജയചന്ദ്രനും ഉദയഭാനുവും സി ഓ ആന്റൊയുമൊക്കെ സൈഡ് കര്‍ട്ടന്റെയടുത്തു നോക്കി നില്‍ക്കെ ഘനഗംഭീര ശബ്ധത്തില്‍ അമ്ബ്ദുല്‍ ഖാദര്‍ മെല്ലെ പാടാന്‍ തുടങ്ങി .എങ്ങനെ നീ മറക്കും കുയിലേ എങ്ങനെ നീ മറക്കും .....പെട്ടെന്നാണ് അമ്പരപ്പിക്കുന്ന അലോസരമുയര്‍ത്തി ഒരപശബ്ദം  സദസ്സിന്റെ  ഒരു ചെറിയ കോണില്‍ നിന്ന് ഉയര്‍ന്നത് .ഹാര്‍മോണിയം വായിക്കുന്ന ബാബുരാജും ഓര്‍ക്കസ്ട്ര നിയന്ത്രിക്കുന്ന ശേഖറും സദസ്സിനെ നടുക്കത്തോടെ മിഴിച്ചു നോക്കി.

ഖാദര്‍ പാട്ട് നിര്‍ത്തി. വേദന കലര്‍ന്ന ഒരു ചെറുചിരിയോടെ അദ്ദേഹം പറയാന്‍ തുടങ്ങി "എന്റെ പാട്ട് കേട്ട് ഇഷ്ടപ്പെടാതെ അപശബ്ദമുയര്‍ത്തിയ പുതിയ കൂട്ടുകാര്‍ കേള്‍ക്കാന്‍ വേണ്ടി പറയുകയാണ്‌ ...വീട്ടില്‍ ചെല്ലുമ്പോള്‍ അച്ഛനോ അമ്മയോ അമ്മാവനോ മുതിര്‍ന്നവര്‍ ആരെങ്കിലുമോ ഉണ്ടെങ്കില്‍ ചോദിച്ചു നോക്കുക ...കോഴിക്കോട് അബ്ദുല്‍ ഖാദറിന്റെ പാട്ട് കേട്ട് എന്നെങ്കിലും ഒരു ദിവസം ഒരു നിമിഷം മനസ്സ് കൊണ്ടെങ്കിലും കരഞ്ഞിട്ടുണ്ടോ എന്ന്." സദസ്സ് സ്തബ്ദം, നിശ്ശബ്ദം, അബ്ദുല്‍ ഖാദര്‍ തുടര്‍ന്നു "ഞാന്‍ പാടിയത് അവര്‍ക്ക് വേണ്ടിയാണ്, ഈ പാടുന്നത് എന്റെ ഭാസ്കരന് വേണ്ടിയും. ഭാസ്കരനിത് ഇഷ്ടപ്പെടും, അതുമതിയെനിക്ക്..." ബാബുരാജിനോട് മുഖം കൊണ്ട് ഒരാഗ്യം കാട്ടി തുടര്‍ന്നു പാടി..."പാടം പച്ചച്ച പാവാടയിട്ടപ്പോള്‍ പാവം നീയെത്ര മേലോട്ട് പൊന്തി....." മുന്‍നിരയില്‍ കുടുംബത്തോടൊപ്പമിരുന്ന ഭാസ്കരന്‍ മാഷുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഒപ്പം കേട്ട് നിന്ന ജനസമുദ്രതിന്റെ മനസ്സും. നിലയ്ക്കാത്ത കരഘോഷമായിരുന്നു ഗാനം കഴിഞ്ഞപ്പോള്‍ .
--------------------------------------------------------------------------------------------------------------------------

അതെ വേദി തന്നെ.. പാടാന്‍ ഒരാള്‍  എത്തുന്നു, മുഷിഞ്ഞ മുണ്ടും പിന്നിയ ഷര്‍ട്ടും ധരിച്ചു മുടി കോതിയോതുക്കാതെ അഴിമുഖത്ത് നിന്ന് ഒരു കാറ്റ് ആഞ്ഞുവീശിയാല്‍ പറന്നു പോകാന്‍ മാത്രം നേര്‍ത്ത ക്ഷീണിതനും അവശനുമായ ഒരു മെലിഞ്ഞ മനുഷ്യന്‍. ഏതാണ്ട് ഒരു അസ്ഥിപഞ്ജരം ..കൊച്ചിയുടെ ഗായകന്‍, എച് മെഹബൂബ്. ബാബുരാജിന്റെ മുമ്പിലെത്തി പാട്ട് ഒന്നും ഓര്‍മയില്ലെന്നു ആംഗ്യം കൊണ്ട് സൂചിപ്പിച്ചു മെഹബൂബ്. ഹാര്‍മോണിയത്തില്‍ വിരലുകളോടിച്ചു ധൈര്യം പകര്‍ന്നു ബാബുരാജ്‌ . ഹാര്‍മോണിയത്തില്‍  നിന്ന് നാദവീചികള്‍ ഉയരവേ മഹബൂബിന്റെ മുഖത്ത് ശിശുസഹജമായ ഒരു ചിരി വിടര്‍ന്നു. ഇരുന്നും നിന്നുമാണ് മഹബൂബ് പാടിയത്. പലപ്പോഴും വരികള്‍ മറന്നു . ക്ഷമയോടെ കരുതലോടെ സ്നേഹത്തോടെ ബാബുരാജ്‌ പിന്നില്‍ നിന്നും മെല്ലെ മെല്ലെ മൂളി ഓര്‍മിപ്പിച്ചു. കേട്ടുകേട്ടു ഓര്‍മ്മയില്‍ ആ ഗാനഭാവം മനസ്സില്‍ തെളിച്ച് അതില്‍ ലയിച്ചു ഇളകിയാടി ഭാവചേഷ്ടകളോടെ പാടിയ മഹബൂബ് സദസ്സിനെ ഒന്നാകെ കയ്യിലെടുത്തു .
കാത്തു സൂക്ഷിച്ചൊരു 
കസ്തൂരി മാമ്പഴം
കാക്ക കൊത്തി പോകും അയ്യോ കാക്കച്ചി കൊത്തി പോകും ....
(പാടുമ്പോള്‍ മെഹബൂബിന്റെ മുഖത്ത് എപ്പോഴും വിഷാദഭാവം .സ്വരനാളിയില്‍ നിന്നല്ല നെഞ്ചില്‍ കൂടില്‍ നിന്നാണ് ശബ്ദം ഏങ്ങിയെത്തുന്നത്
അങ്ങനെയല്ലാതെ ഭായ് പാടിയിട്ടില്ല . വേദിയില്‍ ജനഹൃദയങ്ങളില്‍ മെഹബൂബിനെ വെല്ലാന്‍ പാടി ജയിക്കാന്‍ മെഹബൂബിനു മാത്രമേ കഴിഞ്ഞിട്ടുള്ളൂ എന്ന് ചരിത്രം )
കടപ്പാട് ജോണ് പോള്‍
-------------------------------------------------------------------------------------------------------------------------
ഭാര്‍ഗവീ നിലയത്തിന്റെ ആദ്യ പ്രദര്‍ശന ദിവസം, എറണാകുളത്തെ ലക്ഷ്മണ്‍ തിയറ്ററില്‍ താമസമെന്തേ വരുവാന്‍ എന്ന ഗാനരംഗം വന്നപ്പോള്‍ അതിന്റെ വശ്യതയില്‍ കോരിത്തരിച്ചു തിയറ്ററില്‍ നിറയെ കൈയടി ഉയര്‍ന്നു. അതിനിടയില്‍ ആരുടെയോ ഒരു കമെന്റ് .".നമ്മുടെ അഗസ്റ്റിന്‍ യോസഫ്  ഭാഗവരുടെ മോന്‍ പാടിയ പാട്ടാണ് കേട്ടാ "
 
--------------------------------------------------------------------------------------------------------------------------

വി ടി കുമാരന്‍ പ്രശസ്തനായ കവിയും ഗാനരചയിതാവും ആയിരുന്നു . അദ്ദേഹം രോഗബാധിതനായി ആശുപത്രിയില്‍ കഴിയുമ്പോഴാണ് തേന്‍തുള്ളി എന്ന ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വടകരയില്‍ നടക്കുന്നത് . കുമാരന്‍ മാസ്റ്ററുടെ സുഹൃത്തുക്കളായ പള്ളിക്കര വി പി മുഹമ്മദ്‌ , പി ടി അബ്ദുരഹമാന്‍, കെ .രാഘവന്‍ മാസ്റ്റര്‍ , എസ് വി അബ്ദുള്ള തുടങ്ങിയവര്‍ അണിയറ പ്രവര്‍ത്തകര്‍ . സുഹൃത്തുക്കള്‍ കുമാരന്‍ മാസ്റ്റര്‍ക്ക് സമര്‍പ്പിച്ച ചിത്രത്തിലെ പാട്ടുകള്‍ പാടാന്‍ മകനായ മുരളിയെ തിരഞ്ഞെടുത്തു . നമ്മുടെ ഓര്‍മകളില്‍ ഗൃഹാതുരതയോടെ കൂട് കൂട്ടിയ പാട്ടുകളിലോന്നായ "ഓത്തുപള്ളിയിലന്നുനമ്മള്" അങ്ങനെ പിറവി കൊണ്ടു .

--------------------------------------------------------------------------------------------------------------------------

ജയമോഹൻ

സ്ത്രീ എന്ന സിനിമക്ക് തിരകഥ തയ്യാറാക്കുമ്പോള്‍ തിക്കുരിശ്ശിക്ക് തിരകഥ എഴുത്തിന്റെ ബാല പാഠം പോലും അറിയില്ലായിരുന്നു തിരകഥ എന്നാല്‍ തിരക്കിട്ട് എഴുതുന്ന കഥ എന്നാണല്ലോ ഇന്നത്തെ അവസ്ഥ . തിക്കുറിശ്ശി എഴുതിയ തിരകഥയില്‍ ഇങ്ങനെ ഒക്കെ ചില വാചകങ്ങള്‍ 'ദൂരെ നിന്ന് കാണിക്കുന്നു' (ലോങ്ങ്‌ ഷോട്ട് ) 'മുഖം വലുതായി കാണിക്കുന്നു' (ക്ലോസ് അപ്പ്‌) . ഇങ്ങനെ ആണ് മലയാളത്തിലെ ആദ്യത്തെ സകലകലവല്ലഭന്‍ തുടങ്ങിയത്.

--------------------------------------------------------------------------------------------------------------------------

രാഘവ പറമ്പിലെ വീട്ടില്‍ ഒരു ദിവസം ഒരു അതിഥി എത്തി ശരത്തിനെ കാണാന്‍. അത് സാക്ഷാല്‍ ഗിരിഷ് ആയിരുന്നു . മടങ്ങുമ്പോള്‍
അവിടെ സൂക്ഷിച്ചിരുന്ന വയലാറിന്റെ ചെരുപ്പിന്റെ ഒരു കഷ്ണം ഗിരീഷ്‌ മുറിച്ചെടുത്തു . ഒപ്പം മുറ്റത്ത്‌ നിന്നും ഒരു പിടി മണ്ണും. മണ്ണ് സ്വന്തം വീടിന്റെ മുറ്റത്ത്‌ ഇടാനും ചെരിപ്പിന്റെ കഷ്ണം വീട്ടില്‍ സൂക്ഷിക്കാനും!
--------------------------------------------------------------------------------------------------------------------------
പട്ടണത്തില്‍ ഭൂതം എന്ന ചിത്രത്തിന്റെ അവസാന രംഗങ്ങള്‍ ഷൂട്ടിംഗ് നടക്കുന്നു . രാജന്‍ പി ദേവ് തകര്‍ക്കുന്ന രംഗം. രാജന്‍ പി ദേവിനെ വിളിച്ചപ്പോള്‍ അദ്ദേഹം രംഗത്തേക്ക് വന്നു , ഇങ്ങനെ ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട്  "എല്ലാരും വഴി മാറിക്കോ ഒരു അന്ധന്‍ വരുന്നേ " അന്യ ഭാഷ സിനിമയിലെ ഒരു സ്ടണ്ട് രംഗത്ത് വച്ച് കണ്ണിനു സാരമായ പരിക്കേറ്റ രാജന്‍ പി ദേവിന് അവസാന കാലത്ത് ഏകദേശം പൂര്‍ണമായ അന്ധത തന്നെ ആയിരുന്നു.