താജ്മഹല്‍ നിര്‍മ്മിച്ച രാജശില്പി

മലയാള സംഗീത ചർച്ചാവേദികളിൽ സ്ഥിരം സാ‍ന്നിധ്യമാവുന്ന രണ്ട് വ്യക്തികളാണ് സംശയാലുവും ജയ് മോഹനും.നുറുങ്ങുകൾ - ( ഇന്ത്യൻ സംഗീത/സിനിമാരംഗത്തെ എളുപ്പം വായിച്ചു പോകാവുന്ന കൗതുകവാർത്തകൾ) ഇവരിലൂടെ വീണ്ടും നിങ്ങളുടെ മുന്നിലെത്തുകയാണ്. വായിച്ചതും,കണ്ടതും പറഞ്ഞുകേട്ടതുമായ കൗതുക വർത്തമാനങ്ങൾ ചെറു കുറിപ്പുകളായി അവർ ഇവിടെ എല്ലാവർക്കുമായി പങ്കുവയ്ക്കുന്നു.

സംശയാലു

വയലാര്‍ ദേവരാജന്‍ ടീം കൊടുമുടികള്‍ കീഴടക്കി വിരാജിക്കുന്ന കാലം. അവരെ കിട്ടിയില്ലെങ്കില്‍ മാത്രമേ വേറെ ആരെയെങ്കിലും അന്വേഷിക്കൂ എന്നാ അവസ്ഥ. മുട്ടത്തുവര്‍ക്കിയുടെ അഴകുള്ള സെലീന സേതുമാധവന്‍ സംവിധാനം ചെയ്യുന്നു. ഗാനങ്ങള്‍ വയലാര്‍. സേതുമാധവനും ദേവരാജനും  തമ്മില്‍ എന്തോ നീരസം . അത് കൊണ്ട് തന്നെ സംഗീത സംവിധാനം യേശുദാസ് ആവട്ടെ എന്നായി സംവിധായകന്‍. ഗാനരചയിതാവിന്റെ സാന്നിധ്യത്തിലെ അന്ന് റിക്കാര്‍ഡിംഗ് നടക്കാറുള്ളൂ . 'മരാളികെ മരാളികെ 'എന്ന പാട്ടിന്റെ റിക്കാര്‍ഡിംഗ് ദിവസം, എല്ലാവരും ഹാജര്‍ . കഥയിലെ മറ്റൊരു സന്ദര്‍ഭം ചൂണ്ടിക്കാട്ടി ദാസ്‌ ഇവിടെ ഒരു പാട്ടുണ്ടായാല്‍ നന്നായിരിക്കും കഴിയുമെങ്കില്‍ ഇന്ന് തന്നെ അല്ലേല്‍ നാളെ എന്ന് പറയുന്നു . സ്ക്രിപ്ടുമായി വയലാര്‍ പുറത്തേക്കിറങ്ങി. മരാളിക പാടാന്‍ ദാസ്‌ അകത്തേക്കും. പാടിതീര്‍ത്തു ദാസ്‌ പുറത്തു വരുമ്പോള്‍ കൈ പുറകില്‍ കെട്ടി തല കുമ്പിട്ടു മുറ്റത്ത്‌ നടക്കുകയാണ് വയലാര്‍ . പത്തു മിനുട്ട് അങ്ങനെ നടന്നിരിക്കണം . പെട്ടെന്ന് കടലാസും പെണ്ണും ഇരുന്നെഴുതുവാന്‍ സ്ഥലവും ആവശ്യപ്പെടുന്നു അദ്ദേഹം .
മുഖത്താകെ ഗൌരവം . ഏകദേശം പതിനഞ്ചു മിനുട്ട് കഴിഞ്ഞപ്പോള്‍ സഹജമായ മന്ദഹാസവുമായി കടലാസ് ദാസിനെ നേരെ നീട്ടി പറഞ്ഞു "ഇതാ ദാസപ്പാ പാടി നോക്ക് " .  ഇന്നും ശ്രോതാക്കള്‍ കേള്‍ക്കാന്‍ കൊതിക്കുന്ന 'താജ്മഹല്‍  നിര്‍മ്മിച്ച രാജശില്പി' എന്ന മനോഹര ഗാനത്തിന്റെ രചന നടന്ന കഥ ദാസേട്ടന്‍ തന്നെ പറഞ്ഞത്.

--------------------------------------------------------------------------------------------------------------------------
കെ പി എ സി യുടെ യുദ്ധകാണ്ഡം എന്ന നാടകത്തിന്റെ പാട്ടെഴുത്ത് വയലാറിനായിരുന്നു . ഉദ്ഘാടനത്തീയതി പ്രസിദ്ധപ്പെടുത്തിയിട്ടും പാട്ട് കിട്ടിയില്ല . സംവിധായകന്‍ സുബ്രഹ്മണ്യം ഏതോ രഹസ്യസങ്കേതത്തില്‍ ഇരുത്തി സ്വാമി അയ്യപ്പന് വേണ്ടി പാട്ടെഴുതിക്കുന്നു എന്ന് അന്വേഷണത്തില്‍ കിട്ടിയ അറിവില്‍ നിരാശനായി തോപ്പില്‍ ഭാസി കെ പി എ സിയുടെ  മുറ്റത്ത്‌ നില്‍ക്കുമ്പോള്‍ ഒരു കാര്‍ പാഞ്ഞു വന്നു. അതില്‍ നിന്നും ചാടിയിറങ്ങിയ വയലാര്‍ ഭാസിയുടെ മുഖത്തെ പരിഭവം കണ്ടതായി നടിച്ചേ ഇല്ല . ഒരു കടലാസെടുത്തു നീട്ടി ഞാന്‍ ശബരിമല അയ്യപ്പനെ കുറിച്ച് എഴുതിയ പാട്ടാ.നീയൊന്നു നോക്ക് ഭാസ്കരാ എന്ന് പറഞ്ഞു ഭാസിയോട്‌ . ശബരിമലയില്‍ തങ്ക സൂര്യോദയം എന്ന അതീവ ഹൃദ്യമായ പാട്ട്. ആത്മീയവാദിയും അയ്യപ്പ ഭക്തനുമായ ഒരു കവിക്കല്ലാതെ എഴുതാന്‍ ആവാത്ത ആ പാട്ട് കണ്ടു സ്തംഭിച്ചു നിന്ന ഭാസി തന്റെ നാടക സന്ദര്‍ഭം ഈ ആശയതിനെതിരാണെന്ന് കവിയെ ബോധ്യപ്പെടുത്തുന്നു . ഒരു നിമിഷം നിശബ്ദനായി നിന്ന ശേഷം അതെ കടലാസിന്റെ മറുപുറത്ത് കാറിന്റെ ബോണറ്റില്‍ കടലാസ് വച്ച് എഴുതാന്‍ തുടങ്ങി . അല്പം കഴിഞ്ഞു കടലാസ് ഭാസിക്ക് കൊടുത്തു ചോദിച്ചു "പല്ലവി ഇത് മതിയോ ഭാസ്കരാ ?" ഭാസി മിഴിച്ചു നിന്ന് പോയ്‌ ...
 
ശബരിമലയിലും കല്ല്‌
ശക്തീശ്വരത്തും കല്ല്‌
ഗുരുവായൂരിലും തിരുപ്പതി മലയിലും
തൃച്ചംബരത്തും കല്ല്‌!
കല്ലിനെ തൊഴുന്നവരെ
നിങ്ങളീ കല്പണിക്കാരെ
മറക്കരുതേ.... മറക്കരുതേ ...
 
ഇതായിരുന്നു പാട്ടിന്റെ തുടക്കം

--------------------------------------------------------------------------------------------------------------------------
 

പീച്ചി ഹൌസില്‍ യേശുദാസ് അപ്പന്‍ അഗസ്റ്റിന്‍ ജോസഫിനൊപ്പം എത്തുന്നു ..ദാസ്‌ പാടി. ഒരു ജലധാരായന്ത്രത്തില്‍നിന്നൊഴുകും കുളിര്‍ജലം പോലെ  .
അനുകരണീയമായ ആ സ്വരരാഗസുധ അനര്‍ഗളമായി നിര്‍ഗ്ഗളിക്കുകയാണ്!. പീച്ചിമലയുടെ പചിലക്കാടുകളില്‍ കാളിന്ദി തീരത്തെ കാലിചെറുക്കന്‍ തന്റെ ഓടക്കുഴലുമായി കാലി മേയ്ക്കാന്‍ ഇറങ്ങിയോ! .
(എന്റെ കുട്ടീ യേശുദാസ് സൌണ്ട് എഞ്ചിനീയര്‍ ഓ കെ പറഞ്ഞാല്‍ തെക്കേ ഇന്ത്യയിലെ ഒരു കണ്ടുപിടിത്തമായിരിക്കും നിന്റെ ശബ്ദം . നിറഞ്ഞ കണ്ണുകളോടെ യേശുദാസിനെ വാരിപ്പുണര്‍ന്നു എം ബി എസ് പറഞ്ഞ വാക്കുകളാണ് എന്നെ സ്വപ്നത്തില്‍ നിന്ന് കുലുക്കിയുണര്ത്തിയത്. )
എന്റെ ഓര്‍മ്മയില്‍ എന്നെന്നും നിറഞ്ഞു നില്‍ക്കുന്ന ഒരു മുഹൂര്‍ത്തം .ഒരു സുരഭില മുഹൂര്‍ത്തം ..
പാട്ട് റെക്കോര്‍ഡ്‌  ഒരുക്കങ്ങള്‍ തുടങ്ങി..റിഹേര്‍സല്‍ തുടങ്ങി. പി ലീല ഉദയഭാനു . ശാന്ത പി നായര്‍ ,കമലാ കൈലാസനാഥന്‍ ,യേശുദാസ് ഇവരാണ് ഗായകര്‍. അപ്രതീക്ഷിതമെന്നു പറയട്ടെ റെക്കോര്‍ഡ്‌നു തൊട്ടു മുമ്പ് യേശുദാസിന് പനി പിടിച്ചു . ഈ അവസ്ഥയില്‍ അയാളെ കൊണ്ട് പാടിക്കുന്നതില്‍ സംവിധായകന്‍ ആന്റണിയും എം ബി എസ്സും എതിരായിരുന്നു. അവര്‍ ഒരേ സ്വരത്തില്‍ പറഞ്ഞു. നമ്പിയത്ത് സാര്‍ ഇത് പരീക്ഷണത്തിനുള്ള വേദിയല്ല ,ലക്ഷങ്ങള്‍ മുടക്കിയാണ് പടമെടുക്കുന്നത് . അത് പൊട്ടാതെ നോക്കേണ്ടത് ഞങ്ങളുടെ ചുമതലയാണ് ..ഒരു പാട്ട് ഞാന്‍ ദാസിനു കൊടുക്കും , അത് എന്റെ സിനിമ പൊട്ടുന്നെങ്കില്‍ പൊട്ടട്ടെ -എന്റെ ഉറച്ച സ്വരം ..ഭാനുമതി അമ്മയുടെ ഭരണി സ്റ്റുഡിയോയില്‍ വച്ചായിരുന്നു റിക്കാര്‍ഡിംഗ്. റിക്കാര്‍ഡിംഗ് രംഗത്തെ കുലപതിയായ കോടീശ്വരറാവുവായിരുന്നു റിക്കാഡിസ്റ്റ്.യേശുദാസ് നിര്‍ഭയം പാടി. ആ ശബ്ദം ആദ്യമായി സൌണ്ട് യന്ത്രത്തിന്റെ ടേപ്പില്‍ പതിഞ്ഞു .ജാതിഭേദം മതദ്വേഷം ......
(കാല്‍പ്പാടുകളുടെ മുറിപ്പാടുകള്‍ എന്ന ആത്മകഥയില്‍ നിന്ന്..കാല്‍പ്പാടുകളുടെ നിര്‍മാതാവ് ആര്‍ നമ്പിയത്ത് ഓര്‍ക്കുന്നു ദാസിനെ ആദ്യം പാടിച്ചത്‌ ..)

--------------------------------------------------------------------------------------------------------------------------
ജയമോഹൻ

തന്റെ ശിഷ്യന്‍മാര്‍ സ്വതന്ത്രസംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തില്‍ നായകനാകണം എന്ന മോഹം  ബാലചന്ദ്രമേനോനുണ്ടായിരുന്നു . ഓരോ ശിഷ്യന്മാര്‍ക്കും അവസരം വരുമ്പോൾ തന്റെ സൌകര്യത്തിനു വേണ്ടി അവ മാറ്റി വെയ്ക്കാന്‍ ആവശ്യപെടും .
അങ്ങനെ ഗോപി  ‘ദൈവത്തെ ഓര്‍ത്തു‘,  വിജി തമ്പി ‘ഡേവിഡ്‌ ഡേവിഡ്‌ മിസ്റ്റര്‍ ഡേവിഡ്‌ ‘ എന്നീ സിനിമകൾ  എടുത്തു , എന്നാല്‍  അങ്ങനെ  കാത്തുനില്‍കാന്‍ രാജന്‍ ശങ്കരാടി തയ്യാറായില്ല.
മേനോനില്ലാതെ ‘ഗുരുജി ഒരു വാക്ക്‘ എടുത്തു . മേനോനൂ വേണ്ടി കുറച്ചുതാമസിപ്പിച്ചാണ് ‘വരും വരുന്നു വന്നു’ എന്ന സിനിമ രാം ദാസ്‌ സംവിധാനം ചെയ്തത്. ആ ചിത്രത്തിൽ  ജി എസ് പ്രദീപ്‌ (ഗ്രാന്‍ഡ്‌ മാസ്റ്റര്‍) അഭിനയിച്ചു എന്നതില്‍ കവിഞ്ഞു  ഒരു  പ്രാധാന്യവും ഇല്ല .

 --------------------------------------------------------------------------------------------------------------------------

മുന്‍പ്  മലയാള  സിനിമയുടെ ശാപങ്ങള്‍ ആയിരുന്നു ജോത്സ്യന്‍മാര്‍ . രാഹു കാലത്ത്  ഷൂട്ടിംഗ് തുടങ്ങി , തമിഴ് നാട്ടില്‍ മന്‍സൂര്‍  അലിഖാന്‍  ഒരു ചരിത്രം ഉണ്ടാക്കി എങ്കിലും  മലയാളികള്‍ അതിനു തയ്യാറല്ല  . ബാലു കിരിയത് ‘വാ കുരുവി  വരൂ  കുരുവി‘  എന്ന  പേരില്‍  മോഹന്‍ലാല്‍ , ക്യാപ്റ്റന്‍ രാജു
ഇവരെ വെച്ചു ഒരു സിനിമ തുടങ്ങി . പതിവ് പോലെ കോര എന്ന ജോത്സ്യന്‍ ചീട്ടു നിരത്തി  . ‘വാ കുരുവി വരൂ കുരുവി‘  എന്ന് പറഞ്ഞാല്‍ കുരുവിയെ വരൂ , പ്രേക്ഷകര്‍ വരില്ല അതുകൊണ്ട് ‘നായകന്‍‘ എന്നാക്കാന്‍ കോര നിര്‍ദേശം നല്‍കി . പടം അത്ര വിജയം ആയിരുന്നില്ല. ബാലു കിരിയത്ത് മനസ്സില്‍  പറഞ്ഞുകാണും , പഴയ പേരായിരുന്നേല്‍ കുരുവി എങ്കിലും  വന്നേനെ .ഈ ചിത്രത്തില്‍ കോരയ്ക്ക് വേണ്ടിയാകാം  "എല്ലാര്ക്കും എല്ലാര്‍ക്കും ദുഃഖം ദുഃഖം എനിക്ക് മാത്രം ഇല്ലല്ലോ ദുഃഖം ദുഃഖം" എന്നൊരു ഗാനമുണ്ട്.

 -------------------------------------------------------------------------------------------------------------------------

ഒരു സിനിമയ്ക്കു എത്ര പേരാകാം? ‘നഞ്ചെന്തിനു നാനാഴി‘ എന്ന പേരില്‍ തുടങ്ങിയ പ്രെസ്സി മള്ളൂര്‍ ചിത്രം ഒടുവില്‍  "പപ്പു മാള ജഗതി" എന്ന പേരിലായി. എന്നാല്‍ ഒരു പടത്തിന് 5 പേരോളം പരീക്ഷിച്ചു എന്ന് അറിയുക. ‘വിന്റെര്‍‘ എന്ന  ചിത്രം എടുത്തു, പിന്നത് പെട്ടിയില്‍ കിടത്തി താരാട്ട് പാടിയ ശേഷം, നടി സുചിത്രയുടെ സഹോദരന്‍ ദീപു  കരുണാകരന്‍  അടുത്ത പടം തീരുമാനിച്ചു "കള്ളന്റെ കഥ " ദിലീപ് നായകന്‍ . പക്ഷെ ഷൂട്ടിംഗ് പുരോഗമിച്ചപ്പോള്‍  പേരുമാറിയിങ്ങനെയായി. ‘ക്രേസി റാസ്കല്‘ ‍, ‘റണ്‍ ഗോപാല റണ്‍ ‘, ‘റണ്‍ റണ്‍ റണ്‍ ‘, ഒടുവില്‍ അത് ‘ക്രേസി ഗോപാലന്‍ ‘ ആയി !!

--------------------------------------------------------------------------------------------------------------------------
 
"എന്റെ പ്രണയത്തിന്‍ താജ് മഹാളില്‍ വന്നു ചേര്‍ന്നൊരു " എന്ത് മനോഹരമായ ഗാനം ! ‘ചെമ്പട‘ എന്ന ചിത്രത്തിന് വേണ്ടി റോബിന്‍ തിരുമല എഴുതി,  മുസാഫിര്‍ സംഗീതം നല്‍കി , നജീം അര്‍ഷാദ് ആലപിച്ച ഈ ഗാനം മനോഹരം തന്നെ ആണെന്നെല്ലാവർക്കും അറിയാം . എന്നാല്‍ ഈ റോബിന്‍ തിരുമലയും മുസഫിരും ഒരാള്‍ തന്നെ ആണെന്ന് എത്ര പേര്‍ക്ക് അറിയാം !

 

പിന്മൊഴികൾ

kollam samse jayamohana....nurungukla kalakkunnundu.

Bindu