ബാബുക്കയുടെ പാട്ട്

 നുറുങ്ങുകൾ - (ഇന്ത്യൻ സംഗീത/സിനിമാരംഗത്തെ എളുപ്പം വായിച്ചു പോകാവുന്ന കൗതുകവാർത്തകൾ).വായിച്ചതും,കണ്ടതും പറഞ്ഞുകേട്ടതുമായ കൗതുക വർത്തമാനങ്ങൾ ചെറു കുറിപ്പുകളായി ഇത്തവണ നിങ്ങൾക്കായി പങ്കു വയ്ക്കുന്നത് വെരി വെരി സംശയാലു.

ആദ്യമായി എം ജി രാധാകൃഷ്ണന്‍ സംഗീതം നല്‍കിയ ഗാനം ആലപിച്ചത്  കരമന കൃഷ്ണന്‍നായരായിരുന്നു . വര്‍ഷങ്ങള്‍ക്കു ശേഷം  കൃഷ്ണന്‍നായരുടെ മകള്‍ക്ക് സംഗീതലോകത്തേക്കുള്ള ചുവടുവെപ്പിനും എം ജി രാധാകൃഷ്ണന്‍ നിമിത്തമായി .കെ എസ് ചിത്ര എന്നായിരുന്നു ആ മകളുടെ പേര് .
____________________________________________________________

ബാബുരാജും സംവിധായകന്‍ പവിത്രനും നിലമ്പൂര്‍ ബാലനും  നന്നായി മദ്യപിച്ചു തെരുവിലൂടെ വരുമ്പോള്‍ റേഡിയോ യില്‍ നിന്നു പാട്ട് ..“മണിമുകിലെ  മണിമുകിലെ മാനം മീതെയിതാരുടെ പൊന്നും തോണിയിലേറി“...
പാട്ട് കഴിയും വരെ ബാബുക്ക ഒറ്റനില്‍പ്പ് .പിന്നെ പറഞ്ഞു..."ഹായ് ന്താ രാഘവന്റെ സംഗീതം " പവിത്രനും ബാലനും തിരുത്തി ..."ബാബുക്ക ഇത് ബാബുക്കയുടെ പാട്ടാ " ബാബുക്ക സമ്മതിക്കുന്നില്ല ....
ബോധ്യപ്പെടുത്താന്‍ നന്നേ പണിപ്പെട്ടു ബാലനും പവിത്രനും.
____________________________________________________________


പടയോട്ടത്തില്‍ "ആഴിക്കങ്ങെക്കരയുണ്ടോ
യാമങ്ങള്‍ക്കൊരു മുടിവുണ്ടോ" എന്ന കാവാലം വരികള്‍ കണ്ടപ്പോള്‍ ഒരു സഹസംവിധായകന്
വേവലാതി. മാഷേ ഈ മുടിവൊന്നു മാറ്റിയാല്‍ കൊള്ളാമെന്നായി കക്ഷി. പറ്റില്ലെന്ന് കാവാലം. അവസാനം എന്ന അര്‍ത്ഥത്തില്‍ പല്ലവിയില്‍ ഉപയോഗിച്ച ആ പദം മാറ്റുന്ന പ്രശ്നമില്ല എന്നായപ്പോള്‍ സംവിധായകന്‍ ജിജോ ഇടപെടുന്നു .കാവാലം എഴുതുന്നതെന്തെന്ന്  അദ്ദേഹതതിന്നറിയാം എന്ന് ജിജോ തീര്‍ത്തു പറഞ്ഞതോടെ പാട്ടിലെ മുടിവ് ബാക്കിയായി .
____________________________________________________________


തരംഗിണിയുടെ ഭാവഗീതങ്ങള്‍ എന്ന ആല്‍ബത്തിന് വേണ്ടി കാവാലം എഴുതിയ പാട്ടുകള്‍ കാവാലത്തിന്റെ തന്നെ  ശബ്ദത്തിൽ പാടിച്ചു കാസറ്റിലാക്കി എം ബി എസ്. ചെന്നെയില്‍ തിരിച്ചുചെന്നശേഷം  മൂന്നു മാസമാണ് ആ വരികള്‍ക്കുമേല്‍ എം ബി എസ് തപസ്സിരുന്നത്.ദീര്‍ഘമായ ആ തപസ്സിനൊടുവില്‍ "ശങ്കരാഭരണ ഗംഗാതരംഗ സംഗീതം" പോലുള്ള മനോഹരഗാനങ്ങള്‍ നമ്മള്‍ക്ക് കിട്ടി
____________________________________________________________


ആരതിയിലെ കൌമാരസ്വപ്നങ്ങള്‍ എന്ന ഗാനം എം ബി എസ് നടത്തിയ പരീക്ഷണങ്ങളില്‍ മറക്കാനാവാത്ത ഒന്നാണ്. ഒരേ ഗാനം എസ് ജാനകിയെക്കൊണ്ടു മൂന്നു സ്ഥായിയില്‍ വെവ്വേറെ പാടിച്ചു റെക്കോര്‍ഡ്‌ ചെയ്യുകയായിരുന്നു അദ്ദേഹം. ഓര്‍ക്കസ്ട്രേഷന്‍ ഇല്ലാതെ ആലേഖനം ചെയ്ത വേര്‍ഷനും ഉണ്ടായിരുന്നു ഇതില്‍ .പിന്നീട് ഈ മൂന്നു ട്രാക്കും വിദഗ്ധമായി കൂട്ടിച്ചേര്‍ത്തു .അലൌകിമായിരുന്നു അതിന്റെ ഇഫക്റ്റ് .മലയാളത്തില്‍ അത്തരമൊരു പരീക്ഷണം അതിനു മുമ്പും പിന്നീടും കേട്ടിട്ടില്ലെന്ന് ഗാനരചയിതാവായ സത്യന്‍ അന്തിക്കാട്‌ ഓര്‍ക്കുന്നു .റെക്കോര്‍ഡ്‌ ചെയ്യാനുള്ള സാങ്കേതിക വിദ്യ ഇന്നത്തേതിന്റെ പകുതി പോലും പുരോഗമിച്ചിട്ടില്ലാത്ത കാലത്താണ് എന്ന് കൂടി ഓര്‍ക്കുക.

Contributors: 

പിന്മൊഴികൾ

ഈ രസകരമായ വിജ്ഞാനശകലങ്ങള്‍ക്ക് സംശയാലുവിന് നന്ദി. നുറുങ്ങില്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയതും വളരെ നന്നായി. ഒരു പുതിയ ആകര്‍ഷകമായ മുഖം

“കൌമാരസ്വപ്നങ്ങൾ” ഒരു വെല്ലുവിളി തന്നെയായിരുന്നു. വെസ്റ്റേൺ സംഘഗാനത്തിലെ പല സാങ്കേതികതയും ഡിജിറ്റൽ റെക്കോറ്ഡിങ് ഇല്ലാതിരുന്ന അക്കാലത്ത് ഒരാളെക്കൊണ്ടു തന്നെ പാടിച്ച് ഉപരിലേഖനം ചെയ്ത് ഇഫെക്റ്റുകൾ ഉണ്ടാക്കി എടുക്കുകയായിരുന്നു. ഹാർമണസിങ് വിദ്യകൾ, കൌണ്ടർ മെലഡി, റൌണ്ട് ഇതൊക്കെ പ്രയോഗത്തിൽ വരുത്തിയിരിക്കുന്നു. പലതവണ പാടിപ്പിച്ചതായി ഓറ്ക്കുന്നു എന്ന് എസ്. ജാനകി തന്നെ ഈയിടെ പറഞ്ഞിരുന്നു, അവരുടെ വാത്സല്യഭാജനമായ അഭിലാഷിനോട്.

ആ പാട്ട് ഇറങ്ങിയ കാലത്ത് ഇതൊന്നും അത്ര ശ്രദ്ധിക്കപ്പെട്ടില്ല എന്നത് നിർഭാഗ്യകരം. കിശോർ (രാഗകൈരളി) ഒരു പോസ്റ്റ് ഇട്ടിരുന്നു ഇതിനെപ്പറ്റി. ഇപ്പോഴെങ്കിലും ഈ ചർച്ച വന്ന്ത് ആശ്വാസകരം.

എല്ലാം പുതിയ കാര്യങ്ങൾ..സന്തോഷവും സ്നേഹവും ഒരു പോലെ പ്രദായകമാവുന്ന അറിവുകൾ..

2004ൽ ഈ വെബ്ബിന്റെ അടിസ്ഥാനശിലയിടാൻ മുന്നിട്ടിറങ്ങി. തുടർന്ന് ഒരു പറ്റം നിസ്വാർത്ഥരായ സുഹൃത്തുക്കളുടെ പ്രകാശവലയത്തിലകപ്പെട്ടതോടെ ജീവിതം സംഭവബഹുലവും മനസ്സ് യൗവ്വനതീക്ഷ്ണവുമായി :)  

kiranz@m3db.com | https://facebook.com/kiranzz