"ഓമനത്തിങ്കൾക്കിടാവോ’ ആദ്യമായി മലയാളം സിനിമയിൽ പ്രവേശിച്ചത്

മലയാളസിനിമയുടെ നിരൂപണചരിത്രത്തിൽ സിനിക്കിന്റെ സ്ഥാനം അടയാളപ്പെടുത്താൻ എളുപ്പമാണ്. എന്തെന്നാൽ വേറേ ആരും അവിടെയില്ല. സിനിമയുടെ ചരിത്രം തന്നെ സിനിക്കിന്റെ കടുത്ത വിമർശനങ്ങളിലൂടെ വായിച്ചെടുക്കാം.........എതിരൻ എഴുതുന്ന പരമ്പര

26. ന്യൂസ് പേപ്പർ ബോയ്
(1955 മേയ്)

പൂങ്കുന്നത്തിന്റെ ഗാനരചന കൊള്ളാം. കൂട്ടത്തിൽ നന്നായെഴുതപ്പെട്ടത്  ‘തെക്കൻ കാറ്റേ” എന്ന പാട്ടാണ്. പാടിയ ഭംഗി നോക്കുമ്പോൾ ശാന്തയുടെ ശ്രുതിമധുരമായ “ഓമനത്തിങ്കളാ” ണ് ഏറ്റവും ശ്രദ്ധേയമായ ഗാനം. അടുത്തതു ഗംഗ പാടിയ ‘നരനായിങ്ങനെ’ യെന്നതും.

(‘ഓമനത്തിങ്കൾക്കിടാവോ’ ആദ്യമായി മലയാളം സിനിമയിൽ പ്രവേശിച്ച ചരിത്രസന്ദർഭമാണിത്. ക്ലാസിക് കൃതികൾ സിനിമയിൽ ഇടം തേടുന്ന ആദ്യ മുഹൂർത്തം)

27. സി. ഐ. ഡി.
(1955 സെപ്റ്റംബർ)

  മറ്റൊരു കുറവ്, ഇത്തരം ചിത്രങ്ങളുടെ ആസ്വാദ്യത ദ്വിഗുണീഭവിപ്പിക്കുന്നഒന്നാന്തരം പാട്ടുകളോ കൺ മയക്കുന്ന നൃത്തങ്ങളോ ഇതിലുൾക്കൊള്ളിയ്ക്കാൻ പ്രകൃതചിത്രനിർമ്മാതാക്കൾക്ക് കഴിഞ്ഞില്ലെന്നതാണ്. തിരുനൈനാർ കുറിച്ചിയുടെ ഗാനങ്ങൾ പൊതുവേ തരക്കേടില്ല. പി. ലീലയുടെ “കാനനം വീണ്ടും തളിർത്തു” ശ്രീനിവാസന്റെ ‘ കൈമുതൽ വെടിയാതെ”, “ നില്ലു നില്ലൂ ചൊല്ലു ചൊല്ലൂ‘, പുരുഷൊത്തമനും കൂട്ടരും പാടിയ ‘മലനാട്ടിൻ മക്കൾ തൻ നേട്ടം” എന്നിങ്ങനെ കേൾക്കാൻ രസമുള്ള പാട്ടുകളിതിലുണ്ട്. എന്നാൽ കാതിലൂടെ കടന്നു കരളിൽ സ്ഥലം പിടിച്ചവിടെ നിന്നു വീണ്ടും വീണ്ടും ആലോചന തുടർന്നു പൊരുന്ന പൊടിപ്പൻ പോപ്പുലർ ട്യൂണൊന്നെങ്കിലുമില്ല ഈ ചിത്രത്തിന്നഭിമാനിയ്ക്കാനായിട്ട്. പ്രേക്ഷകഹൃദയത്തിലേക്ക് എളുപ്പം കടക്കാനും അവിടെ സ്വാധീനം ചെലുത്താനുമുതകുമായിരുന്ന ഒന്നാന്തരമൊരു കുറുക്കുവഴി ഉപയോഗപ്പെടുത്തിയില്ലെന്നതു കഷ്ടമായിപ്പോയി. നൊടിയിടകൊണ്ടു തെരുവു തോറും പരന്നൊലിക്കത്തക്കവിധം ജനസമ്മതി നേടുന്ന ഒന്നുരണ്ടുഗാനമെങ്കിലുമുണ്ടാകുന്നത് നമ്മുടെ ഏതു ചിത്രത്തിനും ഗണ്യമായൊരു കൈമുതലാണെന്ന് ഇതിനകം വീണ്ടും വീണ്ടും കണ്ടുകഴിഞ്ഞതാണല്ലൊ. ബ്രദർ ലക്ഷ്മണനക്കാര്യം നേടാൻ പ്രകൃതചിത്രത്തിൽ കഴിഞ്ഞിട്ടില്ല.

28. രാരിച്ചൻ എന്ന പൌരൻ
(1956 മാർച്ച്)

സംവിധാനത്തിൽ നീലക്കുയിലിൽ നിന്നൊരുപടി മുന്നോട്ടു വന്നിരിക്കുന്ന പി. ഭാസ്കരൻ ഈ ചിത്രത്തിന്നായി പത്തു പാട്ടുകളും എഴുതിയുട്ടുണ്ട്. പ്രേമാർദ്രമായ പുന്നാരപ്പാട്ടുകളെഴുതാൻ പ്രത്യേക വാസനയുള്ള ഭാസ്കരൻ പൂമുറ്റത്തൊരു മുല്ല വിരിഞ്ഞപ്പോഴും, മണവാളൻ വന്നപ്പോൾ മണവാട്ടി മുഖം താഴ്ത്തി മയങ്ങിടുമ്പോഴും, പണ്ടു പണ്ട് നിന്നെക്കണ്ട നാളെക്കുറിച്ച് ഓർക്കുമ്പൊഴും, നാഴിയുരിപ്പാലു കൊണ്ട് നാടാകെ  കല്യാണവും നാലഞ്ചു തുമ്പ കൊണ്ട് മാനത്തൊരു പൊന്നോണവും ഒക്കെ കണ്ടപ്പോഴുമെഴുതിയ കവനങ്ങൾക്ക് നിസർഗ്ഗസുന്ദരമായ  മനോഹാരിതയുണ്ട്. പാട്ടുകൾക്കു സംഗീതസംവിധായകനായ രാഘവൻ നൽകിയ ട്യൂണുകളിൽ പലതും ശ്രവണ സുഖം നൽകുന്നുണ്ട്. ഇഴഞ്ഞുനീങ്ങുന്ന ചക്കിനെക്കുറിച്ചുള്ള രാരിച്ചന്റെ പാട്ടിനു ദ്രുതഗതിയിലും ഭേദം പതിഞ്ഞാഴിഞ്ഞുള്ള മട്ടു നൽകുകയായിരുന്നില്ലേ  എന്നൊരു സംശയം തോന്നി. ചില ട്യൂണുകൾക്കു കൂടുതൽ നാടോടിച്ചുവ കൊടുക്കുകയായിരുന്നില്ലേ ഉചിതമെന്നും. “കല്ലേ കനിവില്ലേ” എന്ന ഉള്ളിൽ തട്ടുന്ന പാട്ട് കേൾക്കാൻ പ്രത്യേക രസമുണ്ട്. പാടിയവരിൽ ലീലയും ശാന്തയുമാണ് മുന്നിട്ടു നിൽക്കുന്നത്.


(ഈ ചിത്രത്തിൽ രാരിച്ചൻ എന്ന ബാലന്റെ ഭാഗം അഭിനയിച്ചത് ലത്തീഫ് എന്ന പയ്യനാണ്. ലത്തീഫ് മലയാളസിനിമയുടെ അവിഭാജ്യഘടകം ആയി മാറി പിന്നീട്. പല സിനിമകളിലും പ്രധാനവും അപ്രധാനവും ആയ വേഷങ്ങൾ ചെയ്തു. അഭിനയം മതിയാക്കി പ്രൊഡ്യൂസറുടെ മേലങ്കി അണിയുകയും ചെയ്തു കുറെക്കാലം.  ചെറുപ്പത്തിലേ നല്ലപാട്ടുകാരൻ എന്ന പേരെടുത്ത ലത്തീഫിനെക്കൊണ്ടു ഈ സിനിമയിൽ പാടിയ്ക്കാത്തതിന്റെ നീരസം സിനിക്ക് ഇങ്ങനെ വെളിവാക്കുന്നു: “പാടാനറിയാവുന്ന (എന്നാണു കേട്ടത്) ഈ കുട്ടിയ്ക്ക് അതിനു സന്ദർഭം കൊടുക്കാഞ്ഞത്, ഒരു പക്ഷേ ഇന്ത്യൻ ചലച്ചിത്രത്തിലെ പിന്നണിപ്പാട്ടിന്റെ പുതിയ പാരമ്പര്യം പുലർത്തിക്കൊണ്ടു പോകാനായിരിക്കാം. ഖദീജയുടെ ഭാഗമെടുത്ത വിലാസിനിയ്ക്കും പാടാൻ വയ്ക്കുമത്രെ. പി. ലീലയുടേയും ശാന്താ പി. നായരുടേയും മധുരകണ്ഠങ്ങളോടു വിരോധമുണ്ടായിട്ടല്ല, പാടാൻ കഴിവുള്ളവർക്ക് ആ അവസരം നിഷേധിച്ചു പോരുന്ന ചലച്ചിത്രനിർമ്മാതാക്കളുടെ ഈ വിചിത്രവൃത്തിയോടുള്ള പ്രതിഷേധം രേഖപ്പെടുത്താനാണ് ഇക്കാര്യം ഇവിടെ എടുത്തു പറഞ്ഞത്.”)


29. മന്ത്രവാദി
(1956 സെപ്റ്റംബർ)

പാട്ടില്ലാത്ത ചിത്രനിർമ്മിതി പാതകമായിക്കരുതുന്നവരാണല്ലൊ നമ്മുടെ ആസ്വാദകരിലധികം പേരും. അവരെ മറന്നിട്ടില്ല നീല. പതിന്നാലു പാട്ടുണ്ടീ ചിത്രത്തിൽ. പോരേ? തിരുനൈനാർ കുറിച്ചിയുടെ കവിതാമാധുര്യം ഇരട്ടിപ്പാൻ മ്യൂസിക് ഡയറക്റ്റർ ബ്രദർ ലക്ഷ്മണൻ (സംഗീതസംവിധാനം ഇങ്ങനെത്തന്നെ വേണം) കേട്ടു പഴകിയ ട്യൂണുകൾ കടം വാങ്ങി അണി നിരത്തിയിട്ടുണ്ട്. അവ പാടിയവരിൽ പ്രധാനികൾ പി. ലീലയും കമുകറ പുരുഷോത്തമനുമാണ്.ഒരിക്കൽ ഒന്നു കേട്ടുകളയാമെന്ന കൊതിയുണർത്തത്തക്ക ഒരു പാട്ടെങ്കിലും ഈ പതിനാലെണ്ണത്തിൽ ഉണ്ടായിരുന്നെങ്കിൽ!

30. അവരുണരുന്നു
(1956 ഡിസംബർ)

പത്തുപാട്ടുകളുള്ളതിൽ എട്ട് പാലാ നാരായണൻ നായരുടേതും രണ്ടെണ്ണം വയലാറിന്റേതുമാണ്. ഗാനങ്ങൾ പലതിനെക്കുറിച്ചും തരക്കേടില്ലെന്നു പറയാമെങ്കിലും പാടിയതിനെപ്പറ്റിയോ പൊതുവിൽ ദക്ഷിണാമൂർത്തിയുടെ സംഗീതസംവിധാനത്തെപ്പറ്റിയോ അതേ അഭിപ്രായം പറയാൻ പറ്റില്ല. ഇടയ്ക്കുള്ള “ ഹൈ ..ട്രൂ…” എന്ന അപശബ്ദം മറക്കാൻ കഴിഞ്ഞാൽ എൽ. പി. ആർ. വർമ്മ പാടിയ “മാവേലി നാട്ടിലെ മന്ദാരക്കാട്ടിലെ”എന്ന പാട്ടു കൊള്ളാമെന്നോതാം. ജിക്കി പാടുന്ന “കിഴക്കുനിന്നൊരു പെണ്ണു വന്നു” എന്ന നല്ല പാട്ടിനു ട്യൂണിലുണ്ടാകേണ്ടിയിരുന്ന ഗ്രാ‍മീണ സൌന്ദര്യം പോട്ടെ (മലയാളം അറിയാത്ത ആൾ പാടുന്നതാണെന്നു വ്യക്തമായിരുന്നു) പലയിടത്തും അക്ഷരശുദ്ധി പോലും കണ്ടില്ലെന്നത് കഷ്ടമായി. “മുന്നേറും പ്രണയം കൃഷി താനേ” പാട്ടുപോലെ തന്നെ പാടിയതും മോശമായി.. “എൻ മാനസമേ നിലാവേ ഓടിവാ”, “ഒരു കാറ്റും കാറ്റല്ല” എന്നിവ പാടിയ മട്ടാണ് ആ പാട്ടുകളുടെ രചനാശിൽ‌പ്പത്തേക്കാൾ നന്നായത്.

Contributors: