അമ്പൂട്ടി

Ambootty

യഥാർത്ഥ നാമം അനിൽ കുമാർ. അമ്പു എന്ന വിളിപ്പേരിനെ വികസിപ്പിച്ച് അമ്പൂട്ടി എന്ന പേരു സ്വീകരിച്ചു. തിരുവനന്തപുരം മോഡൽ ഹൈസ്കൂളിൽ വിദ്യാഭാസം പൂർത്തിയാക്കി. ആ വേളയിൽ തന്നെ മിമിക്രി മോണോ ആക്ട് രംഗങ്ങളിൽ തിളങ്ങുകയും ധാരാളം സമ്മാനങ്ങൾ വാരിക്കൂട്ടുകയും ചെയ്തിരുന്നു. കോളേജ് വിദ്യാഭ്യാസ കാലത്ത് തന്നെ നാടകങ്ങളിൽ സഹകരിച്ചു തുടങ്ങി. ഏകദേശം 11 വർഷത്തോളം സുഹൃത്തുക്കളുമായി ചേർന്ന് രഘുവംശം എന്നൊരു നാടക ട്രൂപ്പ് നടത്തിയിരുന്നു. നിരവധി നാടകങ്ങൾ സംവിധാനം ചെയ്യുകയും അതിൽ അഭിനയിക്കുകയും ചെയ്തു. പിന്നീട് കൊല്ലം മേധാ തീയേറ്ററിനു വേണ്ടി ഈശ്വരൻ സാക്ഷി എന്നൊരു നാടകം സംവിധാനം ചെയ്തു. കേരളത്തിൽ ദൂരദർശൻ കേന്ദ്രം ആരംഭിച്ച വേളയിലാണ് അമ്പൂട്ടി ഡബ്ബിംഗ് രംഗത്ത് എത്തുന്നത്. രഘുവംശം എന്ന നടക ട്രൂപ്പിലുണ്ടായിരുന്ന അജിത്‌ മാളിയേക്കൽ സംവിധാനം ചെയ്ത മണ്ടൻ കുഞ്ചു എന്ന സീരിയലിലെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ശബ്ദം നൽകുകയും ചെയ്തു കൊണ്ടാണ് തുടക്കം. പിന്നീട് അഭിനയത്തേക്കാൾ തന്റെ മേഖല ഡബ്ബിംഗ് ആണെന്ന് തിരിച്ചറിയുകയും, അതിലേക്ക് തിരിയുകയും ചെയ്തു. ആരാന്റെ മുല്ല കൊച്ചുമുല്ല എന്ന ചിത്രത്തിലാണ് ആദ്യമായി ശബ്ദം നൽകിയത്. മോഹൻലാൽ, സുരേഷ് ഗോപി, കലാഭവൻ മണി, സിദ്ദിക്ക് എന്നിവർക്കായി വോയിസ് ട്രാക്കും ചെയ്തിട്ടുണ്ട്. ബാംബൂ ബോയ്സ്, അടൂർ ഗോപാലകൃഷ്ണന്റെ നാലു പെണ്ണുങ്ങൾ, ഒരു പെണ്ണും രണ്ടാണും തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.

ദൂരദർശൻ സംപ്രേക്ഷണം ചെയ്ത കുട്ടികൾക്കുള്ള സീരിയലായ ജംഗിൾ ബുക്കിലെ പല കഥാപാത്രങ്ങൾക്കും അമ്പൂട്ടി ശബ്ദം നൽകി. അമൃത ടിവി സംപ്രേക്ഷണം ചെയ്ത മഹാഭാരതം എന്ന സീരിയലിൽ ദുര്യോധനനെ അവതരിപ്പിച്ച പുനീത് ഇസാറിനു ശബ്ദം നൽകിയത് അമ്പൂട്ടി ആയിരുന്നു. അത് പോലെ മിക്ക പുരാണ-ഭക്തി സീരിയലുകളിലേയും സജീവ സാന്നിധ്യമാണ് അമ്പൂട്ടി. ശ്രീ ഗുരുവായൂരപ്പൻ, വേളാങ്കണ്ണി മാതാ, ദേവി മഹാത്മ്യം, ശ്രീ മഹാഭാഗവതം എന്നിവ അവയിൽ ചിലതാണ്. ചില സീരിയലുകളിൽ പത്ത് കഥാപത്രങ്ങൾക്കു വരെ അദ്ദേഹം ശബ്ദം നൽകിയിട്ടുണ്ട്. തെലുങ്കിൽ നിന്നും മൊഴി മാറ്റം ചെയ്തു മലയാളത്തിലെത്തുന്ന ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമാണ് അമ്പൂട്ടി, തെലുങ്ക് താരമായ ബ്രഹ്മാനന്ദനു വേണ്ടി മൊഴിമാറ്റ ചിത്രങ്ങളിൽ ശബ്ദം നൽകുന്നത് അമ്പൂട്ടിയാണ്. ജയ്‌ ഹിന്ദ്‌ ചാനലിൽ സംപ്രേക്ഷണം ചെയ്ത ജലം കൊണ്ടു മുറിവേറ്റവൾ എന്ന ഡോക്യുമെന്ററിയിലെ വിവരണത്തിന് 2013 ലെ സംസ്ഥാന ടെലിവിഷൻ അവാർഡും അമ്പൂട്ടിയെ തേടിയെത്തി.

ഭാര്യ: ഗിരിജ. മക്കൾ - ശ്രീലക്ഷ്മി, ഭാഗ്യലക്ഷ്മി