അമ്പിളി

Ambili (Dubbing)

നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ പാലാ തങ്കത്തിന്റെ മകളാണ് അമ്പിളി. ചെറുപ്പത്തിൽ തന്നെ ഡബ്ബിംഗ് രംഗത്തേക്ക് കടന്നു വന്ന അമ്പിളി, ആദ്യമായി ശബ്ദം നൽകിയത് തെലുങ്കിൽ നിന്നും മലയാളത്തിലേക്ക് ഡബ്ബ് ചെയ്ത ഭക്ത കണ്ണപ്പ എന്ന ചിത്രത്തിലെ ഒരു കുട്ടിയ്ക്കായിരുന്നു. പതിമൂന്നാം വയസ്സിൽ ഭരതന്റെ ലോറി എന്ന ചിത്രത്തിലെ നായിക നിത്യയ്ക്ക് ശബ്ദം നൽകി. തുടർന്ന് പമ്പരം, ഫുട്ബോൾ തുടങ്ങിയ ചിത്രങ്ങളിലും നിത്യക്ക് ശബ്ദം നൽകി. സിനിമകളിലെ കുട്ടികൾക്കും അനുജത്തിമാർക്കും ശബ്ദം കൊടുത്തിരുന്ന അമ്പിളി റാണി പത്മിനി എന്ന നടി നായികയായി വന്നതോടെയാണ് നായികമാരുടെ സ്ഥിരം ശബ്ദമായി മാറിയത്. തുടർന്ന് ജലജ, മേനക, സീമ, രോഹിണി, നളിനി, കലാഞ്ജിനി, ശോഭന, രേവതി, മോനിഷ, ചിപ്പി, വിന്ദുജ മേനോൻ തുടങ്ങി നിരവധി നായികമാർക്ക് വേണ്ടി അമ്പിളി ശബ്ദം നൽകിയിട്ടുണ്ട്. കുട്ടികഥാപാത്രങ്ങൾക്ക് ശബ്ദം കൊടുത്തിരുന്ന സമയത്ത് അമ്പിളി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ശബ്ദം പകർന്നിരുന്നു.

നടി മോനിഷയുടെ നഖക്ഷതങ്ങൾ എന്ന സിനിമ മുതൽ അവസാനത്തെ സിനിമ വരെ മോനിഷയുടെ സ്ഥിരം ശബ്ദം അമ്പിളിയുടേതായിരുന്നു. സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്യുന്ന നായികമാർക്ക് ചില രംഗങ്ങളിൽ കരയാനും ചിരിയ്ക്കാനുമെല്ലാം അമ്പിളിയുടെ ശബ്ദം ഉപയോഗിച്ചിരുന്നു. കളിവീട് എന്ന സിനിമയിൽ മഞ്ജു വാര്യർക്ക് വേണ്ടി ചിരിച്ചതും, മഴയെത്തും മുൻ‌പേ എന്ന സിനിമയിൽ ആനിയ്ക്ക് വേണ്ടി കരഞ്ഞതും അമ്പിളിയായിരുന്നു. സിനിമകൾ കൂടാതെ സീരിയലുകൾക്കും അമ്പിളി ശബ്ദം കൊടുത്തിട്ടുണ്ട്. മലയാളത്തിലേയ്ക്ക് മൊഴിമാറ്റിയെത്തുന്ന അന്യഭാഷാ ചിത്രങ്ങൾക്ക് അമ്പിളി സംഭാഷണ രചന നടത്തിയിരുന്നു. ദളപതി, കന്നത്തിൽ മുത്തമിട്ടാൽ, ഇംഗ്ലീഷ് വിംഗ്ലീഷ് എന്നിവയുൾപ്പെടെ ഇരുപതിലധികം മൊഴിമാറ്റ ചിത്രങ്ങൾക്ക് അവർ സംഭാഷണം എഴുതിയിട്ടുണ്ട്

ആകാശവാണി ആർട്ടിസ്റ്റായിരുന്ന ടിപി രാധാമണിയുടെ മകനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായിരുന്ന ചന്ദ്രമോഹനായിരുന്നു അമ്പിളിയുടെ ഭർത്താവ്. രണ്ടു മക്കൾ വൃന്ദ, വിദ്യ.  2018 ആഗസ്റ്റിൽ കാൻസർ ബാധിതയായി അമ്പിളി അന്തരിച്ചു