എം എൻ നമ്പ്യാർ

Name in English: 
M N Nambiar
എം എൻ. നമ്പ്യാർ M N Nambiar
Date of Birth: 
വെള്ളി, 07/03/1919
Date of Death: 
Wednesday, 19 November, 2008
Alias: 
മാഞ്ഞേരി നാരായണൻ നമ്പ്യാർ

കണ്ണൂർ ചിറയ്ക്കൽ ചെറുകന്ന് ശ്രീ കേളു നമ്പ്യാരുടേയും ശ്രീമതി കല്യാണിയമ്മയുടേയും മകനായി 1919 മാർച് 7 നു ശ്രീ മാഞ്ഞേരി വീട്ടിൽ നാരായണൻ നമ്പ്യാർ എന്ന എം. എൻ. നമ്പ്യാർ ജനിച്ചു. ഊട്ടി മുനിസിപ്പൽ സ്കൂളിൽ പഠിക്കുന്ന അവസരത്തിലാണ് നവാബ് രാജമാണിക്യത്തിന്റെ നാടകക്കമ്പനിയായ മദുരൈദേവി ബാലവിനോദ സംഗീതസഭ അവിടെ എത്തുന്നത്. എട്ടാം തരത്തിൽ അഭിനയിച്ചേ തീരൂ എന്ന വാശിയോടെ ആ നാടകക്കമ്പനിയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച ഇദ്ദേഹം പിന്നീട് കോയമ്പത്തൂരുള്ള ജൂപിറ്റർ എന്ന നാടകക്കമ്പനിയിൽ ചേർന്നു. ഇവർ അരങ്ങത്തെത്തിച്ച ‘ഭക്തരാംദാസ്’ പിന്നീട് ചലച്ചിത്രമാക്കിയപ്പോൾ അതിൽ ചെറിയൊരു വേഷത്തിലഭിനയിക്കുകയും 1946-47 കാലഘട്ടം വരെ സ്റ്റേജ് നടനായി തുടരുകയും ചെയ്തു. 1935 ൽ ഇറങ്ങിയ ഈ ചലച്ചിത്രമാണ് ആദ്യ സിനിമാ അഭിനയമെങ്കിലും 1938 ൽ റിലീസ് ചെയ്ത ബൻപ സാഗരയാണ് അദ്ദേഹത്തിന്റെ മുഴുനീള വേഷത്തിലൂടെ ആദ്യ ചലച്ചിത്രമായി അറിയപ്പെടുന്നത്. സർവ്വേ വകുപ്പിൽ ഉദ്യോഗസ്ഥനായ അച്ഛനു കോയമ്പത്തൂരിലേക്ക് സ്ഥലം മാറ്റം കിട്ടുന്നതോടെയാണ് അദ്ദേഹത്തിന്റെ തട്ടകം കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് മാറ്റപ്പെട്ടത്. തുടർന്ന് 89 ആം വയസ്സിൽ അന്തരിക്കും വരെ 1952 ൽ പുറത്തിറങ്ങിയ കാമറോണിന്റെ‘ജംഗിൾ’ എന്ന ഇംഗ്ലീഷ് ചിത്രത്തിലുൾപ്പെടെ ചെറുതും വലുതുമായി ആയിരത്തിൽ പരം ചലച്ചിത്രങ്ങളിൽ അദ്ദേഹം വേഷമിട്ടിരുന്നു. പഴയകാല നായകനായ ബാലയ്യ മുതൽ ഭാരതിരാജയുടെ മകൻ മനോജ് വരെയുള്ള ഏഴുതലമുറകൾക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞു എന്നതാണ് മറ്റൊരു ശ്രദ്ധേയമായ പ്രത്യേകത.

1952 ൽ പുറത്തിറങ്ങിയ അമ്മ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്. ആത്മസഖി എന്ന ചിത്രത്തിലണ്ടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. തുടർന്ന് തുടർന്ന് കാഞ്ചന, ആത്മസഖി, ആനവളർത്തിയ വാനമ്പാടി, ജീസസ്, തച്ചോളി അമ്പു, ശക്തി, തടവറ തുടങ്ങി 2001 ൽ പുറത്തിറങ്ങിയ ജയറാം ചിത്രമായ ൿ ഹാർജ ടു ഷാർജ വരെ അനേകം ചിത്രങ്ങളിൽ വേഷമിട്ടു. ഒരേ സമയം തന്നെ തമിഴ്, മലയാളം, ഹിന്ദി, തെലുഗു, കന്നട സിനിമകളിൽന്നമ്പ്യാർ ഒരു അവിഭാജ്യ ഘടകമായിരുന്നു.

1950 ൽ പുറത്തിറങ്ങിയ മന്ത്രി കുമാരിയാണ് അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിലെ പ്രധാന നാഴികക്കല്ല്. കാട്, മക്കളൈ പെറ്റ മഹരാശി, വേലൈക്കാരൻ, കർപ്പൂരക്കരശി, മിസ്സിയമ്മ, അംബികാപതി, സർവ്വാധികാരി, അരശിലൻ കുമാരി, നെഞ്ചം മറപ്പതില്ലൈ എന്നീ ചിത്രങ്ങൾ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റി. കല്യാണി, ദിഗംബര സാമികൾ, എൻ തങ്കൈ, രാജരാജ ചോളൻ, ഉത്തമ പുതിരൻ, ഉലകം ചുറ്റും വാലിബൻ, അൻപേ വാ, എൻ തമ്പി എന്നീ ചിത്രങ്ങളിൽ നായക കഥാപാത്രത്തെ അവതരിപ്പിച്ചു. 11 വേഷമിട്ട് ദിഗംബര സാമിയാർ എന്ന ചിത്രത്തിൽ ചരിത്രം കുറിച്ചു. എം ജി ആർ നായകനെങ്കിൽ എം എൻ നമ്പ്യാർ വില്ലൻ എന്നതായിരുന്നു അന്നത്തെ ഇക്വേഷൻ. പല ചിത്രങ്ങളും അമിതാഭിനയം കൊണ്ടും അമിതാംഗ്യ-മുഖ വിക്ഷേപങ്ങൾ കൊണ്ടും നിറഞ്ഞതായിരുന്നെങ്കിൽ കൂടി അതെല്ലാം അദ്ദേഹത്തിന്റെ സ്റ്റൈൽ എന്ന രീതിയിൽ പിൽക്കാലത്ത് അംഗീകരിക്കപ്പെടുകയാണ് ചെയ്തത്. 1964 ൽ എം.ജി. ആർ സിനിമയിൽ അരങ്ങേറ്റം കുറിക്കുമ്പോൾ എം. എൻ. നമ്പ്യാർ ജനപ്രിയ താരമായി മാറിക്കഴിഞ്ഞിരുന്നു.

1938 ൽ ആദ്യമായി ശബരിമല ദർശനം നടത്തിയ അദ്ദേഹം 65 വർഷത്തോളം മുടങ്ങാതെ മലയിൽ എത്തിയിരുന്നു.െം.ജി.ആർ അടക്കമുള്ള തമിഴ് സിനിമയിലെ ഒട്ടുമിക്ക എല്ലാ പ്രമുഖരും അദ്ദേഹത്തിനൊപ്പം മല ചവിട്ടുകയുണ്ടായി. രൗദ്രഭാവവും കണ്ണിൽ ചോരയില്ലാത്ത ഭീകരുനുമായി സിനിമയിൽ വില്ലൻ വേഷങ്ങളിൽ അദ്ദേഹം നിറഞ്ഞാടിയെങ്കിലും ജീവിതത്തിൽ വളരെ സൗമ്യനും സത്യസന്ധനും ആദർശധീരനുമായിരുനു അദ്ദേഹം. തികഞ്ഞ സസ്യാഹാരിയായിരുന്നു എം.എൻ. സഹപ്രവർത്തകർക്കെല്ലാം അദ്ദേഹത്തെക്കുറിച്ച് തികഞ്ഞ മതിപ്പും ബഹുമാനവുമായിരുന്നു. 2006-ല്‍ റിലീസ് ചെയ്ത സ്വദേശി എന്ന തമിഴ് ചിത്രമാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.

2008 നവംബർ 19 ഉച്ചയ്ക്ക് 1.55 ഓടെ ചെന്നൈ, സെൻട്രൽ റെയില്വേ സ്റ്റേഷനു സമീപമുള്ള ഗോപാലപുരത്തെ വസതിയിൽ വച്ച് വാർദ്ധക്യസഹജമായ അസുഖം മൂലമായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ചെറുകുന്നത്ത് ഒദയമ്മാടം പണ്ടാരത്തിൽ കുടുംബാംഗം രുഗ്മിണിയമ്മയാണ് സഹധർമ്മിണി. പ്രമുഖ ബി.ജെ.പി നേതാവും ശബരിമല അയ്യപ്പ സേവാസമാജം ദേശീയ അദ്ധ്യക്ഷനുമായിരുന്ന അന്തരിച്ച എം. എൻ. സുകുമാരൻ നമ്പ്യാർ, എം. എൻ. മോഹൻ നമ്പ്യാർ, ഡോ. സ്നേഹ എന്നിവരാണ് മക്കൾ. ഒരു കാലഘട്ടത്തിന്റെ അഭിനയപ്രതിഭയാണ് മണ്മറഞ്ഞത്. അനേഹം തലമുറകളിൽ തന്റെ നടനവൈഭവം പകർത്തിയ അദ്ദേഹത്തെപ്പോലൊരു ഗുരുസ്വാമി ഇനി ഉണ്ടാകുമോ എന്ന് സംശയമാണ്.