രമേഷ് പിഷാരടി
മലയാള ചലച്ചിത്ര നടൻ, മിമിക്രി കലാകാരൻ, സ്റ്റാൻഡപ്പ് കൊമേഡിയൻ. 1981 ഏപ്രിലിൽ കോട്ടയം ജില്ലയിലെ കാരിക്കോട് ജനിച്ചു. തലയോലപ്പറമ്പ് ദേവസ്വം ബോർഡ് കോളേജിൽ നിന്നുമാണ് രമേഷ് പിഷാരടി ബിരുദം നേടിയത്. 2000- ത്തിൽ സലിംകുമാറിന്റെ കൊച്ചിൻ സ്റ്റാലിയൻസ് എന്ന മിമിക്രി ട്രൂപ്പിൽ ചേർന്നു. നാല് വർഷത്തോളം അതിൽ പ്രവർത്തിച്ചു. പിന്നീട് ഏഷ്യാനെറ്റിലെ സിനിമാല പോലുള്ള കോമഡി പ്രോഗ്രാമുകളിൽ പങ്കെടുത്തു. 2005- മുതൽ രമേഷ് പിഷാരടി ഏഷ്യാനെറ്റ് പ്ലസ്സിൽ ധർമ്മജനോടൊപ്പം ബ്ലഫ് മാസ്റ്റേഴ്സ് എന്ന കോമഡി പ്രോഗ്രാം ചെയ്യാൻ തുടങ്ങി. രമേഷ് പിഷാരടിയുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു ആ പ്രോഗ്രാം.
രമേഷ് പിഷാരടി ആദ്യമായി അഭിനയിച്ച സിനിമ നസ്രാണി ആയിരുന്നു. അതിൽ വളരെ ചെറിയ ഒരു വേഷമായിരുന്നു അദ്ദേഹത്തിന് കിട്ടിയത്. 2008-ൽ പോസിറ്റീവ് എന്ന സിനിമയിൽ നല്ലൊരു വേഷം ലഭിച്ചു. 2009-ൽ ഇറങ്ങിയ കപ്പൽ മുതലാളി എന്ന സിനിമയിൽ രമേഷ് പിഷാരടി നായകനായി. തുടർന്ന് നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ അഭിനയിച്ചു. 2013- മുതൽ രമേഷ് പിഷാരടി മുകേഷിനോടും ധർമ്മജനോടുമൊപ്പം ഏഷ്യാനെറ്റിൽ അവതരിപ്പിച്ച ബഡായി ബംഗ്ലാവ് എന്ന കോമഡി പ്രോഗ്രാം വലിയതോതിൽ ജനപ്രീതിയാർജ്ജിച്ചു. 2018-ലാണ് പിഷാരടി സംവിധായകനാകുന്നത്. ജയറാമിനെയും കുഞ്ചാക്കോ ബോബനെയും നായകന്മാരാക്കി പഞ്ചവർണ്ണ തത്ത എന്ന സിനിമ സംവിധാനം ചെയ്തു. 2019-ൽ മമ്മൂട്ടിയെ നായകനാക്കി ഗാന ഗന്ധർവ്വൻ എന്ന സിനിമയും രമേഷ് പിഷാരടി സംവിധാനം ചെയ്തു.
രമേഷ് പിഷാരടിയുടെ ഭാര്യയുടെ പേര് സൗമ്യ. മൂന്നുമക്കളാണ് അവർക്കുള്ളത്.