പ്രകാശ് വടകര

Prakash Vadakara

1960 ജനുവരി ആറാം തീയ്യതി വടകര മേപ്പയിൽ, ബാലൻ നായരുടെയും നാരായണി അമ്മയുടെയും മകൻ ആയാണ് പ്രകാശ് മേനോൻ എന്ന പ്രകാശ് വടകരയുടെ ജനനം. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെ ആവിക്കൽ സീനിയർ ബേസിക് സ്ക്കൂളിലും, അത് കഴിഞ്ഞു എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ വടകര എം യു എം സ്ക്കൂളിലും പഠനം. മടപ്പള്ളി ഗവൺമെൻറ് കോളേജിൽ പ്രീഡിഗ്രിയും, അത് കഴിഞ്ഞു അവിടെ നിന്ന് തന്നെ സാമ്പത്തികശാസ്ത്രത്തിലും ബിരുദവും നേടി. 1970 മുതൽ സ്ക്കൂൾ നാടകങ്ങളിൽ തുടക്കം കുറിച്ച അദ്ദേഹം കോളേജ് പഠനകാലത്ത് സർവകലാശാല കലോത്സവങ്ങളിലും, കോളേജ് ഫെസ്റ്റിവലിലും മികച്ച നടനും, സംവിധായകനും ഉള്ള അവാർഡുകൾ ലഭിച്ചു. സമാന്തരമായി അമച്ച്വർ നാടകങ്ങളിലും അഭിനയിച്ച അദ്ദേഹത്തിന്റെ ഗുരുക്കന്മാർ ഇബ്രാഹിം വേങ്ങര, കണ്ണൂക്കര രാജൻ മാസ്റ്റർ, വില്ല്യാപ്പള്ളി രാജൻ മാസ്റ്റർ തുടങ്ങിയ പ്രഗത്ഭർ ആണ്. 1982ൽ ബഹ്‌റിനിൽ എത്തിയ അദ്ദേഹം നാല്പതോളം നാടകങ്ങളിൽ അഭിനയിക്കുകയും, മുപ്പതോളം നാടകങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തു.  തേവാരം, ആതിരനിലാവ്, ടിപ്പുവിന്റെ ആഴ്ച്ച, കുറിയേടത്ത് താത്രി തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ട നാടകങ്ങൾ ആണ്.

സംവിധായകൻ ശ്യാമപ്രസാദുമായുള്ള ബന്ധം വഴി അദ്ദേഹം ഋതു എന്ന സിനിമയിൽ ജീവിതത്തിലും സഖിയായ ജയ മേനോന്റെ ഭർത്താവായി ബാലു എന്ന കഥാപാത്രം അവതരിപ്പിച്ചു സിനിമാരംഗത്തേക്കെത്തി. നീലത്താമര എന്ന സിനിമയിൽ ഉടലെടുത്ത ലാൽജോസുമായുള്ള ബന്ധം എൽസമ്മ എന്ന ആൺകുട്ടിയിലെ നെടുമുടി വേണുവിന്റെ മകൻ വേഷം അവതരിപ്പിക്കാനുള്ള അവസരത്തിലേക്കെത്തി. മധു കൈതപ്രത്തിന്റെ വെള്ളിവെളിച്ചത്തിൽ എന്ന സിനിമയിൽ ഒരു ഒമാനി  പോലീസ് ഓഫീസറുടെ വേഷം ചെയ്ത അദ്ദേഹം, മധുപാൽ സംവിധാനം ചെയ്ത് കേരളം ഗവൺമെന്റിന്റെ ഏഴ് അവാർഡുകൾ കരസ്ഥമാക്കിയ "കാളിഘണ്ഡകി" എന്ന സീരിയലിൽ മാനവേന്ദ്രൻ തമ്പുരാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ജിനു വി എബ്രഹാം സംവിധാനം ചെയ്ത ആദം ജോൺ എന്ന സിനിമയിൽ ചൈൽഡ് വെൽഫെയർ ഓഫീസർ ആയി വേഷം ചെയ്ത്. ഇതിൽ പ്രിത്വിരാജിന്റെ അമ്മയായി അദ്ദേഹത്തിന്റെ ഭാര്യ ജയ മേനോനും ഒരു പ്രധാനവേഷം ചെയ്‌തു. മധുപാൽ സംവിധാനം ചെയ്ത ഒരു കുപ്രസിദ്ധ പയ്യൻ എന്ന സിനിമയിൽ പബ്ലിക് പ്രോസിക്യൂട്ടർ ആയി അഭിനയിച്ച അദ്ദേഹം, കുട്ടനാടൻ മാർപ്പാപ്പ എന്ന സിനിമയിൽ റവന്യു റിക്കവറി ഓഫീസർ ആയി ഒരു വേഷം ചെയ്‌തു. ഇന്നസെന്റിന്റെ ഭാര്യയായി ഇതിലും ജയ മേനോൻ ഒരു നല്ല വേഷം അവതരിപ്പിച്ചിരുന്നു. അൽത്താഫ് റഹ്മാൻ സംവിധാനം ചെയ്ത നീലി എന്ന സിനിമയിൽ ഒരു നെഗറ്റീവ് കഥാപാത്രം ചെയ്ത അദ്ദേഹം, പൂർണ്ണമായും ജോർജിയയിൽ വെച്ച് എടുത്ത സാവന്നയിലെ മഴപ്പച്ചകൾ എന്ന ഹൃസ്വചിത്രത്തിൽ ബിഷപ്പ് ആയി അഭിനയിച്ചു. രഞ്ജിത്തിന്റെ മാധവി എന്ന ചിത്രത്തിൽ നമിത പ്രമോദിന്റെ അച്ഛൻ ആയി ഒരു നല്ല വേഷം അദ്ദേഹം ചെയ്‌തു.

അനൂപ് മേനോൻ സംവിധാനം ചെയ്ത "കിംഗ് ഫിഷ്", ലാൽജോസ് സംവിധാനം ചെയ്ത "മ്യാവൂ" എന്ന ചിത്രത്തിലും ഇദ്ദേഹം പ്രധാനവേഷങ്ങൾ ചെയ്‌തു. മ്യാവൂ എന്ന സിനിമയിൽ മമത മോഹൻദാസിന്റെ അച്ഛൻ ആയാണ് ഇദ്ദേഹം അഭിനയിച്ചത്. ഈ രണ്ടു സിനിമകളിലും ജയ മേനോനും അഭിനയിച്ചിട്ടുണ്ട്. ഭാര്യാഭർത്താക്കന്മാർ ആയതിന് ശേഷം ഒരുപാട് സിനിമകളിൽ ഒരുമിച്ചഭിനയിച്ച നടിനടന്മാർ എന്ന പ്രത്യേകത ഈ ദമ്പതികൾക്കുണ്ട്. ഭാര്യാഭർത്താക്കന്മാർ ആയി തങ്ങളുടെ ആദ്യസിനിമയിൽ ഒരുമിച്ചഭിനയിച്ച ഭാര്യാഭർത്താക്കന്മാർ എന്ന പ്രത്യേകതയും ഇവർക്ക് അവകാശപ്പെടാൻ കഴിയും.  ബഹ്‌റിനിൽ നിർമിച്ച  "അതിഥി", "നോക്ക്" എന്ന ഹൃസ്വചിത്രങ്ങളിലും അദ്ദേഹം പ്രധാനവേഷം ചെയ്തിട്ടുണ്ട്.