ജോൺസൺ
എന്റെ ശബ്ദം ശരിയല്ല, ചികിത്സയിലാണ്..എങ്കിലും പാടാം". ദീർഘകാലം ശബ്ദചികിത്സയിലായിരുന്നിട്ടും മലയാള സിനിമക്കും സംഗീതത്തിനും വേണ്ടി ഒരു ഡാറ്റാബേസ് തയ്യാറാവുന്നു എന്ന് കണ്ട് അത്തരമൊരു സംരംഭത്തിനെ ആവേശപൂർവ്വം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ,സദസ്യരുടെ നിർബന്ധത്തിനു വഴങ്ങി വരുതിക്കു വരാതിരുന്ന ശബ്ദമെടുത്ത് ആവേശപൂർവ്വം അദ്ദേഹം പാടി "കഹീ ദൂറ് ജബ് ദിൻ ഢൽ ജായേ..സാഞ്ച് കി ദുൽഹൻ"..
പ്രൊഫൈൽ വിവരങ്ങൾ :- തൃശൂർ നെല്ലിക്കുന്നിലാണ് മലയാളത്തിന്റെ ജോൺ വില്യംസ് എന്ന് അറിയപ്പെടുന്ന ജോൺസൻ ജനിച്ചത്.ബാങ്ക് ജീവനക്കാരനായിരുന്ന ശ്രീമാൻ ആന്റണിയുടെയും ശ്രീമതി മേരിയുടെയും പുത്രനായി 1953 മാർച്ച് 26ന് ജനിച്ച ജോൺസണ് കുട്ടിക്കാലത്തു തന്നെ നെല്ലിക്കുന്നിലെ സെന്റ് സെബാസ്ത്യൻ ഇടവകപ്പള്ളിയിൽ ഗാനങ്ങൾ അവതരിപ്പിക്കാനും ഗിത്താർ,ഹാർമോണിയം എന്നീ സംഗീത ഉപകരണങ്ങൾ പഠിക്കുവാനും അവസരം ലഭിച്ചു. സ്കൂൾ യുവജനോത്സവവേദികളിലും മറ്റ് ഗാനമേളട്രൂപ്പുകളിലും പാടാനും ഹാർമോണിയം വായിക്കാനും തുടങ്ങിയ ജോൺസൻ ചില ഗാനമേളകളിലൊക്കെ സ്ത്രീകളുടെ ശബ്ദത്തിലും തന്റെ ശബ്ദം ഉപയോഗിച്ചിരുന്നു. 1968ൽ സുഹൃത്തുക്കളുമൊത്ത് "വോയിസ് ഓഫ് തൃശ്ശൂർ" എന്ന സംഗീത ക്ലബ്ബ് രൂപപ്പെടുത്തുമ്പോൾ ജോൺസനു പ്രായം പതിനഞ്ച്. ഇക്കാലയളവിൽ ഹാർമോണിയം, ഗിത്താർ, ഫ്ലൂട്ട് , ഡ്രംസ്, വയലിൻ എന്നീ സംഗീത ഉപകരണങ്ങൾ സ്വായത്തമാക്കി. തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ നിന്ന് കൊമേഴ്സിൽ ബിരുദം പൂർത്തിയാക്കിയ ജോൺസന്റെ നേതൃത്വത്തിൽ,കുറഞ്ഞ കാലം കൊണ്ടു തന്നെ "വോയിസ് ഓഫ് തൃശൂർ" കേരളത്തിലെ മികച്ച സംഗീത ട്രൂപ്പുകളിലൊന്നായി മാറി. ചലച്ചിത്ര പിന്നണി ഗായകരായിരുന്ന പി.ജയചന്ദ്രൻ, മാധുരി എന്നിവരുടെ ഗാനമേളകൾക്ക് പിന്നണി വാദ്യം വായിച്ചിരുന്ന സംഗീത ക്ലബ്ബിന്റെ നേതൃത്വം ജോൺസനായിരുന്നു. ജയചന്ദ്രനിലൂടെ ദേവരാജൻ മാസ്റ്ററെ പരിചയപ്പെട്ടതാണ് ജോൺസനു ചലച്ചിത്ര ലോകത്തേക്കുള്ള വഴി തുറന്നത്. ജോൺസനിലെ പ്രതിഭയെ വളരെപ്പെട്ടെന്ന് മനസിലാക്കിയ ദേവരാജൻ മാസ്റ്റർ ജോൺസനെ തന്റെ വർക്കുകളിൽ അസിസ്റ്റ് ചെയ്യാൻ ചെന്നെയിലെത്തിച്ചു. ഇക്കാലയളവിൽ ദേവരാജൻ മാസ്റ്ററുടെ കൂടെത്തന്നെ അർജ്ജുനൻ മാസ്റ്റർ,എ.ടി ഉമ്മർ എന്നീ സംഗീത സംവിധായകരോടൊത്തും പ്രവർത്തിച്ചു.
ചെന്നൈയിലെത്തി ഏകദേശം നാലുവർഷക്കാലത്തിനു ശേഷം 1978ൽ ഭരതന്റെ “ആരവ”ത്തിൽ പശ്ചാത്തല സംഗീതം നിർവ്വഹിച്ചു കൊണ്ട് സ്വതന്ത്രസംഗീത സംവിധായകനായി മാറി. ആന്റണി ഈസ്റ്റുമാന്‍ സംവിധാനം ചെയ്ത് 1981ൽ പുറത്തുവന്ന 'ഇണയെത്തേടി' എന്ന ചിത്രത്തിൽ ആർ.കെ ദാമോദരന്‍ എഴുതി ജയചന്ദ്രന്‍ ആലപിച്ച 'വിപിനവാടിക കുയിലുതേടി.' എന്ന ഗാനമാണ് ആദ്യം ചിട്ടപ്പെടുത്തിയത്. തുടർന്ന് നൂറിലധികം ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചു. 1982ൽ ഓർമ്മക്കായ്, 1989ൽ മഴവിൽക്കാവടി, വടക്കുനോക്കിയന്ത്രം, 1999ൽ അങ്ങനെ ഒരവധിക്കാലത്ത് എന്നീ ചിത്രങ്ങൾ ജോൺസന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിക്കൊടുത്തു.1993ൽ പൊന്തന്മാടയും '94ൽ സുകൃതവും മികച്ച പശ്ചാത്തല സംഗീതത്തിനുള്ള ദേശീയ അവാർഡുകളും നേടാൻ കാരണമായി. 1993ലെ പൊന്തന്മാടക്ക് മികച്ച പശ്ചാത്തല സംഗീതത്തിനു പുറമേ മികച്ച സംഗീതസംവിധാനത്തിനുള്ള ദേശീയ അവാർഡും ലഭ്യമായി. കുറഞ്ഞ സമയത്തിനുള്ളിൽ സിനിമകൾക്ക് മികച്ച പശ്ചാത്തല സംഗീതമൊരുക്കുന്നതിൽ ജോൺസനോളം കഴിവ് മറ്റൊരു സംഗീതസംവിധായകനും മലയാളത്തിൽ കാണിച്ചിരുന്നില്ല. വ്യത്യസ്തമായ സംഗീത ഉപകരണങ്ങൾ കൈകാര്യം ചെയ്യാനുള്ള അറിവാണ് സംഗീത സംവിധായകൻ എന്നതിനു പുറമേ മികച്ച മ്യൂസിക് കണ്ടക്റ്റർ-ഓർഗനൈസർ, ഓർക്കസ്ട്രേഷൻ വിദഗ്ധൻ എന്ന നിലകളിൽ ജോൺസന് പ്രശസ്തി നേടിക്കൊടുത്തിരുന്നത്.
പത്മരാജൻ,ഭരതൻ,മോഹൻ,സിബി മലയിൽ,ലോഹിതദാസ്, കമൽ എന്നിവരുടെ ചിത്രങ്ങളിൽ സ്ഥിരം സംഗീത സംവിധായകനായിരുന്ന ജോൺസൻ,സത്യൻ അന്തിക്കാട് ചിത്രങ്ങൾക്ക് വേണ്ടിയാണ് ഏറ്റവും കൂടുതൽ ഗാനങ്ങളൊരുക്കിയത്. കൈതപ്രം-ജോൺസൻ കൂട്ടുകെട്ടിന്റേതായി അനവധി ഹിറ്റ് ഗാനങ്ങൾ പുറത്തിറങ്ങി. വർഷത്തിൽ മുപ്പതിലധികം സിനിമകൾക്ക് സംഗീതമൊരുക്കിയിരുന്ന ജോൺസൻ,തൊണ്ണൂറുകളുടെ അവസാനത്തോടെ സിനിമാ സംഗീത മേഖലയിൽ നിന്ന് പതുക്കെ മാറി നിന്നിരുന്നു. 2004ൽ “കൺകളാൽ കൈത് സെയ് ” എന്ന ഭാരതിരാജാ ചിത്രത്തിൽ എ.ആർ റഹ്മാന്റെ സംഗീതത്തിൽ “തീക്കുരുവി” എന്ന ഗാനം ആലപിച്ചു. 2006ൽ ഫോട്ടോഗ്രാഫർ എന്ന ചിത്രത്തിലൂടെ ഗംഭീരമായ ഒരു തിരിച്ചു വരവ് തന്നെ നടത്തിയെങ്കിലും തുടർന്നും സിനിമാ സംഗീതത്തിലെ മുഖ്യധാരയിൽ നിന്ന് ബോധപൂർവ്വമോ അല്ലാതെയോ മാറി നിന്നു. 2011 ഓഗസ്റ്റ് പതിനെട്ടിന് തന്റെ അമ്പത്തിയെട്ടാം വയസ്സിൽ ഹൃദയാഘാതം മൂലം ചെന്നൈയിലെ വീട്ടിൽവച്ച് മരണമടഞ്ഞു. ഷാൻ ജോൺസൻ (മകൾ) റെൻ ജോൺസൻ (മകൻ) എന്നിവരായിരുന്നു മക്കൾ. ചെന്നൈയിൽ ഡാറ്റാ കണക്റ്റ് സിസ്റ്റത്തിൽ എഞ്ചിനീയറായി ജോലി നോക്കുകയായിരുന്ന മകൻ റെൻ 2012 ഫെബ്രുവരി 25ആം തീയതി ഒരു വാഹനാപകടത്തിൽ മരണമടഞ്ഞു . ഗായികയായ മകൾ ഷാൻ തന്റെ സംഗീത ആൽബം പുറത്തിറക്കി ചലച്ചിത്ര ഗാനരംഗത്തേക്ക് കടന്നുവെങ്കിലും അകാലത്തിൽത്തന്നെ ഹൃദയസ്തംഭനം മൂലം മരണമടഞ്ഞു. ഭാര്യ റാണി ജോൺസൻ തൃശൂരിൽ താമസിക്കുന്നു
ജോൺസൺ എന്ന പ്രതിഭാശാലിയേപ്പറ്റി ജോൺസന്റെ ആദ്യ ഗാനരചയിതാവായ ആർ.കെ ദാമോദരൻ പറയുന്നതിവിടെ.