മകരമഞ്ഞ്
ചിത്രകാരനായതുകൊണ്ടു തന്നെ സ്വന്തം നാട്ടിൽ നിൽക്കാൻ കഴിയാതിരുന്ന രവിവർമ്മ (സന്തോഷ് ശിവൻ) തന്റെ അനന്തരവനുമൊത്ത് മുംബൈയിൽ എത്തുന്നു. തന്റെ ചിത്രങ്ങൾ രേഖപ്പെടുത്താൻ മോഡലുകളാകുന്നവരെ മുംബൈയിൽ തെരുവുകളിൽ നിന്നും വേശ്യാത്തെരുവുകളിൽ
നിന്നുമൊക്കെയാണ് രവി വർമ്മ തെരഞ്ഞെടുക്കാറുള്ളത്. ഹിന്ദു ദൈവങ്ങളുടെ ചിത്രരചനയ്ക്കായി രവിവർമ്മ മുന്നിൽ നിർത്തിയിരുന്നത് സമൂഹം അപശകുനങ്ങളായി മാറ്റിനിർത്തിയിരുന്ന വേശ്യകളേയും വിധവകളെയുമൊക്കെയാണ്.
പുരൂരവസ്സും ഉർവ്വശിയും എന്ന പെയിന്റിംഗ് ചെയ്യുമ്പോൾ അതിലെ ഊർവ്വശിയായി
മോഡൽ ചെയ്യാനെത്തിയത് വേശ്യാത്തെരുവിലുള്ള അഞ്ജലി ഭായി (കാർത്തിക) എന്ന യുവതിയാണ്.
ചിത്രരചയ്ക്കിടയിൽ രവിവർമ്മയ്ക്ക് അവളുമായി തോന്നുന്ന ആത്മബന്ധം ഒരു പ്രണയത്തിലേക്ക് നീങ്ങുന്നു. ആ പ്രണയ ദുരന്തമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.
വിഖ്യാത ചിത്രകാരൻ രാജാ രവിവർമ്മയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രം. ഉർവ്വശിയും പുരൂരവസ്സും എന്ന പെയിന്റിംഗിനിടെ സംഭവിക്കുന്ന ഒരു കാൽപ്പനിക ദുരന്തമാണ് ഇതിവൃത്തം. അതിലുപരി ഉർവ്വശിയായി വരയ്ക്കാൻ രവി വർമ്മയുടെ മുന്നിൽ ഇരുന്നുകൊടുക്കുന്ന യുവതിയുമായുള്ള ആത്മബന്ധത്തിന്റെ കഥകൂടിയാണ് ഇത്.