ബി ഉണ്ണികൃഷ്ണൻ

B Unnikrishnan
Unnikrishnan B
Date of Birth: 
Friday, 14 August, 1970
സംവിധാനം: 13
കഥ: 12
സംഭാഷണം: 13
തിരക്കഥ: 14

മലയാള ചലച്ചിത്ര സംവിധായകൻ, തിരക്കഥാകൃത്ത്. 1970 ആഗസ്റ്റിൽ പത്തനംതിട്ട ജില്ലയിൽ ഭാസ്കരപിള്ളയുടെയും പൊന്നമ്മയുടെയും മകനായി ജനിച്ചു. അച്ഛൻ ഭാസ്കരപ്പിള്ള കോളേജ് പ്രിൻസിപ്പലായിരുന്നു. ഉണ്ണികൃഷ്ണൻ ഭാസ്കരൻ എന്നതാണ് ബി.ഉണ്ണികൃഷ്ണന്റെ ശരിയായ പേര്. ഇംഗ്ലീഷ് സാഹിത്യത്തിൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ബിരുദവും കോട്ടയം സി  എം എസ് കോളേജിൽ നിന്നും മാസ്റ്റർ ബിരുദവും കഴിഞ്ഞതിനുശേഷം ഉണ്ണികൃഷ്ണൻ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്നും ഫിലോസഫിയിൽ  എംഫിൽ ഒന്നാം റാങ്കോടുകൂടി പാസ്സായി. അതിനുശേഷം കുറച്ചുകാലം അദ്ദേഹം കോളേജ് അദ്ധ്യാപകനായി ജോലി ചെയ്തു.

ബി.ഉണ്ണികൃഷ്ണൻ ചലച്ചിത്ര മേഖലയിലേയ്ക്ക് പ്രവേശിയ്ക്കുന്നത് 1999-ൽ ടി കെ രാജീവ് കുമാറിന്റെ ജലമർമ്മരം എന്ന സിനിമയ്ക്ക് തിരക്കഥ രചിച്ചുകൊണ്ടാണ്. ആ വർഷത്തെ മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരത്തിന് ജലമർമ്മരം അർഹമായി. കവർ സ്റ്റോറി എന്ന ത്രില്ലർ സിനിമയ്ക്കുവേണ്ടിയായിരുന്നു പിന്നീട് തിരക്കഥ രചിച്ചത്. 2004-ൽ ഏഷ്യാനെറ്റ് സംപ്രേഷണം  ചെയ്ത ബ്ലാക്ക് & വൈറ്റ് എന്ന കുറ്റാന്വേഷണ സീരിയലിനുവേണ്ടിയായിരുന്നു അടുത്ത രചന. പ്രേക്ഷക പ്രീതി നേടിയ ഒരു പരമ്പരയായിരുന്നു ബ്ലാക്ക് & വൈറ്റ്. 2005-ൽ ബി.ഉണ്ണികൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് അദ്ദേഹം തന്നെ നിർമ്മിച്ച് അമൃത ടി വി സംപ്രേഷണം ചെയ്ത അന്നും മഴയായിരുന്നു  എന്ന ടെലി ഫിലിം കേരള സംസ്ഥാന ടെലിവിഷൻ അവാർഡുകൾ മികച്ച ടെലിഫിലിമിനും, തിരക്കഥയ്ക്കുമുൾപ്പെടെ ആറെണ്ണമാണ് കരസ്ഥമാക്കിയത്. 2005-ൽ ഉണ്ണി കൃഷ്ണന്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത സുരേഷ് ഗോപി സിനിമയായ ടൈഗർ വൻ വിജയമായി എന്നതുമാത്രമല്ല മലയാളത്തിലെ മികച്ച സസ്പെൻസ് ത്രില്ലറുകളിലൊന്നായി വിലയിരുത്തപ്പെടുകയും ചെയ്യുന്നു.

 2006-ൽ സ്മാർട്ട് സിറ്റി എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് ബി ഉണ്ണിക്കൃഷ്ണൻ സംവിധാനരംഗത്തേയ്ക്ക് പ്രവേശിയ്ക്കുന്നത്. എന്നാൽ അദ്ദേഹത്തിന്റെ ആദ്യ ചിത്രം വലിയ വിജയമായില്ല. 2008-ൽ മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത മാടമ്പി വലിയ സാമ്പത്തിക വിജയം നേടി. ഈ സിനിമകളുടെയെല്ലാം തിരക്കഥ ഉണ്ണികൃഷണന്റെ തന്നെയായിരുന്നു. 2012- ൽ അദ്ദേഹം സംവിധാനം ചെയ്ത ഗ്രാൻഡ് മാസ്റ്റർ  തിയ്യേറ്ററിനു പുറത്ത് ഒരു ഡിജിറ്റൽ ഫ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുന്ന ആദ്യമലയാള സിനിമയായി. നെറ്റ്ഫ്ലിക്സിലാണ് ഗ്രാൻഡ് മാസ്റ്റർ റിലീസ് ചെയ്തത്.  2017-ൽ സംവിധാനം ചെയ്ത വില്ലൻ 8K റെസലൂഷനിൽ എടുത്ത ആദ്യ മലയാള ചിത്രമാണ്. 2019- ൽ ബി.ഉണ്ണികൃഷ്ണൻ വൈക്കം 18 മോഷൻ പിക്ചർ എന്നാണ നിർമ്മാണ കമ്പനി സ്ഥാപിച്ച് സിനിമാ നിർമ്മാണത്തിലേയ്ക്ക് കടന്നു. അദ്ദേഹം തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്ത കോടതി സമക്ഷം ബാലൻ വക്കീൽ എന്ന സിനിമയാണ് നിർമ്മിച്ചത്.

ബി.ഉണ്ണികൃഷ്ണൻ 2008-മുതൽ Film Employees Fedration of Kerala (FEFKA) യുടെ ജെനറൽ സെക്രട്ടറിയായി പ്രവർത്തിയ്ക്കുന്നു. കൂടാതെ അദ്ദേഹം 2014-ൽ All India Film Employees Confedration (AIFEC) യുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരത്ത് ഗ്രാൻഡ് മാസ്റ്റർ എന്നപേരിൽ ഉണ്ണികൃഷ്ണൻ ഒരു റെസ്റ്റോറന്റ് നടത്തുന്നുണ്ട്. RD Illuminations എന്ന വിതരണകമ്പനി സ്വന്തമാക്കിയ ഉണ്ണികൃഷ്ണൻ തെലുങ്ക് ചിത്രങ്ങളായ യോദ്ധാവ്, ബാഗ്മതി.. തുടങ്ങിയവ കേരളത്തിൽ വിതരണം ചെയ്തു. 

ബി.ഉണ്ണികൃഷ്ണന്റെ ഭാര്യ രാജേശ്വരി മേനോൻ. ഒരു മകൾ ദുർഗ ഉണ്ണികൃഷ്ണൻ.