തിക്കുറിശ്ശി സുകുമാരൻ നായർ
മങ്കാട്ട് സി ഗോവിന്ദപിള്ളയുടെയും ലക്ഷ്മിയുടെയും പുത്രനായി 1916 ഒക്ടോബര്‍ 16ന് തെക്കൻ തിരുവിതാംകൂറിലെ (ഇപ്പോഴത്തെ കന്യാകുമാരി ജില്ല) തിക്കുറിശ്ശിയിൽ ജനിച്ച സുകുമാരൻ നായർ
സ്കൂള്‍ കാലയളവില്‍ തന്നെ കലാരംഗത്ത് സജീവമായിരുന്നു. ത്ന്റെ എട്ടാംവയസ്സിലാണ് തിക്കുറിശ്ശി ആദ്യമായി കവിത എഴുതുന്നത്. പതിനാലാം വയ്സ്സിലാണ് അദ്ദേഹം എഴുതിയ ഒരു കവിത ആദ്യമായി പ്രസിദ്ധീകരിയ്ക്കുന്നത്. ഇരുപതാം വയസ്സിൽ ആദ്യ കവിതാസമാഹാരമായ 'കെടാവിളക്ക്' പ്രസിദ്ധീകരിച്ചതോടെ കവിയെന്ന് പേരെടുത്തു. തുടർന്ന് അദ്ദേഹം നാടകങ്ങളും എഴുതി. മരീചിക, കലാകാരന്‍, സ്ത്രീ, ശരിയോ തെറ്റോ തുടങ്ങിയ നാടകങ്ങൾ ശ്രദ്ധനേടി. അതുവരെ ഉണ്ടായിരുന്ന സംഗീത നാടകങ്ങളിൽ നിന്നും മാറി റിയലിസ്റ്റിക്ക് നാടകങ്ങൾക്ക് പ്രചാരം നൽകുന്നതിൽ അദ്ദേഹം ശ്രദ്ധ പുലർത്തി.തിക്കുറിശ്ശിയുടെ സ്വന്തം രചനയിൽ, ആര്‍ വേലപ്പന്‍നായര്‍ സംവിധാനം ചെയ്ത 'സ്ത്രീ'യില്‍ നായകനായി1950ലാണ് അദ്ദേഹം സിനിമയിലെത്തുന്നത്. അദ്ദേഹത്തിന്റെ തന്നെ സ്ത്രീ എന്ന നാടകത്തിന്റെ അതേപേരിലുള്ള ചലച്ചിത്രാവിഷ്ക്കാരമായിരുന്നു അത്. എന്നാൽ ആ സിനിമ വിജയം നേടിയില്ല. തിക്കുറിശ്ശി തിരക്കഥ എഴുതി നായകനായി അഭിനയിച്ച രണ്ടാമത്തെ ചിത്രമായ "ജീവിത നൗക" വൻ വിജയം നേടി. മലയാളത്തിലെ ആദ്യത്തെ സൂപ്പർഹിറ്റ് ചിത്രമായി 1951-ൽ ഇറങ്ങിയ ജീവിതനൗക. ജീവിതനൗകയുടെ വലിയ വിജയം തിക്കുറിശ്ശിയെ മലയാളത്തിലെ ആദ്യ സൂപ്പർസ്റ്റാർ എന്ന വിശേഷണത്തിനു അർഹനാക്കി. ജീവിത നൗക ഹിന്ദിയടക്കം നാലുഭാഷകളിലേയ്ക്കു ഡബ്ബ് ചെയ്തിറക്കി. അവിടങ്ങളിലും വിജയം കൈവരിയ്ക്കാൻ ചിത്രത്തിനു കഴിഞ്ഞു. 1952- ൽ അദ്ദേഹത്തിന്റെ നവലോകം എന്ന സിനിമ റിലീസ് ചെയ്തു. നവലോകം വലിയ വിജയമായില്ലെങ്കിലും ആ വർഷം തന്നെ ഇറങ്ങിയ വിശപ്പിന്റെ വിളി, അമ്മ എന്നീ ചിത്രങ്ങളുടെ വിജയം തിക്ക്രിശ്ശിയുടെ സ്റ്റാർഡം നിലനിർത്തി. വിശപ്പിന്റെ വിളി എന്ന സിനിമയിലാണ് അബ്ദുൾഖാദർ എന്ന നടനെ പ്രേംനസീർ എന്നു പേരു മാറ്റി തിക്കുറിശ്ശി സുകുമാരൻ നായർ അവതരിപ്പിയ്ക്കുന്നത്. ആ പേർ പിന്നീട് മലയാള സിനിമയിലെ നിത്യഹരിത നാമമായിത്തീർന്നു.
തിക്കുറിശ്ശി സുകുമാരൻ നായരുടെ സിനിമാജീവിതത്തിലെ ഒരു നാഴികക്കല്ലായിരുന്നു 1953-ൽ ഇറങ്ങിയ "ശരിയോ തെറ്റോ" എന്ന സിനിമ. ഇതേ പേരിലുള്ള തന്റെ നാടകം സിനിമയാക്കുകയായിരുന്നു അദ്ദേഹം ചെയ്തത്. ഈ സിനിമയുടെ കഥ,തിരക്കഥ,സംഭാഷണം, ഗാനരചന,സംവിധാനം എന്നിവയെല്ലാം ചെയ്തത് തിക്കുറിശ്ശിയായിരുന്നു. കൂടാതെ പ്രധാനവേഷം അഭിനയിക്കുകയും ചെയ്തു. നിരവധി സിനിമകളിൽ നായകനായ തിക്കുറിശ്ശി 1950- കളുടെ അവസാനത്തോടെ കാരക്ടർ റോളുകളിലേയ്ക്ക് മാറി. 1968- ൽ ആണ് തിക്കുറീശ്ശി വിരുതൻ ശങ്കു എന്ന മുഴുനീള ഹാസ്യചിത്രത്തിൽ അഭിനയിക്കുന്നത്. പിന്നീട് അമ്മാവന്‍ വേഷങ്ങളിലേക്കും മുത്തച്ഛന്‍ വേഷങ്ങളിലേക്കും മാറി. 47 വർഷം സിനിമയിൽ നിറഞ്ഞുനിന്ന തിക്കുറിശ്ശി അഞ്ഞൂറിലധികം സിനിമകളിൽ അഭിനയിച്ചു. 1996- ൽ റിലീസ് ചെയ്ത ഏപ്രിൽ 19 ആണ് അദ്ധേഹം അഭിനയിച്ച അവസാന സിനിമ. ധാരാളം സിനിമകൾക്ക് തിക്കുറിശ്ശി കഥ, തിരക്കഥ,സംഭാഷണം, ഗാനരചന എന്നിവ നിർവഹിച്ചു. പതിമൂന്നു സിനിമകൾക്ക് അദ്ദേഹം പാട്ടുകൾ എഴുതിയിട്ടുണ്ട്. തിക്കുറിശ്ശി സുകുമാരൻ നായർ ആദ്യം വിവാഹം ചെയ്തത് സരോജിനി കുഞ്ഞമ്മയെയായിരുന്നു. ആ ബന്ധത്തിൽ രണ്ടു പെൺ മക്കളാണ് ഉള്ളത്. ശ്യാമളാദേവി, ഗീതാദേവി. സരോജിനി കുഞ്ഞമ്മയുമായുള്ള ബന്ധം പിരിഞ്ഞ തിക്കുറിശ്ശി പിന്നീട് നാടക നടിയായിരുന്ന അമ്പലപ്പുഴ മീനാക്ഷിയമ്മയെ വിവാഹം ചെയ്തു. ആ ബന്ധത്തിൽ ഒരു മകനുണ്ട്. പേരു രാജഹംസൻ. ആ വിവാഹ ബന്ധവും അധികകാലം നീണ്ടു നിന്നില്ല. തിക്കുറിശ്ശിയുടെ മൂന്നാം വിവാഹം ഗായികയും നർത്തകിയുമായ സുലോചന ദേവിയുമായിട്ടായിരുന്നു. ജീവിതാവസാനം വരെ ആ വിവാഹ ബന്ധം നിലനിന്നു. തിക്കുറിശ്ശി - സുലോചന ദമ്പതികൾക്ക് ഒരു മകളാണുണ്ടായിരുന്നത്. കനകശ്രീ എന്നായിരുന്നു പേർ. തിക്കുറിശ്ശിയെപ്പോലെ കവിതകളോക്കെ എഴുതുമായിരുന്ന കനകശ്രീ 1989-ൽ ഒരു അപകടത്തിൽ പെട്ട് മരിയ്ക്കുകയായിരുന്നു. 1972ൽ മികച്ച നടനുള്ള സംസ്ഥാന അവാർഡു നേടിയ തിക്കുറിശ്ശിയെ 1973 രാജ്യം പത്മശ്രീ നൽകി ആദരിച്ചു. ചലച്ചിത്രമേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ജെ സി ഡാനിയേൽ പുരസ്കാരം 1995ൽ അദ്ദേഹത്തെ തേടിയെത്തി. മലയാള സിനിമയ്ക്ക് മറക്കാനാവാത്ത ഒട്ടേറെ കഥാപാത്രങ്ങളെ സമ്മാനിച്ച തിക്കുറിശ്ശി എന്ന പ്രതിഭ 1997 മാര്‍ച്ച് 11ന് ഈ ലോകത്തോട് വിടപറഞ്ഞു.
തിരുവനന്തപുരം ആസ്ഥാനമാക്കി തിക്കുറിശി ഫൗണ്ടേഷൻ എന്നൊരു സംഘടന അദ്ദേഹത്തിന്റെ ആരാധകരും രാഷ്ട്രീയ സാമൂഹികരംഗത്തെ പ്രമുഖരും ചേർന്ന് സ്ഥാപിച്ച് പ്രവർത്തിക്കുന്നുണ്ട്. എല്ലാ വർഷവും അദ്ദേഹത്തിന്റെ ഓർമ്മക്കായി തിക്കുറിശി ഫൗണ്ടേഷൻ സാഹിത്യപുരസ്കാരങ്ങളും മാധ്യമപുരസ്കാരങ്ങളും നൽകിവരുന്നുണ്ട്. 2016-ൽ തിക്കുറിശ്ശി ജന്മശതാബ്ദി ആഘോഷങ്ങൾ ഫൗണ്ടേഷൻ സംഘടിപ്പിച്ചിരുന്നു. "മഹാനടൻ തിക്കുറിശി സുകുമാരൻ നായർ" എന്നൊരു ജീവചരിത്രഗ്രന്ഥം പെരുന്താന്നി ബാലചന്ദ്രൻ നായർ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.