അലകടലിൽ കിടന്നൊരു നാഗരാജാവ്‌

അലകടലിൽ കിടന്നൊരു നാഗരാജാവ്‌
പുറകടലിൽ കിടന്നൊരു നാഗകന്യ
പാലപൂക്കും കാവുകളിൽ 
ഇരതേടിപ്പോയീപോൽ
നൂലും മാലേം ചാർത്തിയോരു നാഗകന്യ 

അണിവയറ്റിൽ പത്തുമാസം തികഞ്ഞ കാലം
എവിടെക്കിടന്നു പെണ്ണു പ്രസവിയ്ക്കേണം
കിഴക്കു കിടന്നു പെണ്ണ് പ്രസവിച്ചാലോ
ഉദയപർവതത്തിനു വാലായ്മയുണ്ട്‌
പടിഞ്ഞാറു കിടന്നവൾ പ്രസവിച്ചാലോ
അസ്തമനക്കടലിനു വാലായ്മയുണ്ട്‌

അടിവയറ്റിൽ ഈറ്റുനോവു നിറഞ്ഞകാലം
എവിടെക്കിടന്നു പെണ്ണു പ്രസവിയ്ക്കേണം
ഭൂമിയിൽ കിടന്നവൾ പ്രസവിച്ചാലോ
പൂത്തമരക്കാടുകൾക്കു വാലായ്മയുണ്ട്‌
ആകാശക്കാട്ടിൽ ചെന്നു പ്രസവിച്ചാലോ
ആദിത്യ ചന്ദ്രന്മാർക്കു വാലായ്മയുണ്ട്‌

ഭൂമിദേവി ചിത്രകൂടം തീർത്തുകൊടുത്തു
പൂക്കാലം പച്ചിലക്കുട കൊടുത്തു
ആച്ചിത്രകൂടത്തിലവളിരുന്നു
ആയിരം പൊന്മണി മുട്ടയിട്ടു

ശ്രീപരമേശ്വരൻ തിരുവടി വന്നൂ
ശ്രീപാർവ്വതിയും കൂടെ വന്നൂ
ഒരായിരം മണിമുട്ട കണ്ടു
ഓരോ കൈ വാരി വലിച്ചെറിഞ്ഞു
കിഴക്കോട്ടു വാരിയെറിഞ്ഞതെല്ലാം
ഉദയപർവ്വതത്തിന്നാഭരണം
പടിഞ്ഞാട്ട് വാരിയെറിഞ്ഞതെല്ലാം
അസ്തമനക്കടലിന്നാഭരണം

കടലേഴുമീക്കാഴ്ച കണ്ടു നിന്നൂ
മലയേഴും കൈകൂപ്പിത്തൊഴുതു നിന്നൂ
മാനത്തു വാരിയെറിഞ്ഞതെല്ലാം
മാണിക്യനക്ഷത്ര മുത്തുകളായ്‌
ഭൂമിയിലേയ്ക്കിട്ട മുട്ടയെല്ലാം
ഗോപിക്കുറിയിട്ട നാഗങ്ങളായ്‌
വെൺതിങ്കൾക്കലയുള്ള ഭഗവാന്റെ ജടയിൽ
അന്നൊരു മണിമുട്ടയൊളിച്ചിരുന്നു
ആ മുട്ട വിരിഞ്ഞൊരു നാഗരാജാവേ
ഞാനിതാ ശ്രീപാദം കുമ്പിടുന്നേൻ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8
Average: 8 (1 vote)
alakadalil kidannoru

Additional Info

അനുബന്ധവർത്തമാനം