ഒഴിവിടങ്ങളിൽ ഓർമ്മകൾ

ഒഴിവിടങ്ങളിൽ ഓർമ്മകൾ വെച്ചു ഞാൻ
പടിയിറങ്ങുന്നു ഈ ശൂന്യവേളയിൽ ..
പിറകെ വന്നു വിളിച്ചില്ലയെങ്കിലും
നയനരശ്മികളേറ്റു ഞാൻ പൊള്ളുന്നൂ..

അറിയുകില്ലെനിക്കിനിയും നടക്കേണ്ട
ദുരിത സങ്കല ദുർഗ്ഗമ പാതകൾ
അറിയുകില്ലെന്റെ യാതനാ ഭൂപടം..
അറിവതൊന്നീ നിയോഗവും ദുഃഖവും..

അതി വിശുദ്ധമാണോമനേ നിൻ സ്നേഹ..
ഭരിതമാം സൗമ്യ സാമീപ്യ സാന്ത്വനം..
അതിനുമപ്പുറം അന്ധമാണെൻ‌ജന്മ..
സഹജവാസനാപാശങ്ങളത്രയും...
 
എവിടെയെത്തുമെന്നറിയാത്ത യാത്രതൻ..
അതിരുകൾ പോലുമന്തരാശ്രുക്കളാൽ..
വിമലെ നീ വരച്ചിട്ടതാണെങ്കിലും..
ഇനി മടങ്ങുവാനാവില്ലൊരിക്കലും..
തരിക നീ.. നിന്റെ നിശ്ശബ്ദ.സമ്മതം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
ozhividangalil ormmakal