അലിഫ്
സ്വാതന്ത്ര്യസമര സേനാനിയായിരുന്ന കുഞ്ഞാമു സാഹിബിന്‍റെ പേരക്കിടാവാണ് ഫാത്തിമ. മലബാറിലെ ദേശീയ നേതാക്കളോട് തോള്‍ചേര്‍ന്ന് നിന്നു കൊണ്ട് ബ്രിട്ടീഷുകരോട് പടപൊരുതിയ ആളായിരുന്നു കുഞ്ഞാമു സാഹിബ്. രണ്ടു കുട്ടികളുടെ അമ്മയായ ഫാത്തിമ ആസ്തമ രോഗിയാണ്. ഫാത്തിമ പൊരുതുന്നത് രോഗത്തോട് മാത്രമല്ല, സ്വന്തം ജീവിതാവസ്ഥകളോട് കൂടിയാണ്. ഭര്‍ത്താവായ അബു കുടുംബമുപേക്ഷിച്ച് പോയി. അവര്‍ക്കാകെയുള്ള വീട് പണയം വെച്ച് കടമെടുത്തു ബിസിനസ് ചെയ്യാന്‍ കൊടുക്കാത്തതിന്‍റെ പേരില്‍. മറ്റൊരു യുവതിയുമായി അബുവിന് അടുപ്പവുമുണ്ട്. ഫാത്തിമയുടെ അമ്മ ആറ്റ അയല്‍ വീടുകളില്‍ പണിയെടുത്താണ് ഉമ്മൂമ്മയടക്കം അഞ്ചു വയറുകളുടെ വിശപ്പടക്കുന്നത്. ഉമ്മക്കുഞ്ഞ്, ആറ്റ, ഫാത്തിമ, സൈനു എന്നിങ്ങനെ, പുരുഷാധികാരത്തിന്‍റെ ശ്വാദലസ്മരണകള്‍ അയവിറക്കി ജീവിക്കുന്ന നാലു തലമുറയിലെ സ്ത്രീകള്‍. അവരുടെ ഏക പ്രതീക്ഷയായ ആണ്‍തരി അലിയെന്ന ചെറുബാലന്‍. കുഞ്ഞാമു കുടുംബത്തിലെ ദാരിദ്ര്യം കാരണം പ്രണയ നഷ്ടം സംഭവിച്ചവളാണ് സാഹിബിന്‍റെ മകള്‍ ആറ്റ. അതിന്‍റെ കയ്പ്പ് മധ്യവയസ്സിലും ആറ്റയെ ശല്യം ചെയ്യുന്നുന്നുണ്ട്.
സ്വന്തം ദാമ്പത്യത്തിലും സമുദായ പരിസരത്തിലുമുള്ള ആണ്‍കോയ്മക്കെതിരെ ഫാത്തിമ ചോദ്യങ്ങളുയര്‍ത്തിയപ്പോള്‍ അവളും കുടുംബാംഗങ്ങളും വിലക്കപ്പെട്ടവരാകുന്നു. പിന്നീട് സാമൂഹികമായ ബഹിഷ്കരണത്തിന് ആ കുടുംബം ഇരയായി ദാരിദ്ര്യക്കയത്തില്‍ മുങ്ങിപ്പോകുന്നു. എന്നാല്‍ സ്വയം കരുത്താര്‍ജിച്ച് വ്യവസ്ഥാപിത മാര്‍ഗങ്ങളുടെ സാധ്യതകള്‍ തിരിച്ചറിഞ്ഞു പ്രയോജനപ്പെടുത്തിക്കൊണ്ട് ജീവിതം തിരിച്ചു പിടിക്കുകയാണ് ഫാത്തിമ. പുരുഷന്‍റെ സ്വാര്‍ത്ഥതക്കനുസരിച്ച് വളച്ചൊടിച്ച മതത്തിനപ്പുറം സ്ത്രീത്വത്തിന് വില കല്‍പ്പിക്കുന്ന യഥാര്‍ത്ഥ മതചിന്തകള്‍ അവള്‍ ഇതിനായി ആയുധമാക്കുന്നു. തനിക്ക് ലഭ്യമായ പുതുവെളിച്ചത്തിലേക്ക് മകളുടെ കൂടി കൈ പിടിച്ചു നയിച്ച് ഫാത്തിമ അങ്ങനെ നടന്നു നീങ്ങവേ, ചരിത്രം തങ്ങള്‍ക്ക് സാധ്യമാക്കിയ എല്ലാ പ്രകാശവീചികളെയും ഊതിക്കെടുത്തിക്കോണ്ട് പിന്തിരിഞ്ഞ് നടക്കുന്ന ഒരു കൂട്ടം സ്ത്രീ രൂപങ്ങളെ നാം കാണുന്നു
അലിഫ് ആത്മജ്ഞാനത്തിന്‍റെ ആദ്യക്ഷരം. നവാഗതനായ എന്‍ കെ മുഹമ്മദ് കോയ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് അലിഫ്. എ സ്ക്വയർ ബി മീഡിയയുടെ ബാനറിൽ എം എസ് ബിജുവാണ് ചിത്രം നിർമ്മിച്ചത്. ലെന, കലാഭവൻ മണി, നെടുമുടി വേണു, ജോയ് മാത്യൂ ,ഇർഷാദ്, നിലമ്പൂർ ആയിഷ, സീനത്ത് തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു. രമേഷ് നാരായണന്റേതാണ് സംഗീതം.