മൈലാഞ്ചി മൊഞ്ചുള്ള വീട്
മലബാറിലെ അതിപുരാതനവും സമ്പന്നവുമായ തറവാടാണ് പറങ്കിയത്ത്. തറവാട്ടിലെ ഇപ്പോഴത്തെ കാരണവർ സോയസാഹിബ് ആണ്. കാലം ഏറെ പുരോഗമിച്ചിട്ടും അന്യ മതസ്ഥർക്ക് തറവാട്ടിലേക്ക് പ്രവേശനമില്ല എന്ന ബോർഡ് ഗേറ്റിൽ തൂക്കി ഇട്ടിട്ടുണ്ട്. അന്നാട്ടിലെ തന്നെ മറ്റൊരു പ്രബലമായ തറവാടാണ് അമ്പലമുറ്റത്ത് നാരായണക്കുറുപ്പിന്റേത്. പറങ്കിയത്തുകാരും അമ്പലമുറ്റത്തുകാരും ശത്രുതയിലായിരുന്നു. ശത്രുത വളർന്ന് നാരായണക്കുറുപ്പിന്റെ മകൻ രമേശ്‌ക്കുറുപ്പിനെ സാഹിബിന്റെ മൂത്തമകൻ കാസിംഭായി കൊല്ലാനിടയായി. കാസിംഭായി അതിന് ജയിൽശിക്ഷയും അനുഭവിച്ചു. ശിക്ഷ കഴിഞ്ഞെത്തിയ കാസിംഭായിയെ പകയോടെ കാത്തിരുന്ന നാരായണക്കുറുപ്പും കൂട്ടരും ആക്രമിച്ചു. മരണത്തിൽ നിന്നും രക്ഷപെട്ട കാസിംഭായിയെ ചികിത്സിക്കാൻ ആയൂർവേദ ഡോക്റ്റർ മാധവൻകുട്ടി മുസ്ലിമായി അഭിനയിച്ച് പറങ്കിയത്ത് തറവാട്ടിലെത്തുന്നു. കാസിംഭായിയുടെ രണ്ടാമത്തെ മകൾ ഷാഹിനയുടെ പ്രതിശ്രുത വരൻ അനവറാണ് മാധവൻകുട്ടിയെ തറവാട്ടിലെത്തിക്കുന്നത്. തുടർന്നുണ്ടാകുന്ന സംഘർഷങ്ങൾ നർമ്മത്തിലൂടെ അവതരിപ്പിക്കയാണ് മൈലാഞ്ചി മൊഞ്ചുള്ള വീട് എന്ന ചിത്രത്തിൽ
ജയറാമും ആസിഫ് അലിയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് മൈലാഞ്ചി മൊഞ്ചുള്ള വീട്. സംവിധാനം ബെന്നി പി തോമസ്. സിബി കെ തോമസ്, ഉദയ്കൃഷ്ണ ഇവരുടെതാണ് തിരക്കഥ. റെഡ് ക്രോസ് ക്രിയേഷൻസിന്റെ ബാനറിൽ ഹനീഫ് മുഹമ്മദാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.