മിന്നൽ പടയാളി

Released
Minnal Padayali
സംവിധാനം: 

കനകപുരം രാജ്യത്തെ രാജാവായ ചന്ദ്രദാസ് (സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ) വളരെ നീതിമാനും ധർമിഷ്ഠനും ആണ്. എന്നാൽ അദ്ദേഹത്തിന് ഒരു സഹോദരൻ കൂടിയുണ്ട്. ദുഷ്‌ടനും കുടില ബുദ്ധിക്കാരനുമായ മിഹിര വർമ്മൻ (കൊട്ടാരക്കര ശ്രീധരൻ നായർ). ഇരുവരുടെയും അച്ഛൻ ഒന്നാണെങ്കിലും അമ്മമാർ രണ്ടായിരുന്നു. രണ്ടുപേരും വളർന്നു വന്നപ്പോൾ കൂടുതൽ ജനപ്രിയനായത് ചന്ദ്രദാസ് ആയിരുന്നതിനാൽ രാജ്യഭരണം അദ്ദേഹത്തിന് കൈമാറുകയായിരുന്നു. ഈ വിഷയത്തിൽ മിഹിരവർമ്മന് ചന്ദ്രദാസിനോട് അടക്കാനാകാത്ത അസൂയയും ദേഷ്യവുമുണ്ട്. തനിയ്ക്ക് ലഭിച്ച സേനാധിപതി അധികാരത്തിൽ അയാളൊട്ടും തൃപ്തനുമല്ല.

ചന്ദ്രദാസിന്റെ ഭാര്യ ഒരു ഓമനക്കുഞ്ഞിനെ പ്രസവിച്ച ഉടനെ മരിച്ചു. തന്റെ കുഞ്ഞിന് അമ്മയില്ലല്ലോ എന്ന വിഷമം മാത്രമേ ചന്ദ്രദാസിന് ഉണ്ടായിരുന്നുള്ളു. എന്നാൽ ആ കുറവ് ഏറെക്കുറെ പരിഹരിക്കാൻ രാജ്ഞിയുടെ തോഴിയായ സതിയ്ക്ക് (വിജയം) കഴിഞ്ഞു എന്ന് പറയാം. സതിയുടെ സഹോദരൻ മധു (പി എ തോമസ്) ചന്ദ്രദാസിന്റെ വിശ്വസ്തനാണ്. രാജകുമാരനെ അമ്മയുടെ സ്ഥാനത്ത് നിന്ന് ശുശ്രൂഷിച്ചതും ലാളിച്ചതും സതിയാണ്. 

ഗാനം : ആരാരുവരുംമമ്മ പോലെ....

മിഹിരവർമ്മന് രാജ്യഭരണം നേടിയെടുക്കണം എന്നാഗ്രഹമുണ്ട്. പക്ഷെ ചന്ദ്രദാസിനോട് ജനങ്ങൾക്കുള്ള ആദരവും ഇഷ്‌ടവും ഒക്കെ നന്നായിയറിയാവുന്ന മിഹിരവർമ്മന്, നേരായ വഴിയിലൂടെ തന്റെ ആഗ്രഹം ഒരിക്കലും സഫലമാകില്ല എന്നറിയാം. മിഹിരവർമ്മന്റെ ഇടംവലം നിന്ന് അയാൾക്ക് കുബുദ്ധി പറഞ്ഞു കൊടുക്കാൻ രണ്ടു വിശ്വസ്തർ കൂടെയുണ്ട്.. കോമനും (മുതുകുളം) നാണുവും (വാണക്കുറ്റി). കനകപുരിയുടെ രാജാവായി ചന്ദ്രദാസ് തുടരുന്ന കാലത്തോളം അവർക്ക് തട്ടിപ്പിനും വെട്ടിപ്പിനും ഇടമില്ല. 

ഒരിക്കൽ, ചന്ദ്രദാസ് അയൽരാജ്യങ്ങൾ സന്ദർശിക്കാൻ വേണ്ടി പുറപ്പെട്ടു. കൈക്കുഞ്ഞായ രാജകുമാരനേയും അവന്റെ കാര്യങ്ങൾ നോക്കാൻ സതിയേയും കൂട്ടി. ഇതൊരു അവസരമായി എടുക്കാൻ കോമനും നാണുവും മിഹിരവർമ്മനോട് ആവശ്യപ്പെട്ടു. അയാൾ തന്റെ കൂടെ നിൽക്കാൻ തയ്യാറുള്ള കൊട്ടാരം ഭടന്മാരുടെയും വിശ്വസ്തരുടെയും സൈന്യം ഉണ്ടാക്കി. ചന്ദ്രദാസിനോട് കൂറ് പുലർത്തിയവരെ തിരഞ്ഞുപിടിച്ച് തടവിലാക്കി. അയാളെ എതിർക്കാൻ ശ്രമിച്ചവരെ വധിച്ചു.. ഇത് കണ്ടു ഭയന്ന, ചന്ദ്രദാസിന്റെ സേവകൻ, മധു താൻ മിഹിരന്റെ ആളാണെന്ന് പറഞ്ഞു അയാളുടെ കൂടെക്കൂടി.

കൊട്ടാരത്തിൽ മടങ്ങിയെത്തിയ ചന്ദ്രദാസ് കാണുന്നത് തന്റെ സൈന്യത്തിൽ ഭൂരിഭാഗം മിഹിരന്റെ കീഴിലായ കാഴ്ചയാണ്. ചന്ദ്രദാസിന്റെ രക്തം തിളച്ചു. മിഹിരനും ചന്ദ്രദാസും തമ്മിൽ പൊരിഞ്ഞ വാൾപയറ്റ് നടന്നു. ഒടുവിൽ മിഹിരൻ ചതിയിലൂടെ ചന്ദ്രദാസിനെ വീഴ്ത്തി അയാളെ കാരാഗൃഹത്തിൽ അടച്ചു. അതുകൊണ്ടൊന്നും മിഹിരൻ അടങ്ങിയില്ല. രാജകുമാരനെ കൂടി വധിയ്ക്കാൻ അയാൾ കൽപ്പിച്ചു. ആ ദൗത്യം താൻ ചെയ്തുകൊള്ളാം എന്നും പറഞ്ഞു മധു കുഞ്ഞിനേയും എടുത്ത് കാട്ടിലേക്ക് പോയി..

തന്റെ കണ്മുന്നിൽ വളർന്ന രാജകുമാരനെ കൊല്ലാൻ മാത്രം ഹൃദയശൂന്യത മധുവിനില്ല. എന്നാൽ മിഹിരനെ പിണക്കാനും വയ്യ. അയാൾ ഒരുപായം മെനഞ്ഞു. കാട്ടിലെ മൂപ്പനെയും അയാളുടെ ഭാര്യയേയും വിളിച്ച് കുമാരനെ അവരെ ഏൽപ്പിച്ചു. ഈ കാര്യം പരമരഹസ്യം ആയിരിക്കണമെന്നും മധു പ്രത്യേകം അവരോടു സൂചിപ്പിച്ചു. തുടർന്ന് മധു കൊട്ടാരത്തിൽ മടങ്ങിയെത്തി രാജകുമാരനെ പുലിയ്ക്ക് കൊടുത്ത കാര്യം അറിയിച്ചു. അവസാന ശത്രുവും നീങ്ങിയതിൽ മിഹിരൻ സന്തോഷവാനായി. എന്നാൽ നാടൊട്ടുക്കും അതിനോടകം മിഹിരനെതിരെ പ്രതിഷേധം ഇരമ്പി.

ഗാനം : കാലം വല്ലാത്ത കാലമല്ലോ....

പ്രതിഷേധക്കാരെ മിഹിരന്റെ സേന അടിച്ചൊതുക്കി. രാജ്യത്തു പ്രജകളെക്കാൾ അധികം തടവുകാർ എന്ന അവസ്ഥയിൽ കാര്യങ്ങളെത്തി. അതോടെ പ്രതിഷേധം കെട്ടടങ്ങി. ഇതിനിടയിൽ കാട്ടിലെ വനമല്ലന്റെ (കോട്ടയം ചെല്ലപ്പൻ) സംരക്ഷണയിൽ രാജകുമാരൻ ജീവിച്ചു. ഇടയ്ക്കിടെ മിഹിരൻ അറിയാതെ മധുവും സതിയും കാട്ടിൽ വന്നു കുമാരന്റെ ക്ഷേമം അന്വേഷിച്ചിരുന്നു.. കാട്ടിലെ ബന്ധുക്കൾ അവനൊരു പേരിട്ടു.. രാജശേഖരൻ.. 

കാലം കടന്നുപോയി.. രാജശേഖരൻ വളർന്നു യുവാവായി (സത്യൻ). അസ്ത്രവിദ്യയിലും വാൾപയറ്റിലും അവൻ കെങ്കേമനായി.. കാടിന്റെ മക്കളുടെ സംരക്ഷകനും അവരുടെ ആരാധ്യ പുരുഷനും ആയി രാജശേഖരൻ രാജാവിനെ പോലെ കാട്ടിൽ വസിച്ചു. അവന്റെ ഉറ്റചങ്ങാതിയായി ചന്തുവും (എസ് പി പിള്ള) രാജശേഖരന്റെ കൂട്ടുകാരിയായി മല്ലികയും (പത്മിനി പ്രിയദർശിനി) ഇപ്പോഴും അവന്റെ കൂടെയുണ്ടാവും. ഒന്നാംതരം നർത്തകി കൂടിയാണ് മല്ലിക. കാട്ടിലെ ഉത്സവത്തിന് അവളുടെ നൃത്തം കാണേണ്ടത് തന്നെയാണ്..

ഗാനം : കാട്ടിലെ പൂവിനു കാമുകൻ വന്നേ....

ഇതിനിടയിൽ രഹസ്യമായി കാട്ടിൽ വന്നു വനമല്ലനോട് സംസാരിച്ചിട്ട് മടങ്ങുന്ന ആളുകളെ രാജശേഖരൻ ശ്രദ്ധിക്കാൻ ഇടയായി. അവർ ആരാണെന്ന് പലപ്രാവശ്യം ചോദിച്ചിട്ടും അവർ ആരൊക്കെയെന്ന് മാത്രം അറിയാൻ സാധിച്ചില്ല. എന്നാൽ സത്യം എത്രനാൾ മൂടിവയ്ക്കാൻ കഴിയും.. ഒരിക്കൽ അവർ തമ്മിലുള്ള സംസാരം രാജശേഖരൻ കേൾക്കാനിടയായി. മധുവും സതിയും ആയിരുന്നു അവിടെ വന്നവർ. തന്റെ ഭൂതകാലത്തെ കുറിച്ചുള്ള സത്യങ്ങൾ അറിയാനിടയായ രാജശേഖരൻ തന്റെ അച്ഛന് സംഭവിച്ച ആപത്തിൽ കോപാകുലനായി. എന്നാൽ ശക്തിയല്ല ബുദ്ധിയാണ് പ്രയോഗിക്കേണ്ടത് എന്ന വസ്തുത മധു രാജശേഖരനെ ഉപദേശിച്ചു. 

മിഹിരവർമ്മൻ പണ്ടത്തേക്കാൾ പ്രബലനായി മാറിയിട്ടുണ്ട്. അയാളെ കീഴ്‌പ്പെടുത്താൻ എളുപ്പമല്ല. അതിന് അയാളുടെ വിശ്വസ്തരിൽ രാജശേഖരന്റെ ആളുകൾ വേണം. സദാസമയം മിഹിരവർമ്മനെ നിരീക്ഷിക്കാൻ അയാളുടെ കൂടെ ചിലവഴിക്കാൻ കഴിയുന്ന ഒരാൾ.. മധു പറഞ്ഞ കാര്യങ്ങൾ വച്ച് അതിനായി ഏറ്റവും മിടുക്കി മല്ലികയാണ് എന്നി സകലരും അഭിപ്രായപ്പെട്ടു. മല്ലിക മികച്ച നർത്തകി കൂടിയാണ്.. അവളുടെ നൃത്തവും സൗന്ദര്യവും മിഹിരവർമ്മന്റെ കൊട്ടാരത്തിൽ പ്രയോജനപ്പെടും.. ഇപ്രകാരം രാജശേഖരന്റെ അനുവാദത്തോടെ മല്ലികയും സംഘവും കൊട്ടാരത്തിലേക്ക് നൃത്തം അവതരിപ്പിക്കാൻ പുറപ്പെട്ടു.

ഗാനം : ശംഭോ രുദ്രമഹാദേവാ....

രതിമന്മഥ നൃത്തമായിരുന്നു മല്ലിക അവതരിപ്പിച്ചത്.. ശ്രീ പാർവതിയുടെയും രതിമന്മഥന്മാരുടെയും ഭാവത്തിൽ നൃത്തം വച്ച മല്ലികയ്ക്ക്, മിഹിരവർമ്മന്റെ മനസ്സിലേക്ക് കയറിപ്പറ്റാൻ താമസമുണ്ടായില്ല. മല്ലികയുടെ നൃത്തത്തിലും സൗന്ദര്യത്തിലും മതിമറന്ന മിഹിരവർമ്മൻ അവളെ രാജനർത്തകിയായി അവരോധിച്ചു. രാജശേഖരൻ കണക്കുകൂട്ടിയത് പോലെ കാര്യങ്ങൾ നീങ്ങി. കൊട്ടാരത്തിൽ എവിടെയും സ്വന്തം ഇഷ്‌ടത്തിനു കയറിച്ചെല്ലാനുള്ള അധികാരം മല്ലിക നേടിയെടുത്തു. എന്ന് മാത്രമല്ല, മിഹിരന്റെ കൂടെ നിഴലുപോലെ സദാസമയവും മല്ലിക ചിലവഴിച്ചു. 

കൊട്ടാരത്തിലെ കാര്യങ്ങളും മിഹിരന്റെ നീക്കങ്ങളും എല്ലാം അപ്പപ്പോൾ മല്ലിക രാജശേഖരനെ അറിയിച്ചു. മിഹിരനുമായി മുഖാമുഖം കാണാൻ രാജശേഖരൻ കൊതിച്ചു. വേഷപ്രച്ഛന്നനായി കനകപുരിയിലേക്ക് രാജശേഖരൻ പ്രവേശിച്ചു. താൻ പിറന്ന നാട് അയാളാദ്യമായി ചുറ്റിക്കണ്ടു. കൂട്ടത്തിൽ ഒരു സൗന്ദര്യവതിയിൽ രാജശേഖരന്റെ കണ്ണുടക്കി.. കൊട്ടാരം കാര്യക്കാരനും മിഹിരന്റെ വിശ്വസ്തനുമായ  കോമന്റെ മകൾ ശാന്ത (ലളിത). അവളുടെ ശബ്ദമാധുര്യം രാജശേഖരന്റെ മനസ്സിൽ തറച്ചു. അവളുടെ പാട്ടിലെ ആശയങ്ങൾ രാജശേഖരന്റെ ഉള്ളം കുളിർപ്പിച്ചു..

ഗാനം : വളയിട്ട കൊച്ചുകൈകളെ....

കൊള്ളക്കാരന്റെ രൂപത്തിലാണ് രാജശേഖരനും അനുയായികളും കനകപുരിയിലേക്ക് എത്തിയത്. മല്ലികയുടെ നിർദേശപ്രകാരം, മിഹിരവർമ്മന്റെ ശിങ്കിടികളുടെ കൃത്യമായ വിവരം രാജശേഖരൻ അറിഞ്ഞു വച്ചിരുന്നു. അവരുടെ വീടുകളും സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടു. കൊള്ളയടിച്ച പണവും രത്നങ്ങളുമായി ക്ഷണനേരം കൊണ്ട് രാജശേഖരൻ മറഞ്ഞു. ഈ പതിവ് തുടർന്നു. പല വേഷങ്ങളിൽ പല സമയത്ത് പ്രത്യക്ഷപ്പെടുന്ന കൊള്ളക്കാരൻ തന്റെ വിശ്വസ്തരെ മുടിക്കുന്നതിൽ മിഹിരവർമ്മന് ദേഷ്യം സഹിക്കാനായില്ല. എന്നാൽ ആരാണ് കൊള്ളയടിക്കാൻ വന്നതെന്ന് ഒരു തുമ്പും കിട്ടാതെ മിഹിരവർമ്മനും സൈന്യവും അന്തിച്ചു നിന്നു.. 

ഓരോതവണ കനകപുരിയിൽ എത്തുമ്പോഴും ശാന്തയെ കാണാൻ രാജശേഖരൻ കൊട്ടാരത്തിൽ എത്തും. ഓരോ വേഷത്തിൽ വന്നിരുന്ന രാജശേഖരനെ പലപ്പോഴും ശാന്തയ്ക്ക് തന്നെ മനസ്സിലായിരുന്നില്ല. അവൻ ആരാണ് എന്താണെന്ന സത്യമൊന്നും അറിഞ്ഞില്ലെങ്കിലും ശാന്തയുടെ നിനവിലും കനവിലും രാജശേഖരൻ സദാസാന്നിധ്യമായി. അവനെ സംബന്ധിച്ചും കാര്യങ്ങൾ വ്യത്യസ്തമായിരുന്നില്ല..

ഗാനം : രാക്കുയിലേ രാക്കുയിലേ....

സാമ്പത്തികമായി മിഹിരവർമ്മന്റെ സംഘത്തെ തകർക്കാനുള്ള രാജശേഖരന്റെ ശ്രമങ്ങൾ ഫലം കണ്ടുതുടങ്ങി. കൊള്ളക്കാരനെ തേടി നാലുപാടും മിഹിരവർമ്മൻ സംഘത്തെ അയച്ചു. അവരിൽ നിന്നെല്ലാം കൃത്യമായി രാജശേഖരനെ മല്ലികയുടെ ഇടപെടലുകൾ സഹായിച്ചു. മിഹിരന്റെ സൈന്യവും രാജശേഖരനും തമ്മിൽ പലയിടത്തും പോരാട്ടം നടന്നു. പക്ഷെ അവർക്കാർക്കും രാജശേഖരൻ പിടികൂടാൻ കഴിഞ്ഞില്ല. കൊള്ളക്കാരനെ പിടിക്കുന്നവർക്ക് പതിനായിരം പൊൻപണം മിഹിരൻ പ്രഖ്യാപിച്ചു.

ഇതറിഞ്ഞ ഒരു കപ്പിത്താൻ (വഹാബ് കാശ്മീരി) രാജശേഖരനെ പിടികൂടാനുള്ള തന്ത്രങ്ങൾ മെനഞ്ഞു. ആയാലും രാജശേഖരനും തമ്മിൽ ഏറ്റുമുട്ടി. എന്നാൽ തന്റെ പഴയ ചങ്ങാതി ചന്ദ്രദാസിന്റെ മകനാണ് രാജശേഖരൻ എന്നറിഞ്ഞ നിമിഷം കപ്പിത്താൻ തന്റെ സഹായം അവർക്ക് വാഗ്ദാനം ചെയ്തു. ഒരിക്കൽ പതിവുപോലെ ശാന്തയെ കാണാൻ കൊട്ടാരത്തിൽ വേഷംമാറി എത്തുന്ന രാജശേഖരൻ മിഹിരന്റെ കണ്ണിൽപ്പെട്ടു. അവർക്ക് പിടികൊടുക്കാതെ രാജശേഖരൻ രക്ഷപ്പെട്ടെങ്കിലും തന്റെ ശത്രുവിനെ ശാന്ത പ്രണയിക്കുന്നു എന്നറിയുന്ന മിഹിരൻ അവളെ പിടികൂടി തടവിലാക്കുന്നു. 

ശാന്തയുടെ അച്ഛനെയും അയാൾ പിടികൂടി. പണ്ട് ചന്ദ്രദാസിനെ ഒതുക്കാന് വഴിപറഞ്ഞു കൊടുത്ത കോമൻ, ഇപ്പോൾ മകളുടെ സഹായത്തോടെ മറ്റൊരാളെ തനിയ്ക്ക് പലരം രാജ്യത്തിന്റെ അധികാരം ഏല്പിക്കാൻ ശ്രമിക്കുകയാണ് എന്നായിരുന്നു മിഹിരന്റെ ചിന്ത.. തടവറയിൽ ചന്ദ്രദാസും കോമനും മുഖാമുഖം കണ്ടു. തന്റെ ചെയ്തികളിൽ അയാൾ ചന്ദ്രദാസിനോട് മാപ്പിരന്നു. രാജശേഖരനെ കാണാൻ കഴിയാതെ ശാന്തയുടെ ഉള്ളം നീറി. ശാന്ത തടവിലായ കാര്യമറിഞ്ഞ രാജശേഖരനും ഏറെ വ്യസനിച്ചു..

ഗാനം : കരളിൻ പൂവനമേ....

ഇവിടെയും മല്ലികയുടെ സാന്നിധ്യം ഏവർക്കും ഗുണം ചെയ്തു. നാണുവിനെ വശത്താക്കി ചന്ദ്രദാസും ശാന്തയും തടവിൽ കഴിഞ്ഞിരുന്ന സങ്കേതം മല്ലിക മനസ്സിലാക്കി രാജശേഖരനെ അറിയിച്ചു. അവസാന യുദ്ധത്തിനു സമയമായി എന്ന് രാജശേഖരന് ബോധ്യമായി. അയാൾ പടയൊരുക്കം തുടങ്ങി. കൂട്ടിനു കപ്പിത്താനും സംഘവും ചേർന്നതോടെ വലിയ സൈന്യമായി കനകപുരിയെ ലക്ഷ്യമാക്കി പാഞ്ഞു.

ഗാനം : നേരം പുലർന്നു വേഗം പോകുക നാം....

രാജശേഖരന്റെ സൈന്യം കനകപുരി വളഞ്ഞു. മിഹിരന്റെ സൈന്യവുമായി ഘോര യുദ്ധം നടന്നു. കാലം കാത്തിരുന്ന പോരാട്ടത്തിനും അന്ന് വേദിയൊരുക്കി.. മിഹിരവർമ്മനും രാജശേഖരനും വ്യാഘ്രങ്ങളെ പോലെ പരസ്പരം പോരാടി. അന്തിമവിജയം സത്യത്തിന്റെ പക്ഷത്തായിരുന്നു. രാജശേഖരന്റെ കൈകളാൽ മിഹിരവർമ്മൻ കൊല്ലപ്പെട്ടു. ചന്ദ്രദാസും ശാന്തയും തടവിൽ നിന്നും മോചിതരായി. പ്രജകൾ വീണ്ടും സന്തോഷിച്ചു.. രാജശേഖരൻ കനകപുരിയുടെ അടുത്ത രാജാവായി അഭിഷിക്തനായി.