കഴുകൻ
വഴിവിട്ട ജീവിതം നയിക്കുന്ന ഒരു പുരുഷനും, സ്ത്രീയും. എല്ലാം ഉപേക്ഷിച്ച് അവർ ഒരുമിച്ചൊരു ജീവിതം കെട്ടിപ്പൊക്കാൻ ആഗ്രഹിക്കുന്നു. സമൂഹം അതിനനുവദിക്കുമോ? അതിനുത്തരം തരുന്നു "കഴുകൻ".
Actors & Characters
Actors | Character |
---|---|
വേലു | |
മാലതി | |
ഗോപി | |
മണി | |
Main Crew
കഥ സംഗ്രഹം
ഈ കഥ ആദ്യം ചലച്ചിത്രമാവുന്നത് ഹിന്ദിയിലാണ്. 1969 ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമായ "Butch Cassidy and the Sundance Kid" എന്ന ചിത്രത്തെ ആസ്പദമാക്കി മഹേഷ് ഭട്ട് സംവിധാനം ചെയ്ത "Manzilein Aur Bhi Hain" എന്ന ചിത്രമായിരുന്നു അത്. മഹേഷ് ഭട്ടിന്റെ കന്നി ചിത്രം. 1972 ൽ പൂർത്തിയായ ഈ ചിത്രം ചില പ്രശ്നങ്ങളാൽ തടസ്സപ്പെട്ട് റിലീസ് ആയത് 1974 ലിലാണ്.
അതേ ഹോളിവുഡ് ചിത്രത്തിനെ ആസ്പദമാക്കി കെ. ബാലചന്ദർ തമിഴിൽ 1978 ൽ "തപ്പുത്താളങ്കൾ" എന്നൊരു ചിത്രം ചെയ്തു. ആ തമിഴ് ചിത്രത്തിന്റെ റീമേക് ആണ് "കഴുകൻ".
പ്രദേശത്തെ അറിയപ്പെടുന്ന അഭിസാരികയാണ് മാലതി (ശുഭ). മാലതിയുടെ ദല്ലാളാണ് മാണി (ബഹദൂർ). അതേ പ്രദേശത്തെ അറിയപ്പെടുന്ന വാടക ഗുണ്ടയാണ് വേലു (ജയൻ). രാഷ്ട്രീയ നേതാക്കൾക്ക് വേണ്ടി പ്രവർത്തിക്കുന്നവൻ. അതേ സ്ഥലത്ത് കള്ളച്ചാരായം വിറ്റു ജീവിക്കുന്നവനാണ് ഗോപി (സുകുമാരൻ). വസ്ത്രം മാറുന്നത് പോലെയാണ് ഗോപിക്ക് സ്ത്രീകൾ. ചെറുപ്പക്കാരികളായ പെൺകുട്ടികളെ വാടക ഭാര്യമാരായി സ്വീകരിക്കുക, താല്പര്യം കുറയുമ്പോൾ അവളെ പറഞ്ഞയച്ച് മറ്റൊരുവളെ ആ സ്ഥാനത്ത് കൊണ്ടുവരിക എന്നതാണ് പതിവ്.
ഗോപി വേലുവിന്റെ അനിയനാണ് - അതായത് അമ്മ ഒന്നും, അച്ഛൻ വേറെയും. വേലുവിന്റെ അച്ഛനാരെന്ന് അവനോട് അമ്മ ഒരിക്കലും പറഞ്ഞിട്ടില്ല. ശരീരം വിറ്റു ജീവിച്ചിരുന്ന അവർ വേലുവിന് 8 - 10 വയസ്സുള്ളപ്പോൾ ഒരാളെ വിവാഹം കഴിച്ച് മാന്യമായ ജീവിതം ആരംഭിക്കുന്നു. അച്ഛനില്ലാതെ വളർന്ന വേലു അമ്മയുടെ ഭർത്താവിൽ നിന്നും അച്ഛന്റെ സ്നേഹം ലഭിക്കും എന്നാശിച്ചു. പക്ഷേ, അച്ഛന്റെ സ്നേഹം ലഭിച്ചില്ലെന്ന് മാത്രമല്ല അമ്മയ്ക്ക് പുതിയൊരു കുഞ്ഞ് ജനിച്ചതോടുകൂടി അമ്മയും അവനെ വെറുക്കാൻ തുടങ്ങി. പഠിക്കാൻ ആഗ്രഹിച്ച അവനെ വീട്ടു ജോലി എടുപ്പിച്ചു. ഒരിക്കൽ ഒരാവശ്യത്തിന് അമ്മയോട് പണം ചോദിക്കുമ്പോൾ തരാൻ വിസമ്മതിക്കുന്ന അവരെ 'കുപ്പി പൊട്ടിച്ച് കൊന്നുകളയും' എന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങുന്നു വേലു. അതോടെ തന്റെ ആവശ്യം നിറവേറ്റാൻ ആളുകളെ വിരട്ടി പണം സമ്പാദിക്കാം എന്നവൻ തിരിച്ചറിയുന്നു. പതിയെപ്പതിയെ അവൻ അറിയപ്പെടുന്ന ഗുണ്ടയായി മാറുന്നു. ഗോപി അനിയനാണെങ്കിലും വേലുവിനെ തന്തയില്ലാത്തവൻ എന്നെപ്പോഴും അവഹേളിച്ചുകൊണ്ടിരിക്കും.
അനാഥയായ മറിയയെ (പ്രിയ) സ്വന്തം അനിയത്തിയെപ്പോലെയാണ് വേലു കാണുന്നത്. അവൾക്കൊരു ജോലി സംഘടിപ്പിച്ചു കൊടുക്കാൻ അവൻ പ്രയത്നിക്കുന്നു. മറിയ ഗോപിയെ സ്നേഹിക്കുന്നു. എന്നാൽ ഗോപി തന്റെ സിദ്ധാന്തത്തിൽ നിന്നും മാറാൻ തയ്യാറാവുന്നില്ല. അതായത് അവളെ ഭാര്യയായിട്ടല്ല, മറിച്ച് വെപ്പാട്ടിയായി സ്വീകരിക്കാനാണ് അവന് താല്പര്യം.
ഒരിക്കൽ ഒരു രാഷ്ട്രീയ സമ്മേളനത്തിൽ കലാപമുണ്ടാക്കിയതിന്റെ പേരിൽ പോലീസ് തുരത്തുമ്പോൾ, അവരിൽ നിന്നും രക്ഷപ്പെടാനായി വേലു മാലതിയുടെ വീട്ടിൽ ഒളിഞ്ഞിരിക്കുന്നു. ആ കണ്ടുമുട്ടലിൽ വേലു മാലതിയിൽ ആകർഷിതനാവുന്നു. പിന്നീടവൻ മാലതിയുടെ വീട്ടിലേക്ക് വരുന്നത് അവളുടെ വിട്ടുമാറാത്ത ചുമയ്ക്കുള്ള മരുന്നുമായാണ്. ഒരിക്കൽ തന്റെ ഗുണ്ടാത്തരം കാരണം ഒരു പാവപ്പെട്ടവൻ മരിക്കുമ്പോൾ വേലുവിന് തന്റെ തൊഴിലിനോട് തന്നെ വെറുപ്പു തോന്നുന്നു. മാലതിയുമായി സംസാരിക്കുമ്പോൾ ആ കാര്യം മനസ്സ് തുറന്ന് പറയുന്നു. അവളും മനസ്സ് തുറന്ന് അവനോട് താൻ ഇങ്ങിനെ ആയിത്തീർന്നതിന്റെ കഥ പറയുന്നു. അവളുടെ പതിനാറാം വയസ്സിൽ അച്ഛൻ മരിച്ചപ്പോൾ അമ്മ അവളെ തനിച്ചാക്കി മറ്റൊരുവന്റെ കൂടെ ഇറങ്ങിപ്പോവുന്നു. ആരുമില്ലാത്ത അവളുടെ ചാരിത്രം ഒരു നാൾ ആരോ കവർന്നെടുത്തപ്പോൾ ജീവിക്കാൻ മറ്റു മാർഗ്ഗങ്ങളില്ലാതെ ഈ വഴി തിരഞ്ഞെടുക്കുന്നു. അവളുടെ കഥ മുഴുവൻ കേട്ട വേലു, നമുക്ക് നമ്മുടെ ഈ തൊഴിലുകൾ നിർത്തി ഒന്നിച്ചൊരു മാന്യമായി ജീവിതം എന്തുകൊണ്ട് നയിച്ചുകൂടാ എന്ന് ചോദിക്കുമ്പോൾ അവളും അറിയാതെ അതാശിച്ചു പോവുന്നു. അപ്പോഴേക്കും ദല്ലാളുടെ സിഗ്നൽ കേൾക്കുമ്പോൾ മാലതി തന്റെ പിഴപ്പ് കെടുത്താതെ ഇവിടുന്ന് ഇറങ്ങിപ്പോകു എന്ന് വേലുവിനോട് പറയുന്നു.
വേലുവിനോട് മാലതി അങ്ങിനെ പറയുന്നുവെങ്കിലും പിന്നീടവൾ അവന്റെ സാമീപ്യത്തിനായി ആശിക്കുന്നു. അതുകൊണ്ട് അടുത്ത ദിവസം അവൾ വേലു തന്റെ വീട്ടിൽ മറന്നുവെച്ചു പോയ പൊടി ഡപ്പി കൊടുക്കാനായി അവന്റെ വീട്ടിലേക്ക് പോവുന്നു. അപ്പോൾ അവൻ പറഞ്ഞത് പോലെ ഈ തൊഴിൽ ഉപേക്ഷിച്ച് അവന്റെ കൂടെ ഒരു പുതിയ ജീവിതം തുടങ്ങാൻ ആഗ്രഹിക്കുന്ന കാര്യം പറയുന്നു. വേലുവും അവളുടെ മനസ്സ് മാറിയതിൽ സന്തോഷിക്കുന്നു. അങ്ങിനെ അവർ പുതിയൊരു ജീവിതം ആരംഭിക്കുന്നു.
ഒരു ദിവസം മറിയയും ഗോപിയുടെ അപ്പോഴത്തെ വെപ്പാട്ടിയായ ലീലയുമായി (ജമീലാ മാലിക്) സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ഗോപിയെപ്പോലെയൊരു മനുഷ്യനെ വിവാഹം കഴിച്ചാൽ തന്നെ അതെത്ര നാൾ വരെ തുടരും എന്നതിന് ഒരു ഗ്യാരന്റിയും ഇല്ലാത്തപ്പോൾ എന്തിനാണ് വിവാഹം കഴിക്കണം എന്നാഗ്രഹിക്കുന്നത് എന്ന് ലീല മറിയയോട് ചോദിക്കുന്നു. അതിന് മറിയ ചോദിക്കുന്നത്, അപ്പോൾ നിങ്ങൾ ജീവിക്കുന്നതോ എന്നാണ്. മറ്റു മാർഗ്ഗമൊന്നുമില്ലാത്തതിനാലാണ് അയാളുടെ കൂടെ ജീവിക്കുന്നതെന്നും, മാനം വിറ്റ് പലരുമായും ജീവിക്കുന്നതിൽ ഭേദം ഒരാളുടെ കൂടെ ജീവിക്കുന്നതല്ലേ എന്നു കരുതിയുമാണ് എന്നും പറയുന്നു. ഇതു കേട്ടുകൊണ്ട് ഗോപി അവിടേക്ക് കേറി വരുമ്പോൾ മറിയ അവിടുന്ന് ഓടിപ്പോവുന്നു. ലീലയുടെ വർത്തമാനം കേട്ട ഗോപി അവളെ അപ്പോൾ തന്നെ പറഞ്ഞു വിടുന്നു.
പതിവു പോലെ മണി കസ്റ്റമർ വന്നിട്ടുണ്ടെന്ന് മാലതിക്ക് സിഗ്നൽ കൊടുക്കുമ്പോൾ വേലു മണിയോട് ഇനിമേലാൽ ഇവിടെ കസ്റ്റമറുമായി വന്നേക്കരുതെന്നും, താൻ മാലതിയെ വിവാഹം കഴിക്കാൻ പോവുകയാണെന്നും പറഞ്ഞ് മണിയെ പുറത്തേക്ക് തള്ളിവിടുന്നു. മണി ദേഷ്യത്തോടെ അവിടുന്ന് പോവുന്നു. മറിയ വേലുവിനെക്കണ്ട് ഗോപി ലീലയെ പറഞ്ഞയച്ച വിവരം അറിയിക്കുന്നു. ഗോപിയെ വിവാഹം കഴിച്ച് അയാളെ നന്നാക്കാൻ തന്നെക്കൊണ്ടാവും എന്ന് വിശ്വസിക്കുന്ന അവൾ, വേലുവിനോട് ഗോപിയെക്കണ്ട് വീണ്ടും ഈ കാര്യത്തെക്കുറിച്ച് സംസാരിക്കാൻ പറയുന്നു. വേലു അവളെയും കൂട്ടി ഗോപിയുടെ പക്കൽ പോവുന്നു. എന്നാൽ അവിടെ ഗോപി ലീലയ്ക്ക് പകരം മറ്റൊരുവളെ കൊണ്ടുവന്നു കഴിഞ്ഞിരുന്നു. വേലു ഗോപിയോട് മറിയയെ വിവാഹം കഴിക്കുമോ ഇല്ലയോ എന്ന് ചോദിക്കുമ്പോൾ ഗോപി അവരെ അപമാനിച്ചു വിടുന്നു.
ഒരു ദിവസം മണിയെ ഗോപി വഴിയിൽ വെച്ചു കാണുമ്പോൾ ബിസിനസ്സ് ഒക്കെ എങ്ങിനെ പോവുന്നു എന്ന് ചോദിക്കുമ്പോൾ, കൈയ്യിലുണ്ടായിരുന്ന ഒരാൾ നഷ്ടപ്പെട്ടു പോയെന്നും, ബിസിനസ്സ് ആകെ മോശമാണെന്നും പറയുന്നു. പോയ ആൾ ആരെന്ന് ഗോപി ചോദിക്കുമ്പോൾ അത് മാലതി ആണെന്നും, അവളെ നിന്റെ ചേട്ടൻ കെട്ടാൻ പോവുകയാണെന്നും പറയുന്നു. അതുകേട്ട ഗോപി മാലതിയുടെ വീട്ടിലേക്ക് വരുന്നു. സാരികളും മറ്റും അവൾക്ക് നേരെ നീട്ടി തന്റെ കൂടെ തന്റെ വെപ്പാട്ടിയായി വരാൻ മാലതിയെ നിർബന്ധിക്കുന്നു. അവൾ അതിന് വിസമ്മതിക്കുമ്പോൾ ബലം പ്രയോഗിച്ച് അവളുടെ ചുണ്ടുകൾ കടിച്ചു മുറിവേൽപ്പിച്ച ശേഷം കടന്നു പോവുന്നു. ജോലി അന്വേഷിച്ച് നിരാശയോടെ തിരിച്ചു വരുന്ന വേലുവിനോട് മാലതി ഈ കാര്യം പറയുന്നു. വേലു ദേഷ്യത്തോടെ ഗോപിയുടെ പക്കൽ പോകാനൊരുങ്ങുമ്പോൾ മാലതി ഗോപി അവിടെ ഉപേക്ഷിച്ചു പോയ സാരിയും മറ്റും വേലുവിനെ ഏൽപ്പിച്ച് ഗോപിയുടെ മുഖത്തേക്ക് എറിഞ്ഞേക്കു എന്നു പറയുന്നു. ഇനി മേലാൽ മാലതിയെത്തേടി അങ്ങോട്ട് വന്നേക്കരുത് എന്ന് ഗോപിയെ താക്കീത് ചെയ്യുമ്പോൾ, ഗോപി വേലുവിനെ വീണ്ടും അപമാനിച്ചു വിടുന്നു.
ജോലി കിട്ടാതെ വലഞ്ഞിരിക്കുന്ന വേലു പതിവ് പോലെ സോഡാ കുടിക്കാൻ ചെല്ലുമ്പോൾ, ഇപ്പോൾ തന്നെ മുപ്പതു രൂപാ തരാൻ ബാക്കിയുള്ളത് കൊണ്ട് ഇനിയും പറ്റു വെക്കാൻ സമ്മതിക്കില്ലാ എന്ന് പറയുന്നു. ഈ കാര്യം മാലതിയോട് വിഷമത്തോടെ പറഞ്ഞ്, വീണ്ടും പഴയത് പോലെ ഗുണ്ടാപ്പണിക്ക് തന്നെ പോയാലോ എന്നാലോചിച്ചു പോവുകയാണെന്നും പറയുന്നു. മാലതി വേലുവിനെ സമാധാനിപ്പിക്കുകയും, സ്നേഹത്തോടെ വളർത്തി വന്ന പട്ടിയെ വിറ്റ് ആ കാശ് വേലുവിന് കൊടുത്ത് കടം വീട്ടാനും പറയുന്നു. വേലു പെട്ടിക്കടക്കാരന്റെ കടം വീട്ടാൻ പോവുമ്പോൾ അവിടെ ഒരു പരിചയക്കാരനെ കാണുകയും, അയാളോട് ജോലിക്കാര്യം പറയുമ്പോൾ, അയാൾ രണ്ടായിരം രൂപാ ഡെപ്പോസിറ് കെട്ടിവെച്ചാൽ ഒരു ജോലി സംഘടിപ്പിച്ചു തരാം എന്നും പറയുന്നു.
വേലു ഈ കാര്യം മാലതിയെ അറിയിക്കുന്നു. മാലതി തനിക്കും ഒരു സന്തോഷവാർത്തയുണ്ടെന്ന് പറയുകയും, തന്റെ കുളി മുടങ്ങിയിട്ട് രണ്ടു മാസമായെന്നും പറയുന്നു. ഇതൊക്കെയാണെങ്കിലും, രണ്ടായിരം രൂപാ എങ്ങിനെ സംഘടിപ്പിക്കും എന്നായി രണ്ടുപേരുടെയും ചിന്ത. മാലതി മണിയോടും, മറ്റൊരു സ്നേഹിതയോടും ചെന്ന് ചോദിക്കുന്നു. രണ്ടുപേരും കൈമലർത്തുകയാണുണ്ടാവുന്നത്. തനിക്കൊരു ജോലി കിട്ടിയാൽ മാത്രമേ മാലതിയെ പോറ്റുവാൻ പറ്റുകയുള്ളുവെന്നും, ഇല്ലെങ്കിൽ അവളുടെയൊപ്പം ജീവിക്കുന്നതിൽ അർത്ഥമില്ലെന്ന് പറയുമ്പോൾ മാലതി ഗത്യന്തരമില്ലാതെ ഗോപിയെ സമീപിക്കുന്നു. പണം തരാമെന്നും, പകരം തന്റെ കൂടെ പൊറുക്കാമോ എന്നും ചോദിക്കുമ്പോൾ മാലതി അവിടെ നിന്നും വെളിയേറാനിറങ്ങുന്നു. അപ്പോൾ ഗോപി അവളെ തെറി വിളിക്കുമ്പോൾ തിരിച്ച് അവളും ഗോപിയെ തെറികൊണ്ട് അഭിഷേകം ചെയ്യുന്നു. അതിൽ മനസ്സലിഞ്ഞ അവൻ അവൾ ചോദിച്ച പണം കടമായി നൽകുന്നു. പണം വേലുവിനെ ഏൽപ്പിക്കുമ്പോൾ, ഇതെങ്ങിനെ കിട്ടിയെന്ന അവന്റെ ചോദ്യത്തിന് സ്നേഹിതയിൽ നിന്നും വാങ്ങിച്ചതാണെന്ന് മാലതി കള്ളം പറയുന്നു. വേലു ജോലിയിൽ പ്രവേശിക്കുന്നു.
ഒരു കസ്റ്റമർ മണിയോട് ധൃതിയുണ്ടെന്നും, രണ്ടു മണിക്കൂറിനായി ഒരു 'ഉരുപ്പടിയെ' യെ കൊണ്ടുവരാമോ എന്നും, ഇഷ്ടം പോലെ പണം തരാം എന്നും പറയുന്ന നേരത്ത് മണിയുടെ പക്കലുള്ള സ്ത്രീകളെല്ലാം ബിസിയായത് കൊണ്ട് മറ്റൊരാളുടെ സഹായത്തോടു കൂടി ഒരുവളെ അയാൾക്ക് സംഘടിപ്പിച്ചു കൊടുക്കുന്നു. കസ്റ്റമറിനെയും കൊണ്ട് അവളെ കാണാൻ പോകുന്ന മണി ആ പെൺകുട്ടിയെക്കണ്ട് അന്ധാളിച്ച് നിൽക്കുന്നു. കാരണം, അത് മറ്റാരുമല്ല, മണിയുടെ മകൾ തന്നെയായിരുന്നു. അടുത്ത ദിവസം ആളുകൾ കാണുന്നത് മണിയും കുടുംബവും ആത്മഹത്യ ചെയ്തതായിട്ടാണ്.
വേലു ജോലിക്ക് പോയ നേരം നോക്കി ഗോപി മാലതിയെ സമീപിച്ച് അവളെ ബലം പ്രയോഗിച്ച് കീഴടക്കാൻ ശ്രമിക്കുമ്പോൾ മാലതി അവനെ ചൂലുകൊണ്ടടിച്ച് ഓടിച്ചു വിടുന്നു. അരിശത്തോടെ മടങ്ങുമ്പോൾ ഗോപി പറയുന്നു - വേലുവിന്റെ മുന്നിൽ വെച്ച് തന്നെ നിന്നെ ഞാൻ നശിപ്പിക്കും. മാലതി പക്ഷേ ഈ കാര്യം വേലുവിനോട് പറയുന്നില്ല.
കുഞ്ഞ് ജനിക്കുന്നതിന് മുൻപേ നമ്മുടെ വിവാഹം നടക്കണം എന്നും, അല്ലെങ്കിൽ അതിനു മുൻപ് തനിക്ക് വല്ലതും സംഭവിച്ചാൽ തന്തയില്ലാത്തവൻ എന്ന് പറഞ്ഞ് കുഞ്ഞിനെ പരിഹസിക്കാൻ വഴിയൊരുക്കും എന്നും വേലു മാലതിയോട് പറയുന്നു. അങ്ങിനെ അവർ രജിസ്റ്റർ വിവാഹം കഴിക്കാൻ തീരുമാനിച്ച് തിയ്യതി നിശ്ചയിച്ച് കഴിഞ്ഞ് മടങ്ങുമ്പോൾ ഗോപി ഗുണ്ടകളെയും കൂട്ടി അവരെ ആക്രമിക്കുന്നു. വേലുവിനെ പിടിച്ചു കെട്ടി അവന്റെ മുൻപിൽ വെച്ചു തന്നെ മാലതിയെ ക്രൂരമായി പീഡിപ്പിക്കുന്നു. അന്നേരം ഗോപിയുടെ ശിങ്കിടികളിലൊരാൾ പൊലീസിന് ഒറ്റു കൊടുത്തത് പ്രകാരം പോലീസ് ഗോപിയെ വാറ്റു ചാരായ കേസിൽ പിടിക്കാൻ വരുന്നു. അവരിൽ നിന്നും രക്ഷെപ്പടുന്ന ഗോപി കുന്നിൻ ചരിവിൽ നിന്ന് വീണ് മയങ്ങിക്കിടക്കുന്നു. അവശയായി കിടക്കുന്ന മാലതിയെയും ചുമന്ന് വേലു വീട്ടിലെത്തി അവൾക്ക് വേണ്ട ശുശ്രുഷ നൽകുന്നു. പരിക്കേറ്റു കിടക്കുന്ന ഗോപിയെ മറിയ കൊണ്ടുപോയി ചികിത്സിക്കുന്നു.
തന്റെ കണ്മുന്നിൽ വെച്ച് തന്നെ ഗോപി മാലതിയെ പിച്ചിച്ചീന്തുമ്പോഴും തനിക്ക് ഒന്നും ചെയ്യാൻ കഴിയാതെ പോയതിൽ വേലു പശ്ചാത്തപിക്കുന്നു. അപ്പോൾ, വേലുവിൽ നിന്നും താൻ മറച്ചു വെച്ച ആ സത്യം തുറന്നു പറയുന്നു. ഡെപ്പോസിറ്റ് കെട്ടാൻ വേണ്ടിയുള്ള പണം ഗോപിയിൽ നിന്നാണ് വാങ്ങിയത് എന്നത്. അതുകേട്ട് കോപാവേശത്തോടെ പുറത്തേക്ക് പോകാൻ ശ്രമിക്കുന്ന വേലുവിനെ മാലതി പിടിച്ചു നിർത്തുന്നു. അപ്പോൾ വേലു പറയുന്നു, ആ രണ്ടായിരം അവന് മടക്കിക്കൊടുത്ത ശേഷമേ ഇനി ബാക്കി കാര്യമുള്ളു എന്ന്. അവശനായി കിടക്കുമ്പോൾ തന്നെ സഹായിക്കാൻ ഒരൊറ്റ സ്ത്രീ പോലും മുന്നോട്ടു വരാത്തപ്പോൾ താൻ സ്ത്രീകളോട് ചെയ്ത തെറ്റുകളെക്കുറിച്ച് ഗോപി ബോധവാനാകുന്നു. പോലീസ് അവന്റെ ചുറ്റുമുണ്ടെന്നറിയുന്ന മറിയ അവനെ പോലീസിന് കീഴടങ്ങാൻ ഉപദേശിക്കുന്നു, അങ്ങിനെ ചെയ്താൽ ഒരുപക്ഷേ പിഴ മാത്രം അടച്ച് രക്ഷപ്പെടാൻ കഴിഞ്ഞെങ്കിലോ എന്നോർത്ത്.
Video & Shooting
സംഗീത വിഭാഗം
നൃത്തം
Production & Controlling Units
പബ്ലിസിറ്റി വിഭാഗം
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
1 |
എന്തിനീ ജീവിതവേഷം |
ശ്രീകുമാരൻ തമ്പി | എം കെ അർജ്ജുനൻ | കെ ജെ യേശുദാസ് |
2 |
ചന്ദനക്കുളിർ ചൂടി വരും കാറ്റ് |
ശ്രീകുമാരൻ തമ്പി | എം കെ അർജ്ജുനൻ | കെ ജെ യേശുദാസ് |
3 |
താളം തെറ്റിയ രാഗങ്ങൾ |
ശ്രീകുമാരൻ തമ്പി | എം കെ അർജ്ജുനൻ | കെ ജെ യേശുദാസ് |